2017, ജൂൺ 6, ചൊവ്വാഴ്ച

സഞ്ചാരികളെ മാടിവിളിച്ച് തൊടുക്കാപ്പ് ഇക്കോ ടൂറിസം കേന്ദ്രം





    

                                  ഇടതൂര്‍ന്ന മുളങ്കാടിന്റെ തണല്‍ നുകരണോ ..?ഏതുകാലത്തും വീശിയടിക്കുന്ന  കാറ്റിന്റെ കുളിരറിയണോ ..?ഇതാ തൊടുക്കാപ്പ് മയിലാടുംപാറ ഇക്കോ ടൂറിസം കേന്ദ്രം നിങ്ങളെ മാടി വിളിക്കുന്നു .
കോഴിക്കോട് പാലക്കാട് ദേശീയപാതയില്‍ തന്നെയാണ് ഈ ടൂറിസം കേന്ദ്രം .പെരിന്തല്‍മണ്ണ മണ്ണാര്‍ക്കാട് റൂട്ടില്‍ കരിങ്കല്ലത്താണിയില്‍ നിന്നും തൊട്ടടുത്ത്


           ദേശീയപാതയോട് ചേര്‍ന്നാണ് കേന്ദ്രത്തിന്റെ  കവാടം .  മുളങ്കാടിന് ഇടയില്‍ ചെങ്കല്ല് കൊണ്ട് കെട്ടിയ കെട്ടിടങ്ങള്‍ .സംസ്ഥാനത്തെ സരംക്ഷിത വന പ്രദേശങ്ങളെ കുറിച്ചുള്ള ഫോട്ടോ ഗാലറി സ്ഥാപിച്ച ഇന്റര്‍പ്രേട്ടെഷന്‍ സെന്റര്‍ ,വനവിഭവങ്ങള്‍ ലഭ്യമായ വനവിഭവ കേന്ദ്രം ,കുടിവെള്ളം ,ടോയ്ലെറ്റ് സംവിധാനങ്ങള്‍. വൈകാതെ കുട്ടികളുടെ പാര്‍ക്കും ,ഇക്കോ ടീ ഷോപ്പും ,വനത്തിനകത്ത് ചെറു കുടിലുകളും എരുമാടങ്ങളും ഒരുങ്ങും .മയിലാടും പാറയിലെക്കുള്ള ട്രക്കിംഗ്പാത കൂടി വാണം വകുപ്പ് വിഭാവനം ചെയ്യുന്നുണ്ട്

                .
കവാടത്തില്‍ നിന്നും കാടിനുള്ളിലേക്ക്‌ മയിലാടും പാറയിലെക്കുള്ള വഴി .കാട്ടുപാതയുടെ വശ്യതയറിയാന്‍ ഈ വഴി വരണം .ചരിഞ്ഞു കിടക്കുന്ന കൂറ്റന്‍ പാറക്കെട്ടുകള്‍..അവനവനിലെ സാഹസികതയുടെ ആഴമളക്കേണ്ടവര്‍ക്ക്  ഇഷ്ടം പോലെ അവസരം.ചെങ്കുത്തായ പാറയുടെ മുകളിലൂടെയുള്ള യാത്രയില്‍ താഴെയുള്ള പ്രദേശങ്ങളുടെ ദൃശ്യം എല്ലാ ക്ഷീണവും തീര്‍ക്കും .കൂട്ടിനു എപ്പോളും കാറിന്റെ കൈകള്‍ ..മുകളിലെത്തിയാല്‍ മയിലാടും പാറ നിങ്ങളെ സ്വാഗതം ചെയ്യും .സമുദ്ര നിരപ്പില്‍ നിന്നും ആയിരം മീറ്ററിന് അടുത്ത് ഉയരം ഉള്ള ഇവിടെ കോടയും തണുപ്പും സ്വാഭാവികം  .വിശാലമായ പാറയില്‍ ഇരുന്നാല്‍ ഹരിതാഭമായ പ്രകൃതിയുടെ സൌന്ദര്യം കണ്ടു മതിമയങ്ങാം .വീശിയടിക്കുന്ന കാറ്റില്‍ യാത്രയുടെ ക്ഷീണം അറിയാതെ.
എത്ര നേരം ഇരുന്നാലും മതിയാകുകയില്ല . അമ്മിനിക്കാടന്‍ മലയും ,എടത്തനാട്ടുകര വനവും ,അട്ടപ്പാടി കുന്നുകളും ,ദൂരെ ഒഴുകുന്ന മുറിയങ്കണ്ണിപ്പുഴയും ,ചെറുകുന്നുകളും എല്ലാം മയിലാടിയില്‍ നിന്നുള്ള കാഴ്ചകള്‍ . ചെറുപക്ഷികളുടെ  കളകൂജനങ്ങള്‍ കാതിനു ഇമ്പമാകും

                              മഴക്കാലത്ത് കാട്ടരുവിയുടെ പാട്ട് കേള്‍ക്കാം .പാറകള്‍ക്ക് മുകളിലൂടെ താഴേക്കു ഒഴുകുന്ന അരുവി  .കയറി വന്ന വഴി തന്നെ ഇറങ്ങുകയോ പാറയുടെ മറുഭാഗത്തുകൂടി കാട്ടിനുള്ളിലൂടെ ഉള്ള നടവഴിയിലൂടെ വള്ളികളില്‍ പിടിച്ചും , വെയില്‍ അറിയാതെയും താഴെയെത്താം .






      പാലക്കാട് ജില്ലയിലെ തച്ചനാട്ടുകര പഞ്ചായത്തില്‍  ഉള്‍പ്പെട്ട തൊടുക്കാപ്പ് നിക്ഷിപ്ത വന പ്രദേശത്ത്  2014ഫെബ്രുവരിയിലാണ് ഇക്കോ ടൂറിസം കേന്ദ്രത്തിന്റെ പണിആരംഭിച്ചത്. തിരുവിഴാംകുന്ന് റൈഞ്ചില്‍പ്പെട്ട 29 ഏക്കര്‍ വന പ്രദേശത്താണ്  പദ്ധതി . മികച്ച ഇക്കോടൂറിസം പദ്ധതിയായി ഇതിനെ മാറ്റിയെടുക്കാനാണ് വനം വകുപ്പ് ഒരുങ്ങുന്നത് .
 കേന്ദ്രം  പരിസ്ഥിതിദിനമായ 2017 ജൂണ്‍ അഞ്ചിനാണ്   തുറന്നുകൊടുത്തത്.രാവിലെ  മുതല്‍ വൈകിട്ട് നാലുമണി വരെയാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത് .തിങ്കളാഴ്ച കേന്ദ്രം തുറന്നു പ്രവര്‍ത്തിക്കില്ല .തൊടുക്കാപ്പ് വന സംരക്ഷണ സമിതിക്കാണ് പരിപാലന ചുമതല

                              വനം വകുപ്പിന്റെ വെബ്‌ സൈറ്റുകളിലോനും  തൊടുകാപ്പ് ഇക്കോ ടൂറിസം കേന്ദ്രത്തെ പ്പറ്റിയുള്ള വിവരങ്ങള്‍ ഇതുവരെ ഉള്‍പ്പെടുത്തിയിടില്ല.

ചരിത്രത്തിലൂടെ 



                       മലപ്പുറം പാലക്കാട് ജില്ല അതിർത്തിയായ കരിങ്കല്ലത്താണിയെന്ന കൊച്ചു പട്ടണത്തെ KN പണിക്കരുടെ 'കേരള പത്രിക' എന്ന ചരിത്ര പുസ്തകത്തില് വിവരിക്കുന്നുണ്ട്.1766-1792 കാലഘട്ടത്തിൽ നമ്മുടെ നാട് ചരിത്രപരമായ വൈദേശികരുടെ ചൂഷണത്തെ ചെറുക്കുന്നതിൽ വളരെ അധികം പങ്കു വഹിച്ചിട്ടുണ്ട്. ആ കാലഘട്ടത്തിൽ കരിങ്കല്ലത്താണി മൈസൂർ ടെറിറ്റോറിയുടെ ഭാഗമായിരുന്നു .ശരിക്കും ഇപ്പോൾ കാണുന്ന സഞ്ചാര പാതയല്ലയിരുന്നു ആദ്യ കാലഘട്ടത്തിൽ. ടിപ്പു സുല്‍ത്താന്‍ റോഡ്‌ എന്ന പേരിൽ ഇപ്പോഴും അറിയുന്ന വഴി ആയിരുന്നു.
മൈലാടി എന്ന് വിളിപ്പേരുള്ള സമുദ്ര നിരപ്പിൽ നിന്നും 1100 mtr ഉയരമുള്ള കൊടും വനത്തിലൂടെ ആയിരുന്നു .ഇതിൽ ടിപ്പു സുൽത്താൻ സാമൂതിരിയുമായി യുദ്ധം ചെയ്യാൻ വന്നപ്പോൾ മൈലാടിയിൽ വിശ്രമിക്കുകയും തുടർന്ന് തന്റെ കൂടെയുള്ള ആന ,കുതിര പട്ടാളം അവീടെ വന്നതിന്റെ അടയാളങ്ങൾ ഇപ്പോഴും അവിടെ പാറകളിലും മറ്റും സൈന്യത്തിന്ന് കൂടെ വന്ന കലാകാരമാർ രേഖ പ്പെടുത്തുകയും ചെയ്തിട്ടുണ്ട് ( ആന യുടെയും കുതിരകളുടെയും കൽ പാടുകൾ പാറയിൽ കൊത്തിവെച്ചുട്ടുണ്ട്).

തുടർന്ന് ടിപ്പുവിനു ശേഷം ഈസ്റ്റ് ഇന്ത്യ കമ്പനി ഇന്ത്യൻ ഭരണം പിടിച്ചടക്കുകയും കാരിങ്കല്ലത്താണി ഉൾപ്പെടുന്ന പ്രദേശം മദ്രാസ് കേന്ദീകരിച്ചുള്ള ബ്രിട്ടീഷ് ഭരണത്തിൽ കീഴിൽ വരുകയും 1921 ലെ മാപ്പിള ലഹള മലബാറിനെ പ്രഷുബ്ധമാക്കുകയും തുടർന്ന് മദ്രാസ് ഗവർണ്ണർ ആയ ലോർഡ് റീഡിങ് മദ്രാസില് നിന്നും കുതിര വണ്ടിയിൽ കോഴിക്കോട്  പോയപ്പോൾ കരിങ്കല്ലത്താണിയിലെ മൈലാടിയുടെ സൗന്ദര്യം ആകർശിക്കുകയും അവിടെ ഒരു രാത്രി താമസിക്കുകയും ചെയ്തിട്ടുണ്ടത്രെ, അന്ന് മൈലാടിയിൽ പുലി,സിംഹം,ആന എന്നി മൃഗങ്ങൾ ഉണ്ടായിരുന്നതായി രേഖപെടുത്തത്തിട്ടുണ്ട് .
(Ref: 'MALABAR' Author Willliam Loagan (1948)

1970 കാലഘട്ടം മുതലാണ് ആധുനിക കാരികല്ലത്താണിയുടെ ചരിത്രം തുടങ്ങുന്നത് , ചുമട് താങ്ങി എന്നറിയപ്പെടുന്ന 'അത്താണി ' എന്ന പദത്തിൽ നിന്നാണ്‌ ഇന്നത്തെ കരിങ്കല്ലത്താണി' എന്ന സ്ഥലപ്പേരിന്റെ ഉത്ഭവം (വിവരശേഖരണം കടപ്പാട് യാസിന്‍ റഷീദ് )



ശിവപ്രസാദ് പാലോട് 9249857148

2017, മേയ് 10, ബുധനാഴ്‌ച

സുഹറയും ബാല്യകാലസഖിയും



                      അതിസാധാരണമായ കതാതന്തുക്കളില്‍ നിന്നും ഇതിഹാസം രചിക്കുന്ന സാഹിത്യകാരന്മാരുണ്ട്.അവരില്‍ ഒരാളാണ്
ബേപ്പൂര്‍ സുല്‍ത്താന്‍ എന്ന വൈക്കം മുഹമ്മദ്‌ ബഷീര്‍. ബഷീറിന്റെ കൃതിയായ ബാല്യകാല സഖി ആരെടുയും ജീവിതത്തില്‍ നിന്ന് ഏറെ അകലെയല്ല ..ആരും അനുഭവിക്കാത്ത വികാരവുമല്ല .ആ കഥയില്‍ നിന്നും ചീന്തിയെടുത്ത കണ്ണീര്‍ കൊണ്ട് പരന്ന അക്ഷരങ്ങളുടെ ഒരേടാണ് സുഹറ.കഥാപ്രസംഗക്കാരുടെ ശൈലി കടമെടുത്ത് പറഞ്ഞാല്‍ അവളാണ് നമ്മുടെ കഥാ നായിക .

ബാല്യകാലസഖി ആദ്യവായനയില്‍ നായകനായ മജീദിന്റെ കഥയായി തോന്നുമെങ്കിലും ബഷീറിന്റെ പിറകില്‍ ആകാശത്തോളം പൊക്കത്തില്‍ നില്‍ക്കുന്ന സുഹറയെ ആ വലിപ്പം കൊണ്ട് നമ്മള്‍ കാണാതെ പോകുകയാണ് .കഥയില്‍ ആദ്യം പരിചയപ്പെടുന്ന ഏഴു വയസ്സുകാരിയായ സുഹറ.തന്റെടത്തിന്റെ ആള്‍രൂപം .എന്തിനും എന്തിനും ഏതിനും കരയുന്ന പൊട്ടി പെണ്ണല്ല .മജീദ്‌ ഇങ്ങോട്ട് നാവു നീട്ടി കാണിക്കുമ്പോള്‍ അങ്ങോട്ടും തിരിച്ചു കാണിക്കുന്ന അസ്സല്‍ ഫെമിനിസ്റ്റ് .എടീ എന്ന് വിളിച്ചതിന് അയല്‍ക്കാരനെ മാന്തുന്ന.അവന്‍ കരയുമ്പോള്‍ അതിനെ പരിഹസിക്കുന്ന പോരാളി.തന്റെ കുടുംബം ദാരിദ്ര്യത്തിലാണേന്നോ വീട് ഓല മേഞ്ഞതാനെന്നോ ഒരു തരി അപകര്‍ഷതാ ബോധവും തൊട്ടു തീണ്ടാത്തവള്‍ തന്നെ .മജീദോ വീട്ടുകാരോ പോലും നീ എന്ന് വിളിക്കുന്നത് ഇഷ്ടമല്ല അവള്‍ക്ക്.മജീദ്‌ പേനാക്കത്തിയുമായി വരുമ്പോള്‍ പോലും ഞാന്‍ ഇനിയും മാന്തുമെന്നു വെല്ലുവിളിക്കുന്ന ഉശിരത്തി .

      പുറത്തെ സുഹറ ഇതാണെങ്കില്‍ അകത്തെ സുഹറ അലിവിന്റെ ആത്മാവ് .താന്‍ കണ്ട രണ്ടു മാങ്ങ പറിച്ച മജീദ്‌ അത് രണ്ടും അവള്‍ക്കു കൊടുക്കുമ്പോള്‍ ഒന്ന് മതി എന്ന് സ്നേഹപ്പെട്ടവള്‍. അവന്റെ ദേഹത്തെ പുളി ഉറുമ്പുകളെ അവള്‍ നുള്ളിയെടുത്ത് ഇഷ്ടം കൂടുന്നു .ഏതൊരു പെണ്‍കുട്ടിയും കാണുന്ന പതിവ് സ്വപ്‌നങ്ങള്‍ ..വിവാഹം ജീവിതം ഒക്കെ മനസ്സില്‍ കാക്കുന്നവളാണ് സുഹറയും..
മജീദ്‌ മനോരാജ്യത്തില്‍ പണിയുന്ന മാളികയില്‍ അവള്‍ എന്നെ രാജകുമാരിയായി കൂട് കൂട്ടിയിട്ടുണ്ട് . മനോരാജ്യത്തില്‍ ആ മാളികയുടെ ഉദ്യാനത്തിന് വെള്ളം നനക്കുന്നത് അവളാണ് .ആ രാജകൊട്ടാരത്തിനായി അവള്‍ ത്യജിക്കുന്നത് താന്‍ അരുമയായി ,തന്റെ ആയുധമായി പരിപാലിക്കുന്ന മൂര്‍ച്ചയുള്ള നഖങ്ങള്‍ ആണ് . വലിയ കിനാവുകള്‍ ഒന്നും ഇല്ലാത്ത ശരാശരി പെണ്‍കൊടിയായിരുന്നു സുഹറ.മജീദ്‌ മനപ്പായസം ഉണ്ണുന്ന മാളിക അവള്‍ക്കു വാഴയോളമോ തെങ്ങിനോളമൊ ഒക്കെയേ പോക്കമുള്ളൂ .അതിലപ്പുറം ചിന്തിക്കുവാന്‍ അവളുടെ ഉള്ളിലെ ഗ്രാമീണ നിഷ്കളങ്കതക്ക് കഴിയുന്നില്ല .അവനൊത്ത് കഴിയുന്ന ഒരു കുടില്‍ തന്നെയാണ് അവളുടെ രാജകൊട്ടാരം

 

 ഒന്നും ഒന്നും ഇമ്മിണി വല്യ ഒന്ന് എന്ന് കണ്ടു പിടിച്ച മഹാ ഗണിത വിശാരദന് കണക്കു പഠിപ്പിക്കുന്നത് സുഹറയാണ്



                     കഥയുടെ രണ്ടാം ഭാഗത്ത് പിതാവിന്റെ മരണത്തോടെ കുടുംബത്തിന്റെ സംരക്ഷണ ചുമതല ഏറ്റെടുക്കുന്ന യുവതിയായി സുഹറ മാറുന്നു .മജീദിന്റെ വീട്ടില്‍ തന്നെ അവരില്‍ ഒരാളായി  സമയം ചിലവഴിക്കുന്ന സുഹറ മറ്റാരോടും ഇല്ലാത്ത കാതരമായ എന്തോ ഒരു ഇഷ്ടം മജീദിനോട് തനിക്കുണ്ടെന്ന് തിരിച്ചറിയുകയും ചെയ്യുന്നു .കഥയുടെ കൊടുംവളവില്‍ മജീദ് ബാപ്പയുമായി പിണങ്ങി ആരോടും സുഹറയോടും കൂടി ഒന്നും പറയാതെ നാടുവിടുമ്പോള്‍ സുഹറയുടെ കാത്തിരിപ്പുകളുടെ തുടക്കമാകുന്നു .മജീദ്‌ തിരിച്ചു വരും എന്ന് അവള്‍ വിശ്വസിക്കുകയും മരണം വരെ അവനുവേണ്ടി കാത്തിരിക്കാന്‍ തയ്യാറാവുകയും ചെയ്ത് പറയാതെ പോയ ആ ദിവ്യ പ്രണയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാകുന്നു .ആ കാത്തിരിപ്പിനിടയില്‍ കാലം കുതിച്ചു പായുന്നു .സമപ്രായക്കാരുടെയെല്ലാം വിവാഹം കഴിയുന്നു .മജീദിനെ കുറിച്ച് ഒരു വിവരവും ഇല്ല താനും .അങ്ങിനെ സുഹറയുടെ ജീവിതകണക്ക് തെറ്റി വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി മറ്റൊരു വിവാഹത്തിനു അവള്‍ക്ക് കീഴടങ്ങേണ്ടി  വരുന്നു.ഇവിടെ അന്നത്തെ സമൂഹ വ്യവസ്ഥക്ക് വ്യക്തി കീഴടങ്ങേണ്ടി വരുന്ന കാഴ്ചയാണ് .പുരനിറഞ്ഞു വീട്ടില്‍ നില്‍ക്കുന്ന സുന്ദരിയായ യുവതി  വീട്ടുകാര്‍ക്ക് ഭാരമാണ് .അവളുടെ മനസ്സിന്റെ ചോദ്യങ്ങള്‍ക്കാകട്ടെ ഒരു ഉത്തരവും ഇല്ല അവിവാഹിതയായി പിടിച്ചു നില്‍ക്കാന്‍ അവള്‍ക്കു കഴിയുന്നില്ല എന്ന് കാണാം .നിസ്സഹായത , സമൂഹത്തിന്റെ പൊതു ചിന്താഗതിക്ക് പൊരുത്തപ്പെടല്‍  എന്നിവ ആദര്‍ശങ്ങളെ അന്നും ഇന്നും എങ്ങിനെ മാറ്റുന്നു എന്നതിന് ഉദാഹരണമായി സുഹറ മാറുന്നു .
  കഥയുടെ നരകഘട്ടം സുഹറയെ ദാമ്പത്യത്തിലൂടെ വരവേല്‍ക്കുന്നു .മറ്റൊരു ഭാര്യയും കുട്ടികളും ഉള്ള കശാപ്പുകാരനായ മണവാളന്‍ .അയാള്‍ കെട്ടിയത് താന്‍ എന്ന സ്ത്രീയെ അല്ല അവളുടെ സ്വര്‍ണത്തെയും അവള്‍ക്കു ലഭിക്കാവുന്നു ഓഹരിയെയും ആയിരുന്നെന്നു വൈകാതെ അവള്‍ തിരിച്ചറിയുന്നു .പുരുഷ കേന്ദ്രീകൃതമായ കുടുംബ ചുറ്റുപാടില്‍ അവള്‍ക്കു മര്‍ദ്ദനം നേരിടേണ്ടി വരുന്നു .പട്ടിണി കിടക്കേണ്ടി വരുന്നു .പണിക്കു പോയി കൂലി തേടേണ്ടി വരുന്നു .ചെറുപ്പത്തില്‍ കാണുന്ന തന്റെടിയായ പെണ്‍കുട്ടിയില്‍ നിന്ന്  മാനസിക മരണം സംഭവിച്ച് പ്രതികരിക്കാന്‍ കഴിയാത്ത ജീവിയായി സഹനം മഹാമന്ത്രമാക്കിയുള്ള  സുഹറയുടെ ഇതര ജീവിതം .ഭര്‍ത്താവിന്റെ ചെയ്തികളെ കുറിച്ച്  ധര്മരോഷം കൊള്ളുമ്പോള്‍ മാത്രം അവളിലെ പോരാളി പിടഞ്ഞെഴുന്നെല്‍ക്കുന്നു . തന്റെ ആത്മാവിനെ തമസ്കരിച്ച് യാന്ത്രികമായി ജീവിതത്തിന്റെ കയറ്റിരക്കങ്ങളില്‍ നീങ്ങുന്ന സ്ത്രീയുടെ ജീവിതത്തിറെ പര്യായമായി അവള്‍ മാറുന്നു .


ജീവിതം അതിന്റെ മൂര്‍ച്ചയുള്ള എല്ലാ ആയുധങ്ങള്‍ കൊണ്ടും ആക്രമിക്കുംപോഴും അതിനു മീതെ ഒക്കെ വീണ്ടും പ്രതീക്ഷയുടെ അമൃതു പുരട്ടി ആശ്വസിക്കുന്നതില്‍ ആണ് സുഹറ വിജയിക്കുന്നത് .വാര്‍പ്പ് മാതൃകയില്‍ ചിന്തിക്കുന്നവര്‍ക്ക്  അത് പരാജയം ആയി തോന്നാമെങ്കിലും .ചെറിയ മോഹഭംഗങ്ങള്‍ കൊണ്ട് ആത്മഹത്യയിലേക്ക് നീങ്ങുന്ന പരിചിത പ്രണയ കഥകളില്‍ നിന്നും ബാല്യകാലസഖിയെ മാറ്റി ചിന്തിപ്പിക്കുന്നതും ഇത് തന്നെ                                
           
         ഒരു വേള മജീദ്‌ തിരിച്ചു വരുമ്പോള്‍  അവള്‍ അവന്നരികില്‍  ഓടിഎത്തുന്നു .ഭര്‍ത്താവിന്റെ വീട്ടിലേക്കു ഇനി തിരിച്ചു പോകുന്നില്ല എന്ന് തീരുമാനിക്കുമ്പോള്‍ വീണ്ടും ഉന്മേഷവതിയായ ബാലകാലസഖി തിരിച്ചു വരവ് കാണിക്കുന്നു . പക്ഷെ കാത്തിരിപ്പിന്റെ ആഴം പിന്നെയും കൂടുന്നു .തന്റെ സഹോദരിമാരെക്കൂടി കേട്ടിച്ചയക്കേണ്ട ഉത്തരവാദിത്തമുള്ള ആങ്ങളയുടെ മനസ്സോടെ വീണ്ടും കാശുണ്ടാക്കാന്‍ മജീദ്‌ യാത്രയാകുന്നു .ഈ അവസരത്തില്‍ വിവാഹം കഴിഞ്ഞില്ലെങ്കില്‍ പോലും സുഹറ മജീദിന്റെ കുടുംബ ചുമതല കൂടി ഏറ്റെടുക്കുന്നു .അല്ലെങ്കിലും അവര്‍ തമ്മില്‍ ഒരു വിവാഹത്തിനു പ്രസക്തി ഇല്ലല്ലോ .അങ്ങിനെ ചിന്തിച്ചാല്‍ അവര്‍ മാനസികമായി എന്നോ വിവാഹിതരാണല്ലോ .സ്നേഹത്തെ ജീവിതത്തിന്റെ ശുദ്ധിയായി കാണുന്ന തത്വശാസ്ത്രമാണ് ഈ നായികയുടെത് ,മാംസ നിബന്ധമല്ല സുഹറയുടെ രാഗം .വലിയ കാലയളവ്‌ കഴിഞ്ഞു മജീദ്‌ തിരിച്ചെത്തുമ്പോള്‍ ക്ഷമയുടെ ആള്‍രൂപമാണ് സുഹറ.പരാതികളുടെയോ പഴിചാരലുകളുടെയോ കെട്ടഴിക്കാതെ എന്തെ ഒരു കത്ത് പോലും അയക്കാഞ്ഞത് എന്ന ഒറ്റ ചോദ്യത്തില്‍ അവള്‍ ഒതുങ്ങുന്നു.മനസ്സ് കൊണ്ട് അവന്‍ പണിഞ്ഞ മാളികയിലെ രാജകുമാരിയായ അവള്‍ അവസാനമായി അവനെ ഒന്ന് കണ്ടിട്ട് മരിക്കാന്‍ ആണ് ആഗ്രഹിക്കുന്നത് .അല്ലാതെ സുഖിച്ചു ജീവിക്കണം എന്ന പ്രായോഗികതയല്ല ദുരാഗ്രഹമല്ല ..അവനെ ഒന്നടുത്ത് കണ്ടാല്‍ തന്നെ ധന്യമായി തീരുന്ന ജീവിതമാണ്‌ അവളുടേത്‌ . അവരുടെ സമാഗമത്തില്‍ അവര്‍ ബാല്യകാലത്തെ കളിക്കൂട്ടുകാര്‍ അല്ല .അവള്‍ വിവാഹിതയായ ഒരുവള്‍ ആണ് .അവരെ കുറിച്ച് നാട്ടുകാര്‍ പലതും പറയുന്നു .സ്ത്രീയുടെ ജീവിതത്തില്‍ കളങ്കം പറ്റിയാല്‍ ഉള്ള കഷ്ടത്തെ കുറിച്ച് മജീദ്‌ തന്നെ അവളെ ഓര്‍മപ്പെടുത്തുമ്പോള്‍ കളങ്കം പറ്റട്ടെ മറ്റെങ്ങുന്നുമാല്ലല്ലോ ..എന്നവള്‍ മറുപടി പറയുന്നു .സ്നേഹത്തിന്റെ പേരിലുള്ള കളങ്കം അവള്‍ക്കു പത്തരമാറ്റുള്ള വിശുദ്ധിയാണ് .
 
         കഥയുടെ അവസാനത്തില്‍  കവിളുകള്‍ ഒട്ടി കൈ വിരലുകളുടെ ഏപ്പുകള്‍ മുഴച്ച് നഖങ്ങള്‍ തേഞ്ഞു വികൃതരൂപമായി മാറുന്ന സുഹറ. രോഗാവസ്ഥയില്‍ മജീദ്‌ വന്നോ എന്ന് അന്വേഷിച്ചു അവന്റെ ഉമ്മയുടെ മടിയില്‍ തല വച്ച് മരിക്കുന്ന സുഹറ.എവിടെയുമെത്താത്ത ഈ കാത്തിരിപ്പും പൂര്‍ത്തിയില്ലായ്മയും  തന്നെയാണ് സുഹറയെ ചോദ്യചിഹ്നമാക്കുന്നത് .പരിചിതമായ് പല കഥകളില്‍ എല്ലാം നേടിഎടുക്കുന്ന നായികമാരേക്കാള്‍ എല്ലാം നഷ്ടപ്പെടുന്ന കഥയാകും സുഹറയുടെത് .ആ നഷ്ടപ്പെടുത്തലുകളിലൂടെ ആണ് അവള്‍ സ്വത്വം നേടുന്നതും .ഒട്ടും നൈരാശ്യബോധമില്ലാത്ത കാത്തിരിപ്പാണ് സുഹറയുടെത്

                അകലെ കല്‍ക്കത്ത നഗരത്തില്‍ ഒരു കെട്ടിടത്തിന്റെ ടെറസ്സില്‍ മജീദിന് മുമ്പില്‍ ബഷീര്‍ അവതാരിപ്പിക്കുന്ന ഭീതിജനകമായ പാതിരാനിലാവില്‍ മുല്ലപ്പൂവിന്റെ പരിമളവും ,കുപ്പിവളകളുടെ കിലുക്കവും ആയി തികഞ്ഞ സൌന്ദര്യത്തോടെ അവന്റെ മുഖത്തേക്ക് കുനിഞ്ഞു സ്നേഹാര്‍ദ്രമായി ഞാനാണ് സുഹറ എന്നവള്‍ മൊഴിയുന്നു . എവിടെയോക്കൊയോ  കാമുകനെ താന്‍ തിരഞ്ഞു നടന്നെന്നും താന്‍ മരിച്ചു പോയി എന്നും പള്ളിപ്പറമ്പില്‍ കിഴക്കേ മൂലയില്‍ പിലാവിന്റെ ചോട്ടിലാണ് തന്നെ അടക്കിയതെന്നും അവള്‍ അവനെ അറിയിക്കുന്നു . അവന്റെ നാമം മാത്രം ജപിച്ചു അവസാന ശ്വാസം എടുത്തവള്‍ക്ക് മരണത്തിനപ്പുറം അവനോടു ആത്മാവിന്റെ ഭാഷയില്‍ ഉള്ള സംഗമം.സമയവും ദൂരവും അതിരിടാത്ത സ്നേഹത്തിന്റെ പരകോടിയില്‍ ഉള്ള  വിശുദ്ധമായ കൂടിച്ചേരല്‍ . ആ മായക്കാഴ്ച്ചക്ക് പിറകെ നാട്ടില്‍ നിന്നും വരുന്ന ഉമ്മയുടെ കത്തില്‍ നിന്നും തന്റെ സഖിയുടെ വേര്‍പാട് മജീദ്‌ അറിയുന്നു .

                         ആഗ്രഹം  പൂര്‍ത്തിയാകാതെ വിടപറയുന്ന സുഹറയുടെ കഥയാണ് ബാല്യകാലസഖി എന്നിവിടെ കാണാം .മലയാളത്തിലെ മറ്റെല്ലാ നോവലുകളുടെയും നായികാ സങ്കല്‍പ്പങ്ങള്‍ സുഹറയുടെ നിഷ്കളങ്ക ഹൃദയ സ്പന്ദനങ്ങള്‍ കൊണ്ട് മാറ്റി മറിക്കപ്പെടുന്നു ..മരണം ഇവിടെ തീരെ ചെറിയ ഒരു ദുരന്തമായി മാറുന്നു .അതിനേക്കാള്‍ വലുതാണല്ലോ ജീവിതത്തിന്റെ ഏടുകള്‍ .ദാരിദ്യം ,സ്ത്രീധനം തുടങ്ങിയ സാമൂഹ്യ ദുരാചാരങ്ങള്‍,കുടുംബത്തിലും സമൂഹത്തിലും സ്ത്രീക്ക് നേരിടേണ്ടി വരുന്ന അതിരുകള്‍ ,പീഡനങ്ങള്‍ , അന്തമില്ലാത്ത നൈരാശ്യം ഇല്ലാത്ത കാത്തിരിപ്പ് ,എന്നിവയുടെ എല്ലാം കടുംവരയാണ് സുഹറ..ഒരു കഥ എന്നതിനപ്പുറം അന്നത്തെ സമൂഹത്തിന്റെ ജീവനാണ് നായിക .കഷ്ടപ്പാടിനും കാത്തിരിപ്പിനും എല്ലാം സ്നേഹത്തിന്റെ മഞ്ഞുകൊണ്ടാണ് പുതപ്പ്.
               തന്റെടി,സ്നേഹമയി,പരിശുദ്ധ പ്രണയത്തിന്റെ കാമുകി , മാനസികമായി ഇഷ്ടമല്ലാഞ്ഞിട്ടും വീട്ടുകാര്‍ക്ക് വഴങ്ങുന്ന കുടുംബ വിധേയ , ദുരിതങ്ങള്‍ക്കിടയിലും പൊരുതി ജീവിക്കുന്ന ക്ഷമാശീല , തന്റെ ജീവിതത്തെ താനിഷ്ടപ്പെട്ട രൂപത്തില്‍ തിരിച്ചു കിട്ടാന്‍ പിന്നെയും പിന്നെയും പ്രതീക്ഷകളില്‍ മുഴുകുന്ന കിനാവുകാരി ,ആരോടും പരിഭവം കാണിക്കാതെ വിധിഹിതത്തെ മാനിക്കുന്ന ഗ്രാമീണത ഇങ്ങിനെ എല്ലാമായ സുഹറയുടെ കഥയാണ് ബാല്യകാലസഖി . നായകനായ മജീദിന്റെ വീക്ഷണത്തിലൂടെയാണ് ബഷീര്‍ കഥ പറഞ്ഞതെങ്കിലും കഥ മുന്നോട്ടു വക്കുന്നത് സുഹറയുടെ ജീവിതമാണ് .അതിന്റെ ഉയര്‍ച്ച താഴ്ചകളാണ് .
              സുഹറ ആദ്യന്തം കത്തിക്കൊണ്ടിരുന്ന ഒരു റാന്തല്‍ വിളക്കാണ്.ചിലപ്പോള്‍ അത് തെളിഞ്ഞു കത്തുന്നു .ചിലപ്പോള്‍ കാറ്റില്‍ ഇടറുന്നു .കെട്ടുപോകും എന്ന്  വായനക്കാരന്‍ കരുതുന്നിടത്ത് അത് നാടകീയമായി കത്തി നില്‍ക്കുന്നു ,അവസാനനിമിഷം വരെ അതിന്റെ ജ്വാലയില്‍ , കെട്ടുകഴിഞ്ഞപ്പോള്‍ അത് സൃഷ്ടിക്കുന്ന ആത്മീയ വെളിച്ചത്തില്‍ ആണ് മജീദും മറ്റു കഥാപാത്രങ്ങളും തെളിയുന്നത് തന്നെ . അങ്ങിനെ ബാലകാലസഖി തികച്ചും സുഹറയുടെ കഥയായി മാറുന്നു

2017, ഏപ്രിൽ 30, ഞായറാഴ്‌ച

കവിതയുടെ ശംഖ ധ്വനി



         സാഹിത്യസൃഷ്ടികള്‍ ദേശങ്ങള്‍ക്കും കാലത്തിനും അതീതമാണ് .വാക്കുകളുടെ നേരുകള്‍ കൊണ്ട് അത് ജനകോടികളുടെ ചിന്തകളെ ഒന്നാക്കി മാറ്റുന്നു .എല്ലാ  വായനക്കാരനും തന്റേതായ ഒരു അനുഭവം വായനയില്‍ നിന്നും കണ്ടെടുക്കാനാകുന്നു.അവനവനെ  വരികള്‍ക്കിടയില്‍  തിരിച്ചറിയാനാകുമ്പോളാണ് യഥാര്‍ത്ഥത്തില്‍  വായന പൂര്‍ണതയിലേക്ക് എത്തുന്നത്. മൂലഭാഷകളില്‍ എഴുതപ്പെട്ടവ മൊഴിമാറ്റങ്ങളിലൂടെ ലോകത്ത് എല്ലായിടത്തും ആസ്വദിക്കപ്പെടുന്നതിന്റെ രസതന്ത്രം അതാണ്‌ . 
           
ഇന്ത്യ പോലെ സാംസ്കാരിക  ബഹുസ്വരതകളുടെ ഏകത്വമുള്ള, വിവിധ ഭാഷകളുടെ ഉദ്യാനമായ രാജ്യത്ത് ഈ വിചാരധാരക്ക് ഏറെ പ്രാധാന്യമുണ്ട് .വിവിധ ഭാഷകളിലെ സര്‍ഗാത്മകതയെ ഉള്‍ക്കൊള്ളുക വഴി ചിന്തകളെ ദേശീയമാക്കുകയാണ് വായന.അങ്ങിനെ വായന ബൌദ്ധികമായ ഒരു ദേശീയത സൃഷ്ടിക്കുന്നുണ്ട് .ഭാഷകളുടെ അതിരുകള്‍ക്കപ്പുറം അത് ഒരു ഐക്യപ്പെടലുണ്ടാക്കുന്നു .ഭാരതത്തെ ഒന്നാകെ അറിയാന്‍ ഉള്ള യാത്രയായി മാറുന്നു .അവനവന്റെ ഭാഷ എന്നതിലേറെ മനുഷ്യന്റെ ഭാഷ എന്ന തലത്തിലേക്ക് അത് വായനക്കാരനെ എത്തിക്കുന്നു ഇത്തവണത്തെ ജ്ഞാനപീഠം അവാർഡ് ജേതാവായ ശംഖ ഘോഷിന്റെ കവിതകളിലൂടെ ഒരു സഞ്ചാരമാണ് ഈ കുറിപ്പ്

ശംഖ ഘോഷ്


ബംഗാളി കവിയും വിമർശകനുമായ ശംഖ ഘോഷ്
1932 ഫെബ്രുവരി ആറിനാണ് ജനിച്ചത്. പ്രസിഡൻസി കോളജിൽ നിന്ന് ബിരുദവും കോൽക്കത്ത സർവകലാശാലയിൽ നിന്ന് ബിരുദാന്തര ബിരുദവും നേടി. .1960ൽ എഴുത്തുകാരുടെ ശിൽപശാലയിൽ ചേർന്ന അദ്ദേഹം 1992ൽ ജദവ്പൂർ യൂണിവേഴ്സിറ്റിയിൽ നിന്നും വിരമിച്ചു. ഇപ്പോള്‍ 84കാരനായ അദ്ദേഹം ബംഗബാസി കോളജ്, ജാദവ്പുര്‍ യൂനിവേഴ്സിറ്റി എന്നിവിടങ്ങളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിദ്യാസാഗര്‍ സര്‍വകലാശാലയും ശിബ്പുരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ് സയന്‍സ് ആന്‍ഡ് ടെക്നോളജിയും ഡി-ലിറ്റ് ബിരുദവും നല്‍കി അദ്ദേഹത്തെ ആദരിച്ചു. കവിതയിലും നിരൂപണത്തിലും ഉള്ള സമഗ്ര സംഭാവനയാണ് ഘോഷിന് പുരസ്കാരം നേടിക്കൊടുത്തത് 



കവിതകളിലൂടെ


.
ജ്ഞാനപീഠം ലഭിക്കുന്ന ആറാമത്തെ ബംഗാളിയാണ് ശംഖ ഘോഷ്.
ബംഗാളി സാഹിത്യ ലോകത്ത് ടാഗോറിന്റെ പിന്‍ മുറക്കാരനായാണ്‌ ഇദ്ദേഹം അറിയപ്പെടുന്നത് . അദ്ദേഹത്തിന്‍െറ ദിന്‍ഗുലി രാത്ഗുലി’, ‘നിഹിത പടാല്‍ചായഎന്നിവ ബംഗാളിലെ ആധുനിക കവികളെ ഏറെ സ്വാധീനിച്ച കവിതകളാണ്. അദിംലതാ ഗുല്‍മോമയ്, മുര്‍ഖാ ബാരോ; സമാജിക് നേ, കബീര്‍ അഭിപ്രായ്, മുഖ് ദേഖേ ജയ് ബിഗായാപാനെ, ബബരേര്‍ പ്രാര്‍ഥന തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ  പ്രമുഖ കൃതികള്‍. അറുപത് കൃതികളില്‍ പതിനാറ് എണ്ണവും കവിത സമാഹാരങ്ങളാണ്.ഏറെയും മലയാളത്തില്‍ ഉള്‍പ്പെടെ വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്

അറുപതിലധികം കൃതികള്‍ അദ്ദേഹത്തിന്റേതായി പുറത്തുവന്നിട്ടുണ്ട്. അതില്‍ð 16 എണ്ണം കവിതാസമാഹാരങ്ങളാണ്
Read more: http://www.deshabhimani.com/news/national/news-national-24-12-2016/612383
അറുപതിലധികം കൃതികള്‍ അദ്ദേഹത്തിന്റേതായി പുറത്തുവന്നിട്ടുണ്ട്. അതില്‍ð 16 എണ്ണം കവിതാസമാഹാരങ്ങളാണ്
Read more: http://www.deshabhimani.com/news/national/news-national-24-12-2016/612383

      സമൂഹത്തിന്റെ നേര്‍ക്ക്‌ പിടിച്ച കണ്ണാടിയാണ് ഘോഷിന്റെ കവിതകള്‍ .അതിന്റെ സൂക്ഷ്മമായ ആഴങ്ങളിലേക്ക് കവിതയിലൂടെ സഞ്ചരിക്കുമ്പോള്‍ ഭയം എന്നത് കവിയെ സ്പര്‍ശിക്കുന്നില്ല .ഭയം എന്ന ഒരു കവിതയില്‍ ഭയം എന്ത് കൊണ്ട് എന്ന് കവി ചോദ്യം ചെയ്യുന്നുണ്ട് .ശരീരത്തിന്റെ നിഷ്ബ്ധതയെക്കാള്‍ വാക്കുകളുടെ ,ഭാഷയുടെ നിശബ്ധതയാണ് ഭയാനകം എന്ന് കവിതയിലൂടെ കവി പറയുന്നു .വായനകാരനിലേക്ക് നേരിട്ട് ഇറങ്ങിചെല്ലുന്ന വഴികള്‍ പലപ്പോളും പരമ്പരാഗത രീതി വിട്ടു പരീക്ഷണങ്ങളിലേക്ക് നീങ്ങുന്നുണ്ട് രചനാശൈലിയിൽ വേറിട്ടു നിൽക്കുന്നതും വിവാദങ്ങളിൽനിന്നൊഴിഞ്ഞു നിൽക്കുന്നതുമാണ് ഘോഷ് കവിതകളുടെ മാന്ത്രികത.പ്രകൃതിയെയും ,പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളെയും കവിതകളില്‍ അവതരിപ്പിക്കുമ്പോള്‍ കവിയുടെ സാമൂഹിക സാംസ്കാരിക ദൌത്യം നിര്‍വഹിക്കുകയാണ്‌

  ഭാഷയിലെ കയ്യടക്കം ഘോഷ് കവിതകള്‍ പ്രകടമാക്കുന്നു .വൈരുധ്യങ്ങളെ തുറന്നു കാട്ടുന്ന രചനകള്‍ കാലത്തെ അടയാളപ്പെടുത്തുന്നവയാണ് .വൃത്തനിബന്ധമായും താളനിബന്ധമായും ഉള്ള ക്ലാസ്സിക് രീതില്‍ കവിത എഴുതുമ്പോളും അത് എല്ലാ തരം വായനക്കാരിലും  സംവേദിക്കുന്നവ കൂടി ആയി മാറുന്നു .പൊതു ജനത്തെ ഭാധിക്കുന്ന വിഷയങ്ങള്‍ രാഷ്ട്രീയ താല്പര്യങ്ങള്‍ ഇല്ലാതെ ഒരു പുതു ഭാവുകത്വത്തിലൂടെ കവി നോക്കി കാണുന്നു .


സമകാലികരായ  ശക്തി ചാറ്റര്‍ജി സുനില്‍ ഗംഗോപാധ്യായ  എന്നിവരില്‍ നിന്നും തികച്ചും വ്യത്യസ്തമായ കാവ്യ സപര്യ യായിരുന്നു ഘോഷിന്റെത് .ഭരണകൂടങ്ങള്‍ മാറിയപ്പോള്‍ ഒക്കെ ജന വിരുദ്ധ നിലപാടുകള്‍ക്കെതിരെ ശക്തമായ പ്രതികരണങ്ങള്‍ നടത്തിയ ഇദ്ദേഹം കവി എന്നാല്‍ സമൂഹ ജീവിയും കാലത്തെ നോക്കി കാണേണ്ട ആളുമാനെന്നു വിശ്വസിക്കുന്നു.ഭാഷയുടെ നിശബ്ദത മറ്റെതിനെക്കാളും നാടിനെ തന്നെ മഹാമൌനത്തിലാഴ്ത്തുമെന്നു വെളിപാടുള്ള കവി .

നിരൂപണങ്ങള്‍
==============
കവിതയോടൊപ്പം വിമര്‍ശന സാഹിത്യത്തിലും മുഖമുദ്ര തെളിയിച്ച തൂലികക്ക് ഉടമയാണ് ശംഖ ഘോഷ് .ടാഗോര്‍ കൃതികളുടെ ആഴത്തിലും പരപ്പിലും ഇത്രയേറെ കടന്നു ചെന്ന നിരൂപകര്‍ വേറെ ഇല്ല എന്ന് കാണാം .അത് കൊണ്ട് തന്നെ ടോഗോര്‍ കൃതികളെ കുറിച്ചുള്ള ആധികാരിക പഠനങ്ങള്‍ ഘോഷിന്റെതാണ് .ടാഗോര്‍ മുന്നോട്ട് വച്ച ദേശീയതയും ,മാനവികവും ,സാര്‍വ ലൗകികവുമായ ആദര്‍ശങ്ങളെ എല്ലാം വേറിട്ട വീക്ഷണ കോണിലൂടെ കാണുകയാണ് ഘോഷ് .കവിതയുടെ മഹാ ഗ്രന്ഥമായ ടാഗോറിനെ സ്പര്‍ശിക്കാന്‍ പോലും വിമര്‍ശകര്‍ ഭയക്കുന്നയിടത്ത് യോജിക്കെണ്ടിടത് യോജിച്ചും വിയോജിപ്പുകള്‍ മുന്‍വിധിയില്ലാതെ തുറന്നു കാട്ടിയും ബംഗാള്‍ സാഹിത്യത്തില്‍ നിരൂപണത്തിന്റെ പുതിയ വഴികള്‍ തേടുകയാണ് ഘോഷ് .ടാഗോര്‍ മാത്രമല്ല സമകാലീനരായ ഇതര കവികളും ,പുതിയ എഴുത്തുകാരും ഘോഷിന്റെ തൂലികക്ക് വിഷയമായിട്ടുണ്ട് .

പുരസ്കാരങ്ങള്‍
------------------------------

2011ൽ പത്മഭൂഷൺ നൽകി സര്‍ക്കാര്‍ ഘോഷിനെ ആദരിച്ചു . നർസിങ് ദാസ് പുരസ്കാർ (1977), കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (1977), രബീന്ദ്ര പുരസ്കാർ, സരസ്വതി സമ്മാൻ, വിവർത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (1999) എന്നിവയും  ലഭിച്ചിട്ടുണ്ട്

വളവ്‌ / ശംഖഘോഷ്‌ (പരിഭാഷ)


പാതയുടെ ഈ വളവിൽ
എന്നെ നിൽക്കാൻ അനുവദിക്കുക
.

എനിക്കു മുൻപിലെ
ആ പടുമരത്തിന്റെ ചില്ലകൾ
നിശ്ശബ്ദതയുടെ ആഴങ്ങളെ കൊഴിച്ചിടുന്നുണ്ട്‌.
അതിന്റെ ഉടലിൽ


കാലം കൊത്തിയ വിള്ളലുകൾ
ഒളിച്ചു വെച്ചിരിക്കുന്നു.
ഒരിക്കൽ കീഴടങ്ങാനെന്നവണ്ണം മരത്തൊലി.
തീർച്ചയായും

അത്‌ ഓർക്കുന്നുണ്ടാവും
അഭയം കൊടുത്തവരുടെ സ്വപ്നങ്ങൾ.

ഒരിക്കൽ
തനിക്കു നേരേ ഉയർന്ന മഴുവിന്റെ
ആ പതനവും
മരം ഓർക്കുന്നുണ്ടാവണം.

ഈ വഴിയിലൂടെയാണല്ലോ
അനേകം കാലടിപ്പാടുകൾ
ശബ്ദവും അടയാളവും ബാക്കിവെച്ച്‌
ഗംഗയിൽ അവസാനിച്ചത്‌.

ഒരു വേള
എന്നെയിവിടെ തനിച്ചാക്കൂ
കാലമെന്നിലും
ചുളിവുകളും അന്ധതയും സമ്മാനിച്ചിട്ടുണ്ട്‌.