2020, മാർച്ച് 27, വെള്ളിയാഴ്‌ച



അമ്മയെക്കാണാൻ
പൂനത്തിൽ കുഞ്ഞബ്ദുള്ള


പറയാൻ പോകുന്നത് ഇത്തിരി പഴയ പുസ്തകത്തെക്കുറിച്ചാണ്.  പൂനത്തിൽ
കുഞ്ഞബ്ദുള്ളയുടെ അമ്മയെക്കാണാൻ എന്നബാലസാഹിത്യകൃതിയെ പറ്റി.
വലിയവർക്കുള്ള സാഹിത്യവും കുട്ടികൾക്കുള്ള സാഹിത്യവും രണ്ടും രണ്ടാവും
ചില കൃതികളുടെ കാര്യത്തിൽ. ചില കൃതികളാവട്ടെ മുതിർന്നവർക്കും
കുട്ടികൾക്കും ഒരേ പോലെ ആസ്വാദ്യവും. അത്തരത്തിൽ ബാലസാഹിത്യമെന്ന് പട്ടിക
തിരിച്ചെങ്കിലും എല്ലാവർക്കും വായിക്കാവുന്ന ഒന്നാണ് അമ്മയെക്കാണാൻ എന്ന
കൃതി.

                         പൊതുവെ ബാല സാഹിത്യ കൃതികളുടെ മുഖമുദ്ര അവ
യുക്തിക്ക് വലിയ പ്രാധാന്യം കൊടുക്കുന്നില്ല എന്നതാണ്. ഭാവനകളുടെ
സ്വപ്നങ്ങളുടെ, മായികതയുടെ അനന്ത സാധ്യതയായ ബാല്യത്തിന്റെ മുറിച്ച
മുറിയാവണം യഥാർഥ ബാല സാഹിത്യ പരിസരവും., സ്വർഗ കവാടത്തിന്റെ മുന്നിൽ
ഒമ്പത് വയസ്സുള്ള ഒരു കുട്ടി എങ്ങിനെയോ എത്തി എന്ന് തുടങ്ങളുകയാണ്
പുനത്തില്‍..സ്വർഗമെന്ന എക്കാലത്തെയും വലിയ സങ്കല്പത്തെ കഥയിലേക്ക്
നേരിട്ട് ഇണക്കിച്ചേർക്കുകയാണ് കഥാകാരൻ. അവിടെ കുട്ടിക്കുമുമ്പിൽ
പ്രത്യക്ഷപ്പെടുകയാണ് ദൈവദൂതൻ.സ്വർഗത്തിന്റെ  കാവൽക്കാരൻ. കുട്ടിക്ക്
മുമ്പിൽ ദയയുടെയും സ്നേഹത്തിന്റെയും മുഖമായി മാറുന്ന ദൈവദൂതൻ. അവിടെക്ക്
പ്രവേശിക്കണമെെങ്കിൽ മരിക്കണം. കുട്ടിയാണെങ്കിൽ മരിച്ചിട്ടല്ല, മൂക്കിന്
നേരെയുള്ള വഴിയിലൂടെ നടന്നപ്പോൾ എങ്ങിനെയോ സ്വർഗത്തിൽ
എത്തിയിരിക്കുകയാണ്. കുട്ടി ദൈവദൂതനോട് ചോദിക്കുന്നുണ്ട് തന്നെ ഒന്നു
കൊന്നു തരുമോ എന്ന്. ആ പണി പരലോകത്ത് ആരും ചെയ്യാറില്ലെന്നും ഭൂമിയിൽ
കൊലപാതകികൾ എത്രയോ ഉണ്ടെന്നും ദൈവദൂതന്‍ പറയുന്നത് എത്ര വലിയ വിമർശനമാണ്
മനുഷ്യകുലത്തിന്.
                   കുട്ടി സ്വർഗം അന്വേഷിക്കാനൊരു കാരണമുണ്ട്. കുട്ടി
അമ്മയെ തിരഞ്ഞിറങ്ങിയതാണ്. അമ്മ  സ്വർഗത്തിലാണെന്ന് കുട്ടിക്കറിയാം.
മനുഷ്യന് കൈകൾ കൊടുത്തത് തന്നെ ദൈവത്തിന് പറ്റിയ അബദ്ധമാണെന്നും
ചിറകുകള്‍ നല്‍കിയാൽ ഭൂമി പിന്നെ ബാക്കിവക്കില്ലെന്നും പറഞ്ഞ്
മാലാഖമാരുടെ ചിറക് ലഭിക്കുകയെന്ന കുട്ടിയുടെ മോഹത്തെ ദൈവദൂതൻ
വിലക്കുന്നുണ്ട്. വെളിച്ചം ദുഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദമെന്ന്
അക്കിത്തം കവിതയിൽ പറഞ്ഞു. പകലെന്തൊരു കഷ്ടകാലം. രാത്രിയാണ്
എനിക്കിഷ്ടമെന്ന് പുനത്തിൽ കുട്ടിയെക്കൊണ്ട് കഥയിൽ
പറയിപ്പിക്കുന്നുണ്ട്. കറുപ്പും വെളുപ്പിമെന്ന് മനുഷ്യരെ
വേർതിരിക്കുന്നതിനെ പൊളിച്ചെഴുതുന്നുണ്ട്. ദൈവം ഒന്നേയുള്ളൂ എന്നും
ഭൂമിയിൽ മാത്രമാണ് പലതരം ദൈവങ്ങൾ ഉള്ളതെന്നും തെളിയിക്കുന്നുണ്ട്. |
   ദൈവദൂതന് മുന്നിൽ ഭൂമിയലെ തന്റെ ദൈന്യതകൾ, ക്രൂരനായ അഛ്ചനെപ്പറ്റി,
ക്ഷമാശീലയായ അമ്മയെപ്പറ്റി, അമ്മയെ പിരിഞ്ഞതിനെപ്പറ്റി കുട്ടി
പറഞ്ഞുകൊണ്ടിരിക്കുന്നു. ദൈവ ദൂതൻ കേട്ടുകൊണ്ടേ ഇരിക്കുന്നു..അതിനിടെ
പനിയുടെ മൂർദ്ധന്യത്തിൽ ഭൂമിയിൽ കുട്ടി മരിച്ചു പോകുന്നു. ദൈവദൂതൻ അവന്
സ്വർഗത്തിലേക്ക് പ്രവേശനം അനുവദിക്കുന്നു. എന്നാൽ അവിടെ തന്റെ
അമ്മയില്ലെന്ന് കുട്ടി അറിയുന്നു. അച്ഛൻ നരകത്തിലാണെന്നും.
അമ്മയില്ലാത്തിടം, അച്ഛനില്ലാത്തിടം സ്വർഗമാണെങ്കിലും കുട്ടിക്ക് കരച്ചിൽ
വരുന്നു.
                                 പൂനത്തിലിന്റെ ഈ കൊച്ചുകൃതി കൂട്ടുകാർ
തിരഞ്ഞുപിടിച്ച് വായിക്കണം. ഇതൊരു സാരോപദേശ കഥയല്ല. പക്ഷേ എല്ലാ
സാരോപദേശങ്ങളും ഇതിലുണ്ട്. ഭൂമിയിലെ എല്ലാ യാതനകളുടെയും
കണ്ണീരൊപ്പുന്നുണ്ട്. എല്ലാ പ്രതീക്ഷകൾക്കും ചിറക് മുളപ്പിക്കുന്നുണ്ട്.
അതോടൊപ്പം പ്രവചനാതീതമായ മനുഷ്യജീവിതത്തിനെ മൊത്തത്തിൽ സ്വർഗീയമായ
അക്ഷരങ്ങൾ കൊണ്ട് വരച്ചിടുന്നുമുണ്ട്.

ശിവപ്രസാദ് പാലോട്

2020, മാർച്ച് 11, ബുധനാഴ്‌ച

നൂറു നുറു കഥകൾ   ശിവപ്രസാദ് പാലോട്


നൂറു നുറു കഥകൾ.. മെയ് 24 2009
1 വഴി

മുതലാളിയാകാനുള്ള നൂറ്റി എട്ട് എളുപ്പവഴികൾ എന്ന പുസ്തകം തൊണ്ട പൊട്ടി
വിൽക്കുകയായിരുന്നു അയാൾ..

ആദ്യ പേജിൽ ഇങ്ങനെ എഴുതിയിരുന്നു..

മുതലാളിയാവാനുള്ള ഏറ്റവും പരീക്ഷിച്ചു ജയിച്ച വഴി പാവങ്ങളെ സേവിക്കുക എന്നതാണ്

നൂറു നുറുകഥകൾ  മെയ് 25 2009
2  വോട്ട്

മഴ പതിവുപോലെ മണ്ണിന് വോട്ടു ചെയ്തു.
വെയിൽ ചെടികൾക്കും
വെള്ളവും
കാറ്റും പൂക്കൾക്കും വോട്ടു ചെയ്തു
മനുഷ്യൻ നോട്ടക്ക് കുത്തി തോറ്റു പോയിരുന്നു


നൂറു നുറു കഥകൾ മെയ് 26 2019
3 പ്രചരണം

പക്ഷനേതാവും പ്രതിപക്ഷ നേതാവും  റിസോർട്ടിൽ ചായ കുടിച്ചിരുന്ന്
ചാനലിൽ യുദ്ധം കണ്ടു
വാഹ്... ബലേ ഭേഷ്


നൂറു നുറുകഥകൾ മെയ് 27 2019
4ശ്രുതി

രാജാവിന് വീണ വായിക്കണം.. പഴയ പോലെ ഏകാഗ്രത കിട്ടുന്നില്ല, ശ്രുതി
ചേരുന്നില്ല. കിങ്കരന്മാർ രാജ്യത്തിന്റെ നാലു മൂലക്കും തീയിട്ടു
തുടങ്ങി... പുകയുടെ മണം സിംഹാസനം വരെ എത്തിയപ്പോൾ കൊട്ടാരം വീണകൾ
ഒന്നൊന്നായി മുരണ്ടു തുടങ്ങി..



 നൂറു നുറു കഥകൾ മെയ് 28 1019
5 വെളിപാട്

ഭൂതമോ??
അതൊരു കെണിയായിരുന്നു. പെട്ടതും ചിറകുവെട്ടിയതും കൂട്ടിലാക്കിയതും മാത്രം ഓർമ്മ

വർത്തമാനമോ??
വിശപ്പ്, വിശപ്പ്, വിശപ്പ്
അതു തന്നെയല്ലേ പ്രപഞ്ചത്തിന്റെ വർത്തമാനകാലം??

ഭാവിയോ??
അതൊരു  പെരുംനുണയാണ്.. വിശന്നോ പനിച്ചോ ചാകുമായിരിക്കും.. കാലിൽ
തൂക്കിപ്പിടിച്ച ഒറ്റയേറിൽ ഏതെങ്കിലും ഒരു കുപ്പത്തൊട്ടിയിൽ..

പക്ഷിശാസ്ത്രക്കാരന്റെ തത്ത ഇത്രയും പറഞ്ഞ് കൂട്ടിൽക്കയറി എന്നെത്തന്നെ
തുറിച്ചു നോക്കി


നൂറുനുറുകഥകൾ മെയ് 29 2019
6 നിയമനം

മുന്നിലിരുന്ന ഉദ്യോഗാർഥിയുടെ സർടിഫിക്കറ്റുകൾ ഒന്നോടിച്ചു നോക്കി
അധികാരി ചോദിച്ചു..?

നിങ്ങൾ വന്നത് മുൻവാതിലിലൂടെയൊ പിൻവാതിലിലൂടെയോ?

വരണ്ടതൊണ്ട ചുമച്ചു ശരിയാക്കി ഉദ്യോഗാർഥി മറുപടി പറഞ്ഞു

മുൻവാതിലിലൂടെത്തന്നെ..

അധികാരി ഒന്നിരുത്തിച്ചിരിച്ചു.. പിൻവാതിലിലൂടെ കയറിയവർ അപ്പോഴേക്കും
കോട്ടിട്ട് ജോലി തുടങ്ങിയിരുന്നു.

നൂറു നുറുകഥകൾ മെയ് 30 2019
7 നിരൂപണം

പുതിയതായി വാങ്ങിച്ച നോവൽ ഉദ്യാനത്തിലെ ചാരു ബഞ്ചിലിരുന്ന്
നാലാളുകാണെത്തന്നെ വായിക്കാൻ തുടങ്ങുകയായിരുന്നു നിരൂപകൻ.
        പൊടുന്നനേ ഒരു ദ്രാന്തൻ പൊട്ടിച്ചിരിച്ചു കൊണ്ട് ചാടി വീണ്
പുസ്തകം തട്ടിപ്പറിച്ചു... ആദ്യ പേജുകളും അവസാന പേജുകളും വലിച്ചു
കീറിയെടുത്ത് പുസ്തകം അയാൾക്ക് നേരെ എറിഞ്ഞ് ഭ്രാന്തൻ ഓടിപ്പോയി.

'ആ നോവലിനെക്കുറിച്ച് അടുത്ത ആഴ്ചയിൽത്തന്നെ അയാളുടെ നിരൂപണം
അച്ചടിച്ചുവന്നു.. ആദിയും അന്തവുമില്ലാത്ത വായന

നൂറു നുറു കഥകൾ മെയ് 31 2019
8 അഭിമുഖം

ആ ആശുപത്രിയിൽ ജോലിക്ക് ആളെ എടുക്കുന്നുണ്ടെന്ന് അറിഞ്ഞ് ചെന്നതായിരുന്നു അയാൾ
എ സി മുറിയിൽ കോട്ടിട്ട് ഇരുന്നവർ അയാളെ വിചാരണ ചെയ്തു.
ഞങ്ങൾക്ക് വേണ്ടത് നിങ്ങളുടെ വൃക്കകൾ, കണ്ണുകൾ, കരൾ, ഹൃദയം.. കൊള്ളാവുന്നതെന്തും
..... പിന്നെ... നിങ്ങൾക്ക് സമ്മതമാണെങ്കിൽ നിങ്ങളെ മൊത്തമായും..

വാതിൽ തള്ളിത്തുറന്ന് പുറത്തേക്ക് ഓടുമ്പോൾ കൈ വെള്ളയിൽ അയാൾ
ഒതുക്കിപ്പിടിച്ചിരുന്നു. ജീവൻ.

നൂറു നുറുകഥകൾ 9  ജൂൺ 1 2019
9 നീതി

തെരുവിൽ പൊട്ടിച്ചിരിച്ച കേസിന് ഭ്രാന്തനെ വിചാരണ ചെയ്യുമ്പോളാണ് അത് സംഭവിച്ചത്

സത്യം ബോധിപ്പിക്കാൻ തൊട്ടു പിടിക്കേണ്ട പുസ്തകം
ഭ്രാന്തൻകയ്യെത്തിപ്പിടിച്ച് ചിന്തിയെറിഞ്ഞു.. നീതി ദേവതയുടെ പ്രതിമ
തട്ടിമറിച്ച് കണ്ണുകെട്ടിയ കറുത്ത തുണി പിച്ചിച്ചീന്തി

ആ പുസ്തകത്തിൽ ആദ്യ പേജ് മുതൽ അവസാന പേജ് വരെ ഒരക്ഷരം പോലും
എഴുതിയിരുന്നില്ല.. അതൊരു തടിയൻ കോപ്പി പുസ്തകമായിരുന്നു..

ആ പ്രതിമയുടെ ഉള്ള് പൊള്ളയായിരുന്നു.. കണ്ണെന്ന് ഒരവയവമേ ആ
പ്രതിമക്കുണ്ടായിരുന്നില്ല..

കോടതി വല്ലാതെ പിരിഞ്ഞു പോയിരുന്നു.


നൂറുനുറുകഥകൾ   ജൂൺ 2 2019
 10 ഗതി

കടക്കു മുമ്പിലെ വരിയിൽ നൂറ്റി രണ്ടാമനായി അയാളും നിന്നു. പൊരിവെയിലിലും
ഒരാളും വിയർത്തിരുന്നില്ല.

ഊഴത്തിനനുസരിച്ച് ഓരോരുത്തരും വാങ്ങിക്കൊണ്ടു നെഞ്ചോട് ചേർത്തു പിടിച്ചു
കൊണ്ടു പോകുന്ന കുപ്പിയെ അയാൾ ആർത്തിയോടെ നോക്കി.
അയാളുടെ ഊഴമെത്തി. പെരുവിരൽ അമർത്തി സ്വയം തെളിയിച്ച് അയാൾ നിന്നപ്പോൾ
തടിച്ച റജിസ്റ്ററിൽ രേഖപ്പെടുത്തി പ്രധാന ഉദ്യോഗസ്ഥൻ വിളിച്ചു പറഞ്ഞു.

ഗംഗാധരൻ ഒരു ഹാഫ്

.ജോലിക്കാരൻ  ഷെൽഫിൽ നിന്നും അയാൾക്ക് ഒരു കുപ്പിയെടുത്തു നൽകി..

സാർ ഒരു ഫുള്ളെങ്കിലും?
അയാൾ കൊഞ്ചി..

ഏയ്.. നടക്കില്ല... നിങ്ങളുടെ ക്വാട്ട ഇത്രയേ ഉള്ളൂ.. അടുത്ത ആഴ്ച വരൂ ഇനി..

ജോലിക്കാരൻ ഗംഗാധരന്റെ ചെവിയിൽ സ്വകാര്യം പറഞ്ഞു..

അതേയ് അപ്പുറത്ത് സാറിന്റെ തന്നെ റീട്ടെയിൽ ഷോപ്പുണ്ട്..
അത്യാവശ്യമാണങ്കി കരിഞ്ചന്തക്ക് തരാം.. സംഗതി പുലിവാലാണ്.. ചെലവു വരും
രഹസ്യമായിരിക്കണം..

കുപ്പിനെഞ്ചോടടക്കിപ്പിടിച്ച് പുറത്തു കടക്കുമ്പോൾ വരണ്ട നാവുകൊണ്ട് അയാൾ
ബോർഡ് ഒന്നുകൂടി വായിച്ചു

സർക്കാർ ശുദ്ധജല വിതരണ കേന്ദ്രം
നിറപുഴ.

നൂറു നുറുകഥകൾ ജൂൺ 3 2019
11 വിവശം

പണ്ടൊക്കെ എന്ത് രസായിരുന്നു.. ഓലപ്പുറത്തോ ഓട്ടിൻ പുറത്തോ ചെയ്ത്
നൂലുപോലെ ഇറയത്ത് ചാടി മുറ്റത്തൊക്കെ കുമിളപൊട്ടിച്ച് കെട്ടി നിന്ന്....
പതുക്കെ പറമ്പായ പറമ്പൊക്കെ പരന്ന്  വഴിയായ വഴിയൊക്കെ നിറഞ്ഞ്.. കിണറായ
കിണറിലും കുളത്തിലുമൊക്കെ ഇറങ്ങി... അങ്ങിനെയങ്ങിനെ..

ഇപ്പോൾ ടെറസിൽ വീണ് ടൈലിട്ട മുറ്റത്ത് വീണ് ഒറ്റ ഒഴുക്കാണ് എവിടെയും
നിൽക്കാൻ ഇടമില്ലാതെ..പെയ്യാൻ തുടങ്ങുമ്പോളേ എനിക്ക് കലിവരും...

മഴ പറഞ്ഞു നിർത്തി. ഞാൻ കുട മടക്കി.

 നൂറു നുറുകഥകൾ  ജൂൺ 4 2019
12ദൂരം

പഴയ നഴ്സറി ബുക്ക് മറിച്ചു നോക്കി

എയിൽ നിന്ന്  ആപ്പിളിന്റെ പടം കൊതിപ്പിച്ചു
ബി യിൽ നിന്ന് ബലൂണിന്റെ പടം പൊങ്ങി
സി യിൽ നിന്ന്  കീയോ കീ യോ കരഞ്ഞ് ഒരു കോഴിക്കുഞ്ഞ്

പുതിയ പുസ്തകം മറിച്ചു നോക്കി
ആപ്പിളിന് പകരം ആക്സ് എന്നൊരു മഴു ചിരിച്ചു
ബലൂണിന് പകരം ബിയറിന്റെ കുപ്പി നുരഞ്ഞു പൊന്തി
കോഴിക്കുഞ്ഞിന് പകരം ഒരു പ്ലേറ്റ് പൊരിച്ച കോഴി..

കാലത്തിന്റെ എബിസിഡി തിരിയാതെ നമ്മൾ


നൂറു നുറുകഥകൾ  ജൂൺ 5 2019
13 പ്രവേശനം

നിന്നെ ഇന്ന് സ്കൂളിൽ ചേർക്കാൻ കൊണ്ടു പോകുകയാണ്...

രാവിലെ മുറ്റത്ത് വണ്ടിയുരുട്ടിക്കളിക്കുന്ന കുഞ്ഞിനോട് അച്ഛൻ ഒന്ന്
ഒച്ചയുയർത്തിപ്പറഞ്ഞു..

ചേർക്കണ്ട... എന്നെ..

വണ്ടി ഒന്നു നിർത്തി കുട്ടി കൂർത്തു നോക്കി

അതെന്താ... ചേർത്തേ പറ്റൂ... സ്കൂളിൽ ചേർക്കാതെ പറ്റില്ല..
അച്ഛന്റെ ശബ്ദത്തിൽ ദേഷ്യം നുരഞ്ഞു പൊന്തി

ഞാനേ ഗുളികേം പഞ്ചസാരേം ഒന്നുമല്ല.. സ്കൂളിൽ പിടിച്ചു പൊടിച്ചു
ചേർക്കാൻ... ആരും ചേർക്കണ്ട ന്നെ.. ഞാൻ തനിയെ ചേർന്നോളാ അച്ഛാ..

അച്ഛന്റെ കോപം വായിലിട്ട തേൻ മിഠായി പോലെ ചിരിയിൽ ചേർന്നു പോയി


നൂറു നുറുകഥകൾ ജൂൺ 6 2019
14 പരിസ്ഥിതി

ഇന്നലെ വരെ ഓടിച്ചാടി നടക്കുകയായിരുന്നു... സ്കൂൾ തുറന്നു... പുതിയ
ക്ലാസ് പുതിയ കൂട്ടുകാർ, പുതിയ പുസ്തകങ്ങൾ.. പുതുമാഷ്...
കുട്ടി ആലോചനയിലാണ്ടു..

ഇന്നലെ വരെ പ്ലാസ്റ്റിക് ഉറയിലെ ഇത്തിരി മണ്ണിൽ കുഞ്ഞുവേരുകളുമായി
നാലഞ്ചിലകളായി നിൽപായിരുന്നു.. ഇന്നു മുതൽ പുതിയ മണ്ണിലേക്ക്
വേരുപിടിക്കണം.. വളരണം പടരണം...
തൈച്ചെടി ചിന്തയിലാണ്ടു

കുട്ടിയും തൈച്ചെടിയും തമ്മിലൊട്ടി നിന്നപ്പോൾ മഴ ചാറി.

നൂറു നുറുകഥകൾ ജൂൺ 7 2019
15 താമസം

ചോരാതെ കിടന്നൊന്നുറങ്ങുവാൻ ഒരു കൂര കെട്ടാൻ രണ്ടു സെന്റ് പാടം നികത്താൻ
സമ്മതം തേടി നാണി മുത്തശി പഞ്ചായത്ത് ആഫീസിലേക്കും വില്ലേജ് ആഫീസിലേക്കും
നടന്ന് നടന് നടുവളച്ചു

അപ്പുറത്ത് രണ്ടേക്കർ പുഞ്ചപ്പാടം നികത്തി നാണു മുതലാളിയുടെ പാഡി പാരഡൈസ്
ഫ്ലാറ്റ് കാണെക്കാണെ വളർന്ന് ആകാശം മുട്ടി

നൂറു നുറു കഥകൾ ജൂൺ 8 2019
16 വിരാമം

     ഐ സി യു വിന് മുമ്പിൽ കുറച്ചു പേർ മാത്രം കാത്തിരുന്നിരുന്നു..
അല്പം മുമ്പാണ് ഡോക്ടർ വന്നു പറഞ്ഞത്.. മരുന്നുകളോട് റെസ്പോണ്ട്
ചെയ്യുന്നില്ല... പൾസും, ഹാർട് ബീറ്റും ഡൗൺ ആണ്.. കാണേണ്ടവർക്ക് അകത്തു
കയറി കാണാം.. അല്പസമയത്തിന് ശേഷം വെന്റിലേറ്റർ കൂടി ഓഫാക്കും... അതോടെ..

മദർ ടങ്ങിന്റെ ആളുണ്ടോ???

നഴ്സ് ഐ സി യു വിന്റെ വാതിൽക്കൽ വന്ന് നിന്ന് ഉറക്കെ ചോദിച്ചു..

ഒരാൾ പതുക്കെ മുന്നോട്ടല്പം കയറി നിന്നു.

അതേയ്.. മദർ ടങ്ങിന്റെ വെൻറിലേറ്റർ റിമൂവ് ചെയ്തു.. സോറി നൊ ഹോപ്..
ബില്ലടച്ച് ബോഡി കൊണ്ടു പോകാനുള്ള ഏർപ്പാടുകൾ ചെയ്തോളൂ...

അനന്തരം അവർ മാതൃഭാഷയെ ഏറ്റുവാങ്ങി പൊതു സ്മശാനത്തിൽ അടക്കി

നൂറു നുറുകഥകൾ ജൂൺ 9 2019
17 പരസ്യം

പത്തുവർഷം മുമ്പ്

എ എൽ പി സ്കൂൾ
കനകക്കുന്ന്
അഞ്ചു വർഷം മുമ്പ്
കനകക്കുന്ന് എ എൽ പി സ്കൂൾ.. ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിക്കുന്നു
രണ്ടു വർഷം മുമ്പ്
കനകക്കുന്ന് എ എൽ പി സ്കൂൾ. എല്ലാ ക്ലാസിലും ഇംഗ്ലീഷ് മീഡിയം ഡിവിഷൻ
ഇപ്പോൾ
ഇംഗ്ലീഷ് മീഡിയം എൽ പി സ്കൂൾ
ഗോൾഡ്ഹിൽ


നൂറു നുറുകഥകൾ ജൂൺ 10 2019
18.ബോധം

ആ സംഘം ഒരു ലഘുലേഖയുമായി ഗ്രാമത്തിലെ ഓരോ വീട്ടിലുമെത്തി..

ബോധം കെടാനുള്ള ആയിരത്തൊന്നു വഴികൾ.. നേതാവിന്റെ ലഘു പ്രസംഗം.. എല്ലാ
കടകളിലും ബോധം കെടാനുള്ള പാനീയങ്ങൾ, ഭക്ഷണങ്ങൾ..

അതിന് ശേഷമാണ് ഗ്രാമത്തിലെല്ലാരും ബോധമില്ലാത്തവരായി പോയത്

ഇപ്പോഴിതാ അതേസംഘം അതേ പ്രസിൽ അച്ചടിച്ച നോട്ടീസുമായി ബോധവത്കരണത്തിന്ന്
ഇറങ്ങുന്നു... എങ്ങുമെവിടെയും ബോധവത്കരണ ക്ലാസുകൾ, സെമിനാറുകൾ..

നൂറു നുറുകഥകൾ ജൂൺ 11 2019
19  അവശ്യം

പുറത്തേക്കിറങ്ങാൻ നേരത്ത് കാറിൽ എല്ലാം ഒരുക്കി വച്ചില്ലേയെന്ന് നേതാവ്
സെക്രട്ടറിയോട് ആരാഞ്ഞു..

ഉവ്വ് ബോസ്

കളിപ്പാട്ടമുണ്ട്, കുറുവടിയുണ്ട്,

ഗിഫ്റ്റ് ബോക്സുണ്ട്, ‘വടിവാളുണ്ട്

പൂച്ചെണ്ടുകളും പുതപ്പുമുണ്ട്

കൊടികളുണ്ട്, റീത്തുകളുണ്ട്

എന്താ എപ്പോഴാ എങ്ങനെയാ

ഉപകാരപ്പെടുകയെന്നറിയില്ലല്ലോ..



നൂറു നുറുകഥകൾ ജൂൺ 12 2019
20 പാഠം രണ്ട്

മുക്കിലങ്ങാടിയിലെ ചായക്കട നിർത്തി നാടുവിട്ട കുട്ടപ്പൻ
പിന്നെ പല നാടുകളിൽ പല ജോലികൾ ചെയ്ത്
വർഷങ്ങൾക്ക് ശേഷം തിരിച്ചെത്തി..

മുക്കിൽ ഷോപ്പിങ്ങ് കോംപ്ലക്സിന്റെ കോണിച്ചുവട്ടിൽ പിന്നെയും ചായക്കട തുടങ്ങി..

ചുമരിൽ കടുപ്പിച്ച് എഴുതി

ഇവിടെ രാഷ്ട്രീയമേ പറയാവൂ..
ഇന്ന് റൊക്കം നാളെ കടം

നൂറു നുറുകഥകൾ ജൂൺ 13 2019
21കൊട്ടേഷൻ

കയ്യും കാലും വെട്ടിക്കളഞ്ഞേക്കണം.. അവനിനി എഴുന്നേറ്റ് നടക്കരുത്.. കൈ പൊന്തരുത്

അയാൾ ക്വട്ടേഷൻ ടീം തലവനോട് കർശനമായി പറയുകയായിരുന്നു..

ചങ്കിടറി ക്വട്ടേഷൻ തലവൻ അയാളോടു ചോദിച്ചു..

സർ... സർ.. ഇപ്പോ പറഞ്ഞതിൽ അധികമൊന്നും തരണ്ട... അയാളെ ഞാനങ്ങു
കൊന്നുകളഞ്ഞോട്ടേ.. കയ്യും കാലുമില്ലാതെ അയാൾ പിന്നെങ്ങിനെ…??

നൂറ് നുറുകഥകൾ ജൂൺ 14 2019
22കൃഷി

   അന്ന് നിങ്ങളല്ലേ ജാതിത്തോട്ടം വെട്ടി മനുഷ്യക്കൃഷി ചെയ്യാൻ പറഞ്ഞത്
എന്നിട്ടിപ്പോൾ ...

കൃഷി ഓഫീസറോട് ജനം തട്ടിക്കയറി..

മനുഷ്യത്തോട്ടം വെട്ടി ജാതിക്കൃഷി

ചെയ്യണമെന്നോ…? എന്താ സാർ ഇത്..

വിയർത്തൊലിച്ച് വിക്കി വിക്കി കൃഷി ഓഫീസർ ഒരു വിധം പറഞ്ഞൊപ്പിച്ചു..

അത്... അത് ... അന്നതായിരുന്നു ലാഭം... ഇന്നിതും..


നൂറു നുറുകഥകൾ ജൂൺ 15 2019
23 നയം

ലോക കള്ളൻ ആൻഡ് കൊള്ള ഫെസറേഷന്റെ ഉച്ചകോടിയിയാണ് ആ പ്രഖ്യാപനമുണ്ടായത്.

ഇത്ര കാലം നാം സേവനമനുഷ്ഠിച്ചിരുന്നത്
മുതലാളിമാർക്കിടയിലായിരുന്നു..മുതലാളിമാരുടെ പണം മോഷ്ടിച്ച്
സാധാരണക്കാർക്ക് നൽകിയിട്ടുണ്ട് നമ്മുടെ ധീരപിതാമഹന്മാർ.. എന്നാൽ
കാലഹരണപ്പെട്ട ആ നയം നാം ഉപേക്ഷിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ഇനിമേൽ നാം പാവങ്ങളെയാണ് ടാർജറ്റ് ചെയ്യേണ്ടത്. അവരുടെ പണം മോഷ്ടിച്ച്
മുതലാളിമാർക്കിടയിൽ വിതരണം ചെയ്യുന്നതാകണം നമ്മുടെ കർമ്മപദ്ധതി..
അങ്ങിനെയാണ് പ്രിയമുള്ളവരേ നാം ചരിത്രം തിരുത്താൻ പോവുന്നത്..

നിറഞ്ഞ കയ്യടിയോടെ യോഗം പിരിഞ്ഞ് അവർ ഓരോരുത്തരായി താന്താങ്ങളുടെ
വൻകരകളിലേക്ക് വിമാനം കയറി




നൂറുനുറുകഥകള്‍ ജൂൺ 16 2019
24 പ്രദർശനം

ആ ചിത്രം അവരെ വേദനിപ്പിക്കുന്നതാണ്

ഈ ചിത്രം ഇവരുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണ്

അപ്പുറത്തെ ചിത്രം അവരെ അധിക്ഷേപിച്ചു

ഇപ്പുറത്തെ ചിത്രം രാജ്യദ്രോഹമായി

മുകളിലെ ചിത്രം അപമാനിച്ചു

താഴത്തെ ചിത്രം ചിലരെ വികൃതമായി ചിത്രീകരിച്ചു

ചിത്രപ്രദർശനശാലയിലെ ഓരോ ചിത്രത്തിനും ഓരോ കുറ്റമുണ്ടായിരുന്നു.

മനം മടുത്ത് ചിത്രശാലക്ക് തീയിട്ട് ചിത്രകാരൻ അതിലേക്കെടുത്തു ചാടി..
അപ്പോളവർ ആത്മഹത്യ ചെയ്യാൻ ശ്രമിച്ച കുറ്റത്തിന് അയാളെ തൂക്കിക്കൊല്ലാൻ
വിധിച്ചു.


നൂറു നുറുകഥകൾ ജൂൺ 17 2019
25 പന്തിഭേദങ്ങൾ

കവിതാലാപന മത്സരമായിരുന്നു..

മനപാഠം പഠിച്ചു വന്ന കുട്ടികൾ ഓരോ വരിയും മറന്നു പോകുമോ മറന്നു പോകുമോ
എന്ന പേടി പ്രാസത്തിൽ ചൊല്ലിത്തുടങ്ങി

ചിലരൊക്കെ പകുതിയിൽ വരിമുട്ടി കരഞ്ഞു മടങ്ങി

മടങ്ങിയവരെയെല്ലാം ഒപ്പം വന്ന ടീച്ചർമാർ കണക്കറ്റ് ചീത്ത പറഞ്ഞു

എത്ര പറഞ്ഞതാ പഠിക്കാൻ പഠിക്കാൻ..

എല്ലാം കളഞ്ഞു കുളിച്ചില്ലേ..

അടുത്തത് അധ്യാപകർക്കുള്ള കാവ്യാ ലാപനമായിരുന്നു

മാഷന്മാരും ടീച്ചർമാരും നെടുങ്കൻ പേപ്പറുകളിലും ഡയറികളിലും
നോക്കിക്കൊണ്ട് ഭാവപ്രാസത്തോടെ കവിത അവതരിപ്പിച്ചു... ചിലർ ഒന്നുകൂടി
മുന്നേറി മൊബൈലിൽ നോക്കിപ്പാടി. ചിലർ സ്വന്തം സമാഹാരത്തിൽ നോക്കി
ആത്മവിശ്വാസത്തോടെ  വായിച്ചു

ഇതെന്താ ഇങ്ങിനെ... കുട്ടികൾക്ക് ഒരു നിയമം... മാഷന്മാർക്ക് വേറെയും..?
കുട്ടികൾ മുഖത്തോട് മുഖം നോക്കി

കൂട്ടത്തിലൊരാൾ ധൈര്യം സംഭരിച്ച് വിധികർത്താക്കളോട് ചോദിച്ചു..

സാറേ... സാറന്മാർക്ക് കാണാപാഠം വേണ്ടേ..?

ചോദിച്ച കുട്ടിയെ ഒന്നമർത്തി നോക്കി പ്രധാന വിധികർത്താവ് മുരണ്ടു

അതേയ്.. കുട്ട്യോൾക്ക് നിർബന്ധാ... മാന്വലിൽ പറഞ്ഞിട്ടുണ്ട്..
അധ്യാപകർക്ക് മനപാഠം ചൊല്ലണമെന്ന് മാന്വലിൽ പറഞ്ഞിട്ടുമില്ല...
ഞങ്ങൾക്കങ്ങനെ ഒരു നിർദ്ദേശം കിട്ടീട്ടുമില്ല…

രണ്ടാമത്തെ വിധികർത്താവ് ചിലച്ചു

അധ്യാപകർക്കൊക്കെ വയസായില്ലേ... ചിലർക്കൊന്നും കാണാപാഠം പഠിച്ചാ മനസിൽ
നിൽക്കില്ല... അതുമല്ല ഇന്നലെയോ മറ്റോ എഴുതിയ കവിതയൊക്കെ ആയിരിക്കും…

എന്നാലും കാണാപാഠം കിട്ടാത്തതിന് ഞങ്ങളെ പുറത്താക്കുമ്പോൾ…

കുട്ടി പിന്നെയും

അതേയ്... സംഘാടക സമിതി ഇടപെട്ടു..

മോൻ പോ... മോന്റെ മത്സരം കഴിഞ്ഞില്ലേ... വലിയവർക്ക് ചില ആനുകൂല്യങ്ങൾ
ഒക്കെയുണ്ട്.. അതൊന്നും കുട്ടികൾക്ക് കിട്ടീന്നു വരില്ല...

ഒന്നും മനസിലാവാതെ നിന്നപ്പോൾ കുട്ടിക്ക് താൻ സ്റ്റേജിൽ വച്ചു മറന്നു പോയ
കവിതയുടെ ഭാഗം പെട്ടെന്ന് ഓർമ്മ വന്നു..

നിങ്ങളോർക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്…

അവനത് ഉറക്കെച്ചൊല്ലി ഹാൾ വിട്ടു*

നൂറു നുറുകഥകൾ  ജൂൺ 18 2019
26 ഘോഷം

അതെ കുട്ടികളെ നമ്മുടെ സ്കൂളിന്റെ വയോജനദിനാഘോഷത്തിന്റെ ഭാഗമായാണ് നമ്മൾ
ഇന്ന് ഈ വൃദ്ധസദനത്തിൽ എത്തിയിട്ടുള്ളത്... ഇവിടുത്തെ അന്തേവാസികളുടെ
ദൈന്യതകളും ജീവിതവും നേരിട്ടറിയാൻ വേണ്ടി സംഘടിപ്പിച്ച ഈ വയോജന ദിനാഘോഷ
പരിപാടിയിലേക്ക് എല്ലാവർക്കും സ്വാഗതം.

ടീച്ചർ പറഞ്ഞു നിർത്തി

ടീച്ചർ.. ടീച്ചർ... വയോജന ദിനാചരണമല്ലേ.. ആഘോഷമല്ലേല്ലോ…?? ടീച്ചർ
ആഘോഷമെന്നാണ് പറഞ്ഞത്

കഥയിൽ നിന്നും ഒരു കുട്ടി എഴുനേറ്റു ചോദിച്ചു

ഓ... അതോ... ആചാരങ്ങളാണ് പിന്നീട് ആഘോഷങ്ങളായി മാറുന്നത്... ഇന്നലത്തെ
ആചാരം ഇന്നത്തെ ആഘോഷം…. ഒരിക്കൽക്കൂടി വയോജനദിനാഘോഷത്തിലേക്ക്
എല്ലാവർക്കും സ്വാഗതം

കുട്ടി ഇരുന്നു... മൈക്ക് മാത്രം വല്ലാതെ കൂവി ഒച്ചയുണ്ടാക്കിയതിന്
പിന്നാലെ ആഘോഷ പരിപാടികൾക്ക് തുടക്കമായി ..



നൂറു നുറുകഥകൾ ജൂൺ 19 2019
27 ആതുരാലയം

അച്ഛന് തലവേദന..  ക്ലിനിക്കിലേക്ക് കൂട്ടുപോയതാണ് ഞാൻ.

ഡോക്ടറെക്കണ്ട് ഗുളിക വാങ്ങി  ഇറങ്ങുകയായിരുന്നു.

സാർ സൗജന്യമായി ന്യൂറോ ടെസ്റ്റ് നടത്താം

വർണക്കുടക്ക് കീഴേ ഇരിക്കുകയായിരുന്ന

 പയ്യൻ ഓടി വന്നു

രണ്ടു മിനിട്ടിനകം റിസൾട് വന്നു

നാഡിക്ക് കാര്യമായ കുഴപ്പമുണ്ട്

സാർ സൗജന്യമായി ഷുഗർ നോക്കാം

മറ്റൊരു കുടയിൽ നിന്ന്

മറ്റൊരേജന്റ്..

ഷുഗറിത്തിരി അധികമാണ്

സാർ... പ്രഷർ... കൊളസ്ട്രോൾ... എല്ലാം സൗജന്യമാണ്.

മൂന്നാം കുടക്കാരൻ

പ്രഷർ കൂടുതൽ, കൊളസ്ട്രോൾ ക്രമാതീതം

ഇപ്പാൾ ഞാനിവിടെ അഡ്മിറ്റാണ്.. ഡോക്ടർമാർ മാറി മാറി പരിശോധിക്കുന്നു.

അച്ഛൻ എനിക്ക് കൂട്ടിരിക്കുകയാണ്


നൂറു നുറുകഥകൾ  ജൂൺ 20 2019
28 നാടകം

സ്കൂർ വാർഷികമാണ്..അവർ തമ്മിൽ ചെറിയ പിണക്കുണ്ടായിരുന്നു. എങ്കിലും
നാടകത്തിൽ ഒരാളെ ഗാന്ധിയായും ഒരാളെ ഗോഡ്സേയായും
ഉൾപ്പെടുത്തി.റിഹേഴ്സൽസമയത്തൊന്നും വലിയ പ്രശ്നമുണ്ടായില്ല..

നാടകം സ്റ്റേജിൽ നടക്കുകയായിരുന്നു.. ഗാന്ധി പ്രാർത്ഥന മണ്ഡപത്തിലേക്ക്
വരുന്നു. ഗോഡ്സേ എഴുന്നേൽക്കുന്നു. സദസ് മൂകം.

പെട്ടന്നാണ് അതു സംഭവിച്ചത്.ഗാന്ധിയായി വേഷമിട്ടവൻ ഊന്നുവടി കൊണ്ട്
ഗോഡ്സേയുടെ മുട്ടു കാലു നോക്കി ഒറ്റയടി.. പിന്നണിയിലെ വെടി
ശബ്ദത്തിനൊപ്പം ഗോഡ്സേ വേഷമിട്ടവൻ വലിയ വായിൽ നിലവിളിച്ചു.

സ്റ്റേജിലേക്ക് ഓടിക്കയറുമ്പോളും ബാലൻ മാഷ് തമാശ വിട്ടില്ല..

സംഗതി കറക്ടാ.. ഇതാണ് അന്ന് ഗാന്ധിയും ചെയ്യേണ്ടിയിരുന്നത്..

നൂറു നുറുകഥകൾ ജൂൺ 21 2019
29  വിസ്താരം

കലക്കത്ത് ഭവനത്തിൽ കുഞ്ചൻ നമ്പ്യാർ എന്ന ഞാൻ കോടതി മുഖാന്തിരം സത്യം
മാത്രമേ ബോധിപ്പിക്കുകയുള്ളൂ.

നീതി പുസ്തകത്തിൽ തൊട്ട് നമ്പ്യാർ കൂട്ടിൽ കയറി ഭവ്യനായി

മേപ്പടിയാൻ തുള്ളലിനിടയിൽ രാജാവിനേയും രാജകുമാരന്മാരെയും മന്ത്രിമാരെയും
മന്ത്രി കുമാരൻമാരെയും പൊതുജന മധ്യേ കളിയാക്കിക്കൊണ്ടിരിക്കുകയാണെന്ന
കേസിൽ...

സേവകൻ കേസ് വായിച്ചു തുടങ്ങി..

പ്രതിഭാഗം വക്കീൽ എഴുന്നേറ്റു  തെളിവു സഹിതം വിസ്താരം തുടങ്ങി

നമ്പ്യാർ ജഡ്ജിയെ നീട്ടിത്തൊഴുതു

പബ്ലിക് പ്രോസിക്കൂട്ടർ അന്ന് മൗനവ്രതത്തിലായിരുന്നു

പട്ടും വളയും തിരിച്ചെടുക്കാനും  ഇനി മുതൽ തുള്ളുന്നതെന്തും
ചൊല്ലുന്നതെന്തും നേരത്തെകോടതിയെ മുൻകൂർ ബോധ്യപ്പെടുത്തണമെന്നും

ജഡ്ജി ഉത്തരവെഴുതി

പൊട്ടക്കുളമതു വിട്ടുതിരിച്ചാൽ

അട്ടക്കൊരുഗതിയില്ലെന്നറിക

കൂട്ടിൽ നിന്നു കൊണ്ടു തന്നെ നമ്പ്യാർ

ചൊല്ലി.

കോടതിയലക്ഷ്യത്തിന് നമ്പ്യാരെ നാലു ദിനം വെറും തടവിന് പിന്നെയും വിധിയുണ്ടായി.


നൂറു നുറുകഥകൾ ജൂൺ 22  2019
30 വീട്ടുകണക്ക്


അവൻ ഹോം വർക്ക് ചെയ്തിട്ടില്ലായിരുന്നു. വേറെയും കുറ്റവാളികൾ,
പിടികിട്ടാപ്പുള്ളികൾ വരെയുണ്ട് .നിരത്തി നിർത്തി ചോദ്യം ചെയ്യുകയാണ്

അവന്റെ ഊഴമെത്തിയപ്പോൾ ഒരു പൊട്ടിക്കരച്ചിലായിരുന്നു

എനിക്ക് ഉമ്മാനെ ഓർമ്മവര്വാണ് ടീച്ചറേ, ഉമ്മാനെ കാണാൻ തോന്ന്ണ് ടീച്ചറേ..

ഒരാശ്വാസത്തിന് അവനെന്റെ കയ്യിൽ കയറിപ്പിടിച്ചു.

കള്ളൻമാർ ആരും ഇതുവരെ കുറ്റം സമ്മതിച്ച ചരിത്രല്ല... ഇവൻ തന്നെ
സെന്റിമെൻറ് ആക്കി രക്ഷപ്പെടാനുള്ള ശ്രമമാണോ..?

അതേയ് ടീച്ചറേ... ഓന്റമ്മ തെറ്റിപ്പൊയ്ക്കാ.. ഓന്റുപ്പാനോട്..
പത്തീസായി... ഓനെപ്പോളും പറയും ടീച്ചറെ ഉമ്മാനെ കാണണംന്ന്... ഉമ്മാനെ
കാണണംന്ന്... ഓന് ഭയങ്കര സങ്കടാ ടീച്ചറെ..ഓനതാ ഹോം വർക്ക് ചെയ്യാത്തെ
ടീച്ചറെ..

അടുത്ത ഊഴക്കാരനായ കൊടുംഭീകരന്റെ ജാമ്യാപേക്ഷ..

അവൻ പിന്നെയും വിതുമ്പുന്നു..

ടീച്ചർ ഒന്നു പറയ്യോ ഉമ്മാനോട് തിരിച്ചു വരാൻ... നിക്ക് ഉമ്മാനെ
കാണാതിരിക്കാൻ പറ്റാഞ്ഞിട്ടാ ടീച്ചറേ..

ടീച്ചറ് വിളിക്കാട്ടോ... ഉമ്മാനെ ഇന്നെന്നെ വിളിക്കാം... കരയണ്ട ട്ടോ..

വിചാരണ നിർത്തി കസേരയിലേക്ക് മടങ്ങുമ്പോൾ അവൻ പിന്നെയും അടുത്തെത്തി...

ടീച്ചറെ... ശരിക്കും ഉമ്മാനെ വിളിക്കില്ലേ... ടീച്ചറ് വെറുതെ
പറഞ്ഞതല്ലല്ലോ. ടീച്ചറ് വീട്ടിപ്പോയാ മറക്വോ..?

അവൻ എനിക്ക് തന്ന ഹോം വർക്ക് എങ്ങനെ ചെയ്തു ശരിയാക്കും എന്നാലോചിച്ച്
എനിക്ക് ഉത്തരം മുട്ടി. ചില വഴിപിരിഞ്ഞ വീട്ടു കണക്കുകൾ .
നൂറു നുറുകഥകൾ  ജൂൺ 23 2019
31 വരം

യുദ്ധം തുടങ്ങുന്നതിന് മുമ്പ് അവർ ദൈവത്തോട് പ്രാർത്ഥിച്ചു പ്രത്യക്ഷപ്പെടുത്തി

നിങ്ങളുടെ വിജയത്തിനു വേണ്ടി എന്റെ വാൾ ഞാൻ നിങ്ങൾക്ക് വരം തരുന്നു

വേണ്ട പ്രഭോ..

ചമ്മട്ടിയും കുന്തവും തരാം

വേണ്ട പ്രഭോ

പിന്നെന്താണ് വേണ്ടത്???

അതിനെക്കാളും മികച്ചവ ഞങ്ങളുടെ കയ്യിലുണ്ട് പ്രഭോ..

ഈ യുദ്ധത്തിന് അങ്ങാണ് ഞങ്ങളുടെ ആയുധം

ദൈവത്തിന് എന്തെങ്കിലും ആലോചിക്കാൻ സമയം കിട്ടുന്നതിന് മുമ്പ് അവർ
ദൈവത്തെ ബോംബുകൾ നിറച്ച മേൽക്കുപ്പായം അണിയിച്ചു പടയുടെ മുമ്പിൽ
നിർത്തി..



നൂറു നുറുകഥകൾ  ജൂൺ 24 2019
32 ഉടമ്പടി

കൊതുകുകൾ തമ്മിലുള്ള ലോകമഹായുദ്ധം

വലിയ ചർച്ചക്കു ശേഷമാണ് ഒത്തുതീർപ്പായത്.

മധ്യസ്ഥൻ ഉടമ്പടി വായിക്കുകയായിരുന്നു

ഇതു പ്രകാരം ക്രിസ്ത്യൻ കൊതുകുകൾ, ഹിന്ദു കൊതുകുകൾ, മുസ്ലിം കൊതുകുകൾ
എന്നിവർ ഇനിമുതൽ അതേ വിഭാഗത്തിലെ മനുഷ്യരെ മാത്രമേ കടിക്കാവൂ

ഭ്രാന്തർ, അനാഥർ,പക്ഷികൾ, മൃഗങ്ങൾ,പ്രത്യേകിച്ചു
മതമില്ലാത്തവർ,വിശപ്പുള്ളവർ എന്നിവരെ ഏതു വിഭാഗം കൊതുകുകൾക്കും
ഊഴമനുസരിച്ച് എത്ര തവണവേണമെങ്കിലും കടിക്കാവുന്നതുമാണ്.

എല്ലാ ചോരയും ഒന്നാണ് ഒരു വയസ്സൻ കൊതുക് ഉറക്കെ മുദ്രാവാക്യം വിളിച്ചു.

അതിനെ വർഗശത്രുവായി പ്രഖ്യാപിച്ച് പട്ടിണിക്കിട്ട് കൊല്ലാനും ഉടമ്പടി
ഐക്യകണ്ഠേന ഒപ്പുവച്ചു.


നുറുകഥകൾ ജൂൺ 25 2019
33ന്യായം

കോടി കട്ടവൻ മോചിതനായി കോടതിയിൽ നിന്നിറങ്ങി കൊടി വച്ച കാറിൽ കയറുമ്പോൾ
അണികൾ മുഷ്ടിചുരുട്ടി വിളിച്ചു..

ധീരാ വീരാ നേതാവേ..ധീരതയോടെ നയിച്ചോളൂ..

കോഴി കട്ടവനെ അപ്പോൾ പൊലീസ് കയ്യാമം വച്ച് കൊണ്ടുവരികായിരുന്നതു കണ്ട്
അവർ കൈ ചൂണ്ടി ആർത്തു വിളിച്ചു

കള്ളൻ കള്ളൻ കള്ളൻ..


നൂറു നുറുകഥകൾ  ജൂൺ 28 2019
34 പണയം

അപ്പനപ്പൂപ്പൻമാരുടെ കാലം മുതൽ പാരമ്പര്യമായി കിട്ടിയ ആദർശമായിരുന്നു കൈമുതൽ..
          ആയിടക്കാണ് ആദർശപ്പണയത്തിൻമേൽ വായ്പ കൊടുക്കുന്ന പുത്തൻ
ബാങ്കുകൾ വന്നത്.. വീട്ടിൽ വെറുതെ ഇരിക്കുന്ന ആദർശമെല്ലാം എടുത്ത് ഞാനും
ബാങ്കിലേക്കോടി.. ഇനി നാട്ടിൽ തെണ്ടി നടക്കേണ്ടല്ലോ...
           പണയത്തിലിരിക്കുന്ന ആദർശം  പലിശയും മുതലും കൂട്ടു പലിശയും
പിഴപ്പലിശയുമൊക്കെയായി വീട്ടാക്കടമായി.. തിരിച്ചെടുക്കാൻ പറ്റാതായി..

ഇന്നിതാ ബാങ്കിൽ നിന്ന് നോട്ടീസ്‌ വന്നിരിക്കുന്നു.. അടുത്ത ആഴ്ച
പുതുക്കിയിട്ടില്ലെങ്കിൽ എന്റെ ആദർശം പരസ്യമായി ലേലം ചെയ്യുമെന്ന്..

അയാൾ പറഞ്ഞു നിർത്തി


നൂറു നുറുകഥകൾ  ജൂൺ 27 2019
35 മോക്ഷം

ചത്തുപോയ പൂർവികർക്കായി ശ്രാദ്ധമൂട്ടുകയായിരുന്നു ഒരു കൂട്ടം കാക്കകൾ

ഓരോ കാക്കയും അഴുക്കുചാലിൽ കുളിച്ചു പറന്ന് അരി മണികൾ
കൊത്തിക്കൊണ്ടുവന്ന് ടാർ റോഡിൽ വച്ച് മാറി നിന്നു..

എല്ലാ കാക്കകളും കൂടി ഒന്നിച്ചു കരഞ്ഞു

അല്പം കഴിഞ്ഞപ്പോൾ എല്ലും തൊലിയുമായ മനുഷ്യക്കോലങ്ങൾ സംശയത്തോടെ ചാഞ്ഞും
ചരിഞ്ഞും വന്നു...

ഓരോ അരി മണികളും പെറുക്കിയെടുത്ത് മടങ്ങി.. ബലി തൃപ്തരായ കാക്കകൾ വൈദ്യുത
കമ്പികളിലേക്കും മൊബൈൽ ടവറിലേക്കും പിന്നെയും ചേക്കേറി



നൂറുനുറുകഥകൾ ജൂൺ 28 2019
36 കൂത്ത്


ബഹുരാഷ്ട്ര കുത്തകകമ്പനികളുടെ സിഇഒ മാർ തന്റെ വീട്ടുപടിക്കൽ
കാറിലെത്തിയപ്പോൾ പാവക്കൂത്തുകാരൻ ആദ്യം ഒന്നു ഭയന്നു..

എന്തിനെത്തിയതാണ് നിങ്ങൾ?

പാവക്കൂത്തു പഠിക്കാൻ..

നിങ്ങൾക്കെന്തിനാണ് പാവക്കൂത്ത് ?

അതോ.. അധികാരികളെ എങ്ങിനെ ഞങ്ങളുടെ താളത്തിനൊത്തുചലിപ്പിക്കണം
എന്നറിയാൻ...പ്രജകളെ എങ്ങനെ ചരടിൽ കോർക്കണം എന്നറിയാൻ..ഭൂലോകത്തെ എങ്ങിനെ
നീക്കണം എന്നറിയാൻ..

താന്‍ മറ്റൊരു പാവക്കൂത്തിലെ പാവയായി മാറിയെന്നറിഞ്ഞ പാവക്കൂത്തുകാരൻ
സാഷ്ടാംഗം ഗുരുക്കന്മാരെ പ്രണമിച്ചു


നൂറുനുറുകഥകൾ ജൂൺ 29 2019
37കൊള്ളി

ഒരു പ്രമുഖ അടുക്കളയിലേക്ക് പുകഞ്ഞ കൊള്ളികളെ ആവശ്യമുണ്ട്. നല്ല
പാരമ്പര്യമുള്ള അടുപ്പുകളിൽ നിന്നും പുറത്താക്കപ്പെട്ടതോ സ്വന്തം
കയ്യിലിരിപ്പുകൊണ്ട് പുകഞ്ഞവർക്കോ മുൻഗണന.പുകയാനുദ്ദേശിക്കുന്നവർക്കും
വറചട്ടിയിൽ നിന്നും എരിതീയിലേക്ക് മാറിയവർക്കും അപേക്ഷിക്കാം തൊലിക്കട്ടി
അംഗീകൃത ലാബിൽ പരിശോധിച്ച സർടിഫിക്കറ്റും മുൻപരിചയം തെളിയിക്കുന്ന
രേഖകളും സഹിതം അപേക്ഷിക്കണം. പത്രത്തിൽ വന്ന പരസ്യത്തിന് ഒരു
പുകമണമുണ്ടായിരുന്നു



നൂറു നുറുകഥകൾ ജൂൺ 30 2019
38 പരിമളം

ടീച്ചറെ ഇവൻ പെർഫ്യൂം കൊണ്ടു വന്നിരിക്കുന്നു..

ക്ലാസ് ലീഡർ കുറ്റപത്രം വായിച്ചു..

ഇവിടെ വാ..

പ്രതി ഹാജർ

ഓഫീസ് റൂമിലെ മേശപ്പുറത്ത് കൊണ്ടുപോയി വയ്ക്ക്.. നാലു മണിക്ക് വിടുമ്പോ
തിരിച്ചു തരാം.. ഇതൊന്നും സ്കൂളിൽ കൊണ്ടുവരരുത്..

നാലു മണിക്ക് ബെല്ലടിച്ചപ്പോൾ കുട്ടി ഓഫീസിലെത്തി

ടീച്ചറെ എന്റെ പെർഫ്യൂം...

അതവിടെ കാണാനില്ലായിരുന്നു.. മേശയും അലമാരയും കുപ്പത്തൊട്ടിയും വരെ
തിരഞ്ഞിട്ടും പെർഫ്യൂം കുപ്പി കാണാനില്ല..

എന്തു ചെയ്യാനാ.. ഇവിടെ കാണാനില്ല. ഇമ്മാതിരി സാധനങ്ങൾ മേലാൽ സ്കൂളിൽ
കൊണ്ടുവരരുത്... പൊയ്ക്കോ...

 സ്കൂളിന്റെ ചുമരിൽ നിന്നും മേൽക്കൂരയിൽ നിന്നും തൂണിലും തുരുമ്പിൽ
നിന്നും വരെ തന്റെ പെർഫ്യൂമിന്റെ പരിമളം വരുന്നതറിഞ്ഞ് കുട്ടി ചിരിയെ
കരച്ചിലുകൊണ്ടടച്ചു വച്ച് ഓഫീസ് വിട്ടു...


നൂറുനുറുകഥകൾ  ജൂലൈ 1 2019
39 ചിലവ്

മാഷെ വേഗം വാ... ഇന്ന് ഉണ്ണിമായേടെ ചിലവാ... ഞങ്ങൾക്കൊക്കെമിട്ടായി തന്നൂ...

ക്ലാസിലേക്ക് കയറും മുമ്പേ കുട്ടികളുടെ പിടിച്ചു വലി സ്വാഗതം

ഉണ്ണിമായ ഒരു പിടി മിട്ടായി എന്റെ നേരെ നീട്ടി

മായേ ഇതെന്തിന്റെ ചിലവാ...

അച്ഛൻ വന്നതിന്റെ..

അച്ഛന് എവിടെയായിരുന്നു?? മിട്ടായി റാപ്പർ പൊട്ടിച്ച് വായിലുടുന്നതിനിടെ ചോദിച്ചു

ജയിലിൽ.. ഇന്നലെയാ വിട്ടത് മാഷെ

മാഷെ ഇവളുടെ അച്ഛൻ അമ്മയെ....

കൂട്ടുകാരാരോ കണ്ണുകൾ ഇറുക്കിയടച്ച് പൂരിപ്പിക്കുന്നു..

 ഒരു കനൽ ചങ്കിലിരുന്ന് പൊള്ളി

നൂറു നുറുകഥകൾ ജൂലൈ 2 2019
40 ഇതിഹാസ്യം

ഞാനെന്റെ രണ്ടു കണ്ണുകൊണ്ട് കണ്ടതും
കാതുകൊണ്ട് കേട്ടതുമാണ്. സത്യമായും ആ പ്രതിമ നാട്ടുകാരോട്
സംസാരിക്കുന്നുണ്ട്.. ആ സമയത്ത് അതിന്റെ കണ്ണുകൾ കനലാണ് പ്രഭോ

സേവകൻ രാജസന്നിധിയെ ബോധിപ്പിച്ചു.

പ്രജാപതികളെപ്പറ്റി അയാൾ ജനങ്ങളോട് കുറ്റം പറയുന്നു... തീർച്ചയായും അത്
അങ്ങയുടെ പിതാമഹന്മാരാണല്ലോ..

രാജ്യദ്രോഹം തന്നെ പ്രഭോ.. അയാൾ സംസാരിക്കുമ്പോൾ കരിമ്പനകൾ
തലയാട്ടുന്നു..തുമ്പികൾ വന്നു കൂട്ടം കൂടുന്നു.. കൊട്ടാരത്തിന് നേരെ
നോക്കുമ്പോൾ അതിന്റെ കണ്ണിൽ പുഛത്തിന്റെ മഹാസാഗരം തുളുമ്പുന്നു

ആരവിടെ രാജവീഥിയിലെ ആ പ്രതിമ മൂടോടെ പിഴുതെടുത്ത് കണ്ണും വായും കെട്ടി
കൊട്ടാരം നിലവറയിൽ തള്ളാൻ കൽപനയാകുന്നു..

ശരി പ്രഭോ.. സേവകൻ

നഗരം ലക്ഷ്യമാക്കി പാഞ്ഞു


നൂറു നുറുകഥകൾ  ജൂലെ 3 2019
41 പ്രമുഖൻ

പ്രമുഖ കവിക്കു മുമ്പിൽ ദൈവം പ്രത്യക്ഷപ്പെട്ടു.

എന്തു വരും വേണം?? തിരക്കുണ്ട്.. പോയിട്ട് വേറെ പണിയുണ്ട്.. ലോകം
അവസാനിക്കാൻ പോവുകയാണ്

ദൈവേ...

ഞാനും എന്റെ ഭാര്യയും കുട്ടികളും എന്റെ സിൽബന്ധിക്കളും, എഡിറ്റർമാരും
പ്രസാധകരും മാത്രം ബാക്കീണ്ടാവണം.. ബാക്കി നാലക്ഷരം വായിക്കുന്ന,
എഴുതുന്ന മുച്ചൂടും മുടിഞ്ഞു പോകാൻ വരം തരണം..

ഇത്രേള്ളൂ മഹാകവേ ദാ പിടിച്ചോ???

കരണം പുകഞ്ഞ മറയത്ത് ദൈവം അപ്രത്യക്ഷനായി..

മഹാകവി സ്വപ്നമധ്യേ നിദ്രാവിഹീനനാക്കപ്പെട്ട് ഉത്ഘടമായ നെടുവീർപ്പുകളിൽ ആമഗ്നനായി



നൂറ് നുറുകഥകൾ ജൂൺ 4 2019
42അരങ്ങേറ്റം

ഡോക്ടറായി ചാർജെടുക്കുന്ന ആദ്യ ദിവസം

അച്ഛൻ പറഞ്ഞതോർത്തു.. മുന്നിൽ വന്നിരിക്കുന്നയാൾ രോഗിയല്ല.. നിന്റെ കൂടെപ്പിറപ്പാണ്

അതിനൊപ്പം വന്നു രണ്ടാമത്തെ ഓർമ്മകൾ

ഉറക്കമൊഴിച്ച് കാണാപ്പാഠം പഠിച്ച പുസ്തക മലകൾ, എൻട്രൻസ് കോച്ചിങ്ങ്
സെന്ററിലെ പ്രഷർകുക്കർ ക്ലാസ് മുറികൾ, വിദ്യാഭ്യാസ ലോൺ, കാറിന്റെ അടവ്,
വീടിന്റെ അടവ്, ജീവിതത്തിന്റെ പത്തൊമ്പതാം അടവ്

രണ്ടോർമ്മകളും തമ്മിൽ സമരമായി. ജയിച്ച ഓർമ്മകളുടെ ചൊൽപ്പടിയിൽ
മുന്നിലിരിക്കുന്നയാൾക്കെഴുതി

അഞ്ചെട്ടു ടെസ്റ്റുകൾ

നാലക്കത്തിന്റെ മരുന്ന്

രണ്ടു മൂന്ന് സ്കാനിങ്ങ്

സർജറിക്കുള്ള തിയ്യതി



നൂറു നുറുകഥകൾ  ജൂലൈ 5 2019
43 നിഘണ്ടു

വാക്കുകളുടെ വ്യദ്ധസദനത്തിലെക്ക് തന്തയെയും തള്ളയെയും കൊണ്ടു പോയാക്കി

ഞാള്, ചാള, പെര, കുടി, പള്ള എന്നിവയുടെ ശവമടക്ക് കഴിഞ്ഞിരുന്നു

ഞാൻ, നീ എന്നിവക്ക് തല നരച്ചു തുടങ്ങി.

നമ്മളെന്ന വാക്കിന് വല്ലാത്ത കുഴമ്പുമണം

വൈകാതെ വൈകാതെ മലയാളമേ....


നൂറു നുറുകഥകൾ  ജൂലൈ 6 2019
44 ജപ്തി

അവർ വന്ന് പടിഞ്ഞാറ് അറബിക്കടലിന്റെ തീരത്താണ് ആദ്യം കുറ്റിയടിച്ചത്.അതിൽ
നിന്നും ഒരു ചുവപ്പുനാട' കെട്ടി സഹ്യപർവ്വതത്തിൽ അടിച്ച കുറ്റിയിലേക്ക്
കെട്ടി

തെക്ക് കന്യാകുമാരി മുതൽ വടക്ക് ഗോകർണം വരെ അടുത്ത ചുവപ്പുനാട

നടുക്കവർ അരക്കുരുക്കിയൊഴിച്ച് സീലു കുത്തി. ലോകബാങ്ക്.

നൂറു നുറുകഥകൾ ജൂലൈ 7 2019
45ബജറ്റ്

കാക്കയുടെ കൂടിനും കുയിലിന് ഉടമസ്ഥാവകാശം

മഴക്ക് ആഢംബര നികുതി. കോരന് അര മുറുക്കി കെട്ടുവാനുള്ള തോർത്തിന്മേലും
കഞ്ഞിക്കും കുമ്പിളിനും അമ്പതു ശതമാനം സെസ്

മുതലാളിമാർക്ക് സപ്രമഞ്ച കട്ടിലിന് നികുതിയളവ്.

വിശന്നു ചാവുന്നവന് അഞ്ചു ശതമാനം അധിക നികുതി


നൂറു നുറുകഥകൾ ജൂലൈ 8 2019
46.ഫ്രോഡ്

ഹോട്ടലിൽ കയറി ചായ കുടിച്ചു മടങ്ങുകയായിരുന്നു..

അഞ്ചു രൂപ വെയിറ്റർക്ക് ടിപ്പ് കൊടുത്തത് കുറഞ്ഞു പോയെന്നും പറഞ്ഞ്
അവനൊരുപാടുകളിയാക്കി..

കാറിൽ കയറിയിരുന്നപ്പോൾ ഗ്ലാസിൽ ഒരു മുട്ടുകേട്ടു.. ഒരു പിച്ചക്കാരൻ,
കറുത്തു പോയ കൈപ്പത്തിക്കുള്ളിൽ ഏതാനും നാണയങ്ങൾ..

ഞാൻ പോക്കറ്റിൽത്തപ്പി ചില്ലറ നോക്കുമ്പോൾ സുഹൃത്ത് പറയുന്നുണ്ടായിരുന്നു..

പത്തു പൈസ കൊടുക്കരുത് ഇവൻ മാർക്ക്.. തടിയനങ്ങാതെ കാശുണ്ടാക്കുന്നവർ..
ഒക്കെ ഫ്രോഡാണ്... ഞാനാണങ്കിൽ അഞ്ചു പൈസ കൊടുക്കില്ല...


നൂറു നുറുകഥകൾ ജൂലൈ 9 2019
47 ത്രികാലം

കുതിച്ചു വരുന്ന എസി കാറിൽ

പരസ്പരം മിണ്ടാതെ മോന്ത വീർപ്പിച്ചിരിക്കുന്ന ഒന്നാം കുടുംബം

അരിച്ചു വന്ന ഓട്ടോറിക്ഷയിൽ

ചിരികൾ കൊണ്ട് ചേർന്നിരിക്കുന്ന രണ്ടാം കുടുംബം

ഹമ്പിൽ കുടുങ്ങിയ വേഗങ്ങളെ നോക്കി തകരപ്പാട്ട ഒന്നു രണ്ടാവർത്തി
കുലുങ്ങിച്ചിരിച്ചു... ശ്രദ്ധ നഷ്ടപ്പെട്ട കുറച്ചീച്ചകൾ പിച്ചക്കാരനെ
വട്ടംചുറ്റി..

നൂറു നുറുകഥകൾ ജൂലൈ 10 2019
48 കുറ്റം

ഡസ്കിൽ കോമ്പസു കൊണ്ടും പേന കൊണ്ടും കുത്തി വരഞ്ഞതിനാണ്  ഗോമതി ടീച്ചർ
രഘുവിനെ ഓഫീസ് റൂമിൽ കയറ്റിയത്

വിചാരണ കഴിഞ്ഞ് പിറ്റേന്ന് രക്ഷിതാവിനെക്കൂട്ടി സ്കൂളിൽ വന്നാൽ മതിയെന്ന് വിധി.

പിറ്റേന്ന് രഘു കയ്യിലെ ഞരമ്പു മുറിച്ചെന്ന വാർത്ത ബെല്ലടിക്കും മുമ്പേ
സ്കൂളിൽ പരന്നിരുന്നു…

സ്കൂൾ ഓഫീസിൽ നാട്ടുകാരെത്തി.പൊലീസെത്തി. കുട്ടികളോട് രൂക്ഷമായി
പെരുമാറിയതിന് അധ്യാപകരെ പൊലീസ് താക്കീത് ചെയ്യുന്നതിനിടെയാണ് ഗോമതി
ടീച്ചർ പിന്നെയും ഒച്ചയുയർത്തിയത്

സാറേ... നിങ്ങള് ആ ഡസ്ക് ഒന്ന് കണ്ടില്ലല്ലോ.. അത് കണ്ടാൽ
നിങ്ങളിങ്ങനെയൊന്നും പറയില്ല.


നൂറു നുറുകഥകൾ ജൂലൈ 11 2019
49 അധിപൻ

കുട്ടി ബാലമാസിക വായിക്കുകയായിരുന്നു

മൃഗാധിപത്യം വന്നാൽ???

എന്ന തലക്കെട്ടിനു താഴെ കാർട്ടൂൺ ചിത്രങ്ങൾ..ബാലമാസിക മാറ്റിവച്ച് കുട്ടി
പത്രം എടുത്തു വാർത്തകളിലൂടെ കണ്ണോടിച്ച

അവന്റെ ആത്മഗതം തെല്ലുറക്കെയായി

മൃഗാധിപത്യം തന്നെ നല്ലത്..

നൂറു നുറുകഥകൾ  ജൂലൈ 12 2019
50 അധിനിവേശം

ജനിതക ഘടനയിൽ കൊത്തിവച്ച പ്രാചീന വഴിയിലൂടെ രാത്രിസഞ്ചാരത്തിനിറങ്ങിയ
കുറുക്കൻ കുഞ്ഞിന്റെ കണ്ണു മഞ്ഞളിച്ചു

നിറ വെളിച്ചത്തിൽ കുളിച്ചു കിടക്കുന്ന കോഴിക്കൂട്ടം..

   പിതാമഹർ വാണ സാമ്രാജ്യങ്ങളെല്ലാം കോഴികൾ കീഴടക്കിയത് കുറുക്കൻ കുഞ്ഞ്
തുറു കണ്ണുകളോടെ കണ്ടു.

ആകാശത്ത് ചന്ദ്രനെക്കണ്ട് തൊണ്ടയിലെന്തോ കിരുകിരുപ്പ് തോന്നിയെങ്കിലും
വാൽ പിൻ കാലുകൾക്കിടയിൽ തിരുകി അവൻ മൗനത്തിലേക്ക് തല താഴ്ത്തി.

നൂറു നുറുകഥകൾ  ജൂലൈ 13 2019
51സുരക്ഷ

കടയായ കടയിൽ നിന്നും പ്ലാസ്റ്റിക് ഉറകളിലൊക്കെ സാധനങ്ങൾ വാങ്ങി  തുണി
സഞ്ചിയിൽ നിറച്ച്

ഞാൻ അഭിമാനത്തോടെ ചുറ്റും നോക്കി നടന്നു പറഞ്ഞു

പരിസ്ഥിതി സംരക്ഷണം

നൂറു നുറുകഥകൾ   ജൂലൈ 14 2019

52നവ പൂതന

പൂതന ഓരോ കുട്ടിക്കും മുല കൊടുത്തുറക്കിത്തുടങ്ങി..

കണ്ണൻ പൂതനയുടെ മുലക്കച്ച പൊന്തിച്ചു ഇങ്ങനെ വായിച്ചു

എൻഡോസള്‍ഫാന്‍ ...

ഹാന്‍ഡില്‍ വിത്ത് കെയര്‍


53  നൂറു നുറുകഥകൾ  ജൂലൈ 15 2019

നോക്കുകുത്തികള്‍

എന്നും പഴയ പാന്റും  കീറിയ ഷര്‍ട്ടും , വൈക്കോല്‍ കുത്തി നിറച്ച വയറും,
പൊട്ടക്കലം കമിഴ്ത്തിയ തലയും, ഉണ്ട കണ്ണും ....

നോക്കുകുത്തികൾക്കും  മനസ്സ് മടുത്തു

ബ്യൂട്ടി പാര്‍ലര്‍ തേടി ഇറങ്ങി......ഇനി എന്തായാലും ഇപ്പണിക്കില്ലെന്നും
 ഉറപ്പിച്ചു.

അപ്പോള്‍ മുതലാണ്‌  മനുഷ്യര്‍ സ്വയം നോക്കുകുത്തികളായി  തുടങ്ങിയത്



നൂറു നുറുകഥകൾ  ജൂലൈ 16 2019

54 നിഷ്പക്ഷം

മൂന്ന്‌ സുഹൃത്തുക്കള്‍
ഒരാള്‍ ഇടതൻ ഒരാള്‍ വലതന്‍,മൂന്നാമന്‍ നിഷ്പക്ഷന്‍.മറ്റു
രണ്ടാളെയും തലോടുന്നവന്‍
വിമര്‍ശിക്കുന്നവന്‍ ...

വീണു കിട്ടുന്ന ഹർത്താലുകള്‍ക്കിടയില്‍
എന്നും ..
നിഷ്പക്ഷന്റെ ജനാല ചില്ലുകള്‍ ഉടഞ്ഞു തന്നെ

നൂറു നുറുകഥകൾ ജൂലൈ 17 2019

55 കഥ

അതേയ്..
നേതാവ് എഴുത്തുകാരന്റെ ചുമലിൽ തട്ടി പറഞ്ഞു

തന്റെ കഥകളൊക്കെ ഞാൻ വായിക്കാറുണ്ട്... ഒരവാർഡൊക്കെ വേണ്ടേ??? കുറച്ചു
കാലം കൂടി ജീവിച്ചിരിക്കണ്ടേ??

എഴുത്തുകാരൻ നേതാവിനെ നോക്കി..

അപ്പോ ഒരു കാര്യം ശ്രദ്ധിക്കണം.. മേലിൽ കഥകളിൽ ചോദ്യം പാടില്ല..
അഥവാ... ഉണ്ടായാൽ...

നൂറു നുറുകഥകൾ  ജൂലൈ 18 2019

56 അര്‍ഥങ്ങള്‍

മീനിനു കുറെ കാലമായി കുളത്തോട് പറയാനുണ്ടായിരുന്നത് സ്വാതന്ത്ര്യത്തെ
കുറിച്ച് മാത്രമായിരുന്നു...

അവസാനം കുളം മീനിനെ പിടിച്ചു കരയിലെക്കിട്ടു ...

മീനിന്റെ രക്തസാക്ഷി മണ്ഡപത്തിനു ചുറ്റും കൂടിനിന്ന മറ്റു ജലജീവികള്‍
നിഘണ്ടുവില്‍ സ്വാതന്ത്ര്യം എന്ന വാക്കിന്റെ അര്‍ഥം തിരഞ്ഞു
നോക്കുന്നുണ്ടായിരുന്നു.



നൂറുനുറുകഥകൾ ജൂൺ 19 2019
57.ക്ഷേമം

മൃഗ ക്ഷേമത്തിനായി പ്രവർത്തിച്ച് അവാർഡ് നേടിയയാളോട് പത്ര പ്രവർത്തകന്റെ ചോദ്യം

താങ്കൾ എങ്ങിനെയാണ് മൃഗളുടെ ക്ഷേമത്തിനായി പ്രവർത്തിച്ചത്?

എല്ലാവർക്കും ജീവിതവും വാർധക്യവും അതുമൂലമുണ്ടാക്കുന്ന ദുരിതങ്ങളും
മരണവും വലിയ ദുരിതം ഉണ്ടാക്കുന്നു എന്നതിൽ തർക്കമില്ലല്ലോ?അപ്പോൾ പിന്നെ
ബാല്യത്തിലോ യൗവ്വനത്തിലോ തന്നെ അവരെ കൊന്നു സഹായിക്കുക എന്നത് ഒരു
ചെറിയകാര്യമല്ലല്ലോ?

അപ്പോൾ കൊല്ലുന്നത്?

ഞാനല്പം തിരക്കിലാണ്..രണ്ടുമൂന്ന് സ്വീകരണങ്ങളിൽ
പങ്കെടുക്കേണ്ടതുണ്ട്..ആകട്ടെ താങ്കൾക്ക് ക്ഷേമം തന്നെയല്ലേ?

മുഖം തൂവാലകൊണ്ട് മറച്ച് പത്രപ്രവർത്തകൻ തിരക്കിലേക്ക് ഊളിയിട്ടു.


നൂറു നുറുകഥകൾ  ജൂലൈ 20 2019

58 പ്രചോദനം

അയാൾക്ക് ഒരു കഥയെഴുതണം,, രാവിലെ അലാറം വച്ച് എഴുന്നേറ്റിരുന്നതാണ്,,
ഒറ്റവരി തോന്നുന്നില്ല,,

എന്നാലിനി പല്ലു തേച്ച് ഒരു ചായ കുടിച്ചുകളയാം
ടൂത്ത് പേസ്റ്റ് കവർ കാലി, അതിന്റെ അടിഭാഗം മുതൽ അമർത്തി ഞെക്കി
മടക്കിയപ്പോൾ ഒരല്പം പേസ്റ്റ് കിട്ടിയതുകൊണ്ട് പല്ലുതേച്ചു,,,

ആ ടൂത്ത് പേസ്റ്റ് കവർ അയാളെ പ്രലോഭിപ്പിച്ച് വാ തുറന്നു കിടന്നു, പിന്നെ
കഥകൾക്ക് ക്ഷാമമുണ്ടായിട്ടില്ല.,,

നൂറുനുറുകഥകൾ ജൂലൈ 21 2019

59 ഇടങ്ങള്‍

പുതിയ വീടിന്റെ പണി കഴിഞ്ഞപ്പോള്‍ ഗോവണിക്ക് താഴെ ഒഴിഞ്ഞു കിടന്ന സ്ഥലം
രണ്ടായി ഭാഗിച്ചു.


ഒന്ന് പൂജ മുറിക്കും ഒന്ന് യുറോപ്യന്‍ ക്ലോസ്സറ്റിനും
രണ്ടും പരാതിയില്ലാതെ കഴിഞ്ഞു പോരുന്നു

നൂറു നുറുകഥകൾ  ജൂലൈ 22 2019

60നിയന്ത്രണരേഖ

പതിവ് സ്റ്റാഫ് മീറ്റിങ്ങിലാണ് അനസൂയ ടീച്ചർ മാധവൻ മാഷ്ക്കെതിരെ വാളെടുത്തത്

മാഷ്ക്ക് ക്ലാസ് കൺട്രോൾ തീരെയില്ല... കുട്ടികളും മാഷും കൂടി എപ്പോളും
കളിയും ചിരിയും വർത്തമാനവും.. ഇപ്പുറത്ത് ക്ലാസെടുക്കാനേ പറ്റുന്നില്ല...

ശരിയാ.. ശരിയാ..

അനസൂയ ടീച്ചർക്ക് നിരവധി വായ്ത്താരികൾ പിന്താങ്ങി

ഹെഡ്മിസ്ട്രസ് മാധവൻ മാഷെ ഒന്നു കനപ്പിച്ചു നോക്കി..

മാഷെ.. കേട്ടില്ലേ..ശ്രദ്ധിക്കണം.. അച്ചടക്കമാണ് നമ്മുടെ സ്ഥാപനത്തിന്റെ മുഖമുദ്ര.
ക്ലാസ് കൺട്രോൾ നിർബന്ധം.. നിശബ്ദമാക്കപ്പെട്ട ഒരിടത്തേ നമുക്ക് നമ്മുടെ
കാര്യങ്ങൾ പഠിപ്പിക്കാൻ കഴിയൂ.. നിശബ്ദരാക്കിയേ പറ്റൂ..

മാധവൻ മാഷ്ക്ക് ഭൂരിപക്ഷമില്ലാത്തതിനാൽ അനസൂയ വിഭാഗം ഒന്നിളകി ഇരിപ്പ് ശരിയാക്കി..

പിറ്റേന്ന് മാധവൻ മാഷ് ക്ലാസിലെത്തി. നീണ്ട ഒരു തുകൽ ബാഗിന്റെ
സിബ്ബഴിച്ച് അത് പുറത്തെടുത്തു.. കുട്ടികൾക്ക് നേരെ ചൂണ്ടി,, ചിലർ കൈകൾ
പൊന്തിച്ചു,, ചിലർ കൈകൂപ്പി,,,

ക്ലാസ് നിശബ്ദമായി.. ക്ലാസ് കൺട്രോൾ സ്ഥാപിക്കപ്പെട്ടോ എന്നുറപ്പു
വരുത്താൻ ജനാലയിലൂടെ പാളി നോക്കിയ ഹെഡ്മിസ്ടസും അപ്പുറത്തെ ക്ലാസിൽ
നിന്നും എത്തിനോക്കിയ അനസൂയ ടീച്ചറും ഒപ്പം കണ്ണടച്ചു

സമ്പൂർണ ക്ലാസ് കൺട്രോൾ

നൂറു നുറുകഥകൾ ജൂലൈ 23 2019

61വിചാരം

ഓരോ വിചാരണ കഴിയുമ്പോഴും  സ്മാർത്തന് താത്രിക്കുട്ടിയോട് അനുരാഗം പൊട്ടിയൊലിച്ചു
താത്രിയല്ലാതെ മറ്റൊന്നും സ്മാർത്തന്റെ മനസിലില്ലാതായി, സ്മാർത്ത്റെ
കാലടിയൊച്ചക്കായി അഞ്ചാംപുരയുടെ വാതിൽപ്പിറകിൽ താത്രിയും കാതു
കൂർപ്പിച്ചു,,

അങ്ങിനെ  ഒരു ദിവസം സ്മാർത്തനും സാധനവും ഒളിച്ചോടിയെന്ന വാർത്ത പരന്നു

നൂറു നുറുകഥകൾ  ജൂലൈ 24 2019
62 ജീർണം

ഉള്ള കൂര ചോർന്നൊലിക്കാൻ തുടങ്ങിയപ്പോൾ ദൈവം നേതാവിന്റെ വീട്ടുമുറ്റത്ത്
ചെന്ന് കെഞ്ചി

ഇപ്രാവശ്യമെങ്കിലും പുര കെട്ടി മേയാൻ തുക വകയിരുത്താൻ ഒരു ശുപാർശ ചെയ്യണം,,,

എന്താ ദൈവേ ഇങ്ങനെയൊക്കെ,,,, നിങ്ങളൊക്കെ മുന്തിയ കുടുംബമല്ലേ,,, ഭവന
നിർമ്മാണ പദ്ധതികളൊക്കെ പാവങ്ങൾക്കുള്ളതല്ലേ??,, പിന്നെ കാണേണ്ടവരെ
കാണണ്ട പോലെ കാണണം,,, ചെലവുവരും,,

അടിയനും ഇപ്പോ പാവാണ്,,, ഒരു പാപോം ചെയ്യുന്നൂല്ല.. വല്യ ചെലവിനൊന്നും
പാങ്ങില്ല. ദൈവം കരച്ചിലിന്റെ വക്കത്തെത്തി,,,

ദൈവം എന്തായാലും കരയണ്ട,,, ഞാൻ കമ്മറ്റിക്കാരെ വിളിച്ചു പറയാം,, ഒരു
ജീർണോദ്ധാരണ ഫണ്ട് പിരിക്കാൻ,,, കിട്ടിയതിൽ പകുതി ദൈവത്തിന്,, ബാക്കി
,,,,,

നേതാവ് അർധോക്തിയിൽ നിറുത്തി,,,
ദൈവം തല കുലുക്കി,,

നൂറുനുറുകഥകൾ ജൂലൈ 25 2019
63.വഴിത്താര

ആദ്യം കവിതച്ചീരയായിരുന്നു കൃഷി നഷ്ടത്തിലായപ്പോൾ നിർത്തി
പിന്നെ കഥച്ചേമ്പ് വച്ചു നോക്കി, പച്ച പിടിച്ചില്ല,,

പിന്നെയാണ് നിരൂപണച്ചേന നട്ടത്,, വച്ചടിവച്ചടി കയറ്റമായിരുന്നു,,,




നൂറുനുറുകഥകൾ ജൂലൈ 26 2019
64വേലകൾ

എടീ ഞാനിവിടെ വച്ചിരുന്ന കുരുമുളകെവിടെ???

അതല്ലേ മനുഷ്യാ നിങ്ങൾ പലചരക്ക് വാങ്ങാൻ വിറ്റത്???

അപ്പോൾ തിരുവാതിര ഞാറ്റുവേലയോ???അതും കാണാനില്ലല്ലോ???

അതോ,,, അത് പച്ചക്കറി വാങ്ങാൻ വേണ്ടി ഞാനും എടുത്തു വിറ്റു,,,

പുറത്ത് വെയിൽ വെളുക്കെച്ചിരിച്ചു

നൂറു നുറുകഥകൾ ജൂലൈ 27 2019
65. ബുദ്ധം

വ്യാകരണം മാഷ് ബോർഡിൽ എഴുതി
ബുദ്ധൻ ഉണ്ടായി
ബുദ്ധൻ മൗനിയായിരുന്നു
ബുദ്ധൻ പുഞ്ചിരിച്ചു
ബുദ്ധൻ ചിരിച്ചു
ബുദ്ധൻ പൊട്ടിച്ചിരിച്ചു

ബുദ്ധൻ വിതുമ്പിക്കൊണ്ടിരിക്കുന്നു
ബുദ്ധൻ പൊട്ടിക്കരയുന്നു
ബുദ്ധൻ അട്ടഹസിച്ചു കൊണ്ടേയിരിക്കുന്നു

ബുദ്ധന് ഭ്രാന്താകുമായിരിക്കും


നൂറു നുറുകഥകൾ ജൂലൈ 28 2019
66 ഭാഗ്യക്കുറി

വാർധക്യകാലത്ത് മഹാരാജാവിന് മംഗല്യഭാഗ്യം കാണുന്നെന്ന് കൊട്ടാരം ജോത്സ്യൻ,,,,

അതേ സമയം തന്നെയാണ് കൊട്ടാരം നർത്തകിയുടെ ജാതകത്തിൽ അന്തപുരവാസവും,
സിംഹാനസന യോഗവും ഒന്നിച്ചു തെളിഞ്ഞതും,,

രാജ്യത്തിന്റെ ജാതകത്തിൽ ദാരിദ്ര്യ യോഗമായിരുന്നു,


നൂറു നുറുകഥകൾ ജൂലൈ 29 2019
67 തിരുത്ത്

വിരമിച്ച ശേഷം നാട്ടിലൊരു ഏകാധ്യാപക വിദ്യാലയം സ്ഥാപിക്കാൻ രവി മാഷ് തീരുമാനിച്ചു

ബോർഡെഴുതാൻ ശിഷ്യൻ കൂടിയായ ദിനേശനെ ഏൽപ്പിച്ചു,, ദിനേശൻ കൊണ്ടുവന്നു
തൂക്കിയ ബോർഡു കണ്ട് രവി മാഷ് ഒന്നു പതറി

ഏകാധിപതി വിദ്യാലയം

രണ്ടു പേരും പരസ്പരം നോക്കി,

ഇനിയിപ്പോ തിരുത്താനൊക്കെ പാടാ മാഷെ,,, ഏതാണ്ടിങ്ങനെയൊക്കെത്തന്നല്ലേ കാര്യങ്ങൾ???

ദിനേശൻ മൗനം എറിഞ്ഞുടച്ചു



നൂറു നുറുകഥകൾ ജൂലൈ 30 2019
68.യോഗം

വീട്ടിലെ കാരണവർ വെന്റിലേറ്ററിലായിരുന്നു,, മാസ്ക് ഊരിയാൽ പിന്നില്ല,,

അതിന് വിചാരിച്ച ദിവസം പേരക്കുട്ടിക്ക് ഒരു പരീക്ഷ
പിറ്റെ ദിവസം കുടുംബത്തിലൊരു കല്യാണം
പിന്നീടൊരാഴ്ച ലോകകപ്പ് ഫുട്ബാൾ
ഒരു രക്ഷയുമില്ല,,
വെന്റിലേറ്ററിൽ മരണം മുഹൂർത്തം കാത്തു കിടന്നു,,

നൂറുനുറുകഥകൾ ജൂലൈ 31 2019
69. വാശി

ചെക്കൻ കരച്ചിലോടു കരച്ചിൽ,, എന്തു പറഞ്ഞിട്ടും ഭക്ഷണം കഴിക്കുന്നില്ല.

അമ്മ  പഠിച്ച പണി പതിനെട്ടും നോക്കി,,

അപ്പോഴാണ് അച്ഛൻ കയറി വരുന്നത്

ഗോപു വാശിലാ,,, നേരാണങ്കി രാത്രിയായി,, നൂറു കൂട്ടം പണിണ്ട് അപ്പുറത്ത്,,

 അമ്മ പരാതിയുടെ കെട്ടഴിച്ചൂ

ഞാനൊന്നു നോക്കട്ടെ,, അച്ഛൻ ഗോപുവിനെ എടുത്ത് ഒക്കത്തു വച്ചു,, ചോറു
കിണ്ണം എടുത്തു, ആകാശത്തേക്ക് വിരൽ ചൂണ്ടി,,

ഗോപൂ,,, നോക്ക് ദാ,, ആ കാണണത് ആരാന്ന് നോക്കിക്കേ,,,, ചന്ദ്രൻ,,, ഇനീം
ഗോപു വാശി പിടിച്ചാൽ മോനേ ചന്ദ്രന്റെടുത്ത് കൊണ്ടു പോവും ട്ടോ,,,

ഗോപു വിറക്കുന്ന കൈ കൊണ്ട് വാരിവാരി കഴിക്കാൻ തുടങ്ങി,,,
അതാകട്ടെ അവരെയാരെയും തൃപ്തിപ്പെടുത്തിയതുമില്ല


നൂറുനുറു കഥകൾ ആഗസ്റ്റ് 1
70.തൃപ്തി

ഒരു ദൈവത്തിന്റെ പേരു പറഞ്ഞതിന് അയാളെ അടിച്ചവശനാക്കി
തെരുവിലുപേക്ഷിച്ചതായിരുന്നു ഒരു കൂട്ടം

അപ്പോൾ മറ്റൊരു കൂട്ടമെത്തി അവരുടെ ദൈവത്തിന്റെ പേര് പറയാനാവശ്യപ്പെട്ട്
മർദ്ദിച്ചു,,,

അപ്പോളാണ് വേറൊരു കൂട്ടമെത്തി അവരുടെ മുദ്രാവാക്യം
വിളിക്കാനാവശ്യപ്പെട്ട് മർദ്ദിച്ചത്

എല്ലാവരോടും അയാൾ കരഞ്ഞുപറഞ്ഞു,,,

രക്ഷിക്കണേ
കൊല്ലരുതേ

നൂറു നുറുകഥകൾ ആഗസ്റ്റ് 2 2019
71 വിൽപ്പനക്ക്

നല്ല പാരമ്പര്യവും, ചേരിചേരാ നയവും, സമദൂരസിദ്ധാന്തവും വശമുള്ള, എത്ര
വലിയ ചൂഷണങ്ങളോടും പ്രതികരിക്കാത്ത, അത്യധികമായ ക്ഷമയും സഹനവും
ശീലപ്പെട്ട പ്രജകൾ താമസിക്കുന്ന പ്രമുഖ രാജ്യം വിൽപ്പനക്ക്.

നേരിട്ട് ഇടപാട് നടത്തുന്നത് രാജസ്ഥാനത്തിന് ഭൂഷണമല്ലാത്തതിനാൽ
ബ്രോക്കർമാർ മുഖാന്തിരം ബന്ധപ്പെടുക

മഹാരാജാവ്

ഒപ്പ്


നൂറു നുറുകഥകൾ ആഗസ്റ്റ് 3 2019

72.അമ്മത്തൊട്ടില്‍

അവനുറങ്ങാന്‍ പാകത്തില്‍ തൊട്ടില്‍ ആടി അവനു  കേൾക്കാന്‍ പാകത്തില്‍ അത്
പാട്ട് പാടി കൊടുത്തു.

അവനു വിശന്നപ്പോള്‍ അത് പാലുമായി വന്നു...

..അവനു കളിക്കാന്‍ തോന്നിയപ്പോള്‍ അത് കിളിയായും, കുരങ്ങായും വന്നു അവനെ
ചിരിപ്പിച്ചു. അവനു വിയര്‍ത്തപ്പോള്‍  കാറ്റാ യി

അവന്‍ ചിരിച്ചപ്പോള്‍ അതും ചിരിച്ചു കൂട്ട് നല്‍കി ഒരു  തൊട്ടിലിനു
ഇതിലും കൂടുതല്‍ എന്താണ് ചെയ്യാന്‍ കഴിയുക .

അവന്‍ അതിനെ അമ്മ എന്ന് വിളിച്ചു.


നൂറു നുറുകഥകൾ  ആഗസ്റ്റ് 4 2019

73മറുതുണി

ഉടുതുണിക്ക്‌ മറുതുണി ഉണ്ടായിരുന്നില്ല അതുകൊണ്ട് തന്നെ അവർ പിച്ചി
ചീന്താന്‍ പുറപ്പെട്ടപ്പോള്‍

രണ്ടും കല്പിച്ചു അവള്‍ അതഴിച്ചെടുത്ത് ഭദ്രമായി ചുരുട്ടിപ്പിടിച്ചു .


നൂറു നുറുകഥകൾ' ആഗസ്റ്റ് 5 2019

74ദുര്യോഗം

രാവിലെ പത്തു മണിക്ക്

രാമായണമാസാചരണത്തിന്റെ ഉദ്ഘാടനത്തിന് വിളക്ക് കൊളുത്തി.

ഉച്ചക്ക് യുക്തിവാദി സംഘത്തിന്റെ സംസ്ഥാന ക്യാമ്പ് ഉദ്ഘാടനം

വൈകിട്ട് മദ്യ വിരുദ്ധ സമിതിയുടെ പ്രതിഷേധ പ്രകടനം ഉദ്ഘാടനം

ഒക്കെക്കഴിഞ്ഞ് രാത്രി ക്ലബിൽ ലീഡേഴ്സ് ക്ലബ്ബിന്റെ ഗെറ്റ് ടുഗതർ

തിരക്കോട് തിരക്കിലാണ് അയാളുടെ ജീവിതം

നൂറു നുറുകഥകൾ ആസ്റ്റ് 6 2019

75സന്തുഷ്ടം

അച്ഛൻ വാട്സപ്പിൽ ചാറ്റിങ്ങ്

അമ്മ യുട്യൂബിൽ പാചകത്തിൽ

ചേച്ചി ഫേസ് ബുക്കിൽ

അനുജൻ മൊബൈലിൽ

കാർ റേസിങ്ങ്

മുത്തശനും മുത്തശിയും ടി വി യിൽ,

എല്ലാ മുറിയിലും പോയി നോക്കി വളർത്തു പൂച്ച സോഫക്കടിയിലേക്ക് ചുരുണ്ടു

നൂറു നുറുകഥകൾ ആഗസ്റ്റ് 7 2019

76സുരക്ഷ

പ്രജകളെയെല്ലാം ഓരോരോ കാരണങ്ങൾ പറഞ്ഞ് ജയിലിലാക്കി, ജയിലുകൾ തികയാതെ
വന്നപ്പോൾ രാജകൊട്ടാരം ഒഴികെ ബാക്കി പ്രദേശങ്ങളെല്ലാം ഒന്നിച്ചു ചേർത്തു
വേലി കെട്ടി

സ്വാതന്ത്ര്യ ദിനമാഘോഷിക്കുമ്പോൾ പരകോടി ചങ്ങലകൾ ഒന്നിച്ചു കിലുങ്ങുന്നതു
കേട്ട് മഹാരാജാവ് കുലുങ്ങിച്ചിരിച്ചു

നൂറു നുറുകഥകൾ ആഗസ്റ്റ് 8 2019
77 രാജ്യം

വേറെ രാജ്യമാകണമെന്നു ഭാര്യ...
യുദ്ധം ചെയ്തു പിടിച്ചടക്കണമെന്ന് ബന്ധുക്കള്‍....

കേന്ദ്രഭരണ പ്രദേശമായി തുടര്‍ന്നാല്‍ മതിയെന്ന് അച്ഛന്‍ ...
സംസ്ഥാനപദവി പിന്നെ ആലോചിക്കാമെന്ന് അമ്മ...
ഒത്തുതീര്‍പ്പിനില്ലെന്ന് പെങ്ങളും അനുജനും
ഞാന്‍ .എന്റെ സ്വപ്നത്തിന്റെ പതാക പകുതി താഴ്ത്തി കെട്ടി...
ആലോചനയിലുണ്ട് വാടകക്ക് ഒരു രാജ്യം

നൂറു നുറുകഥകൾ  ആഗസ്റ്റ് 9 2019
78വാർത്ത

വാതിലടച്ച് വാർത്ത കാണുകയായിരുന്നു. എവിടെയൊക്കെയോ വെള്ളം കയറിയ വീടുകളും
മറിഞ്ഞു വീഴുന്ന മരങ്ങളും നീന്തുന്ന കാറുകളും എല്ലാം കണ്ട്

മൂക്കത്ത് വിരൽ വച്ചിരിക്കുമ്പോളാണ്

കാലിൽ ഒരു നനവ് തട്ടി അയാൾ പൊള്ളിയെഴുന്നേറ്റ് ഓടിയത്


നൂറു നുറുകഥകൾ ആഗസ്റ്റ് 10 2019
79വാദം

ജലദുരന്തത്തിന്റെ കാരണം പശ്ചിമഘട്ടത്തിലെ അധിനിവേശ പ്രശ്നങ്ങളാണ്..

പരിസ്ഥിതിവാദി

ഓ.. അതാണല്ലേ കാരണം... അപ്പോൾ പശ്ചിമഘട്ടത്തെ മുഴുവനായി പൊട്ടിച്ചു
തീർത്താൽ പ്രശ്നം തീരില്ലേ???

വികസനവാദി..


നൂറു നുറുകഥകൾ ആഗസ്റ്റ് 11 2019
80 വരവ്

ഇടക്ക് വരും, ഒന്ന് രണ്ട് വർത്താനം പറയുമ്പോളേക്കും തിരക്കായി,, കണ്ടു
കൊതി തീരുംമുമ്പ എറങ്ങിപ്പോകും,,, ഇനി എപ്പളാ വര്ന്നേന് ഒരു
നിശ്ചയോല്യ,,,

മഴക്കാലത്തെ കറണ്ടിനും മക്കൾക്കും ഒരേ സ്വഭാവമാണെന്ന് മുത്തശ്ശി


നൂറു നുറു കഥകൾ  ആഗസ്റ്റ് 12 2019
81 ആർത്തി

തകർന്ന വീടിനുള്ളിൽ നിന്നും അവശേഷിച്ച മിടിപ്പിനെയും കൊണ്ട്
പുറത്തേക്കോട്ടുന്ന രക്ഷാ സംഘത്തിനു മുമ്പിൽ അവൻ വന്നു നിന്നു,,,

ഒന്നു നില്ക്കൂ,,, ഒരു നിമിഷം

പ്രഥമ ശുശ്രൂഷ നൽകാനെന്നവണ്ണം അവൻപോക്കറ്റിൽ ഭദ്രമായി പൊതിഞ്ഞുവച്ചത്
അഴിച്ചു, വെളുക്കെച്ചിരിച്ചു

ഒര് സെൽഫി,,, ഒറ്റൊന്ന്,, പ്ലീസ്

നൂറു നുറുകഥകൾ ആഗസ്റ്റ് 13 2019
82ബലി
          ദേശീയ സമ്മേളനത്തിന് പണമിറക്കിയത് ക്രഷർ മുതലാളി
സംസ്ഥാന സമ്മേളനത്തിന് റിസോർട് മുതലാളി
ജില്ലാ സമ്മേളനത്തിന് ക്വാറി മുതലാളി, താലുക്ക് സമ്മേളനത്തിന് ടിംബർ
മർച്ചന്റ്സ്, പഞ്ചായത്ത് സമ്മേളനത്തിന് റിയൽ എസ്റ്റേറ്റ് കമ്പനി
വാർഡ് സമ്മേളനത്തിന് മണ്ണ്, മണൽ ഗ്രൂപ്പുകൾ പശ്ചിമഘട്ടം നെഞ്ചത്ത് കൈ
വച്ച് പൊട്ടിക്കരഞ്ഞു ആരും കേട്ടില്ല,

നൂറു നുറുകഥകൾ ആഗസ്റ്റ് 14 2019
83ഇടനില

ഇക്കാലത്ത് സുരക്ഷക്ക് ഒരു അള്‍സേഷ്യന്‍ പട്ടി നിര്‍ബന്ധമാണെന്ന്പറഞ്ഞു
എനിക്ക് ഒന്നിനെ സംഘടിപ്പിച്ചു തന്നതും

എന്റെ അള്‍സേഷ്യന്‍ പട്ടിയെ നേരിടാന്‍ ഒരു ഡോബര്‍മാന്‍ പട്ടിയെങ്കിലും
വേണമെന്ന് അയല്‍ക്കാരനെ

അസുയിപ്പിച്ച്  കൂടിയ വിലക്ക് ഒന്നിനെ വാങ്ങി കൊടുത്തതും ഒരാള്‍ തന്നെ ആയിരുന്നു.

നൂറു നുറു കഥകൾ ജൂലൈ ആഗസ്റ്റ് 15 2019
84 സഹന കാണ്ഡം

വിഴുപ്പു ചുമന്നും നൊന്തും അടികൊണ്ടു നൊണ്ടിയും
വിശന്നു തെണ്ടിയും പേടിച്ചു മണ്ടിയും കാമിച്ചു കരഞ്ഞും മടുത്ത
കഴുതക്കൂട്ടം ഉടമയോട് സമരത്തിലായി.ഒടുവില്‍ ക്ഷമ തെറ്റിയ ഉടമ കണ്‍
തുറന്നു.

                കഴുതകള്‍ ചോദിച്ചു തുടങ്ങി

വിഴുപ്പു  ചുമക്കുന്നതില്‍  നിന്നും സര്‍വകാല മോചനം ?

ഉടമ,,, സാധ്യമല്ല .. /

പീഡനങ്ങളില്‍ നിന്നും  ഇടക്കാല ആശ്വാസം?

ഉടമ: നടപ്പില്ല

പൂര്‍വ കാല പ്രാബല്യത്തോടെ സമീകൃത ആഹാരം ?

ഉടമ:  ആ പൂതി വേണ്ട

‍പിന്നെ എന്ത് തരും ?(കോറസ്)

അഞ്ചു കൊല്ലത്തില്‍ ഒരിക്കൽ പൊട്ട ചട്ടി നിറയെ സമ്മതി ദാന അവകാശം ,,
കൂടുതൽ സമരം ചെയ്താൽ അതും തരില്ല,,,

സമരം വിജയിച്ച സന്തോഷത്തിൽ കഴുതക്കൂട്ടം പിന്നെയും പരക്കം പാഞ്ഞു

നൂറു നുറുകഥകൾ ആഗസ്റ്റ് 16 2019
85പേടികള്‍

 ഒടുക്കം ഉറുമ്പുകൾ തീക്കട്ടക്ക് മീതെ നടക്കാൻ തുടങ്ങി
തീക്കട്ട ഞെട്ടിത്തരിച്ച് ഉറുമ്പിനെ തുറിച്ചു നോക്കി
അന്ന് മൂവന്തിക്ക് തീക്കട്ടക്ക് പേടിപ്പനിയെന്നു പതം പറഞ്ഞ് ചരടു
ജപിക്കാനായി അടുപ്പ് അടുക്കള വിട്ടിറങ്ങി


നൂറു നുറുകഥകൾ ആഗസ്റ്റ് 17 2019

86സഹജീവി

സഹജീവികളെ സഹായിക്കേണ്ട  പാഠഭാഗം ആയിരുന്നു.

.പെട്ടെന്നാണ് കണ്ടത് മൂന്നാം ബെഞ്ചിലെ അമീൻ രണ്ടാം ബഞ്ചിലെ രൂപേഷിന്റെ
കണ്ണിലേക്ക് ഊതുന്നു...

ക്ലാസ്സില്‍ ശ്രദ്ധിക്കാതെ ഇരുന്നതിന് അവരെ കണക്കിന് ചീത്ത പറഞ്ഞപ്പോഴാണ്
പിന്‍ ബഞ്ചില്‍ നിന്നും അനിൽ

സാറേ . രൂപേഷിന്റെ കണ്ണില്‍ കരടു പെട്ടതാ...അമീൻ‍ ഊതി കൊടുത്തതാ...

മനസ്സിന്റെ മഹാനിഘണ്ടു വിലൂടെ സഹജീവിയുടെ അര്‍ഥം ഞാന്‍ തിരഞ്ഞു.


നൂറു നുറുകഥകൾ ആഗസ്റ്റ് 18 2019
87.ദാനം

അടിയന്  ഒരു പിടി മണ്ണ് തരുവാൻ  ദയവുണ്ടാകണം...അടിയന്റെ കുട്ടികള്‍ക്ക്
വാരി തിന്നാനും, മണ്ണപ്പം

ചുടാനും,  പിന്നെ..

മഹാബലി വിനീത വിധേയനായി വാമനന്‍ മുതലാളിയോട് ചോദിച്ചു

വാമനന്റെ കാല്‍ പിന്നെയും ഉയര്‍ന്നു.


നൂറു നുറുകഥകൾ ആഗസ്റ്റ് 19 2019

88 സ്മാരകങ്ങൾ

കുന്ന് തുരന്നുണ്ടാക്കിയവക്ക്

സിൽവർ ഹിൽസ് അപാർട്ട്മെൻറ്സ്

സിൽവർ ഹിൽസ് ഹൗസിങ്ങ് കോളനി

സിൽവർ ഹിൽസ് റിസോർട്സ്

സിൽവർ അമ്യൂസ്മെന്റ് പാർക്ക്

എന്നൊക്കെ പേരിടാമെങ്കിൽ നാട്ടിലെ വായനശാലക്ക് സ്ഥലം വിട്ടുനൽകിയയാൾ
മരിച്ചു പോയപ്പോൾ അദ്ദേഹത്തിന്റെ പേരിൽ വേലുക്കുറുപ്പ് സ്മാരക വായനശാല
എന്നാക്കിക്കൂടെ?? അതാണെന്റെ ചോദ്യം,,,

ചായ ഗ്ലാസ് മേശപ്പുറത്ത് ഇടിച്ചു വച്ച് മാധവേട്ടൻ ചർച്ചക്ക്
തുടക്കമിട്ടു, പതിവുപോലെ മൗനം ചായ ഗ്ലാസുകൾക്കുള്ളിൽ അലിയാതെ കിടന്നു


നൂറു നുറുകഥകൾ ആഗസ്റ്റ് 20 2019
89. നികുതി

കടുത്ത പട്ടിണിയായിരുന്നു കോരന്റെ കുടിലിൽ,,
അപ്പോഴാണ് നികുതി പിരിവിനായി മഹാരാജാവിന്റെ എഴുന്നള്ളത്ത്
ഉടുത്തമുണ്ട് വാരിച്ചുറ്റി കോരൻ രാജാവിനോട് സങ്കടമുണർത്തിച്ചു,,

രാജാവിന്റെയും കിങ്കരന്മാരുടെയും ലക്ഷ്യം തന്റെ ബാക്കിയുള്ള മുണ്ടാണെന്ന്
മനസിലാക്കിയ കോരൻ ഒട്ടിയ വയറിൽ മുണ്ട് മുറുക്കിയുടുത്ത് കുടിലിലേക്ക്
പാഞ്ഞുകയറി വാതിലടച്ചു.


നൂറു നുറുകഥകൾ ആഗസ്റ്റ് 21 2019
90 രമണം

കാനന ഛായയില്‍ ആടു മേയ്കാന്‍ കൂടെ വരട്ടെ എന്ന് ചോദിക്കേണ്ട താമസം രമണന്‍
ചന്ദ്രികയെ കൂടെ കൊണ്ടുപോയി....എല്ലാം കഴിഞ്ഞപ്പോള്‍ അവളെ മരതക
പച്ചിലക്കാട്ടില്‍ കിടക്ക വിരിച്ചു കിടത്തി രമണന്‍ ബസ്‌ സ്റ്റോപ്പ്‌
നോക്കി ധൃതിയില്‍ നടന്നു.

നൂറു നുറുകഥകൾ ആഗസ്റ്റ് 22 2019
91പണയം

അന്നാന്നത്തെ അപ്പത്തിനും മീനിനും വീഞ്ഞിനും പണം ഇല്ലാതായപ്പോഴാണ്
അയ്യപ്പന്‍ തന്റെ കവിതകളുള്ള കറുത്ത ഡയറി പലിശക്കാരന്‍ കുഞ്ഞു വറീതിനെ
പണയത്തില്‍ ഏല്‍പ്പിച്ചത്.
                പിന്നീടെപ്പോഴോ കടല പൊതിഞ്ഞു കിട്ടിയ പത്ര കടലാസില്‍
അയ്യപ്പന്‍ ഇങ്ങനെ വായിച്ചു  യുവ കവി കോട്ടയം കുഞ്ഞു വറിതിന്റെ പുതിയ
കവിതാ സമാഹാരം പണയം വച്ച കവിതകള്‍ സാഹിത്യ അകാദമി ഹാളില്‍ ഇന്ന്
സാംസ്കാരിക വകുപ്പ് മന്ത്രി പ്രകാശനം ചെയ്യുന്നു.

നൂറു നുറുകഥകൾ ആഗസ്റ്റ് 23 2019
92ആദർശം

സക്രിയമായ സർഗാത്മകമായ ക്യാമ്പസുകൾ ഉയർന്നുവരണം,,, ഡോക്ടർ എഞ്ചിനീയർ
എന്നു തുടങ്ങി തൊഴിലുകൾക്ക് വേണ്ടി മാത്രം നേടേണ്ടതല്ല വിദ്യാഭ്യാസം,,,
യുവത്വം വർത്തമാനകാല മൂല്യച്യുതികൾക്കെതിരെയുള്ള പോരാട്ടമാവണം,,, അവസാന
ശ്വാസം വരെ നമ്മുടെ മുദ്രാവാക്യം ഉയരണം,,,

നേതാവ് കത്തിക്കയറുന്നതിനിടെ പോക്കറ്റിൽ കിടന്ന ഫോൺ ചിണുങ്ങി,,,

കൺഗ്രാജുലേഷൻസ് മോളേ,,, എനിക്കറിയാമായിരുന്നു മോൾക്ക് എൻട്രൻസ്
കിട്ടുമെന്ന്,,,, ഞാനൊരു മീറ്റിങ്ങിലാണ് മോളേ,,,കഴിഞ്ഞിട്ട് വിളിക്കാം
,,,

മൈക്കിന് മുമ്പിൽ അപ്പോൾ മുദ്രാവാക്യങ്ങൾ ഗർജിച്ചു കൊണ്ട് പൊലീസ്
ബാരിക്കേഡ് മറിച്ചിടാൻ തുടങ്ങിയിരുന്നു,

നൂറു നുറുകഥകൾ ആഗസ്റ്റ് 24 2019
93വേര്

നാട്ടിന്‍പുറത്തെ വീടുവിട്ട് ടൌണില്‍ ഫ്ലാറ്റ് വാങ്ങിയത് ആദ്യം
എതിര്‍ത്തത് കുട്ടികള്‍ തന്നെ ആയിരുന്നു.
ഇരിക്കാന്‍ കൊമ്പില്ല കൂടാന്‍ കൂട്ടില്ല

ഒരു ദിവസം സ്കൂള്‍ വിട്ടു വരുമ്പോള്‍ പഴയ വീട് അവര്‍ പിഴുതുകൊണ്ട്
വന്നിരിക്കുന്നു. ഫ്ലാറ്റിന്റെ ഏഴം നിലയിലേക്ക് കപ്പിയും കയറും ഇട്ടു
അവരിപ്പോള്‍ വലിച്ചു കയറ്റുകയാണ് പഴയ വീടിനെ..
വീടിന്റെ വേര് മുറിഞ്ഞിട്ടുണ്ടോ എന്ന് ഞാന്‍ താഴെ നിന്നും നോക്കി. ആണി
വേരിന്റെ കൂര്‍പ്പ് കണ്ണില്‍ തട്ടിയപ്പോള്‍ ഞാന്‍ അറിയാതെ കണ്ണ്
തിരുമ്പി.


നൂറു നുറുകഥകൾ ആഗസ്റ്റ് 25 2019
94 കാലം

ഓണം വരികയല്ലേ,,വീടിന്നകത്തെ മുക്കിലും മൂലയിലും പ്ലാസ്റ്റിക് ചെടികൾ
പൂവോടെ വച്ച് സുന്ദരമാക്കി
മുറ്റത്തെ പുൽക്കൊടി പോലും ചെത്തിക്കോരി വൃത്തിയാക്കി
മതിലിന്റെ മറവിൽ വിരിയാൻ വെമ്പി നിന്ന മുക്കുറ്റി പേടിച്ച് ഉണങ്ങിപ്പോയി,


നൂറു നുറുകഥകൾ ആഗസ്റ്റ് 26 2019
95 ഇൻബോക്സ്

ഇയർഫോണിൽ പാട്ടും കേട്ട് നടന്നു പോകുകയായിരുന്ന
അവനോട് അവൾ ചോദിച്ചു

റീച്ചാർജുണ്ടോ???

അവളുടെ നമ്പറിൽ റീചാർജ് ചെയ്യാൻ അവന് തിടുക്കമായി..

ടവറിന് മുകളിലേക്ക് ചൂണ്ടി അവൾ ചോദിച്ചു

അവിടെ നല്ല റേഞ്ചുണ്ട്,
സെൽഫിയെടുക്കാനും കൊള്ളാം വരുന്നോ???

അവൻ അവൾക്കൊപ്പം കയറിക്കയറിപ്പോയി

ഊരി വീണ ഇയർഫോൺ വള്ളിയും ഡിസ്പ്ലേയിൽ ചിലന്തിവല കെട്ടിയ ഫോണും പിറ്റെന്ന്
അവന്റെ അടയാളമായി.

നൂറു നുറുകഥകൾ ആഗസ്റ്റ് 27 2019
96 ഗാര്‍ഹസ്ഥ്യം

ഒന്നാം നിലയിൽ നിന്നും
രണ്ടാം നിലയിൽ ഓൺലൈനിലായിരുന്ന
ഭര്‍ത്താവിന് ഭാര്യ വാട്സാപ്പിൽ എഴുതി

കുളിക്കാന്‍ സോപ്പ് ഒന്ന്, അലക്കണത് രണ്ട്, ചായക്ക് തിന്നാന്‍
എന്തെങ്കിലും, കടുക് നൂറ്, കൂറച്ചോക്ക ഒന്ന് ,

പിന്നെ ? അയാൾ കണ്ണു തള്ളിയ ഒരു ഇമോജി തിരിച്ചയച്ചു,,

പപ്പടം കിട്ടിയാല്‍ അരക്കെട്ട് , മീന്‍ കിട്ടുമോ ?
കുട്ടിക്ക് പനിയാണ്

ഭര്‍ത്താവ് അതിനടിയില്‍ കമന്റ്‌ ഇട്ടു......

"ഉച്ച കഴിഞ്ഞു നോക്കാം."

ഭാര്യ കൂപ്പുകൈയ്യുടെ ഒരു ഇമോജികൂടി അയച്ചതോടെ വീട് ഓഫ് ലൈനായി

നൂറു നുറുകഥകൾ ആഗസ്റ്റ് 28 2019
97ജൈവം

വിത്തിനെത്തന്നെ കീടനാശിനിയിൽ മുക്കിയെടുത്തു, നിലമൊരുക്കുമ്പോൾ വിഷം
ചേർത്തു കുഴച്ചു, പൂത്തപ്പോൾ കായ്ചപ്പോൾ വിഷം കൊണ്ട് അഭിഷേകം ചെയ്തു,

അവസാനം നഗരത്തിലെയൊരു ഷോപ്പിങ്ങ് മാൾ തോട്ടം മൊത്തം വിലക്കു വാങ്ങിക്കൊണ്ടുപോയി

പിറ്റേന്ന് അതേ മാളിൽ നിന്ന് ഞാനും തീവിലക്ക് വാങ്ങി

തികച്ചും ജൈവ രീതിയിൽ കൃഷി ചെയ്ത ആരോഗ്യദായകവും പോഷക സമ്പുഷ്ടവും
പരിസ്ഥിതി സൗഹാർദ്ദ പരവുമായ രണ്ടു കിലോ ജൈവ പച്ചക്കറി,,

98.നൂറു നുറുകഥകൾ ആഗസ്റ്റ് 29 2019

തിരുത്ത്

മിണ്ടാതിരിക്കുക അല്ലങ്കിൽ മരിക്കുക

അധികാരം എന്റെ ജന്മാവകാശമാണ്

നിങ്ങളെനിക്കു പണം തരൂ
ഞാൻ നിങ്ങളെ വഴിയാധാരമാക്കാം

തിരുത്തിയെഴുതാൻ ഗുമസ്തന്മാർക്ക് അടിയന്തിര നിയമനം,,പഴയതൊക്കെയും
ചുരുട്ടിയിടാൻ ചവറ്റുകുട്ടകൾക്ക് രാജ്യാന്തര ടെണ്ടറും,,


നൂറുനുറുകഥകൾ  ആഗസ്റ്റ് 30 2019
99.അനിവാര്യം


ഇൻഡസ്ട്രിയൽ എസ് സ്റ്റേറ്റ് എന്നു വളച്ചുകെട്ടിയ ആ വൻകരയിൽ പുതിയ ഒരു
സ്ഥാപനം തുറന്നു

പ്രായഭേദമന്യേ എല്ലാവർക്കും അവസരം
ആധാർ കാർഡ് സഹിതം അപേക്ഷ സമർപ്പിക്കുക
പരിശീലനം തൃപ്തികരമല്ലെങ്കിൽ
100 ശതമാനം മണിബാക്ക് ഗ്യാരണ്ടി

ഇതുവരെ ചേർന്ന എല്ലാവരും വിജയിച്ച സ്ഥാപനം,, ഇന്നോ നാളെയോ തന്നെ
എല്ലാവരും തന്നെ പരിശീലിക്കേണ്ട കോഴ്സ്
ഒരു ലോകോത്തര സ്ഥാപനം, മറ്റെവിടെയും ബ്രാഞ്ചുകളില്ല,,

ആത്മഹത്യാപരിശീലന കേന്ദ്രം
എല്ലാതരം ആത്മഹത്യകളും പരിശീലിപ്പിച്ചു കൊടുക്കപ്പെടും

നൂറു നുറു കഥകൾ ആഗസ്റ്റ് 31 2019
100.പകരം

സമ്പത്ത് കാലത്ത് തൈ കുറെ വച്ചിരുന്നു
സ്വാർത്ഥതയുടെ വടവൃക്ഷം അഹങ്കാരത്തിന്റെ മുള്ളുവള്ളി
പൊങ്ങച്ചത്തിന്റെ കുറ്റിച്ചെടികൾ ആപത്തു കാലത്ത് പറിച്ചുതിന്നാൻ
ചെന്നപ്പോൾ ചങ്ക് പൊള്ളുന്നു,, തൊടി മുഴുവൻ പടർന്ന തീക്കായകൾ,


നൂറു നുറുകഥകൾ സെപ്റ്റംബർ 1 2019
101അമ്പംബ്ലി

ചടങ്ങുകൾ പുരോഗമിക്കുകയായിരുന്നു,, ലീഡർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു തുടങ്ങി
പെട്ടെന്ന് ഹോൺ മുഴക്കിക്കൊണ്ടു വന്ന വാഹനം ഗ്രൗണ്ടിൽ വന്നു
ബ്രേക്കിട്ടു, അതിൽ നിന്നും ധൃതി പിടിച്ചൊരാൾ വന്ന് പ്രധാനാധ്യാപികക്ക്
ഒരു കടലാസ് കൈമാറി,,
ലീഡറുടെ കയ്യിൽ നിന്നും മൈക്ക് വാങ്ങി പ്രധാനാധ്യാപിക കടലാസ്
ഇടറിക്കൊണ്ടു വായിച്ചു,,

നിങ്ങളിൽ ഭൂരിഭാഗം പേർക്കും പൗരത്വം നഷ്ടപ്പെട്ടിരിക്കുന്നതിനാൽ,,,,

ഇനി ഏതു രാജ്യത്തിന്റെ പ്രതിജ്ഞ ചൊല്ലണമെന്നറിയാതെ എല്ലാരും ഉഴറി
നിൽക്കുന്നതിനിടെ അടുത്ത സ്കൂൾ ലക്ഷ്യമാക്കി വാഹനം പൊടിയുയർത്തി കുതിച്ചു

നുറു നുറുകഥകൾ സെപ്റ്റംബര്‍ 2 2019
102 ബജറ്റ്

രാജ്യത്തെല്ലാവർക്കും ഓരോ പേന നൽകാൻ മുൻ സർക്കാർ ഫണ്ട് വച്ചിരുന്നു,,
തിരഞ്ഞെടുപ്പിന് ശേഷം പുതിയ സർക്കാർ പദ്ധതി ഭേദഗതികളോടെ നടപ്പാക്കാൻ
തീരുമാനിച്ചു,,

അതിർത്തി പ്രശ്നം രൂക്ഷമായതിനാൽ പേനക്കു പകരം പേനാക്കത്തിക്കായി ബജറ്റ്
വിഹിതമെന്നു മാത്രം,,

ആഗോള സൂചികയിൽ രാജ്യം ആകാശം മുട്ടിയപ്പോൾ സന്തോഷം കൊണ്ട് പ്രജകൾ
തമ്മിൽക്കുത്തി മരിച്ചു

നൂറു നുറുകഥകൾ സെപ്റ്റംബർ 3  2019
103 എക്സാം

ഗ്രാൻഡ്മ മരണാസന്നയാണ് ഇടക്കിടക്ക് വെള്ളം വെള്ളം എന്ന് പറയുകയാണ്.
മക്കളുടെ മുഖം കറുക്കുകയാണ്
പേരക്കുട്ടി തിരുത്തുകയാണ്

ആളുകൾ കേട്ടാൽ ഷേം ആവും,,,വാട്ടർ എന്ന് പറയൂ ഗ്രാൻഡ്‌മ

വാട്ടർ,,, വാട്ടർ,,

ഗ്രാൻഡ്‌മ മരിക്കുകയാണ്, എക്സാം ജയിക്കുകയാണ്,


നൂറു നുറുകഥകൾ സെപ്റ്റംബർ 4 2019
104കോരളം

ആ ദേശമൊട്ടുക്കും കുമ്പിളിൽ കഞ്ഞി കുടിച്ചിരുന്ന കോരന്മാർ
മാത്രമായിരുന്നു... അവർ സ്വപ്നങ്ങൾ കൊണ്ട് പൂവിടുകയും
വിയർപ്പിനെ ആരാധിക്കുകയും പ്രതീക്ഷകളെ പൂജിക്കുകയും ചെയ്ത ഉത്സവമായിരുന്നു ഓണം

കോരന്റെ അള മായിരുന്നു കോരളം...

പിന്നീടെപ്പോഴോ ചരിത്ര പുസ്തകങ്ങളിൽ കടന്നു കൂടിയ അച്ചടിപ്പിശകാണതിനെ
കേരളം എന്നാക്കിയതും
കോരനെ ആവാഹിച്ചു പഴഞ്ചൊല്ലിൽ കുടിയിരുത്തിയതും,

നൂറു നുറുകഥകൾ സെപ്റ്റംബർ 5 2019
105 ശ്മശാനം

ഓര്‍മകളുടെ ശവ മഞ്ചവുമായി എത്തിയ ഒരാള്‍ എന്നോട് ചോദിച്ചു.

ഇവിടെ അടുത്തെവിടെയാണ് ശ്മശാനം ഉള്ളത് ?

ഞാന്‍ എന്റെ തന്നെ നെഞ്ച് ചൂണ്ടി കാട്ടി
ഏറ്റവും വിശാലമായ ശമാശാനം കണ്ടിട്ടാവണം അയാള്‍ മഞ്ചം ഇറക്കി

ശിവപ്രസാദ് പാലോട്