2012, ഓഗസ്റ്റ് 28, ചൊവ്വാഴ്ച


ഉത്രാടപ്പാച്ചില്‍



                                         ഇന്ന് ശരിക്കും ഉത്രാടപ്പാച്ചില്‍തന്നെയായിരുന്നു . ഞങ്ങള്‍ പാലോട് പുലരി ക്ളബ്,യന്ഗ് സ്റാര്‍ ക്ളബ് അംഗങ്ങള്‍ ചേര്‍ന്ന് വര്‍ഷം തോറും നടത്തുന്ന ഓണാഘോഷമായിരുന്നു ഇന്ന് .ഞാന്‍ പുലരി ക്ലബ്ബിന്റെ സെക്രെടരി ആയതിനാല്‍ ഉത്തരവാദിത്തങ്ങള്‍ ഏറെ ഉണ്ടായിരുന്നു . എട്ടരക്ക് തുടങ്ങി  രാത്രി ഏഴു മണി  വരെ വിവിധ
 പരിപാടികള്‍ .രാവിലെ പഴന്ചെരി ഗവ എല്‍ പി സ്കൂളില്‍ വച്ച് പൂക്കള മത്സരം. അഞ്ചു ടീമുകള്‍ പങ്കെടുത്തു .ഗ്രാമീണത മുഴുവനായി വേര്‍പെട്ടിട്ടില്ലാതതിനാല്‍ കുട്ടികള്‍ നാട്ടില്‍ അലഞ്ഞു പൂക്കള്‍ ശേഖരിച്ചു തങ്ങളുടെ ഭാവനക്ക് അനുസരിച്ചു കളം തീര്‍ക്കുക തന്നെയായിരുന്നു .വേലിപ്പൂവ് , ഒടിച്ചുകുത്തി ,കുമ്പളം ,തെച്ചി ,തുമ്പ, ചെമ്പരത്തി ,റോസ് എന്നിവയോക്കെതന്നെയായിരുന്നു മിക്ക കളത്തിലും. എന്റെ മകള്‍ ആതിരയും പെങ്ങളുടെ മകള്‍ ഹിമയും കൂടി ഒരു കുഞ്ഞു പൂക്കളം ഇട്ടിരുന്നു .അവര്‍ തന്നെ പൂക്കള്‍ ശേഖരിച്ചു .തനിയെ കളം ഇട്ടു. പിന്നെ  നാടന്‍പാട്ട് മത്സരം.എട്ടു കുട്ടികള്‍ പാട്ടുമായി രംഗത്ത്.
ആതിര നിന്നെ കാണാന്‍ എന്നെക്കാളും ചന്തം തോന്നും എന്ന പാട്ട് പാടി നാലാം സ്ഥാനം നേടി.ഓണക്കാഴ്ച വിഷയത്തില്‍ ചിത്ര  രചന ,ഓണം  വിഷയമാക്കി ചോദ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച ക്വിസ്‌ എന്നിവയും നടന്നു . ഞാന്‍ ആയിരുന്നു ക്വിസ്‌  മാസ്റര്‍. മലയാള മാസങ്ങള്‍ ക്രമത്തില്‍ എഴുതാനും അത്തം തൊട്ടു തിരുവോണം വരെ ക്രമത്തില്‍ എഴുതാനും, ഓണം സംബന്ധിച്ച പഴം ചൊല്ല് എഴുതാനും ചോദ്യങ്ങള്‍ ഉണ്ടായിരുന്നു. മത്സരം എന്നതിന് അപ്പുറം ഓണത്തെ കുറിച്ച് അറിയാനും ഓര്മ പുതുക്കാനും ഉദ്ദേശിച്ചായിരുന്നു ഈ മത്സരം .

                             ഉച്ചക്ക് രണ്ടരക്ക് പിന്നെയും മൈതാനത്തിലേക്ക് .പെരു മഴ .ആദ്യം പരിപാടി ഉപേക്ഷിക്കേണ്ടി വരുമോ എന്ന് കൂടി സംശയിച്ചു. കുട ചൂടിയും മത്സരിക്കാന്‍ ഓണക്കളികളില്‍ പങ്കെടുക്കാന്‍ നാട്ടുകാര്‍ .ഏറെയും കുട്ടികള്‍ എത്തിയപ്പോള്‍ രണ്ടും കല്‍പ്പിച്ചു മത്സരങ്ങള്‍ തുടങ്ങി  .അവരുടെ പ്രാര്‍ത്ഥന കേട്ട പോലെ മഴ അകന്നു .ആദ്യം കുട്ടികളുടെ മ്വുസിക്‌ ബാള്‍. കുട്ടികളുടെ വലിയ വട്ടം ചുരുങ്ങി ചുരുങ്ങി അവസാനം ഒരാള്‍ മാത്രം ബാക്കിയായി.അത് കഴിഞ്ഞു സ്പൂണും നാരങ്ങയും ,സൂചിയും നൂലും ,തീ ലെഗ് റേസ്‌ ,സ്ലോ സൈക്കിള്‍ റെസ് ,സ്ലോ ബൈക്ക് റേസ്‌ ,ഒറ്റ വിക്കറ്റില്‍ ബൌള്‍ ചെയ്തു കൊള്ളിക്കേണ്ട ഗോള്‍ഡന്‍ വിക്കെറ്റ്‌ , ഉറിയടി ,ഉയര്‍ത്തി കെട്ടിയ ടയറിന് ഉള്ളില്ലൂടെ ബാള്‍ അടിച്ചു ഗോള്‍ ആക്കെണ്ട ഫിഫ കിക്ക്‌. ഇതിനു വിജയി ഉണ്ടായില്ല .ഉരിയടിക്കും ആരും ലക്‌ഷ്യം കണ്ടില്ല . അവസാനം തീറ്റ മത്സരം വരെ. പത്ത് പീസ് ബ്രെഡ്‌ രണ്ടു മിനിട്ടുനുള്ളില്‍ ആരാണ് കൂടുതല്‍ തിന്നുന്നത് എന്നാണു മത്സരം .പിന്നെയാണ് എല്ലാവരെയും മൈദാനം ചുറ്റിച്ച നിധി കണ്ടെത്തല്‍ എന്ന പരിപാടി നടന്നത് .മൈതാനതിന്റെ ഒരു ഭാഗത്ത്‌ ഞങ്ങള്‍ ഒരു നിധി ഒളിച്ചു വച്ചിരുന്നു .അത് കണ്ടെത്താനായി മഴചാറല്‍ വക വക്കാതെ എല്ലാരും  കുട്ടികളും വലിയവരും തിരഞ്ഞു നടക്കുന്നത് കാണാന്‍ നല്ല കൌതുകമായിരുന്നു .പിന്നെ ഉശിരന്‍ സമ്മാനദാനം .തീറ്റ മത്സരവിജയിക്ക് ഒരു കുല പഴം ആയിരുന്നു സമ്മാനം .വിജയികള്‍ക്ക് അടിപൊളി സമ്മാനങ്ങള്‍ ലഭിച്ചപ്പോള്‍ പങ്കെടുത്ത കുട്ടികള്‍ക്കൊക്കെ പ്രോത്സാഹന സമ്മാനവും ഞങ്ങള്‍ ഉറപ്പാക്കിയിരുന്നു .അവരെ നിരാശപ്പെടുത്തരുതല്ലോ . സമ്മാനം കൊടുക്കാന്‍ പ്രദേശത്തെ കാരണവന്മാരും ലീവിന് നാട്ടിലെത്തിയ പ്രവാസികളും . എല്ലാം കഴിഞ്ഞപ്പോള്‍ സമയം ഒരുപാടായി.
                      ഇനി നാളെ മിക്കവാറും പനീപിടിച്ചു കിടക്കേണ്ടിവരും .ഈ സമയത്തെ മഴ മുഴുവന്‍ തലയില്‍ ഉണ്ട് .എങ്കിലും എല്ലാരും കൂടി സന്തോഷിച്ച ഒരു ഉത്രാടം ദിവസം ആലോചിക്കുമ്പോള്‍ പനിയൊക്കെ അകന്നു പോകും പോലെ ..എല്ലാവര്‍ക്കും തിരുവോണം ആശംസകള്‍.

1 അഭിപ്രായം: