2013, ഫെബ്രുവരി 24, ഞായറാഴ്‌ച

കളിയച്ഛന് സംസ്ഥാന സിനിമാ അവാര്‍ഡ് തിളക്കം 



മലയാളത്തിന്റെ ആരാധ്യ കവി പി കുഞ്ഞിരാമന്‍ നായരുടെ കവിതയുടെ ചലച്ചിത്ര ആവിഷ്കാരം ആയ കളിയച്ഛന്സംസ്ഥാന തലത്തില്‍ അംഗീകാരം .കളിയച്ചന്റെ സംവിധായകന്‍ ആയ ഫാറുഖ്‌ അബ്ദുല്‍ റഹ്മാന്‍ മികച്ച നവാഗത സംവിധായകന്‍ ആയി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ , മികച്ച രണ്ടാമത്തെ നടന്‍ ആയി കളിയച്ചനിലെ മുഖ്യ വേഷം കൈകാര്യം ചെയ്ത മനോജ്‌ കെ ജയന്‍ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച പശ്ചാത്തല സംഗീതത്തിനുള്ള അവാര്‍ഡിന് ബിജി പാല്‍ അര്‍ഹാനായതും കളിയച്ചനിലൂടെ തന്നെ .


         കളിയച്ചന്റെ വിജയത്തില്‍ അഭിമാനിക്കാന്‍ തച്ചനാട്ടുകരക്കും വക .ചിത്രത്തിന്റെ മുഖ്യധാര പ്രവര്‍ത്തകരില്‍ ഏറെയും തച്ചനാട്ടുകര കുന്ടൂര്‍ക്കുന്നു ഗ്രാമത്തിലുള്ളവര്‍ .സിനിമയുടെ മുഴുനീള പ്രവര്‍ത്തകനും സ്ക്രിപ്റ്റ്‌ മേല്‍നോട്ടവും നിര്‍വഹിച്ചത് മുന്‍ സംസ്ഥാന അധ്യാപക ജേതാവ് കൂടിയായ എസ് വി രാമനുണ്ണി മാഷാണ് .ചിത്രത്തിലെ പ്രധാനപ്പെട്ട ഒരു വേഷം മാഷ്‌ അഭിനയിക്കുകയും രണ്ടു ഗാനങ്ങള്‍ ചിട്ടപ്പെടുത്തുകയും ചെയ്തു ..ഇദ്ദേഹത്തിന്റെ മകന്‍ രഘു സുജനികയാണ് ചിത്രത്തിന്റെ സഹ സംവിധായകന്‍ .ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കുന്നതിനായി കവിത  കഥകളി പദം എന്നിവ ആലപിച്ചത് കഥകളി സംഗീതത്തിന്റെ യുവ വാഗദാനം ആയ നെടുമ്പിള്ളി രാം മോഹന്‍ ആണ് .ഇദേഹം കുണ്ടൂര്‍ക്കുന്നു ടി എസ് എന്‍ എം ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഗണിത അദ്ധ്യാപകന്‍ ആണ്. ഇതേ സ്കൂളിലെ മറ്റൊരു ജീവനക്കാരന്‍ ആയ ഗോവിന്ദ പ്രസാദ്‌ ആണ് ഡബ്ബിങ്ങില്‍ സഹായി ആയി പ്രവര്‍ത്തിച്ചത് .ഒരു വേഷവും ഇദേഹം അഭിനയിച്ചു .






രാമനുണ്ണി മാഷ്‌ 
രഘു സുജനിക 

2013, ഫെബ്രുവരി 22, വെള്ളിയാഴ്‌ച

                                 കാലം തെറ്റി പൂക്കുന്ന കണിക്കൊന്നകള്‍ 

                                        വിഷുവിനു കണിയോരുക്കുന്ന  കൊന്നകള്‍ ഇക്കുറി നേരത്തെ പൂവിട്ടു തുടങ്ങി . മുന്‍കാലങ്ങളില്‍ മേടമാസത്തില്‍ പൂവിടുന്ന കൊന്നകളാണ്  ഫെബ്രുവരിയില്‍ തന്നെ സ്വര്‍ണ  വര്‍ണമായത് ..കുംഭം ,മീനം മാസങ്ങളിലെ കടുത്ത പകല്‍ ചൂടാണ് കൊന്നകളെ ഉത്തെജിതരാക്കിയത്. പൂവിടലിനു സസ്യങ്ങളില്‍ ഉല്പാദിപ്പിക്കപ്പെടുന്ന ഫ്ലോറിജന്‍  എന്നാ ഹോര്‍മോണ്‍ ചൂടുള്ള കാലാവസ്ഥ യില്‍ അധികമായി ഉണ്ടാകുന്നതാണ് കൊന്നകള്‍ നേരത്തെ പൂവിടാന്‍ കാരണമെന്ന് സസ്യശാസ്ത്ര വിദഗ്ദരും പ്രകൃതിസ്നേഹികളും പറയുന്നു .
                                  കാലാവസ്ഥ  വ്യതിയാനം ,ആഗോള താപനം തുടങ്ങിയ വയുടെ നേര്‍ക്കാഴ്ചകള്‍ അങ്ങിനെ ഗ്രാമങ്ങളിലും കണ്ടു തുടങ്ങി .അതായത് വരാന്‍ പോകുന്ന വരള്‍ച്ചയുടെ സൂചനകള്‍ ആണ് കണിക്കൊന്നകള്‍ നമുക്ക് തരുന്നത് .ചൂട് കൂടി വരുന്നതിന്റെയും നമ്മുടെ പുരാതനമായ കാലാവസ്ഥ ,ഞാറ്റുവേല തുടങ്ങിയവയുടെ ഗണനകള്‍ പിഴക്കുന്നതിന്റെയും സൂചനകള്‍ .മുമ്പ് കാലങ്ങളില്‍ അപൂര്‍വം ചില ഇടങ്ങളിലെ കൊന്നകള്‍ മാത്രമാണ് നേരത്തെ പൂവിട്ടിരുന്നത് എങ്കില്‍ ഇപ്പോള്‍ എല്ലായിടത്തും ഒരേ പോലെ നേരത്തെ പൂവിടുന്നത് ഈ പ്രതിഭാസങ്ങളുടെ ലക്ഷണങ്ങള്‍ ആണ് .നേരത്തെ പൂവിടുന്നതും ,കായകള്‍ ഉണ്ടാകുന്നതും കൊന്നയുടെ തന്നെ അതിജീവനത്തെയും  ബാധിച്ചേക്കാം .റബ്ബര്‍ തുടങ്ങിയ ഏക വിള കൃഷി രീതികള്‍ വ്യാപകമായതോടെ കൊന്നകള്‍ ഒക്കെ വളര്‍ന്നു നിന്നിരുന്ന നാട്ടുപറമ്പുകള്‍ തുടച്ചു മാറ്റപ്പെട്ടു . ഒട്ടേറെ നാട്ടു സ്പീഷിസ്സുകള്‍  ഇതോടു കൂടി നശിച്ചു പോയി .ഗ്രാമപ്രദേശങ്ങളില്‍ പോലും ഇപ്പോള്‍ കൊന്നമരങ്ങള്‍ അപൂര്‍വം ആകുകയും ചെയ്തിട്ടുണ്ട് .ഇനി കാലാവസ്ഥ വ്യതിയാനം കൂടി കൊന്നയുടെ പരാഗണത്തെയും വിത്ത് രൂപീകരണം,.മുളക്കല്‍ എന്നിവയെ ബാധിച്ചാല്‍ ഒരു പക്ഷെ കേരളത്തിന്റെ ഔദ്യോഗിക പുഷ്പം ആയ കൊന്നയും കേരളം വിടും , എന്റെ മരം പദ്ധതി ,സാമൂഹ്യ വന വത്കരണം എന്നിവയുടെ ഭാഗമായി വനം വകുപ്പ് കൊന്നയുടെ തൈകള്‍ വിതരണം ചെയ്യുന്നുണ്ട്. ചില വീടുകളിലും മറ്റും കൊന്നയെ അലങ്കാര ചെടിയായി വളര്ത്തുന്നുമുണ്ട്. കൊന്ന കേരളം വിടില്ലെന്ന് നമുക്ക് പ്രത്യാശിക്കാം .
                                          താരതമ്യേന ചെറുവൃക്ഷമായി വളരുന്ന കണിക്കൊന്ന അഥവാ കടക്കൊന്ന; (:Indian Laburnum..) ലെഗുമിനോസേ അഥവാ ഫാബേഷിയേ കുടുംബത്തിൽപ്പെട്ടതാണ്. ഇതിന്റെ ശാസ്ത്രീയ നാമം കാസ്സിയ ഫിസ്റ്റുല (Cassia fistula) എന്നാണ് . വസന്ത കാലത്ത് ഉണ്ടാവുന്ന സ്വർണാവര്‍ണമായ  പൂക്കളാണ് ഇതിന്റെ പ്രത്യേകത. മലയാളികളുടെ  ഉത്സവമായ വിഷുവും കണിക്കൊന്നയും  അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. വിഷുവിന് കണികണ്ടുണരാൻ ഉപയോഗിക്കുന്ന പ്രകൃതി വിഭവങ്ങളിൽ പ്രധാനമാണ് കണിക്കൊന്നപ്പൂക്കൾ. കണിക്കൊന്ന എന്ന പേരു ലഭിച്ചതും ഈ ആചാരത്തിൽ നിന്നാണ്. കേരളത്തിന്റെ ഔദ്യോഗിക പുഷ്പവും കണിക്കൊന്നപ്പൂക്കൾ തന്നെ. തായ്ലൻഡിന്റെ ദേശീയവൃക്ഷവും കണിക്കൊന്നയാണ്.ഇന്ത്യശ്രീലങ്കമ്യാന്‍മര്‍ എന്നിവിടങ്ങളില്‍ ആണ് കൊന്ന ധാരാളമായി കാണുന്നത്. സംസ്കൃതത്തിൽ  കർണ്ണികാരം  എന്നും പേരുണ്ട്.പത്ത് മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഈ വൃക്ഷത്തിന്റെ ഒരടിയിലധികം നീളമുള്ള മുഖ്യതണ്ടിന് ഇരുപുറവുമായി ആര് മുതല്‍ ഏഴു വരെ ജോഡി ഇലകളുണ്ടാവും.  വിരലിന്റെ ആകൃതിയിലുള്ള കായകള്‍ക്ക് നാല്പതു മുതല്‍ അറുപതു സെ.മീ. വരെയൊക്കെ നീളമുണ്ടാവുകയും ചെയ്യും. ഏപ്രില്‍ മാസത്തോടെ അടിമുടി പൂങ്കുലകളുണ്ടാവും. ചെറിയ സുഗന്ധവും പൂക്കള്‍ക്ക് ഉണ്ട് .   ശീതവീര്യവും ത്രിദോഷഹരവുമാണ്.എന്ന്   ആയുര്‍വേദ വിധിപ്രകാരം പറയപ്പെടുന്നു വേരിലും തൊലിയിലും ഔഷധപ്രധാനമായ ബാഷ്പശീലതൈലം അടങ്ങിയിട്ടുള്ളതാണ് ഇതിനു കാരണമായി പറയുന്നത് . ഇതിന്റെ ഫലമജ്ജയ്ക്ക് തേന്‍മെഴുകിന്റെ മണമാണ്.   പുഴുക്കടി, പക്ഷപാതം, തലച്ചോറു സംബന്ധമായ രോഗങ്ങള്‍ ത്വക്ക് രോഗം തുടങ്ങിയവക്ക് ഔഷധമായി ആയുര്‍വേദ വൈദ്യന്മാര്‍ ഉപയോഗിക്കാന്‍ നിര്‍ദേശിക്കാറുണ്ട് .ഇതിന്റെ ഇല അരച്ചു സേവിച്ചാല്‍ പക്ഷപാതം, തലച്ചോറ് സംബന്ധമായ അസുഖങ്ങള്‍ ഇവയ്ക്ക് ശമനം കിട്ടും.  പുഴുക്കടിക്ക് കിളിന്നിലയുടെ നീര് നല്ലതാണ്.   കണിക്കൊന്നപ്പട്ട കഷായം വെച്ച് രണ്ടുനേരം കുടിച്ചാല്‍ എല്ലാ ത്വക്ക് രോഗങ്ങളും ശമിക്കും. എന്ന് ആയുര്‍വേദ വൈദ്യന്മാര്‍ അഭിപ്രായപ്പെടുന്നു .

2013, ഫെബ്രുവരി 19, ചൊവ്വാഴ്ച


ആയിരംരൂപയുടെ
നാണയക്കിലുക്കം

     
ആയിരം വര്ഷം പിന്നിടുന്ന പൌരാണിക ക്ഷേത്രത്തിന്റെ സ്മാരകമായി ആയിരം രൂപാ നാണയം പുറത്തിറങ്ങി.
                          തമിഴ്നാട്ടിലെ കാഞ്ചീപുരത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ബൃഹതീശ്വരം ക്ഷേത്രം അത് നിര്‍മിച്ചു കഴിഞ്ഞു ആയിരം വര്‍ഷം പിന്നിടുന്നതിന്റെ ഓര്‍മക്കായാണ് ആയിരം രൂപയുടെ വെള്ളി നാണയം ഭാരത സര്‍ക്കാര്‍  പുറത്തിറക്കിയത് .ആയിരാമാണ്ട് തികച്ച 2010ല്‍ തമിഴ്നാട് സര്‍ക്കാര്‍ അഞ്ചു രൂപയുടെ നാണയം ഇറക്കിയിരുന്നു .റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ  ജനവരിയിലാണ് 44 മില്ലിമീറ്റര്‍ വ്യാസമുള്ളആയിരം രൂപയുടെ നാണയം  നാണയം പുറത്തിറക്കിയത്. സ്മരണക്കായുള്ള നാനയം ആയതിനാല്‍ കൈമാറാം ചെയ്യാന്‍ അനുമതിയില്ല .തത്കാലം നാണയ ശേഖരണം ഹോബ്ബി ആക്കിയവരുടെ ശേഖരത്തില്‍ ഇരിക്കുകയാണ് ആയിരം രൂപ .നാണയം .
               എന്നാല്‍ സര്‍ക്കാര്‍ ആയിരം രൂപയുടെ നാണയങ്ങള്‍ ഇറക്കുവാനുള്ള അനുമതി പാര്‍ലിമെന്റില്‍ അവതരിപ്പിച്ചു പാസാക്കിയിട്ടുണ്ട്  .  ഓര്‍മ്മകളെ അടയാളപ്പെടുത്താന്‍ വേണ്ടിയുള്ളവ ക്രയവിക്രയത്തിനു പറ്റില്ലെങ്കില്‍ . ആയിരത്തിന്റെ ഈ പുതിയ നാണയം ക്രയവിക്രയത്തിന് ഉദ്ദേശിച്ചുകൊണ്ടുള്ളതുതന്നെയാണ് .കൈകാര്യം ചെയ്യാനുള്ള എളുപ്പവും നോട്ടുകളെ അപേക്ഷിച്ചു കേടുപാട് കുറവും ആണ്  ഇതിനു പ്രേരിപ്പിക്കുന്നത് .കള്ള നോട്ടുകളുടെ വ്യാപനം തടയുന്നതും നയത്തിന്റെ ഭാഗമാണ് .
            ഇപ്പോള്‍ ഇറക്കിയ നാണയത്തിന് മുപ്പത്തി അഞ്ചു ഗ്രാം ഭാരം ഉണ്ട്. എണ്പതു ശതമാനം വെള്ളിയും ഇരുപതു ശതമാനം ചെമ്പും അടങ്ങിയതാണ് നാണയം .ഒരു ഭാഗത്ത് അശോകസ്തംഭവും  സത്യമേവ ജയതേ എന്നാ വാചകവും ആയിരം എന്ന് അക്കത്ത്തിലും ഇംഗ്ലീഷ് ,ഹിന്ദി ഭാഷകളിലും ഉള്ള എഴുത്തും ഉണ്ട് .മറുപുറത്ത് ക്ഷേത്രത്തിന്റെ മുദ്രയും ആയിരം വര്ഷം പിന്നിടുന്നത് എന്ന വാചകം  ഇംഗ്ലീഷിലും   ഹിന്ദിയിലും രേഖപ്പെടുത്തിയിട്ടും ഉണ്ട് .
ബൃഹതീശ്വരം ക്ഷേത്രം 
                     നടരാജ മൂർത്തിയുടെ മനോഹരമായ ശില്പവേലകളുള്ള ഈ ക്ഷേത്രം സന്ദർശിച്ച രാജരാജചോളൻ ഇതിനു കാഞ്ചിപെട്ടു പെരിയ തിരുകട്രലി എന്നു പേരു നൽകുകയും ബൃഹതീശ്വരം ക്ഷേത്രം പണിയാനുള്ള പ്രചോദനം ഉണ്ടാകുകയും ചെയ്തു. ഇപ്പോൾ ആർക്കിയോളജിക്ക് സർവേ ഓഫ് ഇന്ത്യയാണ് ഈ ക്ഷേത്രം പരിപാലിച്ചു വരുന്നത് .ഈ ക്ഷേത്രത്തിലെ ശിവലിംഗത്തിൽ നെടുകെ വരകളുള്ളത് ഈ ക്ഷേത്രത്തിന്റെ ഒരു പ്രത്യേകതയാണ്. കൂടാതെ വൈകീട്ട് ആറരയ്ക്ക് തന്നെ ക്ഷേത്രം അടയ്ക്കുന്നതും ഈ ക്ഷേത്രത്തിന്റെ ഒരു പ്രത്യേകതയാണ്.ഇവിടുത്തെ ശിവലിംഗത്തിന്റെ വലത് ഭാഗത്തുള്ള ഒരു ഉയരം കുറഞ്ഞ ചെറിയ വഴിയിലൂടെയാണ് ശിവലിംഗത്തിന് വലംവയ്ക്കേണ്ടത്. പുറത്തേയ്ക്കുള്ള വഴിയും ഇതുപോലെ ചെറുതാണ്. അകത്തേയ്ക്ക് കയറാൻ ചെറുതായി കുനിയുകയും പിന്നീട് നടന്ന് വലംവയ്ക്കുകയും, അവസാനം കുനിഞ്ഞ് തന്നെ പുറത്തേയ്ക്ക് വരികയും ചെയ്യുന്ന രീതിയിലാണ് ഇവിടെ പ്രദക്ഷിണം. ചെറുപ്പം, യൗവനം, വർദ്ധക്യം എന്നീ മൂന്ന് അവസ്ഥകളെയാണ് ഇത് പ്രതിനിധാനം ചെയ്യുന്നത്. ഇങ്ങനെ പ്രദക്ഷിണം ചെയ്യുന്നവർക്ക് പരമശിവൻ പുനർജന്മം നൽകി കഷ്ടപ്പെടുത്തുകയില്ലെന്ന് ഭക്തർ വിശ്വസിക്കുന്നു.








2013, ഫെബ്രുവരി 14, വ്യാഴാഴ്‌ച

തേനേഴി ശങ്കരന്‍ നമ്പൂതിരിപ്പാട്(1909-1987)
                            ആദരാഭിഹവം 

                          ചിലര്‍ അങ്ങിനെയാണ് ..സത്കര്‍മങ്ങള്‍ കൊണ്ട് ചിരഞ്ജീവികള്‍ ആകും .പ്രൌഡമായ ചരിത്രം കൊണ്ട് കാല ദേശങ്ങള്‍ക്കു അതീതരാകും .താന്‍ ജീവിച്ച സമൂഹത്തില്‍ തന്റെതായ മുദ്ര പതിപ്പിക്കും .തന്റെ എല്ലാ ഗുണങ്ങളും സഹജീവികള്‍ക്ക് ഉപകാരപ്പെടും വിധം ഉപയോഗിക്കും .അവര്‍ അക്ഷരാര്‍ഥത്തില്‍ നാടിന്റെ നാഥര്‍ ആകും .ഒരു പുരുഷായസ്സു മുഴുവന്‍ നാടിനും നാട്ടാര്‍ക്കും സമര്‍പ്പിച്ച് അവര്‍ വിട പറയുമ്പോഴും അവര്‍ ഉയര്‍ത്തിയ നവോത്ഥാനത്തിന്റെ ദീപശിഖ തലമുറകള്‍ കടന്നും പ്രോജ്വലമായി നില്‍ക്കും ,ഒരു കാറ്റിലും കെടാതെ .നിസ്വാര്‍ത്ഥതയുടെ ടെവതാരൂപമുള്ള അവരുടെ കൊടിപ്പടം എന്നും മായാതെ നില്‍ക്കും .
                                    പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട്‌ താലുക്കിലെ കുണ്ടൂര്‍ക്കുന്ന് എന്ന ഉള്‍നാടന്‍ ഗ്രാമത്തിനു എക്കാലത്തെയും ആരാധ്യപുരുഷനായ  കുണ്ടൂര്‍കുന്നിന്റെ തമ്പുരാന്‍ തേനെഴി ശങ്കരന്‍ നമ്പൂതിരിപ്പാട് അത്തരം ഒരു വ്യക്തിത്വമാണ് .ഒരു ഗ്രാമത്തിന്റെ ആത്യന്തികമായ എല്ലാ പ്രാഥമിക വികസന പ്രവര്‍ത്തനങ്ങള്‍ക്കും വിശിഷ്യ ഒരു ജനതയുടെ സംസ്കാരത്തെ തന്നെ വിദ്യാഭ്യാസം കൊണ്ട് മാറ്റി മറിച്ച ,എല്ലാഅര്‍ത്ഥത്തിലും ഗ്രാമത്തിന്റെ ഉടയോന്‍ ആയി മാറിയ അപൂര്‍വ വ്യക്തിത്വം അതായിരുന്നു തേനെഴി ശങ്കരന്‍ നമ്പൂതിരിപ്പാട് .

                 വെള്ളിനേഴി പഞ്ചായത്തിലെ കുരുവട്ടൂരില്‍ തേനെഴി മനക്കല്‍ വാസുദേവന്‍ നമ്പൂതിരിപ്പാടിന്റെയും ശ്രീദേവി അന്തര്‍ജനത്തിന്റെയും മകന്‍ ആയി 1909 ഫെബ്രുവരിയില്‍ ആണ് സ്മര്യപുരുഷന്റെ ജനനം .ബ്രഹ്മചര്യവും വെദാഭ്യാസനവും സമാവര്‍ത്തനവും അനുഷ്ടിച്ച ശേഷം ഒറ്റപ്പാലം ഹൈസ്കൂളിലും തൃശ്ശൂര്‍ സെന്റ്‌ തോമസ്‌ കോളേജിലും ആയി തുടര്‍ വിദ്യാഭ്യാസം .ഇക്കാലത്ത് എം എം എസ് നമ്പൂതിരിപ്പാട് ഇദ്ദേഹത്തിന്റെ സതീര്ത്ഥ്യന്‍ ആയിരുന്നു .രോഗബാധിതനായി ഇടക്ക് വച്ചു പഠനം മുടക്കേണ്ടി വന്ന ഇദ്ദേഹം പിന്നീട് സ്വപ്രയത്നത്താല്‍ ആണ് സാഹിത്യം ,ശാസ്ത്രം, ഗണിതശാസ്ത്രം ,രാഷ്ട്രീയം  വിശിഷ്യാ ജ്യോതിഷം മേഖലകളില്‍ വ്യുല്‍പ്പത്തി നേടിയത് .
                       1939 ല്‍ ഇദ്ദേഹം വിവാഹിതനായി .പ്രമുഖ ആയുര്‍വേദ വിദഗ്ദന്‍ ആയിരുന്ന പുലാമന്തോള്‍ ശങ്കരന്‍ മൂസിന്റെ പുത്രിയായ ദേവകി അന്തര്‍ജനവുമായി ആയിരുന്നു വിവാഹം ..പിന്നീട് ഹിന്ദു മത ധര്‍മ സ്ഥാപന ബോര്‍ഡില്‍ ജോലി നേടി .കേരളത്തിലെ വിവിധ ക്ഷേത്രങ്ങളില്‍ എക്സിക്കുട്ടിവ് ഒഫിസര്‍ ആയി ജോലി ചെയ്തിട്ടുണ്ട് .അന്‍പത്തി അഞ്ചാം വയസ്സില്‍ ജോലിയില്‍ നിന്നും വരമിച്ചു
           .1948ലാണ്  കുടുംബ സ്വത്തുക്കളുടെ സംരക്ഷകനായി ഇദ്ദേഹം കുണ്ടൂര്‍ക്കുന്നില്‍ എത്തുന്നത് .വികസനത്തിന്റെ ലാഞ്ചന ഇതും ഏല്‍ക്കാത്ത ഒരു ഓണം കേറാ മൂലയായി കഴിഞ്ഞ കുണ്ടൂര്‍ക്കുന്നു ഗ്രാമത്തിന്റെ ജാതകം തിരുത്തപ്പെട്ടത് ഈ വരവിലൂടെയാണ് .സാമൂഹികവും സാംസ്കാരികവുമായി ഒറ്റപ്പെട്ടു കഴിഞ്ഞ ഗ്രാമത്തിന്റെ ഉന്നമനത്തിനു വേണ്ടി ആയിരുന്നു പിന്നീട് ഇദേഹത്തിന്റെ ഊര്‍ജം അത്രയും വിനിയോഗിക്കപ്പെട്ടത്‌ എന്നതാണ് ചരിത്രം .ഗ്രാമത്തിന്റെ മൊത്തം സംരക്ഷകന്‍ ആയി മാറിയ സവിശേഷ വ്യക്തിത്വം ആയി മാറി അദ്ദേഹം .
                      വിദ്യാഭ്യാസത്തിന്റെ അഭാവം ആണ് ഗ്രാമത്തിന്റെ അപരിഷ്കൃതമായ അവസ്ഥക്ക് കാരണം എന്ന് തിരിച്ചറിഞ്ഞ നമ്പൂതിരിപ്പാടിന്റെ ശ്രമം പിന്നീട് ഈ മേഖലയിലേക്ക് തിരിഞ്ഞു .ഒരു സ്കൂള്‍ പ്രദേശത്ത് ആരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം ഇവിടെ നിന്നാണ് .നിതാന്തമായ ശ്രമങ്ങള്‍ക്ക് ഒടുവില്‍ 1949 ല്‍ ആ സ്വപ്നം പൂവണിഞ്ഞു .ആഗസ്റ്റ്‌ ഒമ്പതിന് രണ്ടു ക്ലാസ്‌ മുറികളില്‍ ആയി ആദ്യത്തെ പ്രാഥമിക വിദ്യാലയം  വിദ്യാ പ്രദായിനി  ആരംഭിക്കപ്പെട്ടു. ചെമ്പായില്‍ ഗോവിന്ദന്‍ നായര്‍. കെ ഗോപാലന്‍ നായര്‍ എന്നിവരും ഈ സദ്‌പ്രവൃത്തിക്ക്  സഹായികള്‍ ആയി. തുടക്കത്തില്‍ ഒരു ഓലപ്പുരയില്‍ ആയിരുന്നു പ്രവര്‍ത്തനം .രണ്ടു അധ്യാപകരും . കെ ഗോപാലന്‍ നായര്‍ പ്രധാനാധ്യാപകനും, കെ ടി കരുണാകരന്‍ നായര്‍ സഹാധ്യാപകാനും ആയിരുന്നു.ക്രമേണ സ്കൂള്‍ ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ ആയി വളര്‍ച്ച നേടി. ഐ വി അച്ചുത വാര്യര്‍, കെ അമ്മിണിയമ്മ, എ ജാത വേദന്‍ ഭാട്ടതിപ്പാട് എന്നിവര്‍ ഈ കാലഘട്ടത്തില്‍ അധ്യാപകര്‍ ആയിരുന്നു.1956 ല്‍ സ്കൂള്‍ വിദ്യാപ്രദായിനി അപ്പര്‍ പ്രൈമറി സ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു.
                             യു പി ക്ലാസ്സില്‍ നിന്നും പഠിച്ചു വരുന്നവര്‍ക്ക് തുടര്‍ പഠന സൗകര്യം ഇല്ലാത്തത് ഒരു പ്രശ്നം ആയി കണ്ട ഇദ്ദേഹം പിന്നീട് അതിനായി ശ്രമങ്ങള്‍. മണ്ണാര്‍ക്കാടിനും പെരിന്തല്‍മണ്ണക്കും ഇടയില്‍ അക്കാലത്ത് ഹൈസ്കൂളുകള്‍ ഇല്ലായിരുന്നു .ഭരണ രംഗത്ത് ചെലുത്തിയ സ്വാധീനങ്ങളുടെയും നാട്ടുകാരുടെ സഹായ സഹകരണങ്ങള്‍ക്കും  അങ്ങിനെ 1962 ജൂണ്‍ മാസത്തില്‍ യു പി സ്കൂളിനോട് ചേര്‍ന്ന് ഒരു ഹൈ സ്കൂളും സ്ഥാപിതമായി .ഇവിടന്നോട്ടാണ് ഗ്രാമത്തിന്റെ വളര്‍ച്ച അതിന്റെ ത്വരിതാവസ്ഥയില്‍ ആകുന്നതും. സ്ഥാപനങ്ങള്‍ എല്ലാം നാള്‍ക്കുനാള്‍ പുഷ്ടിപ്പെട്ടു .ഹൈ സ്കൂളിന്റെ തുടര്‍ച്ച എന്നോണം ഇന്ന് ഒരു ഹയര്‍ സെകണ്ടാരി സ്കൂളും സ്ഥാപിതം ആയി. ഇദേഹത്തിന്റെ സ്മരണ നില നിര്‍ത്തി തെനെഴി ശങ്കരന്‍ നമ്പൂതിരിപ്പാട് മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ എന്നാണു സ്കൂളിന്റെ നാമധേയം .വിദ്യാഭ്യാസ പ്രാപ്തി നാടിനെ അടിമുടി മാറ്റി. സാംസ്കാരികവും സാമൂഹികവും ആയ വികസനത്തിന് ഇത് വഴിവച്ചു .ഒരു പക്ഷെ ഈ സ്ഥാപങ്ങള്‍ ആരംഭിക്കപ്പെട്ടിലായിരുന്നു എങ്കില്‍ ബഹു ഭൂരിപക്ഷത്തിനും അറിവ് ഒരു കിട്ടാക്കനി ആകുമായിരുന്നു
                       കുണ്ടൂര്‍ക്കുന്നിന്റെ ഗതാഗത സൌകര്യങ്ങള്‍ വധിപ്പിക്കുന്നതിലും ഇദ്ദേഹം ശ്രദ്ധ പതിപ്പിച്ചു. കൊടക്കാട് കുണ്ടൂര്‍ക്കുന്നു റോഡിന്റെ പിറവി അങ്ങിനെയാണ്.ഈ വഴി ബസ്‌ റൂട്ട് അനുവദിച്ചു കിട്ടാനും ശ്രമം നടത്തി വിജയിച്ചു. പിന്നീട് കോട്ടപ്പുറത്തെക്ക്  ഗ്രാമീണ്‍ സഡക് റോഡ്‌ നിര്മിക്കപ്പെടപ്പോള്‍ അതിനു തെനേഴി ശങ്കരന്‍ നമ്പൂതിപ്പാട് റോഡ്‌ എന്നാണു നാമകരണം ചെയ്തത് . കാരണം മീ റോഡിനുള്ള സിംഹ ഭാഗം സ്ഥലവും വിട്ടുനല്‍കി പ്രാഥമികമായ എല്ലാ ചുവടു വയ്പുകളും നടത്തിയത് ഇദ്ദേഹം ആണ് .രണ്ടു റോഡുകളുടെയും നിര്‍മാണം വഴി ദേശീയ പാതയിലേക്കും ചെര്‍പ്പുളശ്ശേരി റോഡിലെക്കും കുണ്ടൂര്‍ക്കുന്നുകാര്‍ക്ക്  എളുപ്പത്തില്‍ എത്തിപ്പെടാന്‍ ആയി..
         കുണ്ടൂര്‍ക്കുന്നില്‍ ഒരു ഗ്രാന്ച്ചു പോസ്റ്റ്‌ ഓഫിസ്‌ ആരംഭിച്ചതും ഈ ഉത്സാഹത്തില്‍ തന്നെ. ഇതിനായി സ്ഥലം ലഭ്യമല്ലാതെ വന്നപ്പോള്‍ വിദ്യാപ്രദായിനി സ്കൂളിന്റെ ഒരു ഭാഗം ഇതിനായി നല്‍കി. പിന്നീട് പോസ്റ്റ്‌ ആഫിസിനായി ഇദ്ദേഹം തന്നെ സ്ഥാലം വിട്ടു നല്‍കി .
                       പ്രദേശത്തെ അംഗന്‍വാടി, പ്രാഥമികാരോഗ്യകെന്ദ്രം , പൊതു കളിസ്ഥലം ,പൊതു ജന വായനശാല എന്നിവക്കും ഇദ്ദേഹം സ്ഥലം വിട്ടു നല്‍കി .അവ യാഥാര്‍ത്യമാക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചു .ഇങ്ങിനെ ഒരു നാടിന്റെ സര്‍വ മേഖകളിലും ഇദേഹത്തിന്റെ കയ്യോപ്പുണ്ട് .ഇന്നത്തെ കുന്ടൂര്‍കുന്നിന്റെ ശില്പി എന്ന് തന്നെ പറയാം .ഇവിടുത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ വിദ്യാഭ്യാസം നേടി പോയവര്‍ ഒട്ടേറെ .സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ,രാഷ്ട്രീയ സാംസ്കാരിക നായകര്‍ അങ്ങിനെ സമൂഹത്ത്തിന്റെ എല്ലാ തുറയിലും പെട്ട പൂര്‍വ വിദ്യാര്‍ഥി സമ്പത്ത്.അതിലൂടെ വികസിച്ച നാടിന്റെ സാമ്പത്തികാവസ്ഥ ഒക്കെക്കും തുടക്കം ഈ മഹത്വത്തിന്റെതാണ്.
              1987 ജൂലായ്‌ അമ്പതിന് അദേഹം കാലയവനികക്കുള്ളില്‍ മറഞ്ഞു .അദേഹത്തിന്റെ സ്മരണ പുതുക്കി  നാട് അദേഹത്തിന്റെ ജന്മ ശതാബ്ദി ആദരാഭിഹവം എന്ന പേരില്‍ വിദ്യാലയങ്ങളുടെ നേതൃത്വത്തില്‍ ഒരു വര്ഷം നീണ്ടു നിന്ന  പരിപാടികളോടെ ആഘോഷിച്ചിരുന്നു . തുടര്‍ന്ന് എല്ലാ വര്‍ഷവും ഫെബ്രുവരി പതിനാറിന് ആദരാഭിഹവം എന്ന അനുസ്മരണ പരിപാടി നടത്തി വരുന്നു .
                   

2013, ഫെബ്രുവരി 11, തിങ്കളാഴ്‌ച

              ഡി=പ്രണയവും രതിയും ഒഴുകിയ പുഴ 


വീട്ടിലേക്കെന്നു പോകുന്നു ചോദിക്കുന്നു

കൂട്ടുകാര്‍, കൂട്ടുകിടക്കുന്ന പുസ്‌തകക്കൂട്ടങ്ങള്‍,
പടിവാതിലോളം പറന്നുമറയുന്ന കൊച്ചരിപ്രാവ്‌,
കലണ്ടറില്‍ ചൂട്ടുകത്തിച്ചുകിടക്കുമവധികള്‍"

                 എന്ന് പാടി മരങ്ങളെയും പുഴകളെയും കൂട്ടുകാരെയും കൂട്ടിപ്പിടിച്ച കവി  ഡി വിനയ ചന്ദ്രന്‍ ഇനി ഓര്‍മ മാത്രം . കവിതയുടെ കല്ലടയാര്‍ ആയിരുന്നു ഡി .വിനയ ചന്ദ്രന്‍ .മലയാളിയുടെ കപടസദാചാരത്തിനെതിരെ നിന്ന് അതിനു നേരെ തന്റെ പൊട്ടിയ കണ്ണാടിത്തുണ്ടുകള്‍ കാണിച്ചു പരിഹസിച്ചും ശാസിച്ചും ഒരു വേള കലഹിച്ചും മര്‍ദ്ദിച്ചും തിരുത്താന്‍ നോക്കിയ വാക്കിന്റെ പടയാളി വിടവാങ്ങുന്നു . ഓരോ കവിതയും അനുഭവത്തിന്റെ തീഷ്ണതയാല്‍ ചുട്ടുപൊള്ളിക്കുന്ന കാവ്യാനുഭവമായി പരിണമിപ്പിച്ചു വായനക്കാരന്റെ മനസ്സില്‍ അമ്ളമഴ പെയ്യിക്കുകയായിരുന്നു വിനായ ചന്ദ്രന്റെ കവിത .
നരകം ഒരു പ്രേമകഥ എഴുതുന്നു, ദിശാസൂചി, കായിക്കരയിലെ കടല്‍, വീട്ടിലേക്കുള്ള വഴി, സമയമാനസം, സമസ്ത കേരളം പി.ഒ, പൊടിച്ചി, പത്താംമുദയം, കാട്, ഉപരിക്കുന്ന്, പേരറിയാത്ത മരങ്ങള്‍, വംശഗാഥ എന്നിവയാണു പ്രധാന കൃതികള്‍. കണ്ണന്‍ (മൃണാളിനി സാരാഭായിയുടെ കാവ്യത്തിന്‍റെ പരിഭാഷ), നദിയുടെ മൂന്നാംകര (ലോക കഥകളുടെ പരിഭാഷ), ജലം കൊണ്ടു മുറിവേറ്റവന്‍, ദിഗംബര കവിതകള്‍ (പരിഭാഷ), ആഫ്രിക്കന്‍ നാടോടിക്കഥകള്‍ (പുനരാഖ്യാനം) എന്നിവ.പരിഭാഷകള്‍ ആണ് .നരകം ഒരു പ്രേമകഥ എഴുതുന്നു എന്ന കവിതാസമാഹരത്തിന് 1996ലെ കേരള സാഹിത്യ അക്കാഡമി പുരസ്കാരം, 2006ല്‍ ആശാന്‍ സ്മാരക പുരസ്കാരം, ചങ്ങമ്പുഴ പുരസ്കാരം, റഷ്യന്‍ സര്‍ക്കാരിന്‍റെ ഇസെല്‍ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

               
1946 മെയ് 16 ന്‌ കൊല്ലം ജില്ലയിലെ പടിഞ്ഞാറെ കല്ലടയിലായിരുന്നു ജനനം. പ്രീ യൂണിവേഴ്‌സിറ്റിക്കും ഡിഗ്രിക്കും ഡി വിനയചന്ദ്രന്‍ പഠിച്ചത് തിരുവനന്തപുരത്ത്  ഇന്റര്‍മീഡിയറ്റ് കോളജിലും യൂണിവേഴ്‌സിറ്റി കോളജിലുമാണ്..ഫിസിക്സില്‍ ബിരുദവും മലയാള സാഹിത്യത്തില്‍ ഒന്നാം റാങ്കോടെ ബിരുദാന്തര ബിരുദവും നേടി. അധ്യാപകന്‍, നിത്യയാത്രികന്‍, പ്രണയത്തിന്‍റെ പാട്ടുകാരന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍. 1993ല്‍ എംജി സര്‍വകലാശാല സ്കൂള്‍ ഒഫ് ലെറ്റേഴ്സില്‍ അധ്യാപകനായിരുന്നു.                                                ഗഹനതയുടെയും മായികമായ ഭാവനകളുടെയും കുപ്പായം അണിയുംപോഴും  സൂക്ഷ്മമായ കാഴ്ചകള്‍ ആണ് വിനയചന്ദ്രന്റെ കവിതകള്‍ വരച്ചിടുന്നത് .കവിതയുടെ പഴമക്കും ആധുനികകതക്കും ഇടയിലാണ് വിനയചന്ദ്രികയുടെ ഉദയം എന്ന് വേണം എങ്കില്‍ പറയാം .ആധുനിക കവിതക്ക് സംവേദന ക്ഷമത കുറവാണെന്നും ജീവിതത്തോട് അടുപ്പമില്ലെന്നും ആക്ഷേപങ്ങള്‍ ഉയര്‍ന്നു വന്ന ആ  ദശകത്തില്‍ ആണ് തന്റെ വരികള്‍ കൊട്ടിപ്പാടി വിനയ കവിയുടെ അവതാരം .പിന്‍ തലമുറയുടെ ഭാഷയായി മാറി വിനയ ചന്ദ്രന്റെ കവിത .അവധൂതനായ കവിയാണ് പി എങ്കില്‍ അതെ കിരീടം ആധുനികരില്‍ അവകാശപ്പെടാവുന്ന കവിയാണ് ഡി..കാണുന്ന ലോകമാണ് ഡി യുടെ കവിത .അത് കൊണ്ട് തന്നെ ബിംബങ്ങള്‍ കൊണ്ടുള്ള വാക്ചിത്രങ്ങള്‍ തന്നെയാണ് കവിതയുടെ വരികള്‍ ആകുന്നതും .ജീവനുള്ള ബിംബംഗല്‍ തിരഞ്ഞു പിടിച്ചു കവിതയില്‍ ഉറപ്പിക്കുന്ന മായാജാലം ആണ് ഇദ്ദേഹത്തിന്റേത് .സ്റെജില്‍ മാജിക്ക് കാണിക്കുന്നവനും തെരുവില്‍ മാജിക്ക് കാണിക്കുന്നവനും തമ്മിലുള്ള വ്യത്യാസം ഡി യെ മറ്റു കവികളില്‍ നിന്നും വേറിട്ടതാക്കുന്നു .ഡി യുടെ കവിത നമ്മുടെ കണ്മുന്നില്‍ പച്ചയായി വാര്‍ന്നു വീഴുകയാണ് ,അതിന്റെ എല്ലാ തരം ചൂടും ചൂരും കൊണ്ട് അത് നമ്മളെ ഉണ്മാദികള്‍ ആക്കുന്നു ചിലപ്പോള്‍ .ഒരേ സമയം ധൈഷണികവും അതെ സമയം വൈകാരികവും ആയ ഒരു തരം ആത്മ പ്രകാശനം .ആധുനിക ലോകത്തിന്റെ സമസ്ത വ്യാകുലതകളും ആഗോള വത്കരണം , അമിതമായ വാണിജ്യ വത്കരണം, പാരിസ്ഥിതിക നാശം ,ബന്ധങ്ങളിലെ ശൈഥില്യം ,പ്രണയത്തിലും ജീവിതത്തിലും വന്ന മാറ്റങ്ങള്‍ ,ആശയധാരകളുടെ പാതി വിപ്ലവാത്മകത ഒക്കെ കവിതകളില്‍ വന്നു നിറയുന്നു .വീടും ജീവിതവും വന്നു നുരയുംപോഴും അവയില്‍ നിന്ന് അന്യവത്കരിക്കപ്പെട്ട ജീവിതം പേറിയാണ് കവിയുടെ യാത്ര. ദ്രസ്വദൃഷ്ടിയുടെ കണ്ണാടി എടുത്ത്തനിയുംപോഴും ദൂരക്കാഴ്ച തനിക്കന്യമല്ല എന്ന് പല പ്രവചന സ്വഭാവം ഉള്ള കവിതകള്‍ കൊണ്ടും വിനയ ചന്ദ്രന്‍ തെളിയിക്കുന്നു .ഉദ്യാനങ്ങള്‍ കവിക്ക്‌ അന്യമാണ് .., ജീവിതംമരുഭൂവിലെ മരീചികയും മരുപ്പച്ചകളും കണ്ടു  ലഹരിയുടെ വേദന പേറി നടക്കുന്ന കവിത .പാര്‍ക്കിലെ ബഞ്ച് എന്നാ കവിതയിലൂടെയും തനിക്ക് നഷ്ടപ്പെട്ട പൂവാടികള്‍ കവി കാണുന്നുണ്ട് . വര്തമാനവുമായോ ഭൂതവുമായോ ഒരു സമരസപ്പെടലിനും നിന്ന് കൊടുക്കാതെ തന്റെതായ വഴിയില്‍ മുന്നില്‍ പോയവരെയോ പിന്നില്‍ വരുന്നവരെയോ ശ്രദ്ധിക്കാതെ നടന്നു പോയ ഒരു മാന്ത്രികനും ഭ്രാന്തനും ആയ കവി ..കവിത കൊണ്ട് കാമുകന്‍ ആവുകയും ജീവിതം കൊണ്ട് അത് അല്ലാതിരിക്കുകയും ചെയ്ത വിചിത്ര ജീവി .ആണ് നിമിഷം മരിച്ചു പോയി ക്കൊണ്ടിരിക്കുന്ന പ്രകൃതിയെ തന്റെ തലച്ചോറില്‍ സൂക്ഷിക്കുന്ന പരിസ്ഥിതി സ്നേഹി ..സൌഹൃദങ്ങളെ ആഘോഷമാക്കിയ ,കവിത കൊണ്ട് വേദികളെ ആവേശഭരിതമാക്കിയ വിപ്ലവകാരി എന്നൊക്കെ ഡി യെ  വായിച്ചെടുക്കാം .                                             ഭ്രാന്തന്‍ , കാമുകന്‍ ,കവി - ഇവരെല്ലാം ഭാവന കൊണ്ട് ഒരു പോലെയാണ്
 എന്ന ഷേക്സ്പിയര്‍വചനം ഡി ക്ക് ഏറെ ചേരും .കവിതയുടെ ഭ്രാന്തും ,പ്രകൃതിയുടെ കാമുകനും ,എന്തും കവിതയായി മാറുന്ന കവിത്വവും വിനയചന്ദ്രന്റെ മുഖക്കുറികലാളായി.
എന്റെ കവിത
പുരാതനമായ
ഒരു പ്രേമവിലാപം ആകുന്നു
മെല്ലെ ആഴം വയ്ക്കുന്ന കടല്‍
എന്റെ കവിത
പൂര്‍ണചന്ദ്രോയത്തിലേക്ക്
തുള്ളിയുനരുന്ന കടല്‍

 പ്രേമമെന്ന സുന്ദര വികാരത്തെ അതിന്റെ മാസ്മരികതയില്‍ കവി വരച്ചിടുന്നു .പ്രകൃതിയുടെ വികാരഭേദങ്ങള്‍ മനുഷ്യാവസ്ഥകളുമായി താദാത്മ്യം പ്രാപിക്കുന്ന കാഴ്ചയാണ് ഇവിടെ .
ഞാനിതാ യാത്രയാകുന്നു പ്രിയേ ശുഭം 
പ്രേമദുഖങ്ങള്‍ പ്രിയങ്ങാളായ്‌ തീരുക 
ഇന്നിതെ ജീവിതം നാമോര്‍ത്തിരിക്കാതെ 
പെണ്ണുമാനും പ്രണയ സമയമായ്‌ തീരുന്നു ..എന്ന് പ്രണയത്തെ പറ്റി കവിയെ പിന്നെയും വാചാലനാക്കുന്നു 

വാക്ക് എത്ര മഴ നനഞ്ഞാലാണ്
ഏറെ ജന്മങ്ങള്‍ കഴിഞ്ഞെങ്കിലും
അതിനു അതിന്റെ മരങ്ങളും
മൌനങ്ങളും തിരിച്ചു കിട്ടുന്നത്

എന്നിങ്ങനെ പ്രകൃതിയിലെക്കുള്ള ഒരു തിരിച്ചു പോക്കിനായി ഓരോ കവിതയിലും കവിയുടെ അനാദിയായ പ്രാര്‍ത്ഥന വന്നു ചേരുന്നുണ്ട് .

കാടിന് എന്ത് പേരിടും ? 

കാടിന് ഞാന്‍ എന്റെ പേരിടും 
എന്നാണു കവിക്ക്‌ തന്നോട് തന്നെയുള്ള ഉത്തരം .അക്ഷരാര്‍ഥത്തില്‍ ഒരു ഒറ്റമരക്കാട് ആയിരുന്നു ഡി .മരക്കവി എന്ന പേര് അദ്ദേഹം ആസ്വടിച്ചിരുന്നതായി തോന്നാം .

ഇത് കാട്ടുപൂവിന്റെതേനല്ല ചാറ്റല്ല
 
തളിരിലും പൂവിലും കിളിയിലും
കുളിര് പകരും കളിക്കൂട്ടുകാരിപെണ്ണ്  .
ഇതായിരുന്നു കവിയുടെ പ്രകൃതി ചിന്ത .
കരയുന്നു ഞാവല്‍,
കടമ്പ് പുന്നാഗങ്ങള്‍ 
കരയുന്നു കൈത,കടല്‍ 
കടല്‍ കാക്കകള്‍ ..
പ്രകൃതിയുടെ കരച്ചിലിനെ തന്റെ കരച്ചിലായി ലോകത്തെ അറിയിച്ച വാക്കുകള്‍ .കരയുമ്പോഴും കലഹിക്കുകയും ,കലഹിക്കുംപോഴും കരയുകയും ചെയുതു കവി .പ്രകൃതിയില്‍ ഊന്നിയ ആധ്യാത്മികത ആയിരുന്നു വിനയചന്ദ്രന്റെ ജീവിത സന്ദേശം .



വിനയ ചന്ദ്രന്റെ കവിതയ്ക്ക് നാടോടി ശൈലിയുടെ ലാന്ച്ചനയും ചില നിരൂപകന്മാര്‍ കാണുന്നുണ്ട്. കാരണം ഡി ക്ക് കാണുന്നതില്‍ ഒക്കെ കവിത ഉണ്ടായിരുന്നു .അദേഹം സ്വയം വിശേശിപ്പിക്കുന്നത് അനാഥന്‍ എന്നാണ്.എകാകി,ആരും നിയന്തിക്കാനില്ലാത്തവന്‍  എന്നൊക്കെ മറ്റുള്ളവര്‍ വിളിക്കുമ്പോഴും അനാഥന്‍ ആയി സ്വയം കാണാനുള്ള കവിയുടെ നിയോഗം .
ഒന്ന് താനല്ലയോ നിങ്ങളും ഞാനും
ഇക്കാടും കിനാക്കളും അന്ടകടാഹവും ...എന്ന് ചൊല്ലി തന്റെ ഒറ്റപ്പെടലിന് വലിയ സാമൂഹ്യമാനവും കവി നല്‍കുന്നു.ഞാന്‍ ഞാനല്ല , മേഘം, മഴ, വാന്‍ഗോംഗ്, സാവിത്രി എന്ന് ഞാന്‍  ആയിരിക്കുമ്പോഴും മറ്റെന്തൊക്കെയോ കൂടി ആണെന്ന് കവി വ്യക്തമാക്കുന്നു .


ശവക്കോട്ടയില്‍ അടക്കിയെങ്കിലും

സതിയുടെ ശവം ശിവനെ
മൂന്നു ശീവേലി സമയത്തും ഓര്‍ക്കുന്നു.
പുറമ്പോക്കില്‍ ഉപേക്ഷിച്ച
പശുവിനെ തിന്നു വിശ്രമിക്കെ
കഴുകന്മാര്‍ അത് തിരിച്ചറിയുന്നുണ്ട്്.
യൂക്കാലിപ്റ്റസിന്‍െറ പട്ട അടരുന്നതും
കല്ലടരുകളില്‍നിന്ന് ഓന്തുകള്‍
തലപൊക്കി നോക്കുന്നതും
മയക്കംവിട്ട് ആട്ടിടയന്‍ ഭാംഗു കഴിക്കുന്നതും
അതുകൊണ്ടാണ്.

















ചില ഡി കവിതകള്‍

വരൂ, പോകാം


പോരുന്നോ
തനിക്കുപോരാത്തതുകൊണ്ടോ
താൻപോരിമ കൊണ്ടോ
തനിച്ചു പോരുന്നോ?
തീയും വെള്ളവുമല്ലെങ്കിൽ
തിണ്ണയിൽ എന്റെ ഇടതുവശം ഇരിക്കാം
തീയും വെള്ളവുമാകുമ്പോൾ
കാട്ടിലേക്കും കടലിലേക്കും
പോകാതെ എന്റെ അടുപ്പിൽ
പ്രവേശിക്കാം
എന്താണു പാകം ചെയ്തതെന്ന്‌
മിണ്ടരുത്‌, വായനക്കാരൻ പറയട്ടെ.


പരിഭ്രമം


ഇങ്ങനെ ഒരിക്കലും 
ഭയം എന്നെ ബാധിച്ചിട്ടില്ല 
എന്റെ പെണ്ണ് വരുമെന്ന് 
പറയുന്ന ഈ ദിനം 
പാതകളെയും ഭിത്തികളെയും 
ആകാശക്കീറുകളെയും 
മലമ്പാമ്പിന്റെ രൂപത്തില്‍ കാണുന്നു 
വിറകുകൊള്ളിയായി 
എന്റെ കൈകാലുകള്‍ ഉഴറുന്നു 
വിശാല ജലാശയത്തിന്റെ അരികില്‍ 
പാളിനില്‍ക്കുന്ന 
ഒറ്റത്തിരിയായി ഞാന്‍

കൂന്തച്ചേച്ചി

കൂന്തച്ചേച്ചിക്കു
കുഞ്ഞില്ല
കൂട്ടില്ല
പൊന്നാങ്ങളമാരില്ല
അമ്മാവന്‍മാരില്ല.

കിഴക്കോട്ടു കാറ്റായിട്ടമ്മ പിരിഞ്ഞന്നേ
പടിഞ്ഞാട്ടു നിഴലായിട്ടച്ഛന്‍ പിരിഞ്ഞന്നേ
കൂന്തച്ചേച്ചിക്കു
കുഞ്ഞില്ല
കൂട്ടില്ല,

നായന്‍മാര്‍ വീട്ടില്‍ പോയടിക്കുന്നു തളിക്കുന്നു
അരക്കെട്ടഴിയാതെ അരയ്ക്കുന്നു വടിക്കുന്നു
വയറ്റില്‍ തീ കൊള്ളാതെ വെയ്ക്കുന്നു വിളമ്പുന്നു
ഉടുത്ത തറ്റുഴറാതെ കുത്തുന്നു കോരുന്നു
കൂന്തച്ചേച്ചിക്കു
കുഞ്ഞില്ല
കൂട്ടില്ല.

കെട്ടാനുമാളില്ല
കെട്ടിക്കാനാളില്ല
ചെറ്റയല്ലാഞ്ഞവള്‍ ചേട്ടയല്ലാഞ്ഞവള്‍
തോട്ടത്തില്‍ കുളങ്ങരെ മുങ്ങി ത്തൊഴുന്നവള്‍
ആയില്യം മണ്ണാര്‍ശാലുരുളി കമിഴ്ത്തുന്നു
ഓച്ചിറക്കാളയ്ക്കു പൊങ്കാലയൂട്ടുന്നു .

പകലേറെ നടക്കുന്നു
രാവേറെ കിടക്കുന്നു
അമ്മിഞ്ഞയൂട്ടുവാനിങ്കു കൊടുക്കുവാന്‍
ചന്തിക്കു നുള്ളുവാന്‍ ചന്തത്തില്‍ കിള്ളുവാന്‍
ചക്കരയുമ്മയ്ക്കും പഞ്ചാര യുമ്മയ്ക്കും
കയ്യോ വളരുന്നു കാലോ വളരുന്നു
അമ്പാടിക്കിട്ടനെന്നാരീരോ പാടുവാന്‍

കൂന്തച്ചേച്ചിക്കു
കുഞ്ഞില്ല
കൂട്ടില്ല.

ചിക്കിയുണക്കീട്ടും പാറ്റിക്കൊഴിച്ചിട്ടും
ഉപ്പിട്ടു വെച്ചിട്ടും ഉറയൊഴിച്ചുറി
യേറ്റി ഉറപ്പോടെ വെച്ചിട്ടും
ചക്ക പുഴുങ്ങീട്ടും പപ്പടം കാച്ചീട്ടും
കാക്കയെ തീറ്റീട്ടും കാക്കാത്തിമാര്‍
വന്ന് കൈ രണ്ടും നോക്കീട്ടും

പകലേറെ നടന്നിട്ടും
രാവേറെ കിടന്നിട്ടും

കൂന്തച്ചേച്ചിക്കു
കുഞ്ഞില്ല
കൂട്ടില്ല.

കുഞ്ഞില്ലാഞ്ഞവള്‍
അരകല്ലടുത്തെത്തി കരയുന്നു കേഴുന്നു
ഉമ്മറപ്പടിയെത്തി വിങ്ങുന്നു വിതുമ്പുന്നു
വാഴക്കൂമ്പൊടിക്കുമ്പോള്‍ വാഴ ക്കൈ പിടിക്കുന്നു
കുളിക്കടവെത്തുമ്പോള്‍ കുളക്കോഴിപ്പെണ്ണിനോ
ടെനിക്കൊരു കുഞ്ഞിനെ കൊടുക്കുമോ
കൊടുക്കില്ല കിഴക്കില്ല വടക്കില്ല കുളക്കോഴി മറയുമ്പോള്‍
നെഞ്ചത്തറയുന്നു

അറയുന്ന പകലല്ലോ ,
അറുകൊലക്കുളിരല്ലോ
പകലേറെ നടന്നിട്ടും
രാവേറെ കിടന്നിട്ടും
കൂന്തച്ചേച്ചിക്കു
കുഞ്ഞില്ല
കൂട്ടില്ല.

ചിങ്ങപ്പുലരികള്‍
പുന്നെല്ലുണക്കിപ്പോയ്
മുടികെട്ടി കണിചൂടി
മേടക്കിളി പാടിപ്പോയ്
അടിവയര്‍ തെണുത്തില്ല
മുലക്കണ്ണു കറുത്തില്ല
യാക്കം വളര്‍ന്നില്ല
തെരളി തെറുത്തിട്ടും
മലരു പൊരിച്ചിട്ടും
അനത്തീട്ടു മാറ്റീട്ടും
അടുക്കള പുകഞ്ഞിട്ടും
അലക്കി വെളുത്തിട്ടും
കൂന്തച്ചേച്ചിക്കു
കുഞ്ഞില്ല
കൂട്ടില്ല.

കുഞ്ഞില്ലാഞ്ഞവള്‍
നൂറ്റെട്ടു മുങ്ങി കുളിച്ചു വരുന്നവള്‍
തേവരെ വിളിക്കുന്നു
വേലനെ വരുത്തുന്നു
ഓതിയെഴുതുവാന്‍ ഓല കൊടുക്കുന്നു
നൂറ്റെട്ടു കുരുത്തോല തേവരെ വണങ്ങുന്നു
കോണെട്ടും പിണിയൊഴിച്ചോതിക്കൊടുക്കുന്നു
വേലനുറയുന്നു
തൊട്ടുരിയാടാതെ ഓതി നിറഞ്ഞവള്‍
ഓതി നിറഞ്ഞവള്‍ കെട്ടില്‍ കടക്കുന്നു
വാതിലു ചാരുന്നു
തലയണയില്ലാതെ
തറ്റഴിച്ചിട്ടവള്‍
തലയഴിച്ചിട്ടവള്‍ താനേ മയങ്ങുന്നു
ഓതി നിറഞ്ഞവള്‍ താനേ മയങ്ങുന്നു .

ഓതിയ പൂതവും
ഉറയിറ്റി വയ്ക്കുന്നു
ഉപ്പിട്ടു വയ്ക്കുന്നു
ആട്ടു കല്ലാട്ടുന്നു
വെള്ളം തളിക്കുന്നു
ചാണകം മെഴുകുന്നു

ഓതി നിറഞ്ഞവള്‍ താനേ മയങ്ങുന്നു
ഏഴര വെളുപ്പിനു ഞെട്ടിയുണരുന്നു
ഞെട്ടിയുണര്‍ന്നപ്പോള്‍ കുട്ടി കരയുന്നു
നൂറ്റെട്ടു നൊന്തിട്ടു മുല ചുരന്നൊഴുകുന്നു
നൂറ്റെട്ടു നൊന്തിട്ടു
കുഞ്ഞു ചിരിക്കുന്നു
ചേച്ചി ചിരിക്കുന്നു

കുന്നിലോ
കുഞ്ഞന്‍ പുലരി ചിരിക്കുന്നു
നന്തുടി കൊട്ടി പടിവാതിലെത്തീട്ടു
പാണനും പാടുന്നു ;
ഉണരുണരൂ തുയിലുണരൂ
മാളോരേ തുയിലുണരൂ .






2013, ഫെബ്രുവരി 9, ശനിയാഴ്‌ച

        വി കെ എന്‍ സമാന്തര ഭാഷയും ജീവിതവും
   
 നാം ജീവിക്കുന്ന ജീവിതം പോലെ നാമറിയുന്ന  ഭാഷ പോലെ സമാന്തരമായ മറ്റൊരു ജീവിതവും ഭാഷയും സംഭാവന ചെയ്യുന്നു എന്നുള്ളതാണ് വി കെ എന്‍ കൃതികളുടെ പ്രസക്തി .അത് തന്നെയാണ് അദ്ദേഹത്തെ ചിരിയുടെ പിതാമഹന്‍ ആക്കുന്നതും. സാമൂഹിക അവഗാഹവും സംവേദന ശീലവും ഉള്ള ഒരു പത്ര പ്രവര്‍ത്തകനായതിന്റെ ശേഷമാണ് സാഹിത്യ രംഗത്തേക്കുള്ള വി കെ എന്നിന്റെ അവതാരം.പ്രത്യക്ഷത്തില്‍ പുറത്ത് കാണാവുന്നവരെ പറ്റി,കാണുന്നവയെ പറ്റി എഴുതി പൊലിപ്പിക്കുന്നവര്‍ ഉണ്ട്. വി കെ എന്നിനു രണ്ടും വഴങ്ങും.അറിയപ്പെടാന്‍ ആഗ്രഹിക്കാത്തവരെ കൂടി ആവിഷ്കാരത്തിലൂടെ അറിയപ്പെടുന്നവര്‍ ആക്കി മാറ്റുന്ന ജാലവിദ്യക്കാരനാണ് വി കെ എന്‍.സൂക്ഷ്മ ജീവിതത്തെ  ഭൂത കണ്ണാടിയിലൂടെ കാണുന്ന പോലെ അദ്ദേഹം ആവിഷ്കരിചിടുണ്ട്.മത്സര ജീവിതത്തിന്റെ വൈരൂപ്യങ്ങളെ പാരമ്യതയില്‍ ആവിഷ്കരിക്കുന്നതാണ് കൃതികളുടെ രീതി ശാസ്ത്രം. ആര്‍ഷ ജീര്‍ണതകളും ആംഗലജീര്‍ണതകളും ഒരേ പോലെ കളിയാക്കപ്പെടുന്നു.ഭരണമുള്‍പ്പെടെ  എതു രംഗത്ത്‌ എത്തിയാലും ഈ ജീര്‍ണതകള്‍ പ്രസ്തുത രംഗങ്ങളെ ബാധിക്കുന്നതിന്റെ  നേര്‍കാഴ്ചകള്‍ ആകുന്നു ഓരോ ഇതിവൃത്തങ്ങളും .ഹാസ്യവും ധ്വനിയും ഒരേ പോലെ വഴക്കം, ഇന്ഗ്ലീഷ്‌ വാക്യങ്ങള്‍ക്കു ഗ്രാമ്യ ഭാഷയിലുള്ള തര്‍ജമകള്‍ ഇതിനു ഉദാഹരണം. ഹാസ്യ സാഹിത്യ രംഗത്ത് വാക്കുകളും പ്രയോഗങ്ങളും പ്രമേയ സാധ്യതകളും എല്ലാം വി കെ എന്‍ ഉപയോഗിച്ച് കഴിഞ്ഞതിനാല്‍ പുതു തലമുറയില്‍ ഹാസ്യകാരന്മാര്‍ക്ക് പോലും ഇതിനെ മറികടക്കാന്‍ ആവിഷ്കാര ദുര്‍ഘടതകള്‍ ഉണ്ട് .
                                          മലയാള സാഹിത്യ രംഗത്ത് ബഷീറിന് മാത്രം അവകാശപ്പെടാവുന്ന അനര്‍ഗളമായ ഒഴുക്കാണ് വി കെ എന്‍ ഭാഷ. ഒരു വാക്ക് സാധ്യമായ എല്ലാ അര്‍ത്ഥത്തിലും കൂടി വായനക്കാരന്റെ മുമ്പില്‍ അനുഭവപ്പെടുന്നു. വാക്കുകളെ മെരുക്കുന്ന സാങ്കേതിക വിദ്യയുടെ ഉപാസനയിലൂടെ വായനക്കാരന് വായന ജീവിതം മുഴുവന്‍ അത്ഭുതപ്പെടുത്തുന്ന അനുഭവം സാധ്യമാക്കുന്നു. വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ ഇടപഴകിയ ആള്‍ക്കാര്‍, സാഹചര്യങ്ങള്‍ എന്നിവ പ്രമേയമാക്കുമ്പോള്‍ പ്രകൃതിയില്‍ നിന്നും അന്യവത്കരിക്കപ്പെടെണ്ടത്  അനിവാര്യത ആണെന്ന മാര്‍ക്സിയന്‍ വീക്ഷണത്തോട്  വി കെ എന്‍ അടുത്ത് നില്‍ക്കുന്നുണ്ട്. ഇതില്‍ നിന്ന് ഉളവാകുന്ന സംഘര്‍ഷങ്ങളിലൂടെയാണ് അവനവനെയും അപരനെയും പറ്റിയുള്ള ബോധ്യം ഉണ്ടാകുന്നത് .
ആഗോള വത്കരണ കാലത്തെ വെറും ഉപഭോഗ വിന്യാസമല്ല വി കെ എന്നിനു എഴുത്ത്. എല്ലാവരെയും ആധുനികരാക്കാനുള്ള പ്രക്രിയകള്‍ ഗ്രാമീണ  അനുഭവങ്ങളില്‍ നിന്നും  നമ്മേ അകലേക്ക്‌ കൊണ്ടുപോവുന്നുണ്ട്. ഇത് സൃഷ്ടിച്ചു തരുന്ന താത്കാലിക സ്വാതന്ത്ര്യത്തോടൊപ്പം ഗ്രാമത്തിലേക്ക് വലിച്ചടുപ്പിക്കുന്ന അനുഭവങ്ങളും ചേര്‍ന്നതാണ് വി കെ എന്‍ കഥകളുടെ ഊര്‍ജം. സ്വത്വം ,നിലനില്പ്  ഇവയുടെ വൈവിധ്യത്തെ ഹനിക്കുന്ന അതെ  സാഹചര്യങ്ങളെതന്നെ അവയെ പച്ചക്ക് തുറന്നു കാട്ടാനുള്ള മാധ്യമം  ആക്കുന്നതാണ് വി കെ എന്നിന്റെ രസതന്ത്രം . വലിയ ലോകത്തെ  ചെറിയ മുഖങ്ങളുടെ കൃത്യമായ അനാവരണം സാധ്യമാക്കിയത് നഗര ജീവിതം ചിന്തക്കും രചനയ്ക്കും നല്‍കിയ പ്രചോദനങ്ങള്‍ ആകം . ഹാസ്യാത്മകമായി അവതരിപ്പിക്കുമ്പോഴും ആവുന്നത്ര പൂര്‍ണത അദ്ദേഹം നല്‍കുന്നുണ്ട്.
                                   സമൂഹത്തിന്റെ രോഗം മാറ്റാനുള്ള കഷായ ചികിത്സയാണ് വി കെ എന്‍ കൃതികളുടെ വായന .വാക്കുകള്‍  പ്രയോഗങ്ങള്‍ എന്നിവയുടെ മൌലികവും ശുദ്ധിയും പുലര്ത്തുന്നതോടോപ്പം, ഭൂതം ഭാവി വര്‍ത്തമാനം എന്നിവയെ ഉള്‍പ്പെടുന്നതാണ് വി കെന്‍ കൃതികളുടെ ചരിത്ര ബോധം . ഓര്‍മ്മകള്‍ ,യാഥാര്‍ത്ഥ്യം ,ഭാവന ഇവയുടെ സമ്മിശ്രണം , സാമൂഹികാവസ്ഥകള്‍ സൌടായങ്ങള്‍, ബാരനമാട്ടങ്ങള്‍ ജീവിത രീതികള്‍ ആഗോള ആശയങ്ങും ആശങ്കകളും വീക്ഷണങ്ങള്‍, എന്നിവയെല്ലാം  വി കെ എന്‍ പ്രമേയങ്ങള്‍ ആണ്. ഉദാഹരണത്തിന് അധികാരത്തിന്റെ പിന്‍ ഭാഗത്തുള്ള ഒളിയിടങ്ങളും സ്ഥാനങ്ങളുടെ ദുര്മെദസ്സുകളില്‍ അട്ടകളെപ്പോലെ തൂങ്ങിയാടുന്നവരെയും പറ്റിയുല്ലതാണ് ആരോഹണം എന്ന നോവല്‍. All the world is a stage and all the men and women  are ,merely players എന്നാ ഷേക്സ്പിയര്‍ നാടക വചനം പോലെ അധികാര സ്ഥാനങ്ങക്ക് വേണ്ടിയുള്ള മത്സരങ്ങള്‍ ,വ്യക്തികള്‍ കഥാപാത്രങ്ങള്‍ ആയി രൂപാന്തരപ്പെടുന്ന അഭിനയ കളരികള്‍ ആയി വി കെന്‍ എന്‍ അവതരിപ്പിക്കുന്നു .രചിക്കപ്പെട്ടു  നാല് ദശകങ്ങല്‍ക്കപ്പുറവും കാലത്തോട് സമരസപ്പെട്ടു സമാന്തര ജീവിതത്തിന്റെ കണ്ണാടി പിടിക്കുന്നതാന് ഈ നോവല്‍ ഇപ്പോഴും .1970 ലെ സാഹിത്യ അകാദമി അവാര്‍ഡും ആരോഹണം നേടി. അധികാരം, സര്കാരുകള്‍ക്ക് പിന്നിലെ ഉപജാപങ്ങള്‍ രാഷ്ട്രീയ മാറ്റങ്ങള്‍ എന്നിവ കൊണ്ട് ശ്രദ്ധേയമാണ് അധികാരം എന്ന നോവലും.പയ്യന്‍ കഥകളും .ലോകത്തുള്ള ഒരു രാജ്യവും  ഭാരതത്തിനു കടം കൊടുക്കുന്നില്ല, കൊടുത്തവരെല്ലാം മുടിഞ്ഞു പോയി, ജനജീവിതം ദുസ്സഹം ആകുമ്പോള്‍ ബന്ധുകള്‍ കൊണ്ടാണ് ഭാരം ലഘൂകരിക്കുന്നത് .കൈക്കൂലിയും കരിന്ച്ചന്തയും ഭംഗിയായി നില നില്‍ക്കുന്നുണ്ട് എന്നെ നിരീക്ഷണങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് പയ്യന്‍ കഥകള്‍ .ആര്‍ക്കു വേണചാലും രാജാവിനെ കൊല്ലാം, അല്ലെങ്കില്‍ അദ്ദേഹത്തിനു സ്വയം ചാവാം ചത്തൂന്നാക്കാം(ഇതൊക്കെയാണ് ദാമോക്രസിയിലെ രസം ),രണ്ടാം ലോക മഹാ യുദ്ധത്തിനു ശേഷം നാണ്യത്തെക്കാള്‍ ഏറെ വെടിക്കൊപ്പാണ് കടം എന്നീ പ്രവചന സ്വഭാവമുള്ള നിരീക്ഷണങ്ങള്‍ അധികാരത്തെ വേറിട്ടതാക്കുന്നു. ഹരിത വിപ്ലവം കൊണ്ട് ധാന്യലഭ്യത വര്‍ധിപ്പിച്ചു ശത്രു രാജ്യത്തെ തറ പറ്റിക്കുന്ന ഹാസ്യ സാമ്രാട്ടായ രാമന്‍ നമ്പൂതിരിയെ കേരളീയ ഗ്രാമത്തിലുള്ള ഒരു ജന്മിയോടു ഉപമിക്കാം. അമ്മൂമ്മ കഥകളിലൂടെ കുഞ്ഞാലന്റെ ദിവസം എന്ന കഥയില്‍ ഇവിടെയെങ്ങാനും ഒരു വെള്ളാനയെ വിലക്ക് കിട്ടുമോ എന്നാ ചോദ്യം ഉണ്ട്. സര്‍കാരിന്റെ നയങ്ങള്‍ക്ക് നേരെയുള്ളചോദ്യം ആണിത്. നൂറു പേരുണ്ടെങ്കില്‍ നൂറ്റൊന്നു സംഘടന, തമിഴാണ് പൊങ്കല്‍ തെലുങ്കന് സേലം ഗോമാങ്ങ റെഡി ,കേരളനു കൂട്ട് മന്ത്രിസഭ, ഗോസായിക്ക് ദീപാവലി പിന്നെങ്ങേനാടോ ആര്യാവര്‍ത്തം ഗുണംപിടിക്കുകയെന്ന സഞ്ചാരത്തിലെ ചോദ്യം നമുക്കെ നേരെത്തന്നെ ഉള്ളതാണ്.
 വി കെ എന്‍ കൃതികളുടെ വിശാല ലോകത്തെ അവക്കെല്ലാറ്റിനും പൊതുവായ ഒറ്റ വീക്ഷണം ആണ് ചേരുക .അത് മലയാളത്തിന്റെ ഹാസ്യ ധാരയിലെ ഒരു സുവര്‍ണ കാലഘട്ടം ആണ്. ആ ലോകത്തെ ഒന്ന് പുനര്‍ വായിക്കുക മാത്രമാണ് ഇവിടെ ലക്‌ഷ്യം
                               മിശ്ര പദങ്ങളിലെ ഹാസ്യം
സാധാരണ മേരുങ്ങാന്‍ പാടായ ആംഗലേയ പദങ്ങളെ ഭാഷാ പദങ്ങളുമായി ചേര്‍ത്തും  ഒറ്റവാക്കാക്കി മാറ്റിയും മണി പ്രവാള മാതൃകയില്‍ കൂട്ടിയിണക്കി ഹാസ്യ തരംഗമുണ്ടാക്കുകയാണ് വികെ എന്‍ .ഈ അവിയല്‍ പദങ്ങള്‍ കഥാഘടനയില്‍  പലപ്പോഴും സ്ഫോടനങ്ങള്‍ ഉണ്ടാക്കുന്നുണ്ട് .ഈ പ്രയോഗ രീതികള്‍ ഇന്ന് നമ്മുടെ സംസാര ഭാഷയില്‍ നിറഞ്ഞു കഴിഞ്ഞിട്ടുണ്ട്.ഒരു വാചകം സസാരിക്കുന്നതിനിടെ വ്യാകരണ ഭീതി ഇല്ലാതെ ഇംഗ്ലീഷ് പദങ്ങളും മലയാള വാക്കുകളും ചേര്‍ത്ത് കൊണ്ടാടുകയാണല്ലോ നമ്മള്‍ .ഇത് വിനിമയം ചെയ്യപ്പെടുന്നുമുണ്ട് എന്നതാണ് മറ്റൊരു രസം. വി കെ എന്‍ നിഘണ്ടു വിലെ ചിലെ പദങ്ങള്‍ നമുക്കൊന്ന് പരിചയപ്പെടാം. ടെലിവിഷം,ലോക്കല്‍ പാണന്‍, ഫോറിന്‍ ചാത്തന്‍ , ഇന്ത്യന്‍ ചാത്തന്‍, സര്‍ ചാത്തു, ക്ലസ്ഫോരന്‍ ,മാഹന്‍ ട്രിവാന്‍ എഡിറ്റന്‍ ചില്ട്പാലട ,ഫിലിമിസ്ഥാനി, കീഴ്ജനരല്സ്, നക്സലന്‍ ,മറു കേബിള്‍ ,എഡിന്‍ ശബിള്‍, ടെലിവിഷപ്പതി ,ലോക്കല്‍ ഗാന്ധി, അമ്ബാസ്സടോര്‍, പൈമ്പിക വൃത്തി, അഞ്ചു കോഴ്സ് ലഞ്ച്, പ്രൊഫഷണല്‍ തോക്കാളര്‍, റിസര്‍വ് കാന്താരം, ഹൈകംമീഷനന്‍, കണ്ശേബില്‍, പയ്യന്‍സ് ,ഇറ്റലി, ഗ്രാമീണ മോന്‍സ്ടര്മാര്‍, താച്ചറച്ചി, ആട്ടപ്പടക്കം, മാര്‍ഷലദ്യം ,തുടങ്ങി വിവിധ കൃതികളില്‍  ആയി നൂറു കണക്കിന് വാക്കുകള്‍ ആണ് വി കെ എന്‍ പദ വികൃതി കാണിച്ചു നമുക്ക് തന്നത്. ധ്വനിയുടെ ഉപാസകനു ഇത്തരം പദങ്ങള്‍ പഥ്യം ആണെന്നു തോന്നുന്നു. പ്രത്യക്ഷ ഹാസ്യവും ചിന്തിപ്പിക്കുന്ന ചിരിയും നേര്‍ പാകത്തില്‍ .
തര്‍ജമകളിലെ ഹാസ്യം 
പദാനുപദ തര്‍ജമ വി കെ എന്‍ ഉപയോഗിക്കുന്ന  സന്ദര്‍ഭങ്ങള്‍ ഉണ്ടെങ്കിലും അവയെ മറികടന്നു അനശ്വരമായി നില്‍ക്കുന്നത് അദ്ദേഹത്തിന്റെ തനത് തര്‍ജമകള്‍ ആണ് .പലപ്പോഴും ആംഗലം ആയ  ഒന്നിനെ തനി നാട് ഭാഷയില്‍ വായനക്കാരനോടു അടുപ്പിച്ചു നിര്‍ത്തി തൃശ്ശൂര്‍ പൂരത്തിനു അമിട്ടുകള്‍ പോട്ടിത്തൂവുന്നത് പോലെയാണ് വി കെ എന്‍ തര്‍ജമകള്‍, . ദ കളര്‍ സെപിയ (ശുക്ലാംബരധാരം വിഷ്ണു )സൊ മെച്ചര്‍ നോ അമേത്തോര്‍ (അരുപതായാലും തെരണ്ട് തീണ്ടാതിരിപ്പ് എന്ന പേര്‍ കേള്പ്പിക്കില്ല )ആന്റി സെപ്ടിക് ഓണ്‍ ദി റോക്ക്‌ (പച്ച മരുന്നും പറിമരുന്നും) ദി ലാസ്റ്റ്‌ ടിം ഐ വാസ് ഇന്‍ എ ഹോള്‍ ദേര്‍ ആരോസ്‌ ഫി സ്ടര്സ് ഇന്‍ ദ ഈസ്റ്റ്‌ (കഴിഞ്ഞ തവണ ഞാന്‍ ലോഡ്ജില്‍ മുരിയെടുത്ത്തപ്പോള്‍ കിഴക്ക് പഞ്ചവാദ്യമുണ്ടായി 1742 അക്ഷരവട്ടം ) ദി ഫിഫ്ത് ഇമ്മക്കുലേറ്റട് കണ്സപ്ഷന്‍ ആഫ്ടര്‍ ഫോര്‍ ഫാള്‍സ് സ്ടാര്‍ട്സ്(നാല് തവണെ നിരീച്ചന്ത്യെ തരായില്ല, അഞ്ചാമത് നിരീക്കടീം വന്നില്ല.(ഗി സം സിംമിംഗ് ഗിയര്‍ (ഒപ്പം നീന്താന്‍ ഒരു പങ്ങ )അസിന്‍ എ കേരള ചാപ്പ് ടു മി. ആന്‍റ് ഗെറ്റ് ലോസ്റ്റ്‌(ഒരു മലയാളം മുന്‍ഷിയെ ഇങ്ങോട്ട് അയച്ചു നീ ഭാസ്മാവ് )കണ്ട്രി അലര്‍ട്ട് ദീപ റെഡ്‌ (ച്ചാല്‍ സീക്ഷിക്കണം )അസപ്റ്റ്‌ എ പേര്‍സണല്‍ ചെക്ക്‌ ഫ്രം ഹിമ (അവന്റെ ഭൂമി പണയമ എഴുതി വാങ്ങി ) വേജ്‌ ഓര്‍ നോണ്‍ വേജ്‌ ( ആടോ മാടോ)ദി സല്യൂറെദ്‌ ആന്‍റ് വെന്റ് ഓഫ്‌ (അവര്‍ എന്നെ വിറ്റി സ്ഥലം വിട്)ഉ ഡോണ്ട് സെ (അപ്പോള്‍ താന്കള്‍ ഊമയല്ലേ )സര്‍വൈവല്‍ ഓഫ് ദി ഫിട്ടസ്റ്റ്റ്‌ (തോലിക്കടിയുള്ളവരെ സാഹിക്കൂ )ഹി ഈസ്‌ അഫൈദ്‌ ഓഫ് വെര്‍ജിനിയ വൂള്‍ഫ് (ആര്‍ക്കാണ് വെള്ളായണി അര്‍ജുനനെ പേടി )മാക്‌ മോഹന്‍ ലൈന്‍ (ലക്ഷ്മണ രേഖ )എന്നിവയെല്ലാം തര്‍ജമകള്‍ കൊണ്ട് വി കെ എന്‍ സൃഷ്ടിക്കുന്ന ഹാസ്യത്തിന്റെ മുഖങ്ങള്‍ആണ് .ഉരുളക്കുപ്പെരി എന്നതും തെറിക്കുത്തരം മുറിപ്പത്തല്‍ മാതുകയിലും അനര്‍ഗളം ആണ് ഇവിടെ പ്രയോഗങ്ങള്‍ .
                          ചില സന്ദര്‍ഭങ്ങള്‍ 
 വി കെ എന്‍ കൃതികളുടെ പ്രത്യേകത ഒരുസമാന്തര ജീവിതം  ഉണ്ടാകി എടുക്കുന്നുണ്ട് എന്നതാണ് .പ്രഹസനങ്ങളെ കറുത്ത ഹാസ്യത്തോടെ നേരിടുന്ന അദ്ദേഹം എന്തും വെട്ടിതുറന്നു പറയുന്ന പാദപൂജാ താല്പര്യം തൊട്ടു തീണ്ടാത്ത ആളാണ്‌ .ഹാസ്യം കൊണ്ടുള്ള ഒരു ക്രിയയാണ് വി കെന്‍ എന്‍ ജീവിതവും സാഹിത്യവും .ഒരു വിദൂഷകന്‍ സ്റ്റൈല്‍ .. ഇതിന്റെ ഉത്തരമാകട്ടെ ജീവിതത്തിന്റെ ആകെത്തുകയും, അധികാരത്തിലെ നിയുക്ത രാജാവിന്റെ പട്ടാഭിഷെക വര്‍ണന ഇങ്ങിനെ ..നിയുക്തന്റെ പടയണി പ്രവേശിച്ചപ്പോള്‍ രാജ പുത്രാ റജിമെന്റിലെ ഭാഗവതന്മാര്‍ ലാസ്റ്റ്‌ പോസ്റ്റ്‌ വായിച്ചു. എട്ടു പട്ടന്മാര്‍ രാജാവിന്റെ തലയില്‍ കിരീടം മേടി ഉറപ്പിച്ചു .ഗോതമ്പരിയിട്ടു വാഴിച്ചു. ...അധികാര സ്ഥാനങ്ങളും പൌരോഹിത്യവും തമ്മിലുള്ള ബന്ധവും അതിന്റെ   നിസാരതയുമെല്ലാം,പറ്റാവുന്നത്ര ലാളിത്യത്തോടെ ആണിവിടെ . രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം നാണ്യത്തെക്കാള്‍ ഏറെ വെടിക്കൊപ്പാണ്കടം, രാജ്യമാണ്, രാജാവല്ല വലുത്, പോയ വര്ഷം വളര്‍ച്ച നിരക്ക് സാമ്പത്തിക ആശയ വൈരുധ്യവും നാണയ വീര്‍പ്പും കഴിച്ചു ദശാംശം പൂജ്യം ശതമാനം, പ്ലാനിംഗ് കമ്മീഷന്റെ രേഖകളില്‍ എങ്കിലും രാജ്യം എന്നൊന്ന് ഉണ്ടോ തുടങ്ങിയവയിലൂടെ വളരുന്ന അധികാരത്തിലെ സന്ദര്‍ഭങ്ങളും ,അധികാര കസേരകള്‍ക്ക് പിന്നിലെ മത്സരങ്ങള്‍പൊളിച്ചു കാട്ടുന്ന ആരോഹണത്ത്തിലെ സന്ദര്‍ഭങ്ങളും വിശപ്പ്‌ സഹിക്കാതാവുമ്പോള്‍ ഭാരതീയര്‍ നാല് മുദ്യാവാക്യം വിളിക്കും, വീണ്ടും പട്ടിണിയിലേക്ക് തിരിച്ചു പോവുമെന്ന് ഷാജഹാന്റെയും ഫാഹിയാന്റെയും പയ്യന്റെയും കണ്ടെത്തലുകളും ബാഹ്യ വൈരൂപ്യങ്ങല്‍ക്കപ്പുറം ആന്തരിക ദുര്‍ബലതകള്‍ കൂടി വെളിവാക്കുണ രംഗങ്ങള്‍ ആണ് ..ഒരു കള്ളനെ ചോദ്യം ചെയ്യവ യുറേനിയം കിട്ടുമായിരുന്നെന്കില്‍ ഒരു ആട്ട പ്പടക്കം (ആട്ടം ബോംബ്‌)നിര്‍മിക്കാനാ ഗ്രമാമുന്ടെന്നു പറയുന്നത്, ഈ രാജ്യത്തെ  പട്ടിണി മാറ്റാതെ ആണവ ശേഷിക്കു പിറകെ പായുന്ന ദേശീയ വീക്ഷണതെതെ കളിയാക്കുന്ന വേല  കൂടിയാണ് .
                 തന്നെക്കാള്‍ വലിയ കഥാ പാത്രങ്ങള്‍
                                                      അധികാരം എന്നാ കൃതിയില്‍ രാമന്‍ നമ്പൂതിറി  ഡിപ്യുട്ടി ആയ നാണ്വാരോട് പറയുന്നുണ്ട്. നെന്നാക്കാള്‍  വലിയ കഥാ പാതങ്ങളെ സൃഷ്ടിച്ചു നീയ്യ്‌. ഇനി നെനക്ക് ശോഭിക്കാന്‍ പ്രയാസാ ..ഇതിലെ നാണ്വാര്‍ വി കെ എന്‍ തന്നെയാണ് .തന്നെക്കാള്‍ വലിയ ഒരു പാട് കഥാ പാത്രങ്ങളെ സൃഷ്ടിച്ചു താനോന്നുമറിഞ്ഞില്ലേ എന്നാ ഭാവത്തില്‍ നില്‍ക്കുന്ന സൃഷ്ടികളുടെ പരം പൊരുള്‍.ആരോഹണത്തിലെ പയ്യന്‍ സുനന്ധയോട് പറയുന്നത് അധികാരത്തിന്റെ കോണിപ്പടിയില്‍ തപ്പിത്തടയുന്നവരോടുള്ള ഏറ്റുപറച്ചിലുകള്‍ ആണ് .ചേരികളും മറ്റും കയ്യടക്കി ഭരിക്കുന്ന സൊസൈറ്റി ലേഡി ഒരിക്കലും സെന്റി മെന്റല്‍ ആവരുത്. മനുസ്മൃതി അതിനെ വിലക്കുന്നു തുടങ്ങി എവറസ്റ്റ്‌ കീഴടക്കുമ്പോള്‍ ഒരുത്തിയും ഒരു തുള്ളി ഗ്ലിസറിന്‍ പോലും തൂവിയിട്ടുണ്ടാവില്ല എന്ന് അവസാനിക്കുന്ന ഡയലോഗ് മാത്രം മതി പയ്യന്‍ എന്ന കഥാപാത്രത്തിന്റെ ആഴമറിയാന്‍, ചിരന്ജീവിയായി കാലാതിതനായി ലോകത്തെ നോക്കി കാണുന്ന മലയാളത്തിലെ എക്കാലത്തെയും കരുത്തനായ ഹാസ്യ കഥാപാത്രമാണ് പയ്യന്‍. പയ്യന്‍ കഥകളിലെ ചൈനീസ് പാതിരി ഫാഹിയാന്‍ അധികാരത്തിലെ രാമന്‍ നമ്പൂതിരി .ചെക്കന്‍ രാജാവ്‌ ,നാണ്വാര്‍, സര്‍ ചാത്തു, ഹാജ്യര്‍, സുനന്ദ ,ഭൂതത്താന്‍ മന്ത്രി  തുടങ്ങി ആട്ടം ബോംബ്‌ നിര്‍മിക്കുന്ന കൊല്ലന്‍ വരെയുണ്ട് വ്യാപ്തി.ഗ്രാമീണ വിഡ്ഢിതങ്ങളും നഗര പോങ്ങച്ചങ്ങളുമായി ചുറ്റിയടിക്കുന്ന കഥാപാത്രങ്ങള്‍ പലതും വികെ എന്‍ സ്വന്തം ജീവിതത്തില്‍ നിന്നും കണ്ടെത്തി ജീവന്‍ നല്‍കിയവര് ആണ് .അത് കൊണ്ട് തന്നെ  തനിക്ക് പരിചിതരായ കഥാപാത്രങ്ങളെ വായനക്കാരന് എളുപ്പം കണ്ടെത്താനും അവര്‍ പറയുന്ന എന്തും ഗഹനം ആണെങ്കില്‍ തന്നെ പറ്റാവുന്നത്ര ഗ്രാമ്യമായി ഉള്‍ക്കൊള്ളാനും കഴിയുന്നു. ഒരു എഴുത്തുകാരന്റെ ഈറ്റവും വും വലിയ വിജയവും അത് തന്നെയാണ് .

2013, ഫെബ്രുവരി 2, ശനിയാഴ്‌ച

             കെ ജി ചെത്തല്ലൂര്‍ ...ചിന്തയുടെ ചെത്തം       
                                   

                 ഭാഷയിലേക്ക് ചിന്തയുടെ കാറ്റും വെളിച്ചവും കടത്തിവിട്ട എഴുത്തുകാരനാണ് കെ ജി ചെത്തല്ലൂര്‍ എന്ന പ്രഫ ഗോപാല കൃഷ്ണന്‍ . ആഴമേറിയ വായനയും ചിന്തയുമാണ് കെ ജി തന്റെ കൃതികളിലൂടെ തുറന്നു വച്ചത് .ഒരു മനുഷ്യായസ്സു മുഴുവനും എഴുത്തുകാരനായി ജീവിച്ചു തീര്‍ത്ത അദേഹത്തിന് സാഹിത്യ ലോകത്ത്  വേണ്ടത്ര ഇടം ലഭിച്ചോ ? അദേഹത്തിന്റെ എഴുത്തുകളില്‍ വേണ്ടത്ര ചര്‍ച്ച ഉണ്ടായോ എന്നത് മറൊരു വിഷയം ആണ് .ധിഷണയായിരുന്നു സര്‍ഗാത്മകതക്കപ്പുറം കെജി കൃതികളുടെ മുഖ മുദ്ര എന്ന് തന്നെ പറയാം . കെ ജി യുടെ ചിന്ത കടന്നു പോകാത്ത പഴയ തലമുറ എഴുത്തുകാര്‍ ഇല്ല എന്ന് പറയാം .ഓരോരുത്തരെയും  ഗഹനമായ ഗവേഷണങ്ങള്‍ ,ആധികാരികമായ ആത്മാര്‍ഥമായ പഠനങ്ങള്‍ ,പുതിയ തലമുറയിലെ മിക്ക പേര്‍ക്കും പരിചിതനല്ലാത്ത പ്രഫ ഗോപാല കൃഷ്ണന്റെ കൃതികളിലൂടെ കടന്നു പോകുന്ന ഏതൊരാള്‍ക്കും ആ അസാമാന്യ ചിന്തകനെ വായിച്ചെടുക്കാം .ആദ്യ കാലത്ത് കവിതയും ,പിന്നീട് ലേഖനങ്ങളും സവിശേഷങ്ങളായ ഭാഷാ പഠനങ്ങളും ആണ് കെ ജിയുടെ സാഹിത്യ സപര്യ ..
                                    1932 സെപ്തംബര്‍ 12 നു വെള്ളിനേഴിയില്‍ കീഴില്ലത്ത് ഗോപാല മേനോന്റെയും കോഴിക്കോട്‌ നെടുംപറമ്പത്ത് ശിന്ന മാളു അമ്മയുടെയും മകനായി ജനനം .കുറ്റാനശ്ശേരി ,വെള്ളിനേഴി ,ചെത്തല്ലൂര്‍ എന്നിവിടങ്ങളിലെ  വിദ്യാലയങ്ങളില്‍ പ്രൈമറി വിദ്യാഭ്യാസം,. മദിരാശി സര്‍വകലാശാലയില്‍ നിന്നും  ബി എ ,കേരള സര്‍വകലാശാലയില്‍ നിന്നും എം ഫില്‍  എന്നിവ നേടി .ബിരുദങ്ങളില്‍ ഏറെയും സ്വകാര്യ പഠനത്തിലൂടെ യായിരുന്നു .1967ല്‍ കോഴിക്കോട്‌ മലബാര്‍ ക്രിസ്ത്യന്‍കോളേജില്‍മലയാളം,അധ്യക്ഷനായിരിക്കെയാണ് വിരമിച്ചത് .തന്റെ സര്‍ഗ വ്യാപാരത്തിന്റെ കേന്ദ്രമായ കോഴിക്കോട്‌ വിട്ടു ജന്മസ്ഥലമായ ചെത്തല്ലുരിലേക്ക് അദ്ദേഹം  എത്തുന്നത് ഇതിനു ശേഷം ആണ് .2012 ജൂണ്‍ ഒന്നിന് അദേഹം അക്ഷരലോകത്തോട് വിട പറഞ്ഞു

സമഗ്ര സംഭാവനക്കുള്ള സാഹിത്യ അകാദമി അവാര്‍ഡ്‌ സ്കീകരിക്കുന്ന വേളയില്‍ 
                                               കെ ജി ചെത്തല്ലൂര്‍ എന്നാ പേരില്‍ കവിതകള്‍ എഴുതി സാഹിത്യ ലോകത്തേക്ക് കടന്നു വന്ന അദ്ദേഹം പിന്നീട് സാഹിത്യ നിരൂപണം, ഗവേഷണം മേഖലകളിലേക്ക് തിരിഞ്ഞു. സഞ്ജയന്‍ .ഇടശ്ശേരി, കേസരി ,മുണ്ടശ്ശേരി ,എന്‍ വി കൃഷ്ണ വാരിയര്‍ ,വി ടി ഭട്ടതിരിപ്പാട് എന്നിവരുടെ രചനകളെ ആസ്പദം ആക്കി ഇദ്ദേഹം എഴുതിയ ഗവേഷണ പ്രബന്ധങ്ങള്‍ ഇന്ന് ഭാഷാ വിദ്യാര്‍ഥികളുടെ പഠന ഗ്രന്ഥങ്ങള്‍ ആണ് .ഹോമിയോ ചികിസ്തയിലും പ്രാവീണ്യം നേടി. കോഴിക്കോട്ടെ സാഹിത്യ  സാംസ്കാരിക മേഖലയിലെ സജീവ സാന്നിധ്യം ആയിരുന്നു കെ ജി. വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ അലടിയപ്പോഴും എഴുത്തിനെ കൈ വിടാതിരുന്ന അദ്ദേഹത്തിന്റെ അവസാനത്തെ കൃതി അക്ഷര ലോകത്തെ നഷ്ട സൌഭാഗ്യങ്ങള്‍ എന്നതാണ് .കോഴിക്കോട്‌ പൂര്‍ണ പബ്ലികഷന്‍സ്‌ എഡിറ്റര്‍ ,വള്ളത്തോള്‍ വിദ്യാപീഠം ജയന്റ് സെക്രടറി, കേരള സാഹിഹ്യ അകാദമി ജനറല്‍ സെക്രടറി സഞ്ജയന്‍ സ്മാരാക സമിതി അംഗം, എന്‍ വി സ്മാരക ട്രസ്റ്റ്‌ അംഗം, കവന കൌമുദി ദ്വൈ മാഷിക മനെഗിംഗ് എഡിറ്റര്‍, കാലടി ശ്രീ ശങ്കരാചാര്യ സര്‍വകലാശാല തിരൂര്‍ കൊയിലാണ്ടി പ്രാദേശിക പഠന കേന്ദ്രങ്ങളില്‍ മലയാളം പ്രഫസര്‍ ആയിരുന്നിട്ടുണ്ട്.2011 ലെ സാഹിത്യത്തിലെ സമഗ്ര സംഭാവനക്കുള്ള കേരള സാഹിത്യ അകാദമി അവാര്‍ഡ്‌ നേടിയിരുന്നു. പടയാളി ,വീടാക്കടം (പൂര്‍ണ )എന്നീ കവിതാ സമാഹാരങ്ങള്‍ , ദീപശിഖ,(പൂര്‍ണ) നാട്ടു വെളിച്ചം (കറന്റ് ബുക്സ്‌ )കുലപതികള്‍,(വള്ളത്തോള്‍ വിദ്യാപീഠം ) കവികള്‍ പാടിയതും പാടാത്തതും (പൂര്‍ണ) അന്വേഷണ ബുദ്ധിയുടെ കാലടിപ്പാടുകള്‍ (ലിപി) ,അക്ഷര ലോകത്തെ നഷ്ട സൌഭാഗ്യങ്ങള്‍ എന്നീ ലേഖനങ്ങളും ,വി സി യും കാല്പനിക കവിതയും(വള്ളത്തോള്‍ വിദ്യാ പീഠം ) എന്നാ ഗവേഷണ പ്രബന്ധവും,ബുദ്ധിയും ശ്രദ്ധയും (മാതൃഭൂമി)എന്നാ ബാലസാഹിത്യ കൃതിയും, വി ടി ഭട്ടതിരിപ്പാട് (കേന്ദ്ര സാഹിത്യ അക്കാദമി )എന്‍ വി കൃഷണ വാര്യര്‍ (കേരള സര്‍ക്കാര്‍ സംസാരിക പ്രസിധീകരണവകുപ്പു )എന്നിവരുടെ ജീവ ചരിത്രങ്ങളും ,വി സി കൃതികള്‍,(കേരള സാഹിത്യ അകാദമി )ഇടശേരി കവിതകള്‍ (വള്ളത്തോള്‍ വിദ്യാ പീഠം )ഇടസേരിയുടെ പ്രബന്ധങ്ങള്‍, (മാതൃഭൂമി) കേസരി നായനാരുടെ കൃതികള്‍,(മാതൃഭൂമി)  മാധവ്ജിയുടെ കൃതികള്‍  (കേന്ദ്ര സാഹിത്യ അക്കാദമി )കവികുലഗുരു പി വി കൃഷ്ണവാരിയരുടെ പരബന്ധങ്ങള്‍,വി സി യുടെ നാടകം ആയ ദേവകി കുട്ടി ,,ഭാഷാ രചന ഒരു വിലാപം ,കൊമാപ്പന്‍, പാക്കനാര്‍ , വിശ്വരൂപം നാല് ഭാഷാ കാവ്യങ്ങള്‍ കേരള കൌമുദി എന്നെ ഗവേഷണ പഠനങ്ങളും കെജിയുടെ തൂലികയില്‍ പിറന്നു . മലയാള സാഹിത്യ ലോകത്തെ പ്രഭുക്കന്മാര്‍ എന്ന് വിശേഷിപ്പിക്കാവുന്നവുടെ രചനകളിന്‍ മേലാണ് കെ ജി യുടെ തൂലിക പടവാളായത്..പറയേണ്ടത് മാത്രം പറയുക എന്നതാണ് കെ ജി കൃതികളുടെ സാഹിത്യ രഹസ്യം.
                                        വിമര്‍ശനത്തിന്റെ മലയാളത്തിലെ എക്കാലത്തെയും മികച്ച മൂന്നു രചനകള്‍ ആണ് കേസരിയുടെ വിമര്‍ശനം, എന്‍ വി യുടെ സാഹിത്യ വിമര്‍ശനം, മുണ്ടശേരിയുടെ താരതമ്യ നിരൂപണം എന്നീ മൂന്നു കെ ജി കൃതികള്‍ .സംസ്കാരത്തെ നൂറു ശതമാനം ബലികഴിച്ചാലും വേണ്ടില്ല പരിഷ്കാരവും പുരോഗതിയും കൈ വരിക്കുന്നതിനുള്ള ഒരു അവസരവും പാഴാക്കിക്കൂടാ എന്ന നിര്‍ബന്ധ ബുദ്ധിയാണ് കേസരിയുടെ ചിന്താ സവിശേഷതയായി കെ ജി കാണുന്നത് പാശ്ചാത്യ പരിചയത്തില്‍ നിന്നും മുക്കി എടുത്ത നവീന ആശയങ്ങള്‍ പുതു മുലകളുടെ ചുവട്ടില്‍ ചൂടോടെ ഒഴുച്ചു കൊടുത്തു കൊണ്ടേ നില്‍ക്കുന്ന ഒരു സാന്നിധ്യം ആണ് കെ ജിക്ക് കേസരി  തലതിരിഞ്ഞ വിശ്വമാനവ സങ്കല്‍പം കൊണ്ടും പാശ്ചാത്യ ഭ്രമം കൊണ്ടും വഴി തെറ്റിയ വിമര്‍ശകന്‍ ആയിരുന്നു കേസരി എന്ന് കെ ജി പറയുന്നത് ഈ ചിന്താധാര വച്ചാണ്.തന്റെ കൃതികളിലൂടെ കേസരി ലക്ഷ്യമിട്ടിരുന്നത് ആധുനികമായ ഏകലോക മനസ്ഥിതി കേരളീയരില്‍ സൃഷ്ടിച്ചു എടുക്കുവാനാണ് എന്ന് പ്രഫ ഗോപാലകൃഷനന്‍ പറയുന്നു
                       .ഭഗവദ് ഗീതയുടെയും ഉപനിഷത്തുകളുടെയും ദാര്‍ശനികവും സമുന്നതവും ആയ ധര്‍മ ബോധതിന്റെ വിശുദ്ധി ആണ് സഞ്ജയന്റെ ഹാസ്യത്തില്‍ കെ ജി നിരീക്ഷിച്ചത് .മഴക്കിടയിലെ വെയില്‍ നാളം പോലെ കണ്ണീര്‍ ധാരക്കിടയിലെ തെളിച്ചം തൂവുന്ന അപൂര്‍വ സിദ്ധിയായാണ്മാധവ്ജിയുടെ ഹാസ്യലോകാതെ കെ ജി നോക്കി കാണുന്നു .പരിഹാസ പനനീര്‍ ചെടിക്ക് പൂവും മുള്ളും ഉണ്ട്.പൂവാണ് ചിരി.മുള്ള് ശകാരവും.ശകാരത്തിനും ഹൃദ്യമായ ഒരു അനുഭൂതി തലം നിഷ്കര്‍ഷിക്കുന്ന എഴുത്തുകാരന്‍ ആയാണ് സന്ജയനെ വായിക്കുന്നത്.കവിത പുരോഗമിച്ചു പുരോഗമിച്ചു വെള്ളച്ചാട്ടത്തിന്റെ ശബ്ദാനുകരണം ആയും തലയോട്ടിയിലെ വരയുടെ അസംബന്ധ ചിത്രമായും പരിണമിച്ചു എന്നും ഒടുക്കം വരിയും വാക്കും വരയും, എല്ലാം പോയി തലക്കെട്ടിന്നു കീഴില്‍ കുറെ ശൂന്യ സ്ഥലം എന്നാ അവസ്ഥയിലെത്തുന്നു .പുരോഗതി നിലചിട്ടില്ലേ തുടര്‍ന്ന് കൊണ്ടേയിരിക്കും  എന്ന് സന്ജയനെ പറ്റിയുള്ള പഠനത്തില്‍ കെ ജി പറയുന്നു . കെ ജി യുടെ  തന്നെ അഭിപ്രായത്തില്‍ കവിത എഴുതുന്നത്‌ പോലെ അല്ല ലേഖനം എഴുത്ത് .കവിതയ്ക്ക് ആളും അവസരവും എന്തെന്ന് നോട്ടം ഇല്ല .അതിന്നു തോന്നുമ്പോള്‍ അത് പുറത്ത് ചാടും
.
             മലയാളത്തില്‍ കെ ജിയോളം ഇടശേരിയെ പഠിച്ചവര്‍ ഇല്ല എന്ന് പറയാം. സാഹിത്യത്തെയും ജീവിതത്തെയും സംബാന്ധിച്ചുള്ളമഹാകവിയുടെ  ചിന്തകളെ പ്രസരണശാവ്യതിരേകം കൊണ്ടും വ്യാപ്തി കൊണ്ടും വര്നപ്പോലിമ കൊണ്ടും അനന്വയങ്ങള്‍ ആയി വര്‍ത്തിക്കുന്നു എന്ന് വ്യക്തമാക്കുന്ന പഠനമാണ് ഇടശ്ശേരി കവിതകളെ കെ ജി വായിച്ചത് .ചുടു കഞ്ഞിയില്‍ പുതു വെണ്ണ പോലെയാണ് ഇടശ്ശേരി കൃതികള്‍ എന്നും ദുഖാനുഭൂതി മനുഷ്യനെ മഹാനാക്കുന്നു എന്ന  സിദ്ധാന്തം ഇടശ്ശേരിയുടെ പ്രാണബലം ആണെന്നും കെ ജി കണ്ടെത്തുന്നു.ഇടശ്ശേരി പിന്‍ തലമുറയുടെ കൂടെ നടക്കാന്‍ ആഗ്രഹിച്ച ആള്‍ ആണെന്നും ശാശ്വത മൂല്യം എന്നതിനപ്പുറം പിന്‍ തലമുറയുടെ അഭിപ്രായങ്ങള്‍ക്ക് ജീവനും ചോരയും ഉണ്ടെന്നാണ് ഇടശേരിയുടെ ചിന്ത എന്നും കെ ജെ കണ്ടെത്തുന്നു .
                   ആത്മ പ്രകാശനത്തിനു കവിത എന്നതാണ് കെ എന്‍ എഴുത്തച്ഛന്റെ കവിതയെപ്പറ്റി കെ ജിയുടെ പഠനം .കാളിദാസന്റെ രഘു വംശം പോലെ മനോരഹരമാണ് എഴുതശന്റെ കേരളോദയം മഹാകാവ്യം എന്ന് കെ ജി കാണുന്നു .ജനജീവിതത്തിന്റെ സംസ്കാരികവും ഭൌതികവും ആയ വളര്‍ച്ചയുടെ പരിവര്‍ത്തനത്തിന്റെ സത്യസന്ധവും അപഗ്രഥനാതമകവും വര്‍ണ ശബളവുമായ രേഖയും പഠനവും എന്നവീക്ഷണം ആണ്  കെ എന്‍എഴുതശന്‍ തന്റെ മഹാകാവ്യത്തിന്റെ ഇതിവൃത്തത്തില്‍ പുലര്തിയിട്ടുള്ളത് എന്നാ വീക്ഷണം പ്രസക്തമാണ്
             
                         സര്‍ഗാത്മക സാഹിത്യ പ്രവാഹതിലെ കാലിക വൈകല്യങ്ങള്‍ പരിഹരിക്കുകയാണ് എന്‍ വിയുടെ സാഹിത്യ വിമര്‍ശനത്തിന്റെ ധര്‍മം എന്നാണു കെ ജി എന്‍ വി യെ വിലയിരുത്തുന്നത്. സാഹിത്യം വിദ്യ ആണെന്ന മാരാരുടെ നിലപാടിനോട് വിയോജിച്ചു സാഹിത്യം കല ആണെന്ന് എന്‍ വി  പറഞ്ഞതിന്റെ മൂല്യം കെ ജി എടുത്തു കാട്ടുന്നുണ്ട് . പുതിയ കാലഘട്ടത്തില്‍ തീര്‍ത്തും തള്ളി ക്കലയേണ്ട ഒരു പ്രസ്ഥാനം ആയാണ് മഹാകാവ്യത്തെ പരിഗണിക്കുന്നത് . കവിത വൃത്ത ബന്ധം വെടിഞ്ഞു ഗദ്യ രൂപം സീകരിക്കുകയാണ് ഉചിതം കാല്പനികത തികച്ചും നിരാകരിക്കെണ്ടാതാണ് എന്നും മറ്റുമുള്ള എന്‍ വിയുടെ വാദങ്ങളെ കെ ജി ചില നേരങ്ങളില്‍ ഖണ്ടിക്കുന്നുണ്ട്. പാശ്ച്വാത്യമായ ശൈലികളെ പ്രാചീന ഭാരതീയ കാവ്യരീതികളോട് ചേര്‍ത്ത് വയ്ക്കുകയാണ് എന്‍ വി ചെയ്തതെന്ന് കെ ജി വീക്ഷിക്കുന്നു .ഏകാനതമായ പ്രത്യാശയാണ് അദ്ദേഹം പ്രകടിപ്പിച്ച്ചിരുന്നത് ..അതിനപ്പുറമുള്ള വിഹ്വലതകളെ ഉള്‍ക്കൊള്ളാനും എന്‍ വി സന്നദ്ധന്‍ ആയിരുന്നു. കവിതയെ വാസ്തവികതയിലേക്ക് ഉപനയിക്കാനുള്ള ശ്രമമാണ് എന്‍ വി കവിതകളില്‍ .കവിതയുടെ സാമൂഹിക പ്രസക്തിയെ പറ്റിയുള്ള എന്‍ വി നിലപാട് കെ ജി യും വക വച്ച് കൊടുക്കുന്നുണ്ട്
                                  നിരൂപണത്തില്‍ പൌരസ്ത്യവും  പാശ്ചാത്യവും ആയ സാഹിത്യ തത്വങ്ങള്‍ സ്വീകരിച്ചതില്‍ മുണ്ടശേരിക്ക് പാകപ്പിഴകള്‍ നേരിട്ടതായി കെ ജി കണ്ടെത്തുന്നു .വിമര്‍ശന ശാഖയിലെ പുതു രീതികള്‍  ഉള്‍ക്കൊള്ളാന്‍ ശ്രമിച്ചില്ല. ഒരേ സമയം റൊമാന്റിക് രചനകളെ പുകഴ്ത്തുകയും ഉള്ളൂരിനെയും ജി യെയും  പോലുള്ളവരെ നിശിതമായി വിമര്‍ശിക്കുകയും ചെയ്തത് കെ ജി പരിശോധനക്ക് വിധേയമാക്കുന്നുണ്ട് .ആശാന്‍ കവിതകളോട് മുണ്ടശേരിക്ക് ആദര്‍ശ ഭക്തി ആണെന്നും ഇതിവൃത്ത ഘടനയെക്കുരിച്ചുള്ള ചര്‍ച്ചയില്‍ ആശാന്‍ വരുത്തിയ പരിഷ്കാരങ്ങള്‍ക്ക് നീതി കണ്ടെത്താന്‍ മുണ്ടശ്ശേരി അമിതമായി യാത്നിക്കുകയായിരുന്നു എന്നും കെ ജി അമ്പ്‌ തൊടുക്കുന്നുണ്ട് .
               അദേഹത്തിന്റെ ഒരു പുസ്തകത്തിന്റെ അവതാരികയില്‍ പ്രഫ അച്യുതനുണ്ണി സൂചിപ്പിച്ച പോലെ സുതാര്യത നഷ്ടപ്പെട്ട്ടു കൊണ്ടിരിക്കുന്ന എഴുത്തിന്റെ പുതിയ വഴികളില്‍ നിന്നും വേറിട്ട്‌ വായനക്കാരുടെ മനസ്സിലേക്ക് തടവറ്റ് കടന്നു ചെല്ലുന്ന ഭാഷയുടെ കാറ്റും വെളിച്ചവും ഉണ്ട് കെജി യുടെ കൃതികളില്‍ .തനിക്ക് തികച്ചും ബോധ്യമായ വസ്തുതകള്‍ യുക്തിയും സഹൃദയത്വവും പരസ്പരം ഇണങ്ങി നിക്കുമാറ്പ്രകാശിപ്പിക്കുമ്പോള്‍ഉണ്ടാകുന്ന ഉള്‍ക്കരുത്ത് കെ ജി യുടെ ചിന്താ പരമ്പരയുടെ ശില്പ ഘടനയില്‍ കാണാം ..ഈ നിരീക്ഷണം തന്നെയാണ് കെ ജി കൃതികളുടെ പരമാര്‍ത്ഥം .ഉപരിപ്ലവമായ അറിവുകളുടെ പ്രകാശനത്തിനപ്പുറം , അടിമപ്പെട്ട ആശയ സംഹിതകള്‍ക്ക് വേണ്ടി അഹോരാത്രം പേന ഉന്തേണ്ടി വരുന്ന കൂലി വിമര്‍ശകന്മാരുടെ ഇടത്താവളങ്ങള്‍ക്കും അപ്പുറം ,  വെട്ടി തെളിച്ച സ്വന്തം വഴികളിലൂടെ ഉള്ള കരുത്തനായ ഒരു എഴുത്തുകാരന്റെ പ്രയാണം ..അതായിരുന്നു പ്രൊഫ ഗോപാല കൃഷ്ണന്‍ .
ലേഖനം :ശ്രുതി എ കെ പ്ലസ്‌ വണ്‍, വിദ്യാര്‍ഥി എം ഇ എസ് എച്ച് എസ് എസ്  മണ്ണാര്‍ക്കാട്           

                                                                                                            



കാലത്തിന്റെ കൈകളില്‍         
                                                               
    

കാലമിനിയുമുരുളും
വിഷു വരും
വര്‍ഷം വരും
തിരുവോണം വരും ...
.....

എന്ന് പാടി വളര്‍ന്ന നമുക്ക് ഈ വരികള്‍ അപരിചിതമല്ല.കാലചക്രം അതിവേഗം തിരിയുമ്പോള്‍ യന്ത്ര വല്‍കൃത ലോകത്തിനും പുതു പുത്തന്‍ മാസ്മരിക നിമിഷങ്ങള്‍ക്കും ഇന്ന് നാം കാതോര്‍ക്കുകയാണ് .പക്ഷെ എവിടെ നിന്നോ കര്‍ണപുടത്തെ തുറക്കുന്ന നിലവിളികള്‍ കാതുകളില്‍ ഇരച്ചു കയറുകയാണ്. ആ നിലവിളിയുടെ ഉറവിടം ഇന്ന് നമുക്ക് അപരിചിതമല്ല .സ്ത്രീ എന്നാ രണ്ടക്ഷരം കൊണ്ട് നാം വിശേഷിപ്പിക്കുന്ന സ്ത്രീ സമൂഹത്തിന്റെതാണ് ആ നിലവിളികള്‍. ഒരു കാലത്ത് കുംടുംബതിന്റെ പൂര്‍ണ്ണാധികാരവും കൈയ്യിലെടുത്തിരുന്നവല്‍ പിന്നീടെന്നോ പുരുശാധീനതയില്‍ അകപ്പെട്ടപ്പോള്‍ അവള്‍ നേരിടേണ്ടി വരുന്ന യാതനകള്‍ക്ക് ഇന്നും അരുതിയില്ലെന്നെഉ കാലം തെളിയിക്കുന്നു.ഈ ഇതുപത്തോന്നാം നൂറ്റാണ്ടിലും ..

പ്രാചീന കാലത്ത് വീടിഒന്റെ നിലവിലക്കായിരുന്ന സ്ത്രീയുടെ ശോഭ മങ്ങാന്‍ തുടങ്ങിയത് എന്ന് മുതല്‍ക്കാണ് ?ഈ ചോദ്യത്തിന് ഉത്തരം തിരയുന്നവര്‍ പാതി വഴിക്ക് അത് ഉപേക്ഷിച്ചു പോകുന്നതാണ് നമുക്ക് കാണാന്‍ കഴിയുന്നത്. അത്രയ്ക്കുണ്ട് അവള്‍ക്കു മേലുള്ള പുരുഷന്റെ മേല്‍ക്കോയ്മ.കുടുംബം എന്നാ നാല് ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങി കഴിയാന്‍ മാത്രം നിയോഗിക്കപ്പെട്ട ജന്മം ആണ് സ്ത്രീയുടെതെന്നാണ് നാം ഉള്‍പ്പെടെ പലരുടെയും മനസ്സിലെ മിഥ്യാധാരണ. കുടുംബത്തിന്റെ ഭാരിച്ച ചുമതലകള്‍ സ്ത്രീകളില്‍ ചുമത്തി ജീവിതം ആസ്വദിക്കുന്ന പുരുഷ സമൂഹം ഇന്നും നമുക്ക് ഇടയിലുണ്ട്. അടുക്കളയിലെ ഒരു തെന ഉപകരണം ആയി കവികള്‍ സ്ത്രീകളെ വിശേഷിപ്പിക്കുമ്പോള്‍ സ്ത്രീക്കുള്ളിലെ മനുഷന്റെ മുറിവുകള്‍ ആണ് വിശകലനം ചെയ്യപ്പെടുന്നത്. സ്വന്തം അവകാശങ്ങളും ആഗ്രഹങ്ങളും നിഷേധിക്കപ്പെടുന്ന ഇവര്‍ ഇന്ന് സമൂഹത്തിനു മുന്നില്‍ ചോദ്യ ചിഹ്നമായി അവശേഷിക്കുകയാണ്. ചുരുക്കം പറഞ്ഞാല്‍ പ്രഭാലനായ പുരുഷന്റെ കൈകളില്‍ അമ്മാനമാടുന്ന വെറും കളിപ്പാവയാണ് അബലയായ സ്ത്രീ. നിഷ്കളങ്കമായ പുഞ്ചിരിയോടെ സദസ്സില്‍ അവതരിക്കുന്ന മിക്ക സ്ത്രീകളുടെയും ഉള്ളില്‍ ദുഖത്തിന്റെ നീട്ടു പര്‍വതം ഉരുകുന്നത് നാം കാണാറില്ല, കാണാന്‍ ശ്രമിക്കാറുമില്ല. സാഹിത്ര്യത്തില്‍ സ്ത്രീ വാനോളം പ്രകീര്ത്തിക്കപ്പെടുമ്പോള്‍ യാഥാര്‍ത്യത്തില്‍ അവള്‍ അവഗനിക്കപ്പെടുന്നതാണ് നമുക്ക് കാണാന്‍ കഴിയുന്നത്. ഇങ്ങിനെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ അനന്തമാണ്. ഒന്നിനും ഒരു പൂര്‍ണ പരിഹാരം കാണുക എന്നത് എളുപ്പം അല്ല. സ്വാതന്ഹ്ര്യവും അവകാശവും നിഷേധിക്കപ്പെടുന്ന ഇവര്‍ കലാ രംഗം മുതല്‍ രാഷ്ട്രീയ രംഗത്തില്‍ വരെ പ്രവര്‍ത്തിക്കുന്നുണ്ട് എന്നത് നമ്മെ അത്ഭുതപ്പെടുത്തിയെക്കാം. പാപി ചെന്നിടം പാതാളം എന്ന് പഴമൊഴി അന്വര്‍ഥമാക്കുന്ന അവസ്ഥയാണ് ഇന്ന് സ്ത്രീയുടേത്. ഒന്നല്ലെങ്കില്‍ മറൊന്നു അവളെ പിന്തുടര്ന്നുകൊണ്ടിരിക്കും എന്ന് കാലം തെളിയിക്കുന്നു .
ആധുനിക സമൂഹം സ്ത്രീക്ക് മാനങ്ങളും അധികാരങ്ങളും നല്‍കിയപ്പോള്‍ സ്വാതന്ത്ര്യം മാത്രം നല്‍കുന്നില്ല.വടക്കന്‍ പാട്ടിലെ ഉണ്നിയാര്ച്ചമാരുടെ പാരമ്പര്യം ഉള്ള സ്ത്രീ ജനത ഇന്ന് പീടനഗള്‍ക്കും ചൂഷണങ്ങള്‍ക്കും വിധേയമാകുന്നത് നമ്മെ അസ്വസ്ഥരാക്കുന്നു. ജോലി സ്ഥലങ്ങളില്‍ നിന്നും ബസ്സുകളില്‍ നിന്നും പലതരത്തിലുല്‍;ള ചൂഷനഗള്‍ക്കും അവര്‍ വിധേയരാകുന്ന എന്നാ വാര്‍ത്ത നമുക്ക അപരിചിതമല്ല. ഒരു വര്ഷം മുമ്പ് തീവണ്ടിയില്‍ അതിക്രൂരമായി പീടിപ്പിക്കപ്പെട സൌമ്യ എന്ന പെണ്‍കുട്ടിയെ നാം മറന്നിട്ടുണ്ടാവില്ല. ആ വാര്‍ത്തയുടെ ചൂട് അടങ്ങും മുമ്പേ ഡല്‍ഹിയില്‍ സംബ്ന്ഹവിച്ച കൂട്ടമാനഭംഗം .ഒരു പെണ്‍കുട്ടിയുടെ കൂടി ദാരുണമരണം .കിളിരൂര്‍ ,സൂര്യനെല്ലി ,തങ്കമണി ,...അപമാനിതരായി ഓരോ സ്ത്രീയും മരണമടയുന്നത് ഭരണകൂടം വെറുതെ കയ്യും കേറി നോക്കി നില്‍ക്കുകയാണോ എന്നും നാം ചോദിച്ചു പോകും. അത്രയ്ക്ക് അധപതിചിരിക്കുന്നു നമ്മുടെ സമൂഹം.ഇത്തരം ചൂഷണങ്ങളില്‍ നിന്നും സ്ത്രീ സമൂഹത്തെ കൈപിടിച്ചുയര്തെണ്ടത് നാം ഓരോരുത്തരുടെയും കടമ ആണെന്നതില്‍ സംശയം ഇല്ല.

വര്‍ത്തമാന ലോകം ഇന്ന് സ്ത്രീക്ക് ഒരുപാടു സുരക്ഷ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുടെന്ന്നത് സ്ത്രീ സമൂഹത്തിനു ആശ്വാസം തന്നെ ആണ്. തങ്ങളെ പിന്തുടരുന്ന കഴുകാന്‍ കണ്ണുകളെ വെളിച്ചത് കൊണ്ടുവരാന്‍ ഓരോ സ്ത്രീയും ആഗ്രഹിക്കുന്നു എന്നതില്‍ യാതോഇരു സംശയവും ഇല്ല.അനന്തമായ ഈ ലോകത്ത് അതിരറ ആഗ്രഹങ്ങള്‍ വര്‍ണരാജി വിടര്ത്തുമ്പോള്‍ ഓരോ മനവനും പുളകം കൊല്ലും. ഓരോ ആഗ്രഹവും ജനിക്കണമെങ്കില്‍ അവിടെ സ്വാതന്ത്ര്യം വേണം. നിഷേധിക്കപ്പെട്ട ഓരോ സ്വാതന്ത്ര്യവുംതിരിച്ചു പിടിക്കേണ്ടത് സ്ത്രീ സമൂഹത്തിനു അനിവാര്യം ആണ്. വിടാഭ്യാസത്തിനുള്ള അവക്ലാഷങ്ങള്‍ അവള്‍ നേടിയെടുത്തെ തീരൂ. സമൂഹത്തെ ആണ് നിമിഷം ഹിമ്സിച്ചു കൊണ്ടിരിക്കുന്ന ദുഷ്ട ശക്തികള്‍ പിറവി കൊള്ളുന്ന ഇക്കാലത്ത് അവരെ എതിര്‍ക്കാന്‍ ജനങ്ങള്‍ തായാരാവേണ്ടത് അന്ബിവാര്യം തന്നെ. മനുസ്മൃതിയില്‍ സ്ത്രീ പുരുഷാധീനതയില്‍ മാത്രം ഒതുങ്ങി കൂടെണ്ടാവല്‍ ആണെങ്കില്‍ ആധിനിക യുഗം അവള്‍ക്കു സ്വാതന്ത്ര്യത്തിന്റെ സ്വര്‍ണ ചിറകുകള്‍ നല്‍കാന്‍ നിയോഗിതരാണ്.
സമൂഹത്തില്‍ നടമാടുന്ന അഴിഞാട്ടങ്ങള്‍ക്ക് കൈഞ്ഞാന്‍ ഇടാന്‍ ഇന്ന് ഒരുപാട് വൈകിയിരിക്കുന്നു. സമൂഹത്തെ വിശ്വസിക്കുകയും സ്നേഹിക്കുകയും വെഹ്യ്തിരുന്ന സ്ത്രീകള്‍ക്ക് സമൂഹം നല്‍കുന്നത് യാതനകളും അവഗണനകളും മാത്രം..ദൈവത്തിന്റെ സ്വന്തം നാട്ടില്‍സ്ത്രീ നിന്ദനടക്കുന്നത് തടഞ്ഞേ മതിയാകൂ .സ്ത്രീ സമൂഹം ഇന്ന് ഒന്നേ ആഗ്രഹിക്കുന്നുന്ള്ളൂ.കാലത്തിന്റെ കൈകളാല്‍ സമാസ്വസിപ്പിക്കപ്പെടെണ്ടാവര്‍ അല്ല സംരക്ഷിക്കപ്പെടെണ്ടാവര്‍ ആണ് സ്ത്രീകള്‍ .ഇതിനു മടികാണിക്കുന്നവര്‍ ഏതു കോടിയുടെ കീഴില്‍ ആയാലും കാലം അത് തിരിച്ചറിയും .സ്ത്രീ എവിടെ ആദരിക്കപ്പെടുന്നുവോ അവിടെ മാത്രമേ നന്മയുടെ സൂര്യോദയം ഉണ്ടാകുകയുള്ളൂ ..