2018, മേയ് 18, വെള്ളിയാഴ്‌ച

ചരിത്രമന്വേഷിച്ച് സാമൂഹ്യ ശാസ്ത്രാധ്യാപകർ



മണ്ണാർക്കാട് ബി.ആർ.സി. ക്കു കീഴിലെ വിവിധ വിദ്യാലയങ്ങളിലെ സാമൂഹ്യ ശാസ്ത്രാധ്യാപകർ ,അവധിക്കാല പരിശീലനത്തിന്റെ ഭാഗമായുള്ള ചരിത്രാന്വേഷണത്തിന് തെരെഞ്ഞെടുത്തത് പുലാപ്പറ്റ 'കുതിരവട്ടം സ്വരൂപ' മായിരുന്നു. 
       പതിനഞ്ചാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ, കോഴികോട്ടു നിന്ന് കുടിയേറിയ സാമൂതിരിയുടെ സൈന്യാധിപൻ കുതിരവട്ടം നായരുടേതാണ് സ്വരൂപമെന്ന് പഴമക്കാർ പറയുന്നു. തെക്കൻ സ്വരൂപത്തിനെതിരെ പടയെ അണിനിരത്തിയിരുന്നതും കുതിരവട്ടം സ്വരൂപമായിരുന്നത്രെ! പാലക്കാട് എമ്മലപ്പുറം വടമലപ്പുറം ഉൾപ്പടെ ഇരുപത്തിമൂന്ന് ഗ്രാമങ്ങൾ ഉൾക്കൊള്ളുന്നതായിരുന്നു കുതിരവട്ടം സ്വരൂപം .നാടുവാഴി, കൊടുവായൂർ കേന്ദ്രമാക്കിയാണ് ഭരണം നടത്തിയിരുന്നത്. വടവന്നൂർ മുതൽ കോട്ടായി വരെയുള്ള പ്രദേശങ്ങളുടെ ഉടമസ്ഥാവകാശവും സ്വരൂപത്തിനായിരുന്നു. 1993-ൽ കൊടുവായൂർ കോട്ട പൊളിച്ചുവിറ്റ ശേഷം ,ഇരുനൂറ് വർഷം മുമ്പുവരെയുള്ള ചരിത്ര രേഖകൾ ഇപ്പോഴും സ്വരൂപത്തിൽ സൂക്ഷിച്ചിട്ടുണ്ട്. വട്ടെഴുത്തിലുള്ള താളിയോലകൾ വായിക്കാൻ രാജേന്ദു സഹായിച്ചിരുന്നതായും രേഖകളിൽ സൂചനയുണ്ട്.
    1806-ന് ശേഷമാണ് കോടതി നിലവിൽ വന്നതെന്നും 1819-ലെ ആദ്യ കോടതി രേഖകൾ സ്വരൂപത്തിൽ ഉണ്ടെന്നും പി.ജനാർദ്ദനൻ തമ്പാൻ കെ.വി.ക്കഷ്ണവാര്യർക്കയച്ച നാൽപത്തിയേഴ് പേജുള്ള കത്തിൽ സൂചനയുണ്ട്. 1452-ൽ കേരളം സന്ദർശിച്ച പോർച്ചുഗീസ് നാവികൻ ബാർബോസയുടെ ചരിത്ര രേഖകളിൽ സ്വരൂപത്തിന് വീരശൃംഖല ലഭിച്ചതായി സൂചനയുണ്ട്.  സാമന്തൻ, നെടുങ്ങാടി, ഏറാടി തുടങ്ങിയ വിഭാഗങ്ങൾ നിലനിന്നിരുന്നതായും സ്വരൂപത്തിലെ പിൻമുറക്കാർ പട്ടാമ്പിക്കടുത്തുള്ള എറയൂരിൽ താമസിച്ചു വരുന്നതായും അറിയാൻ കഴിഞ്ഞു.
        1902-ൽ കോഴിക്കോടിനും പാലക്കാടിനും ഇടയിൽ ഒരേയൊരു ഹൈസ്കൂൾ,  സ്വരൂപത്തിലെ കെ. പ്രഭാകരൻ തമ്പാൻ  സ്ഥലവും സമ്പത്തും നൽകി സ്ഥാപിച്ച ഒറ്റപ്പാലം കെ.പി.ടി. ഹൈസ്കൂളാണ്. വിദ്യാലയത്തിലെ ആദ്യ പ്രധാനാധ്യാപകൻ മദിരാശിയിൽ നിന്നു വന്ന കൃഷ്ണമാചാരിയായിരുന്നു.പ്രത്യുപകാരമായി എൻ.എസ്.എസ്. കേരളത്തിൽ എന്നെങ്കിലും  ഒരു കോളേജ് ആരംഭിക്കുമ്പോൾ അത് ഒറ്റപ്പാലത്തിന്  ലഭിക്കണമെന്നും ആവശ്യപ്പെട്ടു. അപ്രകാരം 1961-ൽ പാലപ്പുറത്ത് ആരംഭിച്ച എൻ.എസ് .എസ് . കോളേജിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത് സ്വരൂപത്തിലെ ചിന്നമാളു അമ്മയായിരുന്നു.
      1810-ൽ ശ്രീ. സത്യന്റെ നേതൃത്വത്തിൽ കഥകളി അഭ്യാസം നിലനിന്നിരുന്നതായും സ്വരൂപത്തിലെ ചാത്തുപണിക്കരുടെ കല്ലടിക്കോടൻ ചിട്ടയാണ് ,പിൽക്കാലത്ത് കഥകളിയിലെ കല്ലുവഴിച്ചിട്ടയായതെന്നും മനസ്സിലാക്കാൻ കഴിഞ്ഞു.
   1902- ൽ ടിപ്പു സുൽത്താനാണ് മലബാറിൽ നികുതി പിരിവ് ആരംഭിച്ചത്. താലൂക്ക്, അംശം, ദേശം, ഫർക്ക തുടന്നിയ പ്രാദേശിക വിഭജനങ്ങൾ നിലവിൽ വന്നതും അക്കാലത്താണത്രെ!
    1921-ലെ മാപ്പിള ലഹള കാലത്ത്, പ്രദേശത്ത് കലാപം വ്യാപിപ്പിക്കാൻ ശ്രമം നടത്തിയ കലാപകാരികളെ പുഴക്കിക്കരെ കടത്താതെ ജാതി മത ഭേദമന്യേ  ആട്ടിപ്പായിച്ച ചരിത്രവും പുലാപ്പറ്റ പ്രദേശത്തിനുണ്ട്. അതിനാവശ്യമായ കൂട്ടായ്മകൾക്ക് നേതൃത്വം നൽകിയതിലും  സ്വരൂപത്തിന് വലിയ പങ്കുണ്ട്.
    ഭക്ഷ്യക്ഷാമം നേരിട്ട കാലത്ത്, ആളുകൾക്ക് തൊഴിൽ കൊടുക്കുന്നതിനു വേണ്ടി കുഴിച്ച കുളമാണ് സ്വരൂപത്തിലുള്ളത്. അടുത്ത കാലത്തായി ജലക്ഷാമം പരിഗണിച്ച് കുളം പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തിട്ടുണ്ട്.

    സ്വരൂപവുമായി ബന്ധപ്പെട്ട വിശദമായ ചരിത്ര വസ്തുതകൾ 'കുതിരവട്ടം സ്വരൂപം' എന്ന പുസ്തകത്തിന്റെ രചയിതാവു കൂടിയായ  ശ്രീ. തെക്കേപ്പാട്ട് ബാലകൃഷ്ണൻ മാഷ് വിശദീകരിച്ചു. വിനയചന്ദ്രൻ മാഷ് സ്വരൂപത്തിലെ അനിത ടീച്ചർ, വൽസല ടീച്ചർ, ഗീത ടീച്ചർ, ശ്രീ. സഹദേവൻ തുടങ്ങിയവർ വിശദീകരിക്കാൻ സഹായിച്ചു. ട്രൈയ്നർ പി.പി. അലി ,കെ.കെ. മണികണ്ഠൻ , കെ. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ യാത്രക്ക് നേതൃത്വം നൽകി.
         വലിയ കൂട്ടായ്മകളുടെയും സൗഹാർദ്ദങ്ങളുടെയും ചരിത്ര പാഠങ്ങൾ  സശ്രദ്ധം കുറിച്ചെടുത്ത അധ്യാപകർക്ക് ചരിത്രാന്വേഷണ യാത്ര വേറിട്ട ഒരനുഭവമായി മാറി.
                 കെ. കെ. മണികണ്ഠൻ ,
                  കാരാകുറുശ്ശി.

പൈതൃകങ്ങളുടെ പൊരുളറിഞ്ഞ് സാമൂഹ്യ ശാസ്ത്രാധ്യാപകർ

.


     മണ്ണാർക്കാട് ബി.ആർ.സി.ക്കു കീഴിലെ വിവിധ വിദ്യാലയങ്ങളിലെ സാമൂഹ്യ ശാസ്ത്രാധ്യാപകർ അവധിക്കാല പരിശീലനത്തിന്റെ ഭാഗമായുള്ള ചരിത്രാന്വേഷണത്തിന്  തെരെഞ്ഞെടുത്തത് വെള്ളിനേഴി ഒളപ്പമണ്ണമനയായിരുന്നു.

പാലക്കാടിന്റെ പൈതൃക പട്ടികയിൽ മുൻ നിരയിലുള്ള വെള്ളിനേഴി ഒളപ്പമണ്ണ മനക്ക്  മുന്നൂറ് വർഷത്തെ കെട്ടിട പഴക്കവും അറനൂറ് വർഷത്തെ പാരമ്പര്യവും ഉണ്ട്.

ടിപ്പുവിന്റെ പടയോട്ടം കരിമ്പുഴ വരെ എത്തിയപ്പോൾ മോഷണഭയം മൂലം ശ്രീചക്രം മറിച്ചിട്ടു എന്നും പിന്നീടാണ് അതിൽ ചെമ്പ് പൂശിയത് എന്നും പറയപ്പെടുന്നു. പ്രമാണങ്ങളുടെ സൂചനയിൽ ഉൽപം മായന്നൂർ ഓട്ടൂർ ഒളപ്പമണ്ണമനയാണ്.
ആദ്യമായി നെല്ല് കുത്തി അരി വിറ്റ ദേശമംഗലം മനയും പെരിങ്ങോട്ടെ പൂമുള്ളി മനയും അക്കാലത്ത് പ്രസക്തം തന്നെ. അറിവിന്റെ തമ്പുരാനായ ആറാം തമ്പുരാൻ പൂമുള്ളി മനയിലായിരുന്നു. ഒളപ്പമണ്ണമന എട്ടുകെട്ടും പൂമുള്ളി മന പതിനാറ് കെട്ടുമാണ്.
   തെക്കിനിയോട് ചേർന്ന് തിരുമാന്ധാംകുന്ന് ഭഗവതിയാണ് പ്രതിഷ്ഠ .പുരുഷന്മാരുടെ ജന്മനാളിൽ കളംപാട്ട് നടത്തിയിരുന്നു. വർഷം മു ഴുവൻ ദിവസവും കളംപാട്ട് നടത്തിയതിന്റെ ഭാഗമായി ഇപ്പോൾ കൂറ വലിക്കാറില്ലെത്രെ. അഞ്ചു നിറത്തിലുള്ള പൊടികൾ ചേർത്ത് കുറുപ്പന്മാർ ഭഗവതി രൂപം വരക്കും. പൂജക്കു ശേഷം ഭദ്രകാളി - ധാരിക യുദ്ധത്തിന്റെ തോറ്റങ്ങൾ പാടും. നാൽപ്പത്തിയൊന്ന് നാളത്തെ കളംപാട്ട് കഴിഞ്ഞാൻ താലപ്പൊലിയുണ്ടാവും. മേളങ്ങൾ നടന്നിരുന്നത്യം തെക്കിനിയിൽ തന്നെ. കിഴക്കിനി പൊതുവെ വിശ്രമത്തിന് വേണ്ടിയായിരുന്നു. വടക്കിനിയിലെ ശ്രാദ്ധമൂട്ട് ഉൾപ്പടെയുള്ള കർമ്മങ്ങൾ നിർവ്വഹിച്ചിരുന്നത് മനയിലെ തിരുമേനികൾ തന്നെ. പടിഞ്ഞാറ് ഭാഗത്താണ് പടിഞ്ഞാറ്റി. ആട്ടിയ എണ്ണകൾ, കടുമാങ്ങ തുടങ്ങിയവ സൂക്ഷിക്കുന്ന മൂന്ന് മച്ചുകൾ ഇതിനോട് ചേർന്നുണ്ട്. ഉയർത്തി കെട്ടിയ പടിഞ്ഞാറും തെക്കുമായി ആറ് മുറികൾ ഉണ്ട്. വേളിക്ക് അർഹതയുള്ള അപ്പൻ നമ്പൂതിരിക്ക് മാത്രം ഗൃഹനാഥന്റെ മുറി കിട്ടിയിരുന്നു. അനുജൻ മാർക്ക് ഇതര സമുദായവുമായി ബന്ധങ്ങളാവാം.
  ദിവസവും നൂറ് നൂറ്റമ്പത് പേർക്ക് വെച്ചുവിളമ്പിയിരുന്ന അടുക്കള കിഴക്കിനിക്ക് മേലെയുള്ള വടക്കിനിയിലാണ്.
  അന്തഃപുരത്തിലെ സ്ത്രീകൾക്കിരിക്കാവുന്ന ഇടമാണ് നടുമിറ്റം. ഉപനയനത്തിനു ശേഷം ഒന്നോ രണ്ടോ വർഷം കഴിഞ്ഞാൽ സമാവർത്തനത്തിനു ശേഷം ഉണ്ണി നമ്പൂതിരിമാർ പത്തായപ്പുരകളിലേക്ക് താമസം മാറ്റും. സ്ത്രീകളും ഉണ്ണി നമ്പൂതിരിമാരും പിന്നെ പരസ്പരം കാണാറില്ലത്രെ. ആൺ സന്താനങ്ങൾ ഇല്ലാതിരുന്ന കാലത്ത് മായന്നൂരിൽ നിന്ന് ദത്തെടുത്തതായും ചരിത്ര രേഖകളിൽ സൂചനയുണ്ട്.
  ഒരു ലക്ഷത്തിലധികം പറ പാട്ടം കിട്ടുന്ന നെല്ല്  പത്തായപ്പുരകളുടെ താഴെ സൂക്ഷിക്കും. മുകളിൽ താമസക്കാരുണ്ടാവും. പള്ളിക്കുറുപ്പ് ഭാഗത്തും മനയുടെ ചെറിയൊരു ഭാഗം നിലനിൽക്കുന്നുണ്ട്.
 കഥകളി, വേദപഠനം, സംസ്കൃതം ,ഭാഷ എന്നീ നാലു മേഖലകൾ കൊണ്ടാണ് മന ഒരു പൈതൃക കേന്ദ്രമാവുന്നത്.
 രാമനാട്ടം പ്രചാരമുള്ള കാലത്തു തന്നെ പ്രഭു കുടുംബങ്ങളിലെ അംഗങ്ങൾ കളി കോപ്പുകൾ നിറച്ച പെട്ടികളുമായി വേനലിൽ ആറു മാസം ഊര് ചുറ്റിയിരുന്നു. ശേഷിക്കുന്ന ആറ് മാസം കാന്തളൂർ ക്ഷേത്രത്തിൽ വച്ച് ഗുരുക്കൾക്കു കീഴിൽ കളരി അഭ്യസിച്ചിരുന്നു. മൂന്നാം നിലയിലെ സ്ഥിരതാമസക്കാരനായ പട്ടിക്കാംതൊടി രാമുണ്ണി മേനോൻ കളി ചിട്ടപ്പെടുത്തിയിരുന്നത് മനയിൽ വച്ചായിരുന്നു. പത്മവിഭൂഷൺ രാമൻകുട്ടി നായർ, കെ.അർ. കുമാരൻ നായർ ,പത്മനാഭൻ നായർ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. കാരണവരുടെ അറുപതാം പിറന്നാളിന് നൂറ് പറ അരിവച്ച സദ്യയും എഴുതി അവതരിപ്പിച്ച ' ധ്രുവചരിതം' കളിയും ഒരു മുറ്റത്ത് തന്നെ രണ്ട് കളി നടത്തിയ പഴമയും ഒളപ്പമണ്ണമനക്ക് മാത്രം അവകാശപ്പെട്ടതാണ്.
  വേദപഠനം എട്ടു മുതൽ പത്ത് വർഷം വരെ നീണ്ടു നിന്നിരുന്നു. തൃശൂർ കടവന്നൂരിലെ അന്യോന്യത്തിലും മലപ്പുറം തിരുനാവായ മഠത്തിലും മനയിലെ വേദ പണ്ഡിതർ പങ്കെടുത്തിരുന്നു. ഋഗ്വേദമാണ് ഒളപ്പമണ്ണമനയിൽ പഠിപ്പിച്ചിരുന്നത്. ഇരിങ്ങാലക്കുടയിലെ നെടുമ്പുളളി മനയിൽ നിന്ന് വന്നവർ യജുർവേദം പഠിച്ചിരുന്നു. സാമവേദം പഠിച്ചവർ ഒൻപത് പേർ ഉണ്ടായിരുന്നെങ്കിലും അഥർവ്വവേദം ആരും പഠിച്ചിരുന്നില്ല.
     അറുപത് വയസ്സിന് ശേഷം എട്ട് വർഷമെടുത്താണ് ഒ.എം.സി. നാരായണൻ നമ്പൂതിരിപ്പാട് ഋഗ്വേദത്തെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്. ചിന്മയാനന്ദ സ്വാമി ഉദ്ഘാടനം ചെയ്ത യോഗത്തിൽ വച്ച് പ്രധാനമന്ത്രി നരസിംഹറാവു സഖാവ് ഇ.എം.എസിന് കോപ്പി കൈമാറി.
  ചങ്ങമ്പുഴ പങ്കെടുത്ത ഒറ്റപ്പാലം കവി സമ്മേളനത്തിൽ 'ഒളപ്പമണ്ണ്' എന്ന് പറഞ്ഞ് കവിത ചൊല്ലുമ്പോൾ വീട്ടു പേര് തൂലികയാവുമെന്ന് അദ്ദേഹം പോലും കരുതിക്കാണില്ല. " പഴഞ്ചൊൽ പ്രപഞ്ചം " തുടങ്ങി ബാലസാഹിത്യ കൃതികളിലൂടെ പ്രശസ്തയായ ഒ.എം.സി.യുടെ മകൾ സുമംഗലയുടെ എൺപത്തിനാലാം പിറന്നാളിന് ഒളപ്പമണ്ണമന തയ്യാറെടുത്തു കൊണ്ടിരിക്കുകയാണ്.
  ഭാഷയിലെ സമഗ്ര സംഭാവനകളെ മുൻനിറുത്തി 1990 മുതൽ എല്ലാ ഫെബ്രുവരിയിലെയും അവസാന ഞായറിൽ തെരെഞ്ഞെടുക്കപ്പെടുന്ന ഒരു വ്യക്തിക്ക് പതിനായിരം രൂപയും പ്രശസ്തി പത്രവും നൽകി വരുന്നു."കഴിഞ്ഞ തവണ എം.കെ. സാനുമാഷിനാണ് പുരസ്കാരം ലഭിച്ചത്.
   പത്തായപ്പുരയിലെ സ്ഥിരതാമസക്കാരിൽ ഒരാളായിരുന്നു കാന്തളൂർ ക്ഷേത്രത്തിൽ പന്ത്രണ്ടാം വയസ്സിൽ ശാസ്ത്രീയ സംഗീതത്തിൽ അരങ്ങേറ്റം നടത്തിയ ചെമ്പൈ വൈദ്യനാഥ ഭാഗവതർ .ഒറ്റപ്പാലം പൂഴിക്കുന്ന് മനയിൽ വച്ച് അന്ത്യശ്വാസം വലിക്കുന്നതു വരെ ഭാഗവതർ മനയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു.
   വിളനാശ സമയത്ത് കുടിയാന്മാരിൽ നിന്ന് പാട്ടം ഈടാക്കിയിരുന്നില്ല എന്നു മാത്രമല്ല ,കൃഷിയിറക്കാനാവശ്യമായ എല്ലാ സഹായങ്ങളും മനയിൽ നിന്ന് ചെയ്തു കൊടുക്കുകയും ചെയ്തിരുന്നു. അതു കൊണ്ടു തന്നെ ഊഷ്മളമായൊരു ജന്മി-കുടിയാൻ ബന്ധവും നിലനിർത്താൻ ഒളപ്പമണ്ണമനക്ക് കഴിഞ്ഞിരുന്നു.
 1913 ൽ പി.ടി.ഭാസ്ക്കര പണിക്കർ സ്ഥാപിച്ച ഏകാധ്യാപക വിദ്യാലയമാണ് പിൽക്കാലത്തെ ഹൈ സ്കൂളായി മാറിയത്.
  ഒ.എം.സി.യുടെ അച്ഛന് ബ്രിട്ടീഷുകാർ 'റാവു ബഹദൂർ ' പദവി നൽകി ആദരിച്ചു. വഴിയാത്രക്കാരനായ ഹരിജൻ യുവാവിനെ തന്റെ കാറിൽ കയറ്റി നവോത്ഥാനത്തിന് അദ്ദേഹം തുടക്കം കുറിച്ചു.
  ഖദർ ധാരിയായ ഒ.എം.സി.യാണ് ഒറ്റപ്പാലത്തും പട്ടാമ്പിയിലും വച്ച് ഗാന്ധിജിയുടെ പ്രസംഗങ്ങൾ മലയാളത്തിലേക്ക് തർജ്ജമ ചെയ്തത്. ഇന്ദിരാഗാന്ധിയുടെ അടിയന്തിരാവസ്ഥയിൽ വിയോജിപ്പ് പ്രകടിപ്പിച്ചു കൊണ്ട് പിൽക്കാലത്ത് അദ്ദേഹം ഇടത് സഹയാത്രികനായി എന്നും അറിയാൻ കഴിഞ്ഞു.
    ഒ.എം. അനുജൻ എറണാകുളത്താണ് താമസിക്കുന്നതെങ്കിലും ' ദേവീപ്രസാദം ട്രസ്റ്റാണ് ' ഇപ്പോൾ ഒളപ്പമണ്ണമനയുടെ മേൽനോട്ടം വഹിക്കുന്നത്. ഡോക്ടർ .എൻ .പി . വിജയകൃഷ്ണന്റെ 'ഒളപ്പമണ്ണമന- ചരിത്രം ' എന്ന പുസ്തകം ആധികാരികമായ ഒരു രേഖ തന്നെയാണ്.
     ശ്രീ. ശങ്കരനാരായണൻ മാഷ് കാര്യങ്ങൾ വിശദീകരിച്ചു. ട്രെയ്ൻ പി.പി. അലി, കെ.കെ.മണികജൻ ,കെ. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ യാത്രക്ക് നേതൃത്വം നൽകി.
    ചരിത്ര വസ്തുതകൾ ചോദിച്ചറിഞ്ഞും അനുഭവിച്ചറിഞ്ഞും അധ്യാപകർ പഠനയാത്ര വേണ്ടുവോളം ആസ്വദിച്ചു .

        കെ.കെ. മണികണ്ഠൻ ,
        കാരാകുറുശ്ശി.

2018, മാർച്ച് 30, വെള്ളിയാഴ്‌ച

നായാടിക്കളി.



നായാടിക്കളി



നാടോടി കലകള്‍ കൊണ്ട്  സമ്പന്നമാണ് കേരളീയ ഗ്രാമങ്ങള്‍ . വാമൊഴിയിലൂടെ പാരമ്പര്യമായി പകര്‍ന്നു കിട്ടുന്ന 
നാടോടികലകള്‍ അടിസ്ഥാന വര്‍ഗ ജനതയുടെ സര്‍ഗാത്മക ആവിഷ്കാരങ്ങള്‍ ആയി മാറുന്നു . പ്രകൃതിയുമായി 
ബന്ധപ്പെട്ടു കിടക്കുന്ന പാട്ടുകളും വാദ്യങ്ങളും ആണ് ഈ 
കലകള്‍ക്ക് .

വള്ളുവനാട്ടിലും പരിസരപ്രദേശങ്ങളിലും ദേവീക്ഷേത്രങ്ങളിലെ പൂരങ്ങളോടനുബന്ധിച്ച് നായാടി  സമുദായക്കാരായക്കാര്‍ പൂരങ്ങളുടെ വരവറിയിച്ച് തട്ടകം മുഴുവന്‍ സഞ്ചരിച്ച് നടത്തുന്ന  കളിയാണ്‌ നായാടിക്കളി. കാട്ടിൽ വേട്ടക്കു പോകുന്നവരുടെ വേഷം കെട്ടി ഇവർ വീടുകൾതോറും ചെന്നാണ് പാട്ടുപാടിയുള്ള ഈ കളി നടത്തുന്നത്..


     ചെറിയ രണ്ട് മുളവടികളാണ്‌ വാദ്യോപകരണങ്ങൾ. ഒന്നു നീണ്ടതും മറ്റേത് കുറിയതുമായിരിക്കും. നീണ്ട വടി ഇടത്തേ കക്ഷത്തിൽ ഉറപ്പിച്ച് ചെറിയ വടി കൊണ്ട് അതിൽ താളം കൊട്ടുന്നു. അതിന്ന് ചേർന്ന മട്ടിൽ പാട്ടുകൾ പാടി കളിക്കും. നായാടികളുടേതാണ് വേഷം. തോളിൽ ഒരു വലിയ മറാപ്പ് കെട്ടിത്തൂക്കിയിരിക്കും. കൂടാതെ ഇട്ടിങ്ങലിക്കുട്ടി എന്നു വിളിക്കുന്ന, മരംകൊണ്ടുള്ള, ഒരു ചെറിയ പ്രതിമയും ഇവർ കയ്യിൽ കരുതിയിരിക്കും. ഒരുകൈകൊണ്ട് ഈ പാവയെ നിലത്ത് തുള്ളിച്ചുകൊണ്ടുള്ള ഒരുതരം പാവകളിയും ഇവരുടെ പ്രകടനത്തിന്റെ ഭാഗമായിരുന്നു.



പാട്ടുകൾ

കളിയോടൊപ്പം പാട്ടുകളുമുണ്ടാവും. പാട്ടുകൾ അപ്പപ്പോൾ അവർ തന്നെ നിർമ്മിച്ചെടുക്കുന്നവയാകാം. വിഷയം സാധാരണയായി നായാട്ടു വിശേഷങ്ങളായിരിക്കും. അപ്പപ്പോൾ ചെല്ലുന്ന വീടുകളിലെ ഗൃഹനാഥന്മാരെയും മറ്റും പുകഴ്ത്തുന്ന പാട്ടുകളുമുണ്ടാകാം. കളി കഴിയുമ്പോൾ വീടുകളിൽ നിന്ന് ഇവർക്ക് അരിയും നെല്ലും തുണികളും സമ്മാനങ്ങളായി കിട്ടും. ഒടുവിൽ പൂരദിവസം ഇവർ ക്ഷേത്രങ്ങളിലെത്തി അവിടെയും വിസ്തരിചു കളിക്കും.


                       ആരിന്റെ ആരിന്റെ ചങ്കരനായാടി                      പനങ്കുരുശി അമ്മേടെ ചങ്കരനായാടി 
                      പനങ്കുരുശി നല്ലമ്മ ലോകമാതാവ്                       ആളും അടിയോരെ കാക്കണം തായേ                       വേലയ്ക്കു പോകുമ്പോൾ എന്തെല്ലാം വേണം 
                      പൊന്നുരുളി പൊൻചട്ടുകം പാൽക്കിണ്ടി വേണം 
                      പൊന്നുരുളി പൊൻചട്ടുകം പാൽക്കിണ്ടി പോരാ 
                      പൂവാലിപ്പശുവിന്റെ പാലതും വേണം                       തിത്തെയ് തിത്തെയ് തിമൃതത്തെ  "


                      കുറുവഞ്ചം കുറുവഞ                      കാട്ടിലും നെല്ലില് വിളയാടും 
                      പനങ്കുരുശി അമ്മേടെ വഴിപാടുനായാടി 



നായാട്ടുവിളി

നായാട്ടിനെ ചുറ്റിപ്പറ്റി ഇവർ അവതരിപ്പിക്കാറുള്ള "നായാട്ടു വിളി"‍ വളരെ രസകരമാണ്‌. വീട്ടുകാര്‍  പ്രത്യേകം ആവശ്യപ്പെടുമ്പോള്‍ ആണ് ഈ സവിശേഷ ചടങ്ങ് . വേട്ടക്കു   തയ്യാറാകാൻ തമ്പുരാന്റെ നിർദ്ദേശം കിട്ടുന്നതു മുതൽ ആളെക്കൂട്ടുന്നതും സംഘം ചേരുന്നതും കാട്ടിലേക്കു പോകുന്നതും കാടിളക്കുന്നതും കാട്ടുജന്തുക്കളെ ഓടിച്ചു കുടുക്കുന്നതും ഒടുവിൽ വെടിവെച്ചും അമ്പെയ്തും അവയെ വീഴ്ത്തുന്നതും അവയുടെ ദീനരോദനവുമൊക്കെ വളരെ തന്മയത്വത്തോടെ അവർ ശബ്ദങ്ങളിലൂടേയും വാക്കുകളിലൂടെയും വരച്ച് വയ്ക്കും. ഏകാഭിനയത്തിന്റെ ഏറ്റവും ശക്തമായ ഒരു മാതൃകയാണ്‌ ഇത്.

കാട്ടില്‍ പോണം
പന്ന്യേ പിടിക്കണം
പിടിചോ പിടിച്ചോ
പേം പേം

2018, ജനുവരി 7, ഞായറാഴ്‌ച

*മയ്യഴിപ്പുഴ കരിമ്പനക്കാറ്റിനെ തൊട്ടൊഴുകിയപ്പോൾ*




ഹരിതം ബുക്സ് പാലക്കാട് നടത്തിയ മുകുന്ദം ആദരം പരിപാടിയിൽ എം.മുകുന്ദനുമായി നടന്ന മുഖാമുഖത്തിൽ നിന്ന്

*എം.മുകുന്ദനുമായി നടന്ന മുഖാമുഖത്തിൽ നിന്ന്*

*ചോദ്യം ഒന്ന്*

*ജനഹൃദയങ്ങളോട് ചേർന്നു നിന്ന അനേകം രചനകളുണ്ടായിട്ടും താങ്കളുടെ നോവലുകൾ എന്തുകൊണ്ട് സിനിമയാക്കപ്പെട്ടില്ല*...? *അതിൽ താങ്കൾക്ക് ദു:ഖമുണ്ടോ???*

*എം.മുകുന്ദൻ*

നോവലുകൾ സിനിമയാക്കാൻ മുകുന്ദന് മോഹം എന്നതരത്തിൽ വന്ന പത്രവാർത്തകൾ വ്യാജമാണ്.. യഥാർത്ഥത്തിൽ തുടക്കം തൊട്ടേ പലരും മയ്യഴിപ്പുഴയുടെ തീരങ്ങളിൽ സിനിമയാക്കാൻ സമീപിച്ചിരുന്നു... രാമു കാര്യാട്ട് ആണ് ആദ്യം സമീപിച്ചത്.. എന്നാൽ ഞാൻ നിരസിക്കുകയായിരുന്നു.. അത് നോവലായിത്തന്നെ നില നിൽക്കപ്പെടട്ടെ എന്നായിരുന്നു എന്റെ ചിന്ത.. എന്നാൽ ഇന്ന് എന്റെ ആശയങ്ങളുമായി ചേർന്നു നിൽക്കുന്ന ആരെങ്കിലും സമീപിക്കുകയാണെങ്കിൽ സിനിമയാക്കാൻ എനിക്ക് താൽപര്യം തോന്നുന്നുണ്ട്. എനിക്കിപ്പോൾ 75 വയസായി. ഇപ്പോഴാണെങ്കിൽ അതിലെനിക്ക് ഇടപെടാൻ കഴിയും... എനിക്ക് ശേഷം ആരെങ്കിലും അത് സിനിമയാക്കുമ്പോൾ അതെന്തൊക്കെയോ ആയിപ്പോകുമെന്ന് ഞാൻ ഭയക്കുന്നുണ്ട്.. പിന്നെ നോവലുകൾ സിനിമയിലേക്ക് തിരിച്ചു വരുന്ന ഒരു കാലം കൂടിയാണിന്ന്

*ചോദ്യം രണ്ട്*

*താങ്കളുടെ കൃതികൾ പലതും കാലത്തെ പൊളിച്ചെഴുതിയതാണ്.പലപ്പോഴും പുനർവായന കളിൽ വായനക്കാരന് തന്നെ ദിശാ വ്യതിയാനം വന്നു പോവുന്നു. എഴുത്തുകാരൻ എന്ന നിലയിൽ ആശയപരമായി മുകുന്ദൻ അന്നുമിന്നും ഒരാൾ തന്നെയാണോ? മാറ്റം വന്നിട്ടുണ്ടോ?*

*മുകുന്ദൻ*
കാലം മാറിയിട്ടുണ്ട്. പക്ഷെ എന്റെ ജീവിത ദർശനത്തിൽ ഒരു മാറ്റവുമുണ്ടായിട്ടില്ല. എന്റെ ആശയസങ്കൽപങ്ങൾ അന്നുമിന്നും ഒന്നു തന്നെയാണ്..

*ചോദ്യം മൂന്ന്*

*പുനത്തിൽ അദ്ദേഹമെഴുതിയ കഥാപാത്രങ്ങളെപ്പോലെ ജീവിച്ചതാണ് പറ്റിയ അബദ്ധമെന്ന് താങ്കൾ പറഞ്ഞു കേട്ടിട്ടുണ്ട്.. താങ്കൾക്ക് അത്തരമൊരനുഭവമുണ്ടായിട്ടുണ്ടോ???*

*മുകുന്ദൻ*

പുനത്തിലിനെക്കുറിച്ച് ഞാനങ്ങനെ പറഞ്ഞത് അദ്ദേഹം തന്റെ കഥാപാത്രങ്ങളെപ്പോലെ ജീവിച്ചു തീർത്തതു കൊണ്ടു തന്നെയാണ്. പക്ഷെ ഞാനൊരിക്കലും എന്റെ കഥാപാത്രങ്ങളെപ്പോലെ ജീവിച്ചിട്ടില്ല... അതിന് ശ്രമിച്ചിട്ടുമില്ല.

*ചോദ്യം നാല്*

*ഈ പ്രായത്തിലുമുള്ള ചുറുചുറുക്കിന്റെ രഹസ്യമെന്താണ്???*

*മുകുന്ദൻ*

ഞാൻ ഒചറുപ്പംതൊട്ടേ നന്നായി വായിക്കും. മയ്യഴി എഴുതുന്ന കാലമൊക്കെ വലിയ ജോലിത്തിരക്കുണ്ടായിരുന്നു.പുലർച്ചെ നാലുമണിക്ക് എഴുന്നേറ്റിരുന്നു എഴുതും.. എന്നിട്ട് ഓഫീസിൽ പോകും. ഒരിക്കൽ പുനത്തിൽ എനിക്കൊരു മരുന്നു കുറിച്ചു തന്നു. അത് കഴിച്ചപ്പോൾ രാത്രി മുഴുവൻ ഇരുന്നെഴുതിയാലും മനസിന് നല്ലതെളിച്ചമായിരുന്നു.. പക്ഷെ പിന്നീട് ഞാൻ ആ മരുന്ന് ഉപയോഗിച്ചിട്ടില്ല. വായനയും എഴുത്തും ചിന്തയും തന്നെയാണ് എന്റെ ആരോഗ്യം

*ചോദ്യം അഞ്ച്*

*കുട നന്നാക്കുന്ന ചോഴിയിൽ ചോഴിയുടെ ലക്കോട്ട് മാധവൻ തിരുത്തി വായിച്ചിട്ടും എന്തുകൊണ്ടാണ് താങ്കൾ മാധവനെ നിഷ്കളങ്കനായി പറയുന്നത്??*

*മുകുന്ദൻ*

മാധവൻ പ്രതിനിധാനം ചെയ്തത് വഴിമാറുന്ന യുവത്വത്തെയാണ്. എന്റെ നാട്ടിലന്ന് യുവാക്കൾ ചന്ദനക്കുറിയിട്ട് നടക്കാൻ തുടങ്ങിയ കാലമായിരുന്നു. ഞാനതിനെ വലിയ ഭീതിയോടെയാണ് കണ്ടിരുന്നത്.സാധാരണ പെൺകുട്ടികളാണ് കുറിയിടുന്നത്.. ആൺ കുട്ടികൾ അങ്ങിനെ തുടങ്ങിയാൽ തീർച്ചയായും അത് മറ്റെന്തിന്റെയോ അടയാളമാണ്..
*ചോദ്യം ആറ്*

*എഴുത്തിൽ പുതിയ തലമുറക്കുള്ള ഉപദേശം എന്താണ്?? ഒരു വിജയ മന്ത്രം??*

*മുകുന്ദൻ*

അങ്ങനെ ഉപദേശം എന്നൊന്നില്ല. പാവങ്ങളെക്കുറിച്ച് ചിന്തിക്കുക. സാമൂഹ്യനീതി ലഭിക്കാൻ തന്നാൽ കഴിയുന്ന വിധം എഴുതുക.പ്രവർത്തിക്കുക. ലോകത്തെ വായനയിലൂടെ തിരിച്ചറിയുക. കുട്ടിക്കാലം മുതൽക്കു തന്നെ എന്റെ മനസിൽ നിരവധി കഥകളും കഥാപാത്രങ്ങളും കിടന്നിരുന്നു. അതാണ് ഞാൻ ആവിഷ്കരിക്കാൻ ശ്രമിച്ചത്

*ചോദ്യം ഏഴ്*

*ദാസനെ കണ്ടെത്തിയത് എങ്ങനെ?*

*മുകുന്ദൻ*

ഞാൻ കണ്ടെത്തിയതല്ല.. എതോ കാലം മുതൽക്കു തന്നെ ദാസൻ എന്റെ കൂടെത്തന്നെ ഉള്ളിൽ ഉണ്ടായിരുന്നു. കഥാപാത്രങ്ങളില്ലാതെ എന്റെ മനസ് ഒഴിഞ്ഞുകിടന്നിട്ടില്ല. കഥാപാത്രങ്ങളുടെ നിലവിളി എന്റെ മനസിൽ എന്നുമുണ്ടായിരുന്നു. കൂടുതൽ നിലവിളിക്കുന്ന കഥാപാത്രങ്ങളെയാണ് ഞാൻ ആദ്യം പുറത്തെത്തിക്കുക. എന്നെ പ്രസവിക്കു എന്ന് പറഞ്ഞ് അവ പിറകെക്കൂടുമ്പോൾ ഞാനവയെ പ്രസവിക്കും.

*ചോദ്യം എട്ട്*

എഴുത്ത് ബോധപൂർവ്വമായ ഒരു പ്രക്രിയയല്ലേ???അതിന് മറ്റാരു തലം കൊടുക്കേണ്ട ആവശ്യമുണ്ടോ??*

*മുകുന്ദൻ*

എഴുത്തിന് ബോധതലവും അല്ലാത്തതുമായ തലങ്ങളുണ്ട്. എഴുത്തിൽ ഏർപ്പെടുമ്പോൾ ലോകത്തോടുള്ള ബന്ധങ്ങൾ അറ്റുപോയി ഉന്മാദത്തിന്റെ അവസ്ഥയിലെത്തിപ്പെടും. മയ്യഴി എഴുതുമ്പോൾ അത് ഞാൻ അനുഭവിച്ചിട്ടുണ്ട്. എന്നെ തീ പിടിപ്പിച്ച അനുഭവമുണ്ടാക്കിയിട്ടുണ്ട്. എഴുതിക്കഴിഞ്ഞു വായിക്കുമ്പോൾ, വായിക്കപ്പെടുമ്പോൾ ആണ് വ്യക്തത വരുന്നത്... എഴുത്ത് പൂർണമായും ബോധപൂർവ്വമെന്ന് പറയാനാവില്ല.

ചോദ്യം ഒമ്പത്*

*പ്രവാസത്തിലെ കഥാപാത്രം ആരുടെ പക്ഷത്താണ്?*


*മുകുന്ദൻ*

എഴുത്തുകാരൻ ഒരു നിമിത്തം മാത്രമാണ്.സമൂഹമാണ് എഴുത്തുകാരനെ രൂപപ്പെടുത്തുന്നത്.എഴുതിപ്പിക്കുന്നത്. അതിനാൽ സമൂഹത്തിന്റെ പക്ഷത്താണ്. അതിന്റെ ആകുലതകളുടെയും പ്രതിക്ഷയുടെയും പക്ഷത്താണ്.

*ചോദ്യം പത്ത്*

എഴുത്ത് കൊണ്ട് ജീവിക്കാൻ കഴിയുമോ? അങ്ങനെ സാധിച്ചിട്ടുണ്ടോ???*

*മുകുന്ദൻ*

ഞാൻ എഴുതിത്തുടങ്ങുന്ന കാലത്ത് അതിന് സാധിക്കുമായിരുന്നില്ല.. മറ്റ് ജോലികൾ ചെയ്യുന്നതിനിടെയായിരുന്നു എഴുത്തു നടത്തിയിരുന്നത്. ഡൽഹി ജീവിതകാലത്തൊക്കെ രാത്രിയും ഒഴിവു ദിവസങ്ങളിലുമായിരുന്നു എഴുത്തുകൾ.പക്ഷെ ഇന്നെനിക്ക് തോന്നുന്നു എഴുതി ജീവിക്കാൻ കഴിയുമെന്ന്. യൂറോപ്പിനെക്കാൾ കൂടുതൽ പുസ്തകങ്ങ ളാ ണ് ഇന്ന് കേരളത്തിൽ ഇറങ്ങുന്നത്.പുസ്തക വിൽപ്പനയുടെ ഒരു വലിയ മാർക്കറ്റ് തന്നെ ഇന്ന് കേരളത്തിലുണ്ട്. അത്രയധികം പുസ്തകങ്ങൾ ഇറങ്ങുന്നു.വിൽപ്പന നടക്കുന്നു..സിനിമകളായി മാറുന്നു.. എഴുത്തിന് ശക്തിയുണ്ടെങ്കിൽ ഇന്ന് എഴുത്തുകൊണ്ട് ജീവിക്കാൻ കഴിയുമെന്ന സ്ഥിതിയുണ്ട്.

*ചോദ്യം പതിനൊന്ന്*

*ആധുനികത എഴുത്തിൽ ആവിഷ്കരിച്ച് വിമർശനവിധേയനായ വ്യക്തിയാണ് താങ്കൾ..അതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്??*

വിമർശനങ്ങൾ ധാരാളം ഒറ്റക്ക് നേരിടേണ്ടി വന്നതിൽ ആദ്യമൊക്കെ വിഷമം തോന്നിയിരുന്നു.പക്ഷെ വായനക്കാർ തന്ന സാന്ത്വന മാണ് എനിക്ക് ഊർജമായത്. ആധുനികത മനുഷ്യന്റെ സത്യസന്ധമായ ആവിഷ്കാരമായിരുന്നു. അനുഭവങ്ങളുടെ പച്ചയായ രേഖപ്പെടുത്തലുകളായിരുന്നു. മയ്യഴിയിലെ ദാസനോ ഖസാക്കിലെ രവിക്കോ ജാതിയോ മതമോ ഇല്ല.അവർ മനുഷ്യർ എന്ന ഒറ്റ ജാതിയുടെ പ്രതിനിധികളായിരുന്നു.

ചോദ്യം പന്ത്രണ്ട്*

*കേശവന്റെ വിലാപങ്ങൾ വായിക്കാൻ മലയാളിയുടെ അലംഭാവം, ആദിത്യനും രാധയും മറ്റു ചിലരും എന്നത് വേണ്ടത്ര ജനപ്രിയമല്ലാതെ പോയി എന്നതിനെക്കുറിച്ചുള്ള അഭിപ്രായം???*

*മുകുന്ദൻ*

കേശവന്റെ വിലാപങ്ങൾ ആളുകൾ വായിച്ചിട്ടുണ്ട് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ആദിത്യനും രാധയും മറ്റു ചിലരും ഘടനാപരമായ ചില സങ്കീർണതകൾ, സങ്കേതത്തിലെ പരീക്ഷണങ്ങൾ എന്നിവ സാമാന്യജനങ്ങളിൽ നിന്നകറ്റിയിട്ടുണ്ടാകാം... എല്ലാ കൃതിയും ജനപ്രിയമാകണമെന്നുമില്ലല്ലോ.

*ചോദ്യം പതിമൂന്ന്*

*കൃതികളിലെ ഭാഷയെക്കുറിച്ച്. നൃത്തം ചെയ്യുന്ന കുടകളിലെ ആഖ്യാനരീതിയെക്കുറിച്ച്.??*

മനുഷ്യർ മരിച്ചു പോകുന്നത് പോലെ ലോകത്ത് ഭാഷകളും മരിച്ചു പോകുന്നു. നേപ്പാളിൽ ഒരു ഭാഷ ഒരാൾ മാത്രം സംസാരിക്കുന്നതിലൂടെ നില നിന്നതായി പറയുന്നു. അത് സംസാരിച്ചിരുന്ന വ്യക്തി അവനവനോടാണ് സംസാരിച്ചിരുന്നത്.അങ്ങനെയാണ് ആ ഭാഷയെ നിലനിർത്തിയത്. അതേ പോലെ എന്റെ ഭാഷയിലെയും പല പദങ്ങളും മരിച്ചു പോകുന്നു.. അവയുടെ നിലവിളികൾ എന്നെ അലട്ടുന്നു. അവയെ എന്റെ എഴുത്തിനോട് ചേർത്തു നിർത്തി ഞാൻ രക്ഷിക്കാൻ ശ്രമിക്കുന്നു. അങ്ങനെയൊരു വീണ്ടെടുപ്പാണ് കൃതികളിലെ ഭാഷയിലൂടെ ഞാൻ ബോധപൂർവ്വം ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

*ശിവപ്രസാദ് പാലോട്*