2013, ജനുവരി 31, വ്യാഴാഴ്‌ച


അഞ്ചാം മലയിലെ ജല ചിന്തകള്‍


                (പാവ്ലോ കൊയ്ലോവിന്റെ ഫിഫ്ത് മൌണ്ടന്‍ എന്ന നോവലിന്റെ ഒരു ജലവായന )

പാവ്ലോ കൊയ്ലോവിന്റെ ഫിഫ്ത് മൌണ്ടന്‍ എന്ന പ്രശസ്ത നോവല്‍ ജലം പ്രമേയം ആക്കിയ രചനകളുടെ ഗണത്തില്‍ പെടുത്താന്‍ കഴിയില്ല .പക്ഷെ മറ്റേതൊരു എഴുത്തുകാരനെക്കാളുമധികം ജല സംബന്ധിയായ പ്രവചനങ്ങള്‍ ,വെളിപാടുകള്‍ എന്നിവ കൃതിയില്‍ ഉടനീളം കടന്നു വരുന്നു. അങ്ങിനെ വരികള്‍ക്കിടയിലുള്ള വായനയില്‍ ,ജലം നോവലിന്റെ ഭൂമികയില്‍ നിറയുന്നു. അഥവാ അനുവാചകന് മുന്‍പില്‍ പ്രവചനാത്മകമായ ഒരു ജലവായനക്ക് നോവല്‍ വേദി ഒരുക്കുന്നു.ലോകത്തിലെ ഏറ്റവും വായിക്കപ്പെടുന്ന ഈ ബ്രസീലിയന്‍ നോവലിസ്റ്റ് പറയാതെ പറയുന്നിടത്താണ് വെള്ളം സംബംന്ധിച്ചു ആഗോളതലത്തില്‍ തന്നെയുള്ള വ്യാകുലതകള്‍ ഉള്ളത്.വേറൊരു തരത്തില്‍ വ്യാകുലതകള്‍ക്കും വെള്ളത്തിനും ലോകത്ത്‌ എല്ലായിടത്തും ഒരേ ഭാഷ തന്നെ .

നോവലിന്റെ കേന്ദ്ര കഥാപാത്രമായ ഏലിയാ നടത്തുന്ന പലായനത്തിന്റെ ആദ്യഘട്ടത്തില്‍ അയാള്‍ക്ക്‌ മുമ്പേ കാണുന്ന ദൃശ്യങ്ങളിലൂടെ തന്റെ ആദ്യ ആശങ്ക പാവ്ലോ ഇങ്ങനെ പറഞ്ഞു വക്കുന്നു.
"കണ്‍ മുമ്പില്‍ ഉയര്‍ന്നു നില്‍ക്കുന്ന മലനിരകള്‍ അയാള്‍ കണ്ടു.താമസിയാതെ കഠിനം ആയൊരു വരള്‍ച്ചയുടെ പിടിയില്‍ അമരാന്‍ പോകുന്ന ഭൂമി.ഇപ്പോള്‍ മണ്ണില്‍ നാണവും കുളിരും ഉണ്ട്. ഇത്രയും കാലം പെയ്തു കൂട്ടിയ മഴയുടെ കാരുണ്യം.ചെരിത്ത് നദിയില്‍ തെളിനീര്‍ നിറഞ്ഞൊഴുകുന്നു .അധികം കഴിയും മുമ്പേ ഈ ഒഴുക്ക് നിലക്കും.പുഴ പാടെ വറ്റി വരണ്ടു പോകും." കാലദേശങ്ങള്‍ക്കപ്പുറം കേരളീയ പശ്ചാത്തലത്തിലും ഏതൊരാള്‍ക്കും തോന്നി പോകാവുന്ന അത്യാശങ്കകളില്‍ ഒന്നാണ് ഇവിടെ പങ്കു വയ്ക്കപ്പെടുന്നത്.അടുത്ത അധ്യായത്തില്‍ തന്നെ ഒരു പുഴയെ പറ്റി പറയാവുന്നതില്‍ ഏറ്റവും അധികം പറഞ്ഞു പോവുകയാണ് നോവലിസ്റ്റ്.

"അടുത്ത ദിവസം എലിയ ഉറക്കം ഉണര്‍ന്നു ചെരിത്ത് നദിയിലേക്ക് നോക്കി.നാളെ അല്ലെങ്കില്‍ ഒരു വര്‍ഷത്തിനു ശേഷം അത് പൊടിമണ്ണിന്റെയും മിനുത്ത കല്ലുകളുടെയും ഒരു ഷ്യ മാത്രം ആകും.വറ്റി വരണ്ടുകിടക്കുന്ന അരുവിയിലെ പൊടിമണ്ണും ഉരുളന്‍ കല്ലുകളും കണ്ടു അവര്‍ സ്വയം പറയും ..പണ്ട് ഇതിലെ ഒരു പുഴ ഒഴുകിയിരുന്നു എന്ന് തോന്നുന്നു.ഒരു പുഴയെ സംബന്ധിച്ചിടത്തോളം അതിലെ നീരൊഴുക്ക് ആണല്ലോ സര്‍വ പ്രധാനം.അവരുടെ ദാഹം തീര്‍ക്കാന്‍ അതുമാത്രം അവിടെ ഉണ്ടാവില്ല "

നദികള്‍ക്കും ചെടികള്‍ക്കുമെന്നപോലെ, ആത്മാക്കള്‍ക്കും വ്യത്യസ്തമായ ഒരു മഴ ആവശ്യം ആയിരുന്നു .ഇത് കിട്ടാതെ വന്നാല്‍ ആത്മാവിനകത്തെ സര്‍വ്വവും കെട്ട് പോകും .അത് ചൂണ്ടി ജനങ്ങള്‍ പറയും ഈ ശരീരത്തില്‍ പണ്ടെപ്പോഴോ ഒരു മനുഷ്യന്‍ ഉണ്ടായിരുന്നു.വെള്ളവും മനുഷ്യനും തമ്മിലുള്ള താരതമ്യപ്പെടുത്തലിലൂടെ അവയുടെ പരസ്പര പൂരകത്വം വെളിവാക്കുക ആണിവിടെ .പല നദികളും അമിത ചൂഷണത്തിനു വിധേയമായി മരണശയ്യയില്‍ ആണെന്ന തിരിച്ചറിവിന്റെ നടുവില്‍ ആണ് ഫിഫ്ത് മൌണ്ടന്‍ എന്ന നോവലിന്റെ ജലവായനക്ക് പ്രസക്തി ഏറുന്നത്.

തികച്ചും പ്രവചന സ്വഭാവത്തില്‍ ഉള്ള അടുത്ത ഭാഗം ഇങ്ങിനെ ആണ്.:ജലത്തിന്റെതായ ഒരു അധിദേവത ഉണ്ടെങ്കില്‍ വിളിച്ചു പറഞ്ഞേനെ "അരുവീ ഒഴുകാന്‍ കുറേക്കൂടി നല്ല ഒരു സ്ഥലം വേഗം കണ്ടുപിടിച്ചോളൂ. സൂര്യന്റെ ശോഭയാര്‍ന്ന പ്രതിബിംബവും വഹിച്ചു കൊണ്ട് നിനക്കിനിയും ഒഴുകണ്ടേ ? ഈ മരുഭൂമി ഒരു നാള്‍ നിന്നെ വറ്റിച്ചു കളയാന്‍ പോവുകയാണ്. ചെടികളെ നിങ്ങളുടെ വിത്തുകള്‍ വളരെ അകലെ എങ്ങോട്ടെങ്കിലും പരത്തി വിടൂ. അവിടെ നനവാര്‍ന്ന പശിമയാര്‍ന്ന മണ്ണില്‍ നിങ്ങള്‍ക്ക് ഭംഗിയില്‍ വളരാം." ഇവിടെ പാല്വോ ചൂണ്ടിക്കാണിക്കുന്ന മരുഭൂമി ലോക മനുഷ്യന്റെ മനസ്സെന്ന മരുഭൂമി തന്നെ. ചിന്ത കൊണ്ടും പ്രവൃത്തി കൊണ്ടും ഭൂമിയിലെ അവസാന തുള്ളി വെള്ളത്തെയും വറ്റിക്കുന്ന ആത്മഹത്യാപരമായ മനസ്സെന്ന മരുഭൂമി തന്നെ.

സരാഫത്ത്തില്‍ കണ്ടു മുട്ടുന്ന സ്ത്രീയോട് എലിയായുടെ ദൈവ സഹായത്തോടെ ഉള്ള അഭ്യര്‍ത്ഥന ഇപ്രകാരം ദൈവം ഭൂമിയില്‍ മഴ പെയ്യിക്കുന്നത് വരെ കാലത്തിലെ മാവും ഭരണിയിലെ എണ്ണയും തീരുന്നില്ല ...
നോവലിന്റെ രണ്ടാം ഭാഗത്ത് അക്ബര്‍ എന്ന പട്ടണം ശത്രുസേന ആക്രമിക്കാന്‍ ഒരുങ്ങുന്ന രംഗമുണ്ട്. അക്ബറിലെ ഗവര്‍ണറുടെ ആധി ഇപ്രകാരം ആണ്. ഇത്രയും വലിയ ഒരു സൈന്യത്തിനു വേണ്ടത്ര വെള്ളം കൊടുക്കേണ്ടിവന്നാല്‍ നാട് മുടിഞ്ഞത് തന്നെ ..ഇനിയൊരു ലോകമഹായുദ്ധം ഉണ്ടാവുകയാണെങ്കില്‍ അത് ജലത്തിനു വേണ്ടി ആകും എന്ന ആഗോള വ്യാകുലത നോവലില്‍ ഉണ്ട്. വെള്ളത്തിനു വേണ്ടി വരുന്ന യുദ്ധത്തെ നോവലിസ്റ്റ് മുന്‍കൂട്ടി കാണുന്നു .പട്ടണാതിര്‍ത്തിക്കകത്ത് ധാരാളം വെള്ളം ഉള്ള ഒരു കിണര്‍ ഉണ്ട്.അതിന്മേലാണ് ശത്രുവിന്റെ കണ്ണ്. സമീപ പ്രദേശത്തൊന്നും വേറെ കിണര്‍ ഇല്ല. ദിവസങ്ങളോളം നടന്നാലെ അടുത്ത കിണര്‍ കാണാന്‍ കഴിയൂ എന്നിങ്ങനെ ഉള്ള വാക്കുകള്‍ വരാന്‍ പോകുന്ന ജലയുദ്ധത്തിന്റെ കൊടിയടയാളങ്ങള്‍ മാത്രം .ലോകത്തിലെ ഏതു അധിനിവേശപ്രദേശത്തും ചൂഷിതര്‍ മര്‍ദ്ദകരോടു ചോദിക്കുന്ന ഒരു ചോദ്യം നോവലില്‍ ജലശബ്ദമായി ഉയരുന്നു. അവര്‍ നമ്മുടെവെള്ളം എന്ത് അടിസ്ഥാനത്തിലാണ് ആവശ്യപ്പെടുന്നത് ? നിലനില്‍പ്പിന് വേണ്ടി ഓരോ ഭൂപ്രദേശത്തെയും വെള്ളം അവനവന്റെ സ്വത്തായി നെഞ്ചില്‍ ഏറ്റെടുക്കേണ്ടതുണ്ട്. ജല മുദ്രാവാക്യമാണ് ഈ വാക്കുകള്‍. ഇവിടെയാണ്‌ ഉള്ളു തുറക്കുന്ന മറൊരു ആത്മഗതം .എന്തെല്ലാം ഉണ്ടായാലും വെള്ളം ഇല്ലാതെ പറ്റുമോ ? ഭൂമിയെ മൊത്തം ജയിച്ചു നില്‍ക്കുന്ന മനുഷ്യന് മുമ്പില്‍ തന്റെ എല്ലാ പാപ്പരത്തവും വെളിപ്പെടുത്തുന്ന ചോദ്യം ആണിത്.

ആസന്നമായ അസ്സീറിയ അക്ബര്‍ യുദ്ധത്തിന്റെ സന്നാഹത്തിനു ഇടയില്‍ എലീയായുടെ സഹായി ആയ വിധവയുടെ മകന്‍ ചോദിക്കുന്നു."അമ്മെ ഇത്തിരി വെള്ളം " കുട്ടി വെള്ളത്തിനായി കൈനീട്ടി. കുടത്തില്‍ ഒരു തുള്ളി പോലും വെള്ളം ഉണ്ടായിരുന്നില്ല .ഇത് പുലര്‍ച്ചെ കാണുന്ന സ്വപ്നം പോലെ ഫലസിദ്ധി ഉള്ള വാക്കുകള്‍ ആണ് .ഊഷരമായ വരുംകാല ചിത്രം.
ഗ്രാമത്തിലെ ഒരു കിണറ്റിന്‍ കര. പരദൂഷണവും നാട്ടു വര്‍ത്തമാനവും നിഷ്കളങ്കത ചൊരിയുന്ന ഗ്രാമീണമായ ഒരിടം നോവലില്‍ ഉണ്ട് ."എലീയായും ,കുട്ടിയും കിണറ്റിന്‍ കരയില്‍ ചെന്ന്. രണ്ടു കുടം വെള്ളം നിറച്ചു. സാധാരണ അവിടെ നല്ല തിരക്ക് പതിവ് ഉണ്ട് .തുണി അലക്കാനും ചായം മുക്കാനും വരുന്ന സ്ത്രീകള്‍ നാട്ടു വര്‍ത്തമാനങ്ങള്‍ കൈമാറുന്നത് ഇവിടെ ആണ്. അവിടെ രഹസ്യങ്ങള്‍ ഒന്നും ഇല്ല .എല്ലാം പരസ്യം തന്നെ .കച്ചവട കാര്യങ്ങള്‍ ,കുടുംബ വര്‍ത്തമാനങ്ങള്‍ അയല്‍ക്കാരുടെ തര്‍ക്കങ്ങള്‍ നാട് വാഴുന്നവരുടെ അരമന രഹസ്യങ്ങള്‍ ,ഒക്കെയും അവിടെ സംസാര വിഷയം ആണ് " ഈ ഭാഗം വായിക്കുമ്പോള്‍ അറിയാതെ കേരളക്കരയിലെ ഉള്‍നാടന്‍ ഗ്രാമത്തിലെ ഒരു കിണറ്റിന്‍കരയിലേക്ക് നമ്മള്‍ എത്തും. കൊതിപ്പിച്ചു ഗൃഹാതുരത്വത്തിലേക്ക് ആഴ്ത്തുന്ന ഓര്‍മകളിലേക്ക് ആകും വായനക്കാരുടെ മനസ്സ് ഊളിയിട്ടു പോകുക .ഇനി ഒരിക്കലും തിരിച്ചു വരാത്ത ജലകാലം.അക്ബറില്‍ നിന്ന് പ്രജാജിതനായ എലീയ ദൈവത്തോട് കേഴുന്നതും ജലീയമായ ഒരു സ്വപനം പോലെ "വസന്തവും ഹേമന്തവും വര്‍ഷവും ഇടിമിന്നലും വന്നെത്തിനോക്കിയതിന്റെ പിന്നാലെ ഒരായിരം രൂപഭേദങ്ങളോടെ മേഘങ്ങള്‍ ഒഴുകി നീങ്ങുന്നു. നദിയിലെ ജലത്തിന്റെ അനസ്യൂതമായ പ്രവാഹം. മരണാസന്നനായ എലിയായുടെ കാമുകി ആയ വിധവയുടെ അന്ത്യ മൊഴി ഇപ്രകാരം ആണ് "നിങ്ങള്‍ കാലുറപ്പിച്ച ഭൂമി ദാഹം തീര്‍ക്കാന്‍ ചെല്ലുന്ന കിണര്‍ എല്ലാറ്റിലും ഞാന്‍ ഉണ്ടാകും..ദുഖിക്കേണ്ട കാര്യം ഇല്ല "ദാഹം തീര്‍ക്കുന്ന വെള്ളത്തില്‍ ചിരം അലിഞ്ഞു നില്‍ക്കുന്ന പ്രണയ ഭാഷ്യം ആണ് ഇവിടെ പുഷ്കലമാകുന്നത് .
അക്ബറിലെ യുദ്ധത്തിന്റെ സൂത്രധാരന്‍ തന്നെ ആയ പുരോഹിതന്‍ കിടക്കുമ്പോള്‍ എലീയയോടു പറയുന്നത് ജലത്തിന്റെ നശ്വരതെയെ പറ്റിമാത്രം ആണ് .ഉല്‍പ്പത്തി മുതല്‍ അന്ത്യം വരെ സകല ചരാചരങ്ങള്‍ക്കും അവകാശപ്പെട്ട വെള്ളത്തിന്റെ നശ്വരതയെ പറ്റി തന്നെ "ഒരു നഗരത്തിനും മരണം ഇല്ല .മരിക്കുന്നത് അവിടത്തെ ജനങ്ങള്‍ ആണ്. അവരില്‍ നിന്നും ഉരുത്തിരിയുന്ന ആശയങ്ങള്‍ ആണ് .ഒരു ദിവസം മറ്റൊരു കൂട്ടം ആളുകള്‍ ഈ പട്ടണത്തിലേക്ക് കടന്നു വരും.ഇവിടത്തെ വെള്ളം കുടിക്കും " പ്രത്യാശയുടെ ചില കണങ്ങളും നോവലില്‍ പങ്കു വയ്ക്കുന്നുണ്ട്. വീട്ടിലേക്കു യാചകരെപ്പോലെ കടന്നു വരുന്ന പുരുഷനോടും കുട്ടിയോടും വീട്ടുകാരി പറയുന്നത് ഇങ്ങിനെ "ഇവിടെ കാശൊന്നും ഇരിപ്പില്ല ..വേണമെങ്കില്‍ കുടിക്കാന്‍ വെള്ളം തരാം. കാശ് കൊടുത്താല്‍ പോലും വെള്ളം കിട്ടാത്ത കാലത്ത് ഈ വിപരീത ധ്വനി കറുത്ത ഹാസ്യം ആകുന്നുണ്ട്.പ്രത്യാശയുടെ നന്മ "പ്രകൃതി ഒരു വിത്തിനെ തൈ ആക്കി മാറ്റുന്നു ..ഭൂമി ആ തൈയ്യിനെ വളര്‍ത്തി മരം ആക്കുന്നു ..എന്ന വരികളില്‍ കൂടി പാവ്ലോ വരച്ചു കാട്ടുന്നു. ഫിഫ്ത് മൌണ്ടന്‍ന്‍റെ മുഖ്യ പ്രമേയം ജലം അല്ലെങ്കില്‍ കൂടി മുഖ്യം ആയതിനോപ്പം ഒളിഞ്ഞു കിടന്ന ജല ദര്‍ശനങ്ങള്‍ ആണ് പുനര്‍ വായനക്കു എടുക്കേണ്ടത് .പാവ്ലോയുടെ വാക്കുകളില്‍ "മനുഷ്യന്‍ സ്വന്തം വിധി തന്നെ തിരഞ്ഞെടുക്കുയാണ് വേണ്ടത്.അല്ലാതെ സ്വീകരിക്കുകയല്ല വേണ്ടത് ."ജലത്തിന്റെ കാര്യത്തില്‍ നാം സ്വീകരിച്ചു കാണുന്ന നയങ്ങള്‍ ആണ് തിരഞ്ഞെടുക്കപ്പെടേണ്ടത് .ജലത്തിന്റെ അമിത ചൂഷണം ,മലിനീകരണം എന്നിവയില്‍ കൂടിയും,വന നശീകരണം, ആഗോളതാപനം എന്നിവയില്‍ കൂടിയും "ജലം ഇല്ലാതാകുന്ന ദുര്‍വിധി നാം തിരഞ്ഞെടുക്കുകയാണോ ചെയ്യുന്നത് എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു .അങ്ങിനെ ആണെങ്കില്‍ സര്‍വ്വനാശത്തിനെ അതിനു പിന്നാലെ സ്വീകരിക്കുകയും വേണ്ടി വരും .ഭൂമിയുടെ തന്നെ നാശം.
കലാ സൃഷ്ടികള്‍ക്ക് എല്ലാം തന്നെ പ്രവചന സ്വഭാവങ്ങള്‍ ഉണ്ട്.പലപ്പോഴും അറം പറ്റുന്നവ .എഴുത്തുകാരെല്ലാം തന്നെ താന്താങ്ങളുടെ ലോകത്തെ പറ്റിയുള്ള ആകുലതകള്‍ ; വരികള്‍ക്കിടയില്‍ ഒളിപ്പിച്ചു വക്കുകയും ചെയ്യുന്നുണ്ട്. രചനകളെ ഒരു പക്ഷെ ഇത്തരം "ഒളിപ്പിക്കലില്‍ ആണ് നാം വായിച്ചെടുക്കേണ്ടതും.ജലീയം ആയ ഒരു പുനര്‍ വായനക്ക് വായനാക്കാരന് മുമ്പില്‍ ഉയര്‍ന്നു നില്‍ക്കുക ആണ് പാവ്ലോയുടെ ഫിഫ്ത് മൌണ്ടന്‍ .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ