2013, ഫെബ്രുവരി 11, തിങ്കളാഴ്‌ച

              ഡി=പ്രണയവും രതിയും ഒഴുകിയ പുഴ 


വീട്ടിലേക്കെന്നു പോകുന്നു ചോദിക്കുന്നു

കൂട്ടുകാര്‍, കൂട്ടുകിടക്കുന്ന പുസ്‌തകക്കൂട്ടങ്ങള്‍,
പടിവാതിലോളം പറന്നുമറയുന്ന കൊച്ചരിപ്രാവ്‌,
കലണ്ടറില്‍ ചൂട്ടുകത്തിച്ചുകിടക്കുമവധികള്‍"

                 എന്ന് പാടി മരങ്ങളെയും പുഴകളെയും കൂട്ടുകാരെയും കൂട്ടിപ്പിടിച്ച കവി  ഡി വിനയ ചന്ദ്രന്‍ ഇനി ഓര്‍മ മാത്രം . കവിതയുടെ കല്ലടയാര്‍ ആയിരുന്നു ഡി .വിനയ ചന്ദ്രന്‍ .മലയാളിയുടെ കപടസദാചാരത്തിനെതിരെ നിന്ന് അതിനു നേരെ തന്റെ പൊട്ടിയ കണ്ണാടിത്തുണ്ടുകള്‍ കാണിച്ചു പരിഹസിച്ചും ശാസിച്ചും ഒരു വേള കലഹിച്ചും മര്‍ദ്ദിച്ചും തിരുത്താന്‍ നോക്കിയ വാക്കിന്റെ പടയാളി വിടവാങ്ങുന്നു . ഓരോ കവിതയും അനുഭവത്തിന്റെ തീഷ്ണതയാല്‍ ചുട്ടുപൊള്ളിക്കുന്ന കാവ്യാനുഭവമായി പരിണമിപ്പിച്ചു വായനക്കാരന്റെ മനസ്സില്‍ അമ്ളമഴ പെയ്യിക്കുകയായിരുന്നു വിനായ ചന്ദ്രന്റെ കവിത .
നരകം ഒരു പ്രേമകഥ എഴുതുന്നു, ദിശാസൂചി, കായിക്കരയിലെ കടല്‍, വീട്ടിലേക്കുള്ള വഴി, സമയമാനസം, സമസ്ത കേരളം പി.ഒ, പൊടിച്ചി, പത്താംമുദയം, കാട്, ഉപരിക്കുന്ന്, പേരറിയാത്ത മരങ്ങള്‍, വംശഗാഥ എന്നിവയാണു പ്രധാന കൃതികള്‍. കണ്ണന്‍ (മൃണാളിനി സാരാഭായിയുടെ കാവ്യത്തിന്‍റെ പരിഭാഷ), നദിയുടെ മൂന്നാംകര (ലോക കഥകളുടെ പരിഭാഷ), ജലം കൊണ്ടു മുറിവേറ്റവന്‍, ദിഗംബര കവിതകള്‍ (പരിഭാഷ), ആഫ്രിക്കന്‍ നാടോടിക്കഥകള്‍ (പുനരാഖ്യാനം) എന്നിവ.പരിഭാഷകള്‍ ആണ് .നരകം ഒരു പ്രേമകഥ എഴുതുന്നു എന്ന കവിതാസമാഹരത്തിന് 1996ലെ കേരള സാഹിത്യ അക്കാഡമി പുരസ്കാരം, 2006ല്‍ ആശാന്‍ സ്മാരക പുരസ്കാരം, ചങ്ങമ്പുഴ പുരസ്കാരം, റഷ്യന്‍ സര്‍ക്കാരിന്‍റെ ഇസെല്‍ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

               
1946 മെയ് 16 ന്‌ കൊല്ലം ജില്ലയിലെ പടിഞ്ഞാറെ കല്ലടയിലായിരുന്നു ജനനം. പ്രീ യൂണിവേഴ്‌സിറ്റിക്കും ഡിഗ്രിക്കും ഡി വിനയചന്ദ്രന്‍ പഠിച്ചത് തിരുവനന്തപുരത്ത്  ഇന്റര്‍മീഡിയറ്റ് കോളജിലും യൂണിവേഴ്‌സിറ്റി കോളജിലുമാണ്..ഫിസിക്സില്‍ ബിരുദവും മലയാള സാഹിത്യത്തില്‍ ഒന്നാം റാങ്കോടെ ബിരുദാന്തര ബിരുദവും നേടി. അധ്യാപകന്‍, നിത്യയാത്രികന്‍, പ്രണയത്തിന്‍റെ പാട്ടുകാരന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍. 1993ല്‍ എംജി സര്‍വകലാശാല സ്കൂള്‍ ഒഫ് ലെറ്റേഴ്സില്‍ അധ്യാപകനായിരുന്നു.                                                ഗഹനതയുടെയും മായികമായ ഭാവനകളുടെയും കുപ്പായം അണിയുംപോഴും  സൂക്ഷ്മമായ കാഴ്ചകള്‍ ആണ് വിനയചന്ദ്രന്റെ കവിതകള്‍ വരച്ചിടുന്നത് .കവിതയുടെ പഴമക്കും ആധുനികകതക്കും ഇടയിലാണ് വിനയചന്ദ്രികയുടെ ഉദയം എന്ന് വേണം എങ്കില്‍ പറയാം .ആധുനിക കവിതക്ക് സംവേദന ക്ഷമത കുറവാണെന്നും ജീവിതത്തോട് അടുപ്പമില്ലെന്നും ആക്ഷേപങ്ങള്‍ ഉയര്‍ന്നു വന്ന ആ  ദശകത്തില്‍ ആണ് തന്റെ വരികള്‍ കൊട്ടിപ്പാടി വിനയ കവിയുടെ അവതാരം .പിന്‍ തലമുറയുടെ ഭാഷയായി മാറി വിനയ ചന്ദ്രന്റെ കവിത .അവധൂതനായ കവിയാണ് പി എങ്കില്‍ അതെ കിരീടം ആധുനികരില്‍ അവകാശപ്പെടാവുന്ന കവിയാണ് ഡി..കാണുന്ന ലോകമാണ് ഡി യുടെ കവിത .അത് കൊണ്ട് തന്നെ ബിംബങ്ങള്‍ കൊണ്ടുള്ള വാക്ചിത്രങ്ങള്‍ തന്നെയാണ് കവിതയുടെ വരികള്‍ ആകുന്നതും .ജീവനുള്ള ബിംബംഗല്‍ തിരഞ്ഞു പിടിച്ചു കവിതയില്‍ ഉറപ്പിക്കുന്ന മായാജാലം ആണ് ഇദ്ദേഹത്തിന്റേത് .സ്റെജില്‍ മാജിക്ക് കാണിക്കുന്നവനും തെരുവില്‍ മാജിക്ക് കാണിക്കുന്നവനും തമ്മിലുള്ള വ്യത്യാസം ഡി യെ മറ്റു കവികളില്‍ നിന്നും വേറിട്ടതാക്കുന്നു .ഡി യുടെ കവിത നമ്മുടെ കണ്മുന്നില്‍ പച്ചയായി വാര്‍ന്നു വീഴുകയാണ് ,അതിന്റെ എല്ലാ തരം ചൂടും ചൂരും കൊണ്ട് അത് നമ്മളെ ഉണ്മാദികള്‍ ആക്കുന്നു ചിലപ്പോള്‍ .ഒരേ സമയം ധൈഷണികവും അതെ സമയം വൈകാരികവും ആയ ഒരു തരം ആത്മ പ്രകാശനം .ആധുനിക ലോകത്തിന്റെ സമസ്ത വ്യാകുലതകളും ആഗോള വത്കരണം , അമിതമായ വാണിജ്യ വത്കരണം, പാരിസ്ഥിതിക നാശം ,ബന്ധങ്ങളിലെ ശൈഥില്യം ,പ്രണയത്തിലും ജീവിതത്തിലും വന്ന മാറ്റങ്ങള്‍ ,ആശയധാരകളുടെ പാതി വിപ്ലവാത്മകത ഒക്കെ കവിതകളില്‍ വന്നു നിറയുന്നു .വീടും ജീവിതവും വന്നു നുരയുംപോഴും അവയില്‍ നിന്ന് അന്യവത്കരിക്കപ്പെട്ട ജീവിതം പേറിയാണ് കവിയുടെ യാത്ര. ദ്രസ്വദൃഷ്ടിയുടെ കണ്ണാടി എടുത്ത്തനിയുംപോഴും ദൂരക്കാഴ്ച തനിക്കന്യമല്ല എന്ന് പല പ്രവചന സ്വഭാവം ഉള്ള കവിതകള്‍ കൊണ്ടും വിനയ ചന്ദ്രന്‍ തെളിയിക്കുന്നു .ഉദ്യാനങ്ങള്‍ കവിക്ക്‌ അന്യമാണ് .., ജീവിതംമരുഭൂവിലെ മരീചികയും മരുപ്പച്ചകളും കണ്ടു  ലഹരിയുടെ വേദന പേറി നടക്കുന്ന കവിത .പാര്‍ക്കിലെ ബഞ്ച് എന്നാ കവിതയിലൂടെയും തനിക്ക് നഷ്ടപ്പെട്ട പൂവാടികള്‍ കവി കാണുന്നുണ്ട് . വര്തമാനവുമായോ ഭൂതവുമായോ ഒരു സമരസപ്പെടലിനും നിന്ന് കൊടുക്കാതെ തന്റെതായ വഴിയില്‍ മുന്നില്‍ പോയവരെയോ പിന്നില്‍ വരുന്നവരെയോ ശ്രദ്ധിക്കാതെ നടന്നു പോയ ഒരു മാന്ത്രികനും ഭ്രാന്തനും ആയ കവി ..കവിത കൊണ്ട് കാമുകന്‍ ആവുകയും ജീവിതം കൊണ്ട് അത് അല്ലാതിരിക്കുകയും ചെയ്ത വിചിത്ര ജീവി .ആണ് നിമിഷം മരിച്ചു പോയി ക്കൊണ്ടിരിക്കുന്ന പ്രകൃതിയെ തന്റെ തലച്ചോറില്‍ സൂക്ഷിക്കുന്ന പരിസ്ഥിതി സ്നേഹി ..സൌഹൃദങ്ങളെ ആഘോഷമാക്കിയ ,കവിത കൊണ്ട് വേദികളെ ആവേശഭരിതമാക്കിയ വിപ്ലവകാരി എന്നൊക്കെ ഡി യെ  വായിച്ചെടുക്കാം .                                             ഭ്രാന്തന്‍ , കാമുകന്‍ ,കവി - ഇവരെല്ലാം ഭാവന കൊണ്ട് ഒരു പോലെയാണ്
 എന്ന ഷേക്സ്പിയര്‍വചനം ഡി ക്ക് ഏറെ ചേരും .കവിതയുടെ ഭ്രാന്തും ,പ്രകൃതിയുടെ കാമുകനും ,എന്തും കവിതയായി മാറുന്ന കവിത്വവും വിനയചന്ദ്രന്റെ മുഖക്കുറികലാളായി.
എന്റെ കവിത
പുരാതനമായ
ഒരു പ്രേമവിലാപം ആകുന്നു
മെല്ലെ ആഴം വയ്ക്കുന്ന കടല്‍
എന്റെ കവിത
പൂര്‍ണചന്ദ്രോയത്തിലേക്ക്
തുള്ളിയുനരുന്ന കടല്‍

 പ്രേമമെന്ന സുന്ദര വികാരത്തെ അതിന്റെ മാസ്മരികതയില്‍ കവി വരച്ചിടുന്നു .പ്രകൃതിയുടെ വികാരഭേദങ്ങള്‍ മനുഷ്യാവസ്ഥകളുമായി താദാത്മ്യം പ്രാപിക്കുന്ന കാഴ്ചയാണ് ഇവിടെ .
ഞാനിതാ യാത്രയാകുന്നു പ്രിയേ ശുഭം 
പ്രേമദുഖങ്ങള്‍ പ്രിയങ്ങാളായ്‌ തീരുക 
ഇന്നിതെ ജീവിതം നാമോര്‍ത്തിരിക്കാതെ 
പെണ്ണുമാനും പ്രണയ സമയമായ്‌ തീരുന്നു ..എന്ന് പ്രണയത്തെ പറ്റി കവിയെ പിന്നെയും വാചാലനാക്കുന്നു 

വാക്ക് എത്ര മഴ നനഞ്ഞാലാണ്
ഏറെ ജന്മങ്ങള്‍ കഴിഞ്ഞെങ്കിലും
അതിനു അതിന്റെ മരങ്ങളും
മൌനങ്ങളും തിരിച്ചു കിട്ടുന്നത്

എന്നിങ്ങനെ പ്രകൃതിയിലെക്കുള്ള ഒരു തിരിച്ചു പോക്കിനായി ഓരോ കവിതയിലും കവിയുടെ അനാദിയായ പ്രാര്‍ത്ഥന വന്നു ചേരുന്നുണ്ട് .

കാടിന് എന്ത് പേരിടും ? 

കാടിന് ഞാന്‍ എന്റെ പേരിടും 
എന്നാണു കവിക്ക്‌ തന്നോട് തന്നെയുള്ള ഉത്തരം .അക്ഷരാര്‍ഥത്തില്‍ ഒരു ഒറ്റമരക്കാട് ആയിരുന്നു ഡി .മരക്കവി എന്ന പേര് അദ്ദേഹം ആസ്വടിച്ചിരുന്നതായി തോന്നാം .

ഇത് കാട്ടുപൂവിന്റെതേനല്ല ചാറ്റല്ല
 
തളിരിലും പൂവിലും കിളിയിലും
കുളിര് പകരും കളിക്കൂട്ടുകാരിപെണ്ണ്  .
ഇതായിരുന്നു കവിയുടെ പ്രകൃതി ചിന്ത .
കരയുന്നു ഞാവല്‍,
കടമ്പ് പുന്നാഗങ്ങള്‍ 
കരയുന്നു കൈത,കടല്‍ 
കടല്‍ കാക്കകള്‍ ..
പ്രകൃതിയുടെ കരച്ചിലിനെ തന്റെ കരച്ചിലായി ലോകത്തെ അറിയിച്ച വാക്കുകള്‍ .കരയുമ്പോഴും കലഹിക്കുകയും ,കലഹിക്കുംപോഴും കരയുകയും ചെയുതു കവി .പ്രകൃതിയില്‍ ഊന്നിയ ആധ്യാത്മികത ആയിരുന്നു വിനയചന്ദ്രന്റെ ജീവിത സന്ദേശം .



വിനയ ചന്ദ്രന്റെ കവിതയ്ക്ക് നാടോടി ശൈലിയുടെ ലാന്ച്ചനയും ചില നിരൂപകന്മാര്‍ കാണുന്നുണ്ട്. കാരണം ഡി ക്ക് കാണുന്നതില്‍ ഒക്കെ കവിത ഉണ്ടായിരുന്നു .അദേഹം സ്വയം വിശേശിപ്പിക്കുന്നത് അനാഥന്‍ എന്നാണ്.എകാകി,ആരും നിയന്തിക്കാനില്ലാത്തവന്‍  എന്നൊക്കെ മറ്റുള്ളവര്‍ വിളിക്കുമ്പോഴും അനാഥന്‍ ആയി സ്വയം കാണാനുള്ള കവിയുടെ നിയോഗം .
ഒന്ന് താനല്ലയോ നിങ്ങളും ഞാനും
ഇക്കാടും കിനാക്കളും അന്ടകടാഹവും ...എന്ന് ചൊല്ലി തന്റെ ഒറ്റപ്പെടലിന് വലിയ സാമൂഹ്യമാനവും കവി നല്‍കുന്നു.ഞാന്‍ ഞാനല്ല , മേഘം, മഴ, വാന്‍ഗോംഗ്, സാവിത്രി എന്ന് ഞാന്‍  ആയിരിക്കുമ്പോഴും മറ്റെന്തൊക്കെയോ കൂടി ആണെന്ന് കവി വ്യക്തമാക്കുന്നു .


ശവക്കോട്ടയില്‍ അടക്കിയെങ്കിലും

സതിയുടെ ശവം ശിവനെ
മൂന്നു ശീവേലി സമയത്തും ഓര്‍ക്കുന്നു.
പുറമ്പോക്കില്‍ ഉപേക്ഷിച്ച
പശുവിനെ തിന്നു വിശ്രമിക്കെ
കഴുകന്മാര്‍ അത് തിരിച്ചറിയുന്നുണ്ട്്.
യൂക്കാലിപ്റ്റസിന്‍െറ പട്ട അടരുന്നതും
കല്ലടരുകളില്‍നിന്ന് ഓന്തുകള്‍
തലപൊക്കി നോക്കുന്നതും
മയക്കംവിട്ട് ആട്ടിടയന്‍ ഭാംഗു കഴിക്കുന്നതും
അതുകൊണ്ടാണ്.

















ചില ഡി കവിതകള്‍

വരൂ, പോകാം


പോരുന്നോ
തനിക്കുപോരാത്തതുകൊണ്ടോ
താൻപോരിമ കൊണ്ടോ
തനിച്ചു പോരുന്നോ?
തീയും വെള്ളവുമല്ലെങ്കിൽ
തിണ്ണയിൽ എന്റെ ഇടതുവശം ഇരിക്കാം
തീയും വെള്ളവുമാകുമ്പോൾ
കാട്ടിലേക്കും കടലിലേക്കും
പോകാതെ എന്റെ അടുപ്പിൽ
പ്രവേശിക്കാം
എന്താണു പാകം ചെയ്തതെന്ന്‌
മിണ്ടരുത്‌, വായനക്കാരൻ പറയട്ടെ.


പരിഭ്രമം


ഇങ്ങനെ ഒരിക്കലും 
ഭയം എന്നെ ബാധിച്ചിട്ടില്ല 
എന്റെ പെണ്ണ് വരുമെന്ന് 
പറയുന്ന ഈ ദിനം 
പാതകളെയും ഭിത്തികളെയും 
ആകാശക്കീറുകളെയും 
മലമ്പാമ്പിന്റെ രൂപത്തില്‍ കാണുന്നു 
വിറകുകൊള്ളിയായി 
എന്റെ കൈകാലുകള്‍ ഉഴറുന്നു 
വിശാല ജലാശയത്തിന്റെ അരികില്‍ 
പാളിനില്‍ക്കുന്ന 
ഒറ്റത്തിരിയായി ഞാന്‍

കൂന്തച്ചേച്ചി

കൂന്തച്ചേച്ചിക്കു
കുഞ്ഞില്ല
കൂട്ടില്ല
പൊന്നാങ്ങളമാരില്ല
അമ്മാവന്‍മാരില്ല.

കിഴക്കോട്ടു കാറ്റായിട്ടമ്മ പിരിഞ്ഞന്നേ
പടിഞ്ഞാട്ടു നിഴലായിട്ടച്ഛന്‍ പിരിഞ്ഞന്നേ
കൂന്തച്ചേച്ചിക്കു
കുഞ്ഞില്ല
കൂട്ടില്ല,

നായന്‍മാര്‍ വീട്ടില്‍ പോയടിക്കുന്നു തളിക്കുന്നു
അരക്കെട്ടഴിയാതെ അരയ്ക്കുന്നു വടിക്കുന്നു
വയറ്റില്‍ തീ കൊള്ളാതെ വെയ്ക്കുന്നു വിളമ്പുന്നു
ഉടുത്ത തറ്റുഴറാതെ കുത്തുന്നു കോരുന്നു
കൂന്തച്ചേച്ചിക്കു
കുഞ്ഞില്ല
കൂട്ടില്ല.

കെട്ടാനുമാളില്ല
കെട്ടിക്കാനാളില്ല
ചെറ്റയല്ലാഞ്ഞവള്‍ ചേട്ടയല്ലാഞ്ഞവള്‍
തോട്ടത്തില്‍ കുളങ്ങരെ മുങ്ങി ത്തൊഴുന്നവള്‍
ആയില്യം മണ്ണാര്‍ശാലുരുളി കമിഴ്ത്തുന്നു
ഓച്ചിറക്കാളയ്ക്കു പൊങ്കാലയൂട്ടുന്നു .

പകലേറെ നടക്കുന്നു
രാവേറെ കിടക്കുന്നു
അമ്മിഞ്ഞയൂട്ടുവാനിങ്കു കൊടുക്കുവാന്‍
ചന്തിക്കു നുള്ളുവാന്‍ ചന്തത്തില്‍ കിള്ളുവാന്‍
ചക്കരയുമ്മയ്ക്കും പഞ്ചാര യുമ്മയ്ക്കും
കയ്യോ വളരുന്നു കാലോ വളരുന്നു
അമ്പാടിക്കിട്ടനെന്നാരീരോ പാടുവാന്‍

കൂന്തച്ചേച്ചിക്കു
കുഞ്ഞില്ല
കൂട്ടില്ല.

ചിക്കിയുണക്കീട്ടും പാറ്റിക്കൊഴിച്ചിട്ടും
ഉപ്പിട്ടു വെച്ചിട്ടും ഉറയൊഴിച്ചുറി
യേറ്റി ഉറപ്പോടെ വെച്ചിട്ടും
ചക്ക പുഴുങ്ങീട്ടും പപ്പടം കാച്ചീട്ടും
കാക്കയെ തീറ്റീട്ടും കാക്കാത്തിമാര്‍
വന്ന് കൈ രണ്ടും നോക്കീട്ടും

പകലേറെ നടന്നിട്ടും
രാവേറെ കിടന്നിട്ടും

കൂന്തച്ചേച്ചിക്കു
കുഞ്ഞില്ല
കൂട്ടില്ല.

കുഞ്ഞില്ലാഞ്ഞവള്‍
അരകല്ലടുത്തെത്തി കരയുന്നു കേഴുന്നു
ഉമ്മറപ്പടിയെത്തി വിങ്ങുന്നു വിതുമ്പുന്നു
വാഴക്കൂമ്പൊടിക്കുമ്പോള്‍ വാഴ ക്കൈ പിടിക്കുന്നു
കുളിക്കടവെത്തുമ്പോള്‍ കുളക്കോഴിപ്പെണ്ണിനോ
ടെനിക്കൊരു കുഞ്ഞിനെ കൊടുക്കുമോ
കൊടുക്കില്ല കിഴക്കില്ല വടക്കില്ല കുളക്കോഴി മറയുമ്പോള്‍
നെഞ്ചത്തറയുന്നു

അറയുന്ന പകലല്ലോ ,
അറുകൊലക്കുളിരല്ലോ
പകലേറെ നടന്നിട്ടും
രാവേറെ കിടന്നിട്ടും
കൂന്തച്ചേച്ചിക്കു
കുഞ്ഞില്ല
കൂട്ടില്ല.

ചിങ്ങപ്പുലരികള്‍
പുന്നെല്ലുണക്കിപ്പോയ്
മുടികെട്ടി കണിചൂടി
മേടക്കിളി പാടിപ്പോയ്
അടിവയര്‍ തെണുത്തില്ല
മുലക്കണ്ണു കറുത്തില്ല
യാക്കം വളര്‍ന്നില്ല
തെരളി തെറുത്തിട്ടും
മലരു പൊരിച്ചിട്ടും
അനത്തീട്ടു മാറ്റീട്ടും
അടുക്കള പുകഞ്ഞിട്ടും
അലക്കി വെളുത്തിട്ടും
കൂന്തച്ചേച്ചിക്കു
കുഞ്ഞില്ല
കൂട്ടില്ല.

കുഞ്ഞില്ലാഞ്ഞവള്‍
നൂറ്റെട്ടു മുങ്ങി കുളിച്ചു വരുന്നവള്‍
തേവരെ വിളിക്കുന്നു
വേലനെ വരുത്തുന്നു
ഓതിയെഴുതുവാന്‍ ഓല കൊടുക്കുന്നു
നൂറ്റെട്ടു കുരുത്തോല തേവരെ വണങ്ങുന്നു
കോണെട്ടും പിണിയൊഴിച്ചോതിക്കൊടുക്കുന്നു
വേലനുറയുന്നു
തൊട്ടുരിയാടാതെ ഓതി നിറഞ്ഞവള്‍
ഓതി നിറഞ്ഞവള്‍ കെട്ടില്‍ കടക്കുന്നു
വാതിലു ചാരുന്നു
തലയണയില്ലാതെ
തറ്റഴിച്ചിട്ടവള്‍
തലയഴിച്ചിട്ടവള്‍ താനേ മയങ്ങുന്നു
ഓതി നിറഞ്ഞവള്‍ താനേ മയങ്ങുന്നു .

ഓതിയ പൂതവും
ഉറയിറ്റി വയ്ക്കുന്നു
ഉപ്പിട്ടു വയ്ക്കുന്നു
ആട്ടു കല്ലാട്ടുന്നു
വെള്ളം തളിക്കുന്നു
ചാണകം മെഴുകുന്നു

ഓതി നിറഞ്ഞവള്‍ താനേ മയങ്ങുന്നു
ഏഴര വെളുപ്പിനു ഞെട്ടിയുണരുന്നു
ഞെട്ടിയുണര്‍ന്നപ്പോള്‍ കുട്ടി കരയുന്നു
നൂറ്റെട്ടു നൊന്തിട്ടു മുല ചുരന്നൊഴുകുന്നു
നൂറ്റെട്ടു നൊന്തിട്ടു
കുഞ്ഞു ചിരിക്കുന്നു
ചേച്ചി ചിരിക്കുന്നു

കുന്നിലോ
കുഞ്ഞന്‍ പുലരി ചിരിക്കുന്നു
നന്തുടി കൊട്ടി പടിവാതിലെത്തീട്ടു
പാണനും പാടുന്നു ;
ഉണരുണരൂ തുയിലുണരൂ
മാളോരേ തുയിലുണരൂ .






4 അഭിപ്രായങ്ങൾ:

  1. കവി ഡി വിനയച്ന്ദ്രൻ ഇങ്ങനെ പറയുകയുണ്ടായി, "പ്രണയം ഇല്ലാതെ ഞാൻ ഒരു കവിതപോലും എഴുതിയിട്ടില്ല" എന്ന് വെച്ചാൽ ഇന്ന് കാണുന്ന് ആൺ പെൺ പ്രണയമല്ല, അതും പ്രണയം തന്നെ ചുറ്റുപാടുകളെ പ്രണയിക്കണം മലകളെ പുഴകളെ അരുവികളെ ഓരോ വ്യക്തികളേയും അവയിൽ നിന്നേല്ലാം കവിക്ക് പ്രണയത്തിന്റെ അനുഭൂതി കിട്ടുന്നു

    നന്നായി എഴുതി

    മറുപടിഇല്ലാതാക്കൂ
  2. നല്ല പോസ്റ്റ്.
    പ്രണയത്തിന്റെയും സൌന്ദര്യത്തിന്റെയും വിനയചന്ദ്രിക തെളിയിച്ച കവി...
    അഭിനന്ദനങ്ങൾ!

    മറുപടിഇല്ലാതാക്കൂ