2013, മാർച്ച് 29, വെള്ളിയാഴ്‌ച

              ആവേശ വട്ടമിട്ട് ചവിട്ടുകളി 


                                  വള്ളുവനാടന്‍ ഉത്സവ വേദികളില്‍ വേനല്‍ ചൂടിനെ മറികടന്നുള്ള ആരവമാണ് ചവിട്ടുകളിയുടെത് .അന്നും ഇന്നും പൂരപ്പറമ്പില്‍ ചവിട്ടുകളി ഉണ്ടെങ്കില്‍ പൂരത്തിന് ആളു കൂടും .കൊഴുപ്പു കൂടും .പാടത്ത് പണിയെടുക്കുന്ന അടിസ്ഥാന വര്‍ഗജനങ്ങളുടെ സര്‍ഗാത്മകതയുടെ തുറന്ന വേദിയാണ് ചവിട്ടു കളി .ഇന്നലെ തങ്ങള്‍ തന്നെ ഉഴുകയും വിതക്കുകയും കൊയ്യുകയും ചെയ്ത അതേ പാടങ്ങളില്‍ തന്നെയാണ് പൂരത്തലെന്നും പിറ്റേന്നും ചവിട്ടുകളി നടത്തുന്നത് എന്നുള്ളത് കളിയുടെ കാര്‍ഷിക ഭാഷ്യം .പൗരാണികതയും പാരമ്പര്യവും ഒന്നിക്കുന്ന ഈ കലാരൂപത്തിന് കൃഷി ജോലി ചെയ്തു വന്നിരുന്ന സമുദായക്കാര്‍ പ്രചരിപ്പിച്ചിരുന്നത് എന്നതിനാല്‍ ചെറുമക്കളി എന്നും പേരുണ്ട് .അപ്പപ്പോള്‍ കെട്ടിയുണ്ടാക്കുന്ന പാട്ടുകളും തനത് കാല്‍ ചുവടുകളും കയ്യടികളും വായ്ത്താരികളും ഉള്ള ഈ കലയുടെ പകര്‍ച്ച ഇന്നും വാമൊഴിയിലൂടെ തന്നെ .എല്ലാ പ്രായത്തിലും പെട്ട പുരുഷന്മാര്‍ സ്ത്രീകള്‍ കുട്ടികള്‍ എന്നിവര്‍ക്കെല്ലാം പങ്കെടുക്കാം .ചവിട്ടുകളിയില്‍ ആണുങ്ങള്‍ പങ്കെടുക്കുന്ന ആണ്കളിയും സ്ത്രീകള്‍ പങ്കെടുക്കുന്ന പെണ്‍കളിയും പ്രചാരത്തിലുണ്ട് .കീഴാള ജനതയുടെ വിനോദം എന്നതിലുപരി ആത്മപ്രകാശനത്തിനുള്ള വേദിയാണ് ചവിട്ടുകളിയുടെത് .സംഘശക്തിയുടെ ബഹിര്‍സ്ഫുരണം .വരേണ്യ വര്‍ഗത്തിന്റെ പാട്ടിനും നൃത്തത്തിനും ഉള്ള ഗ്രാമീണ ഭാഷ്യം ,അധ്വാനിക്കുന്നവന്റെ ഉള്ളിലെ അടങ്ങാത്ത സര്‍ഗ വിസ്ഫോടനം എന്നൊക്കെ ചവിട്ടുകളിയെ വിശേഷിപ്പിക്കാം

                         കളി കുറിച്ചാല്‍ പിന്നെ നല്ല പാട്ടുകാര്‍ക്കും കളിക്കാര്‍ക്കും പിന്നെ മറൊരു ചിന്തയില്ല .ഓരോ ദേശക്കാര്‍ക്കും സ്വന്തമായി കളി കൂടായ്മയും അതില്‍ ഗുരുവന്‍ എന്ന കാരണവര്‍ സ്ഥാനത്തുള്ള പ്രായമേറിയ ഒരാള്‍ നേതൃത്വത്തിനും ഉണ്ടാകും .ഇദ്ദേഹത്തിന്റെ കീഴിലാണ് മറ്റുകളിക്കാര്‍ .കളിക്ക് പങ്കെടുക്കുന്നവരെ കളിമാക്കള്‍ എന്നാണു പറയുന്നത് ചവിട്ടുകളി നടത്തുന്ന സ്ഥലത്തിനു കളിവട്ടം എന്ന് പറയും .നടുക്ക് നിലവിളക്ക് കൊളുത്തി വച്ചിരിക്കും .രണ്ടു ദേശക്കാര്‍ ആണ് ഒരു സമയത്തെ കളിയില്‍ പങ്കെടുക്കുക.രണ്ടു സംഘത്തിലെയും കളിക്കാര്‍ തോളോട് തോള്‍ ചേര്‍ന്ന് നിന്നാല്‍ കളിവട്ടം ആയി .ഏതു ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള പൂരം ആണോ ആ ദേവതയും ഭൂമിയും കളി പഠിപ്പിച്ച ഗുരു കാരണവന്‍ മാരെയും സ്തുതിച്ചു കൊണ്ടുള്ള പാട്ടോടെയും ചുവടോടെയും ആണ് കളി ആരംഭിക്കുന്നത് .പൊലിപ്പാട്ട് ആണ് ആദ്യ ചടങ്ങ് .ഒരു ദേശക്കാര്‍ പാടുന്ന പാട്ടിന്റെ വരികള്‍ മാറ്റാന്‍ എന്ന് വിളിക്കുന്ന എതിര്‍ ദേശക്കാര്‍ ആദ്യം എട്ടു പാടണം.പിന്നെ നേരത്തെ പാടിയ പാട്ടിന് മറുപാട്ടും  പാടണം .പരസ്പരം ചോടിപ്പിക്കാനുള്ള പാട്ടുകളും കൂട്ടത്തില്‍ ഉണ്ടാകും .ഉരുളയ്ക്ക് ഉപ്പേരി പോലെ എതിര്‍ പാട്ട് നിമിഷങ്ങള്‍ക്കകം നല്ല കളിക്കാരന്റെ ഉള്ളില്‍ നിറയും .അപ്പോള്‍ തന്നെ തിരിച്ചടിക്കും .ഇതോടെ കളിക്കാരും കാണികളും ആവെശത്തിലാകും .ഇവിടെയാണ്‌ നല്ല ചവിട്ടുകളിക്കാരന്റെ നിമിഷകവിയിലെക്കുള്ള പരകായ പ്രവേശം .
                              കൂട്ടില്‍ നിന്നും കൂകിയാ പോര
                               കൂടെ രസം കാട്ടിയാ പോര
                               നാലുകാലു പന്തല് കേറി        
                              കൂകട മോനെ ജ്ജ്
                              നാലുകാലു പന്തല് കേറി
                              കൂകട മോനെ ...
എന്ന് എതിര്‍ ചേരിക്കാരനെ കൂട്ടില്‍ നിന്നും കൂകുന്ന കോഴിയായി കഴിവ് കേട്ടവനായി ചിത്രീകരിക്കുമ്പോള്‍, പരിഹസിക്കുംപോള്‍ ഉടനെ വരും എതിര്‍പ്പാട്ട്
                             കല്ലിന്‍ ചോറിലെ കരുതലെ
                              ജ്ജ് ന്നോട് കളിക്കണ്ട
                              ജ്ജ് ന്നോട് കളിചാലെ
                              ചൂണ്ടലിട്ടു പിടിക്കും ഞാനേ
                              ചൂണ്ടലിട്ടു പിടിച്ചിട്
                              തലേ വാലും കളഞ്ഞിട്
                             ഉപ്പും മുളകും തിരുമ്പീട്ടു
                             ചട്ടീലിട്ടു പോരിക്കും ഞാനേ ..
.ഇവിടെ ഇപ്പോള്‍ എതിര്‍ ദേശക്കാര്‍ കല്ലിന്റെ ചുവട്ടില്‍ കാണുന്ന നിസ്സാരന്‍ ആയ കരുതല എന്നാ മീന്‍ ആയി മാറി .കരുതലയെ പിടിച്ചു പൊരിക്കുന്ന ലാഘവത്തോടെ എതിര്‍ ചേരിയെ കൈകാര്യം ചെയ്യും എന്നാണു ഇവിടുത്തെ ധ്വനി .
                              തത്തമ്മേ പൂമയിലെ
                              നമ്മള് തമ്മില്‍ കൊത്തണ്ട
                              നമ്മള് തമ്മില്‍ കൊത്യാലെ
                              ഒറ്റ നടക്കത് പോകൂലാന്നെ ...

                              അന്റെ ചെരുമാനും കാളോട്ടാരന്‍
                              എന്റെ ചെരുമാനും കാളോട്ടാരന്‍
                              പിന്നെന്താടി മുണ്ടിച്ചീ
                              നമ്മള് തമ്മില്‍ പാടി കളിച്ചാല്
                              പിന്നെന്താടി മുണ്ടിച്ചീ
                              നമ്മള് തമ്മില്‍ തല്ലണത്
                           
എതിര്‍ ദേശക്കാരനെ ഉണക്ക പുട്ടിനോട് ഉപമിക്കുന്ന പാട്ട് ഇങ്ങിനെ
                              ജ്ജ് ന്നോട് കളിക്കണ്ട
                              ഉണക്ക പ്പുട്ടെ
                              മൈസൂര്‍പ്പഴം കൂട്ടി
                              അടിക്കും ഞാനേ
                              അന്നെ മൈസൂര്‍പ്പഴം കൂട്ടി
                               അടിക്കും ഞാനേ
എന്നിങ്ങനെ സമത്വം ഒത്തു തീര്‍പ്പു എന്നിവ വിളിച്ചോതുന്ന വരികളും ഉണ്ട് .സമൂഹത്തിന്റെ എല്ലാ തുറകളെയും കളി സ്പര്‍ശിച്ചു കടന്നു പോകും .ഉദാഹരണത്തിന് തീവണ്ടി കണ്ട കൌതുകം ഇങ്ങിന

                             വെള്ളക്കാരന്‍ സായ്പ് തമ്പ്രാന്‍
                             വല്ലാത്തൊരു സൂത്രക്കാരന്‍
                             പാമ്പ് പോലൊരു തീവണ്ട്യല്ലേ
                             ചീരിപ്പായണത്
                             അങ്ങിനെ
                              പാമ്പ് പോലൊരു തീവണ്ട്യല്ലേ
                             ചീരിപ്പായണത്

                                   തന്താനിതോ താനിന്നോ താനിന്നാനെ
                                   അങ്ങിനെ താനോ തനിന്നോ തക താനിന്നാനെ
എന്നാ വായ്ത്താരി പ്രാദേശിക  ഭേദത്തോടെ പാടി കേള്‍ക്കുന്നുണ്ട് .പാട്ടുകള്‍ക്ക് ഇടയില്‍ ഇങ്ങിനെ ഇടയ്ക്കു വായ്ത്താരി പാടും .ഒരു പ്രാവശ്യം പാടിയ പാട്ട് പിന്നീട് രണ്ടാമത് പാടുന്നത് കുറച്ചില്‍ ആയാണ് കണക്കാക്കുന്നത് .

സെത്ത് താനാ സേത്ത് താനാ
സെത്ത് താനാനീ
സെത്ത് താനാ സേത്ത് താനാ
സെത്ത് താനാനീ  ...എന്നും ഒരു വായ്ത്താരി  ഉണ്ട്

കളിവട്ടത്തില്‍ പാടിപ്പതിഞ്ഞ പഴയ പാട്ടുകള്‍ പോലെ പുതിയ പാട്ടുകളും ഇന്ന് പ്രചാരത്തില്‍ ഉണ്ട് .അത്തരത്തില്‍ ഉള്ള ഒരു പാട്ടാണ് ചുവടെ .

                         പാട്ട് തമ്മില് രണ്ടെടഞ്ഞു
                        രന്ടെടഞ്ഞ പാട്ടിനെ
                         അക്കരയ്ക്കു എടുത്തെറിഞ്ഞു
                        വീണു മുളച്ച മൈലാന്ചിക്കൊമ്പു
                        മൈലാന്ചികൊമ്പു പൂമണം വീശി
                         പൂമണം വീശി മാറ്റാന്റെ ചൂര് ...

മറ്റൊരു കളിപ്പാട്ട് ഇങ്ങിനെ ആണ് .

                         അതൊരു തിണ്ട്
                         ഇതൊരു തിണ്ട്
                         മേലെത്തിണ്ട്
                         മക്കത്തെ കൊച്ചു രാജാവ് എത്തിപ്പോയി
                         എളകണ്ട എളകണ്ട കൂസലുവേണ്ട
                         ഇളകുന്നോന്റെ ഇളക്കം
                         നിറുത്തും ഞാനേ
വാമോഴിയില്‍ ഊന്നിയ പ്രചാര രീതി ആയതിനാല്‍ ഈ അടുത്ത കാലം വരെ ചവിട്ടുകളിക്ക് വരമൊഴി രൂപം ഉണ്ടായിരുന്നില്ല .ഓരോ ഭാഗത്തും ഉള്ള പാടുകള്‍ അത് കൊണ്ടുതന്നെ വ്യത്യസ്തവും. നിമിഷ നേരം കൊണ്ട് പിറവി കൊള്ളുന്ന പാട്ടുകള്‍ക്ക് അതെ പോലെതന്നെ ആയുസ്സും .എങ്കിലും സൌകുമാര്യം കൊണ്ട് നിലനില്‍ക്കുന്നവയാണ്‌ പല പാട്ടുകളും .ഉത്സവങ്ങളുമായി ബന്ധപ്പെട്ടു വാര്‍ഷികമായി നടത്തിവരുന്ന സ്വഭാവം ആണ് ചവിട്ടുകളിയുടെത് .അത് കൊണ്ട് തന്നെ മറ്റു വേളകളില്‍ ഈ കലാ രൂപം പ്രത്യക്ഷ പ്പെടാറില്ല .അടുത്തകാലത്ത് നാടന്‍ പാടുകളും കലകളും പ്രോഫഷണല്‍ മാനം നേടുകയും ധാരാളം നാടന്‍ പാട്ടു സംഘങ്ങള്‍ ഉണ്ടായിവരികയും ചെയ്തത് ആശാവഹമാന്.കലയുടെ വാനിജ്യവത്കരണം ,തനിമ നഷ്ടപ്പെടല്‍ ,ഒരു പ്രത്യേക സാഹചര്യത്തില്‍ അവതരിപ്പിക്കപ്പെടലില്‍ നിന്നും വേദികളിലേക്ക് പറിച്ചു നടല്‍എന്നിങ്ങനെ ഉള്ള വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുമ്പോഴും ഇവയെ ഇത്രയെങ്കിലും നില നിര്‍ത്തുന്നതില്‍ ഇത്തരം സംഘങ്ങള്‍ക്ക് ഇന്ന് പ്രധാന പങ്കുണ്ട് .ചവിട്ടുകളിയും ഇങ്ങിനെയുള്ള സംഘങ്ങള്‍ രംഗത്ത് അവതരിപ്പിക്കുന്നുണ്ട് ഇന്ന് .പുതിയ തലമുറയില്‍ ഇന്ന് കുറെ ഏറെ പേര്‍ ഈ രംഗത്തേക്ക് ആകര്ഷിക്കപ്പെട്ടതിനു ഈ ശ്രമത്തിനു പങ്കുണ്ട് ,എങ്കിലും ഈ നാടന്‍ കലാരൂപം ഇന്ന് അതിജീവനത്തിന്റെ പാതയില്‍ അആനു.പരമ്പരാഗത കലാരൂപങ്ങള്‍ ഉത്സവ പറമ്പുകളില്‍ നിന്നും പിന്മാറി വരവ് ഇനങ്ങള്‍ക്ക് കൂടുതല്‍ പ്രാമാണ്യം കിടുന്ന ഇക്കാലത്ത് പിടിച്ചു നില്ക്കാന്‍ ചവിട്ടുകളിക്കും പ്രയാസം ഉണ്ട്.
                          ചവിട്ടുകളിയെ അടുത്ത തലമുറയ്ക്ക് പരിചയപ്പെടുത്താന്‍ ഓരോ ഭാഗത്തെയും മുതിര്‍ന്ന കളിക്കാരെ കണ്ടെത്തി പാട്ടുകള്‍ ക്രോഡീകരിക്കണം  ,കളികള്‍ തനിമയോടെ റെകോര്‍ഡ് ചെയ്യണം .മുതിര്‍ന്ന കലാകാരന്മാര്‍ക്കും സവിശേഷ സംഭാവന നല്കിയവര്‍ക്കും അംഗീകാരങ്ങളും കലാകാരന്മാര്‍ക്കുള്ള പെന്‍ഷനും സര്‍ക്കാര്‍ തലത്തില്‍ നടപ്പാക്കണം ,അതാത് പ്രാദേശിക ഭരണകൂടങ്ങള്‍ ഇതിനായി കൂടുതല്‍ ശ്രദ്ധ വക്കണം .കളി സംഘങ്ങള്‍ രൂപീകരിക്കാനും പരിശീലനത്തിനും സഹായങ്ങള്‍ നല്‍കണം .പാഠപുസ്തകങ്ങളില്‍ ചവിടുകളിയെ പറ്റിയുള്ള ഭാഗങ്ങള്‍ പാട്ടുകള്‍ എന്നിവ പരിചയപ്പെടുത്തണം.യുവജനോത്സവങ്ങളില്‍ ചവിട്ടുകളി ഒരു ഇനം ആയി ഉള്‍പ്പെടുത്തണം .അങ്ങിനെ ബോധപൂര്‍വമായ ഇടപെടലുകളില്‍ കൂടി മാത്രമേ ഈ സവിശേഷ കലാരൂപത്തെ നിലനിര്‍ത്താന്‍ കഴിയുകയുള്ളൂ .

5 അഭിപ്രായങ്ങൾ:

  1. ചവിടുകളി ഇന്നേവരെ കണ്ടിട്ടില്ല പാട്ട് കേട്ടിട്ടുണ്ട്,
    എത്തരം പല കലാ രൂപങ്ങളും ഇന്ന് നമുക്കിടയിൽ നിന്നു പാടെ മറഞ്ഞു പോയിരിക്കുന്നു,
    നല്ല ഒരു പോസ്റ്റ് ,
    ആശസകൾ.

    മറുപടിഇല്ലാതാക്കൂ
  2. താല്പ്പര്യത്തോടെ വായിച്ചു. നല്ല വിവരണം. വാസ്തവത്തിൽ നാം മലയാളികള്ക്ക്തന്നെ മറ്റു കേരളത്തിലെ ദേശങ്ങളിൽ നടക്കുന്ന ആചാരങ്ങൾ, കാലാരൂപങ്ങൾ എന്നിവയൊന്നും വലിയ പിടിയില്ല. ഭാവുകങ്ങൾ.
    എന്റെ ഈ ബ്ലോഗ്‌ ഒന്ന് വായിച്ചുനോക്കൂ:
    കണ്യാർ കളി :

    http://drpmalankot0.blogspot.com/2012/12/blog-post_18.html

    മറുപടിഇല്ലാതാക്കൂ
  3. ഇത്തരം ഒരു നാടൻ കലാരൂപത്തെക്കുറിച്ച് കേട്ടറിവില്ല , പരിചയപ്പെടുത്തിയതിൽ നന്ദി.
    അന്യം നിന്നു പോകുന്ന കലാരൂപങ്ങൾ തീർച്ചയായും നിലനിർത്തണം ,ഒരു വിനോദം എന്നതിലുപരി സംഘശക്തി ഗ്രാമീണതയുടെ സത്ത എന്ന നിലയിലൊക്കെ

    മറുപടിഇല്ലാതാക്കൂ
  4. നാടൻ കലകളെ നമ്മുക്ക് വിണ്ടെടുക്കണം

    മറുപടിഇല്ലാതാക്കൂ