ചക്കക്കാലം
മലയാളിക്ക് പ്ലാവിനെയോ ചക്കയെയോ പരിചയപ്പെടുത്തേണ്ട ആവശ്യം ഇല്ല .പുരാതന കാലം മുതല്‍ക്കു തന്നെ നമ്മുടെ വിശപ്പകറ്റാനും രുചിക്കും ചക്കയോളം പോന്ന മറ്റൊരു ഫലം ഉണ്ടായിട്ടില്ല . ജനവരിയോടെ കേരളത്തില്‍ ചക്കയുടെ കാലമായി. മാര്‍ച്ച് മാസത്തിലാണ് ചക്ക പഴുത്തുവരുന്നത്. മലയാളിയുടെ ജീവിതരീതിയിലും ഭക്ഷണ രീതിയിലും വന്ന മാറ്റം കാരണം കേരളീയര്‍ പിന്നെ പിന്നെ ചക്കയില്‍ നിന്നും അകന്നു പോയി.ഇന്ന് കേരളത്തില്‍ ഉണ്ടാകുന്ന ചക്ക മുഴുവന്‍ ആയി ഉപയോഗിക്കുന്നില്ല. കുറെ ഒക്കെ പുറം സംസ്ഥാനങ്ങളിലെക്കും വിദേശത്തെക്കും തന്നെ കയറ്റി അയക്കപ്പെടുന്നു. ഇതിലൊക്കെ എത്രയോ അധികം ചീഞ്ഞുനശിച്ചും പോകുന്നു . കാശ് കൊടുത്തു കീടനാശിനികള്‍ തളിച്ച പച്ചക്കറികള്‍ വാങ്ങി ഉപയോഗിക്കാന്‍ മടി കാണിക്കാത്ത മലയാളി ചക്കയോട് പുറം തിരിഞ്ഞു നില്‍ക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ പഴമായ ചക്ക ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നു. ഇതിലെ ഇരുമ്പിന്റെ അംശം അനീമിയ കുറയ്‌ക്കുന്നു. തൈറോയ്‌ഡ് രോഗത്തിന് പ്രതിവിധിയാണ് പഴുത്ത ചക്ക. ഇതിലെ പൊട്ടാസ്യം ബി പി നിയന്ത്രിക്കുന്നതിലൂടെ തളര്‍വാതം, ഹാര്‍ട്ട് അറ്റാക്ക് എന്നിവയുടെ സാധ്യത കുറയുന്നു. നാരുകള്‍ ദഹനത്തെ സഹായിക്കുന്നു. ചക്കയുടെ ചുള ചവിണി, മടല്‍, ചക്കക്കുരു എന്നിവയെല്ലാം വിവിധ തരം വിഭവങ്ങളുണ്ടാക്കാന്‍ യോഗ്യമാണ്. ചക്കക്കുരുവിൽ ധാരാളം വിറ്റാമിനുകൾ അടങ്ങിയിരിക്കുന്നു. ചക്കക്കുരുവിൽ
നിന്നാണ് പ്ലാവിൻ തൈകൾ ഉത്പാദിപ്പിക്കുന്നത്. ചക്കക്കുരുവും ഭക്ഷ്യയോഗ്യമാണ്. ചക്കക്കുരു കൊണ്ട് സ്വാദിഷ്ടമായ തോരനും ചാറ് കറിയും വയ്ക്കാവുന്നതാണ്. പഴയ കാലത്ത് ചക്കക്കുരുകൾ മാസങ്ങളോളം കേട് വരാതിരിക്കാൻ മണ്ണിൽ പൂഴ്ത്തി വെക്കുകയും ചക്കക്കുരു കിട്ടാത്ത കാലത്ത് അത് എടുത്ത് ഉപയോഗിക്കുകയും ചെയ്തിരുന്നു. പഴകുന്തോറും രുചി കൂടും എന്ന ഒരു പ്രത്യേകതയും കൂടി അതിനുണ്ട്.മൂപ്പെത്താത്ത ഫലത്തെ ആയുർവേദം തീക്ഷ്ണസ്വഭാവമുള്ളതും പേശികളെ ചുരുക്കുന്നതും വായുകോപത്തെ ശമിപ്പിക്കുന്നതും ആയി കണക്കാക്കുന്നു. ശീതളമായ പഴുത്ത ഫലമാകട്ടെ, വിരേചനതടസ്സം, മെലിച്ചിൽ, അതിപിത്തം എന്നീ അവസ്ഥകളിൽ ഫലപ്രദമാണ്. ചക്കക്കുരു മൂത്രക്ഷമത വർദ്ധിപ്പിക്കുന്നതും, കാമോദ്ദീപകവും, മലബന്ധം ഉണ്ടാക്കിയേക്കാവുന്നതും ആണ്. ഇളം ഇലകൾ ചിലതരം ചർമ്മരോഗങ്ങളുടെ ചികിത്സയിൽ പ്രയോജനകരമാണ്. അവയുടെ ചാരം നീരുകളുടെ ചികിത്സയ്ക്ക് ഉപയോഗിക്കാറുണ്ട്. പ്ലാവിന്റെ ചുനയ്ക്ക്, ഗ്രന്ഥിവീക്കങ്ങളുടേയും പരുവിന്റേയും ചികിത്സയിൽ സ്ഥാനമുണ്ട്. പ്ലാവിൻ വേരിന്റെ കഷായം അതിസാരം ശമിപ്പിക്കുമെന്നും കരുതപ്പെടുന്നു
ഏതാനും ചക്ക വിഭവങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്
ചക്ക വറുത്തത്
ആവശ്യമുള്ള സാധനങ്ങള്‍:
ചക്കച്ചുള നീളത്തില്‍ കനം കുറച്ചരിഞ്ഞത് – ആവശ്യത്തിന്, ഉപ്പുവെള്ളം 1/2 ഗ്ലാസ്, വെളിച്ചെണ്ണ ആവശ്യത്തിന്. (പാകത്തിന് മൂപ്പെത്തിയതും ഒട്ടും മധുരം കൂടാത്തതുമായ ചക്കയാണ് വറുക്കാനുപയോഗിക്കുക)
വെളിച്ചെണ്ണ തിളയ്‌ക്കുമ്പോള്‍ അരിഞ്ഞുവെച്ച ചക്ക അല്‌പം വാരിയിടുക (കഴുകരുത്) ഇടയ്‌ക്ക് ഇളക്കണം. നിറം മാറുന്നതിന് മുന്‍പായി ഒരു സ്‌പൂണ്‍ ഉപ്പുവെള്ളം ഇതിലേക്കൊഴിക്കുക (പൊട്ടിത്തെറിക്കുകയില്ല). നന്നായി മൂത്താല്‍ കോരി പേപ്പറില്‍ നിറക്കുക.
ചക്ക അരിഞ്ഞ് ഉപ്പ്, മുളക്, മഞ്ഞള്‍ ഇവ ചേര്‍ത്ത് വെയിലത്തുണക്കിവെച്ച് ആവശ്യത്തിന് വറുത്തെടുക്കാവുന്നതാണ്.
ചക്ക വരട്ടി
പഴുത്ത ചക്ക: 1 കിലോ (കുരു കളഞ്ഞ് കഷ്ണങ്ങളാക്കിയത്)
ശര്ക്കര: അരക്കിലോ
നെയ്യ്: 5 സ്പൂണ്
ഏലയ്ക്ക്: 5 (പൊടിച്ചത്)
അടി കട്ടിയുള്ള പാത്രത്തില്‍ വച്ച് ചക്ക നല്ലപോലെ വേവിക്കുക. വേവിച്ച്, വെള്ളം വറ്റി, നല്ലപോലെ ഉടച്ചചക്കയിലേക്ക് ശര്ക്കര ചേര്ത്ത് ഇളക്കുക. ശര്‍ക്കരം നേരത്തെ വെള്ളമൊഴിച്ച് സിറപ്പാക്കി വച്ചത്ചേര്ക്കുകയുമാവാം. ചക്കയും ശര്ക്കരയും കൂട്ടിയ മിശ്രിതം നല്ലപോലെ ഇളക്കുക. വെള്ളം ഒരുവിധംവറ്റിക്കഴിഞ്ഞാല്‍ ഇതിലേക്ക് നെയ്യ് ചേര്‍ത്തിളക്കാം. വെള്ളം മുഴുവനും വറ്റി കട്ടിയുള്ള മിശ്രിതമായാല്‍ ഏലയ്ക്കാപൊടി ചേര്‍ത്തിളക്കാം. ഇത് അടുപ്പില്‍ നിന്നു വാങ്ങി വച്ച് തണുത്ത ശേഷം ഭരണിയിലോ പാത്രത്തിലോ ആക്കിവയ്ക്കാം.
ചക്ക പ്രഥമന്‍
- ചക്കവരട്ടിയത് - അര കിലോ
- ശര്‍ക്കര - ശര്‍ക്കരയുടെ അളവ് കൃത്യമായി പറയാന്‍ കഴിയില്ല. ഒരു മുക്കാല്‍ കിലോയോളം കരുതിവയ്ക്കുക.
- തേങ്ങ - മൂന്ന്
- തേങ്ങാക്കൊത്ത് - അര മുറിയുടേത് (കൂടുതല്‍ വേണമെങ്കില്‍ ആവാം)
- ചുക്ക് പൊടിച്ചത് - 3 ടീ സ്പൂണ്‍
- ജീരകം പൊടിച്ചത് - ഒന്നര ടീ സ്പൂണ്‍
- നെയ്യ് - കുറച്ച്
ഉണ്ടാക്കുന്ന വിധം:
ആദ്യം തന്നെ തേങ്ങ ചിരകി, ഒന്നാം പാലും രണ്ടാം പാലും, മൂന്നാം പാലും വെവ്വേറെ എടുത്തുവയ്ക്കുക. തേങ്ങയില്‍ ലേശം വെള്ളം തളിച്ചശേഷം ചതച്ചെടുത്ത് നല്ല കട്ടിയില്‍ പിഴിഞ്ഞെടുക്കുന്നതാണ് ഒന്നാം പാല്‍. നല്ല വൃത്തിയുള്ള ഒരു തുണിക്കഷ്ണത്തിലൂടെ പിഴിയുന്നതാണ് നല്ലത്. ഒന്നാം പാല്‍ എടുത്ത ശേഷമുള്ള തേങ്ങയില്‍ കുറച്ചു വെള്ളം ഒഴിച്ച് യോജിപ്പിച്ചശേഷം പിഴിഞ്ഞടുക്കുന്നതാണ് രണ്ടാം പാല്‍. ഇതിന് അദ്യത്തേതിനേക്കാള്‍ കട്ടി കുറവായിരിക്കും. ഇതിനുശേഷം കുറച്ചധികം വെള്ളം ചേര്‍ത്ത് ഞെരടി പിഴിഞ്ഞെടുക്കുന്നതാണ് മൂന്നാം പാല്‍. ഇത് വളരെ നേര്‍ത്തതായിരിക്കും. ( തേങ്ങാപ്പാല്‍ പൊടിയാണ് ഉപയോഗിക്കുന്നതെങ്കില്‍, നല്ല കട്ടിയില്‍ കലക്കിയത്, കുറച്ചുകൂടി നേര്‍പ്പിച്ചത്, വളരെ നേര്‍പ്പിച്ചത് എന്നിങ്ങനെ മൂന്നു തരത്തില്‍ പാല്‍ തയ്യാറാക്കി വയ്ക്കുക).
ശര്‍ക്കര കുറച്ചു വെള്ളം ഒഴിച്ച് ഉരുക്കി, അരിച്ചെടുത്ത് പാനിയാക്കി വയ്ക്കുക.
ഉരുളിയിലോ അല്ലെങ്കില്‍ നല്ല കട്ടിയുള്ള ഏതെങ്കിലും പരന്ന പാത്രത്തിലോ വേണം പായസമുണ്ടാക്കാന്‍. അല്ലെങ്കില്‍ തുടക്കത്തില്‍ തന്നെ കരിഞ്ഞുപിടിക്കാന്‍ തുടങ്ങും. ഉരുളിയില്‍ ചക്കവരട്ടി ഇട്ട്, ശര്‍ക്കരപ്പാനിയും ഒഴിച്ച് അടുപ്പത്തു വയ്ക്കുക. (ശര്‍ക്കരപ്പാനി അദ്യം തന്നെ മുഴുവനും ഒഴിക്കേണ്ട. ചക്കവരട്ടി മധുരമുള്ളതാണല്ലോ. അതുകൊണ്ട് ശര്‍ക്കരപ്പാനി കുറച്ചൊഴിച്ച് മധുരം നോക്കിയശേഷം പിന്നീട് ആവശ്യത്തിന് ചേര്‍ത്താല്‍ മതി).
മെല്ലെ ഇളക്കിയിളക്കി, ചക്കവരട്ടിയെ ഒട്ടും കട്ടയില്ലാതെ ശര്‍ക്കരപ്പാനിയിലേക്ക് ലയിപ്പിച്ചെടുക്കണം. കട്ടി കൂടുതലുണ്ടെങ്കില്‍ കുറച്ചു വെള്ളമൊഴിക്കാം. ലേശം നെയ്യ് ചേര്‍ത്തുകൊടുക്കുന്നത് നല്ലതാണ്.ഇനി, തേങ്ങയുടെ മൂന്നാം പാല്‍ കുറേശ്ശെയായി ഒഴിച്ചിളക്കുക. ഈ ഘട്ടത്തില്‍ മധുരം പാകത്തിനാണോന്ന് നോക്കുക. പോരെങ്കില്‍ പാകത്തിന് ശര്‍ക്കരപ്പാനി ചേര്‍ക്കുക.നന്നായി തിളച്ച് യോജിച്ചാല്‍ രണ്ടാം പാല്‍ ഒഴിച്ചിളക്കുക. തുടര്‍ച്ചയായി ഇളക്കിക്കൊടുക്കണം. തീ അധികം വേണ്ട. നെയ്യ് ഓരോ സ്പൂണ്‍ വീതം 3-4 തവണകളായി ചേര്‍ക്കുക. കുറച്ചു കഴിയുമ്പോള്‍ പായസം കുറുകാന്‍ തുടങ്ങും. ഇനി തീ കെടുത്തിയശേഷം ഒന്നാം പാല്‍ സാവധാനം ഒഴിച്ച് യോജിപ്പിക്കുകഒന്നാം പാല്‍ ഒഴിച്ചാല്‍ പിന്നെ തിളയ്ക്കരുതെന്നാണ് പറയുക. ഉരുളി ഉടനെ വാങ്ങിവയ്ക്കുക. വാങ്ങിവച്ചാലും അഞ്ച് മിനിട്ടുകൂടി ഇളക്കുന്നത് നല്ലതാണ്.പായസം റെഡിയായി. ഇനി പൊടിപ്പും തൊങ്ങലും ചേര്‍ത്ത് ഒന്നുകൂടി ഭംഗിയാക്കാം.
ചക്കയ്ക്ക് ചുക്ക് എന്നാണ് പറയുക.(ചക്കയ്ക്ക് കൂട്ടായി അല്പം ചുക്കിനേയും കൂടി അകത്തേക്ക് കടത്തിവിട്ടാല്‍ നല്ലതാണത്രേ. ദഹനക്കേടൊന്നും വരാതെ ടിയാന്‍ കാത്തോളും). അപ്പോ പറഞ്ഞുവന്നത്, കുറച്ചു ചുക്കുപൊടിയും ജീരകപ്പൊടിയും കൂടി അങ്ങ്ട് ചേര്‍ക്കുക. അതുതന്നെ. ചക്കപ്പായസത്തില്‍ ഏലയ്ക്കാപ്പൊടി ചേര്‍ക്കുന്ന പതിവില്ല.
അവസാനമായി, തേങ്ങാക്കൊത്ത് നെയ്യില്‍ വറുത്തത് ചേര്‍ക്കുക (വറുക്കാനുപയോഗിച്ച നെയ്യുള്‍പ്പെടെ). പിന്നെ, വേണമെങ്കില്‍ അണ്ടിപ്പരിപ്പും മുന്തിരിയുമൊക്കെ ചേര്‍ത്ത് ഒന്നുകൂടി ആര്‍ഭാടമാക്കാം
ചക്ക എരിശ്ശേരി
ചക്ക എരിശ്ശേരിയുണ്ടാക്കാന്‍ മൂത്തചക്കയുടെ ചുളവേണം. ചക്കച്ചുളയരിഞ്ഞത് പാകത്തിന് വെളളമൊഴിച്ച് മഞ്ഞപ്പൊടിയിട്ട് വേവിക്കണം. വെന്തുവരുമ്പോള്‍ തേങ്ങയും മുളകും ജീരകവും ഉപ്പും ചേര്‍ക്കണം. തിളയ്ക്കുമ്പോള്‍ കടുക് വറുത്തിടുകയും കറിവേപ്പില ചേര്‍ക്കുകയും വേണം.
ചക്കപ്പുഴുക്ക്
ആവശ്യമുള്ള സാധനങ്ങള്‍:
ചക്കച്ചുള അരിഞ്ഞത് – 30 ചുള, തേങ്ങ- ഒരു വലിയ മുറി, പച്ചമുളക് 4-5 എണ്ണം, ഇഞ്ചി-ചെറിയ കഷ്‌ണം, വെളുത്തുള്ളി -1 അല്ലി. കറിവേപ്പില – 1 ചെറിയ തണ്ട്, വെളിച്ചെണ്ണ – 2 സ്‌പൂണ്‍.
ഉണ്ടാക്കുന്ന വിധം: ചക്കക്കുരു അല്‌പം ഉപ്പും മഞ്ഞളും ചേര്‍ത്ത് രണ്ട് ഗ്ലാസ് വെള്ളമൊഴിച്ച് കുക്കറില്‍ ഒരു വിസിലിന് വേവിക്കുക. ചൂടോടെ തുറന്ന് അരിഞ്ഞുവെച്ച ചുളകള്‍ ചേര്‍ത്ത് വീണ്ടും ഒരു വിസിലിന് വേവിക്കുക. തേങ്ങ ചിരകി ബാക്കി ചേരുവകള്‍ ചേര്‍ത്ത് നല്ല എരിവില്‍ ചമ്മന്തിയുണ്ടാക്കുക. കുക്കര്‍ ചൂടോടെ തുറന്ന് ചക്കയുടെ നടുവിലൊരു കുഴിയുണ്ടാക്കി ചമ്മന്തിയിട്ട് മൂടുക. വെള്ളം പോരെങ്കില്‍ അല്‌പം ചേര്‍ക്കാം. ആവശ്യത്തിന് ഉപ്പുചേര്‍ത്ത് അടച്ചുവെച്ച് മൂന്ന് മിനിറ്റ് ചെറിയ തീയില്‍ വെക്കുക. ശേഷം തുറന്ന് പച്ചവെളിച്ചെണ്ണ തൂവി നന്നായി ഉടച്ച് ഉപയോഗിക്കാം.
ചക്കക്കൂട്ടാന്‍
ആവശ്യമുള്ള സാധനങ്ങള്‍:
നല്ല മൂത്ത ചക്കച്ചുള അരിഞ്ഞത് 30 ചുള, തേങ്ങ – 1 വലിയ മുറി, പച്ചമുളക് – 4, കറിവേപ്പില 1 തണ്ട്, ജീരകം 1/2 ടീസ്‌പൂണ്‍, ശര്‍ക്കര-1 ചെറുത്, വെളിച്ചെണ്ണ 2 ചെറിയ സ്‌പൂണ്‍.
ചക്കക്കുരു അല്‌പം ഉപ്പും മഞ്ഞളും ചേര്‍ത്ത് രണ്ട് ഗ്ലാസ് വെള്ളമൊഴിച്ച് ഒരു വിസിലിന് വേവിക്കുക. ഇതിലേക്ക് അരിഞ്ഞുവെച്ച ചക്കച്ചുള ചേര്‍ത്ത് വീണ്ടും ഒരു വിസിലിന് വേവിക്കുക. തേങ്ങ ചിരകി ജീരകവും പച്ചമുളകും, കറിവേപ്പിലയും ഒരു നുള്ള് മഞ്ഞള്‍ പൊടിയും ചേര്‍ത്ത് ചതച്ചെടുക്കുക. കുക്കര്‍ തുറന്ന് അരപ്പും ശര്‍ക്കര പൊടിച്ചതും ചേര്‍ത്ത് നന്നായി ഇളക്കി ഒന്ന് തിളച്ചാല്‍ ഉടനെ ഓഫ് ചെയ്‌തു വെളിച്ചെണ്ണ ചേര്‍ത്തിളക്കി ഉപയോഗിക്കാം.
ചക്ക അട
ആവശ്യമുള്ള സാധനങ്ങള്‍:
പഴുത്ത ചക്ക അരച്ചത് നാല് കപ്പ് (പഴച്ചക്കയാണ് നല്ലത്) അരിപ്പൊടി 2 1/2 കപ്പ്. തേങ്ങ ചിരവിയത്-1 ചെറിയ മുറി, ഏലയ്‌ക്കാപൊടി 1/2 ചെറിയ സ്‌പൂണ്‍, ഉണക്കമുന്തിരി അരിഞ്ഞത് 3 സ്‌പൂണ്‍, വെളിച്ചെണ്ണ ആവശ്യത്തിന്.
ഉണ്ടാക്കുന്ന വിധം: അരിപ്പൊടി തിളച്ച വെള്ളത്തില്‍ ഉപ്പ്, ഒരു കപ്പ് ചക്കയരച്ചതും ചേര്‍ത്ത് നന്നായി വാട്ടിക്കുഴയ്‌ക്കുക. ചീനച്ചട്ടിയില്‍ രണ്ട് സ്‌പൂണ്‍ വെളിച്ചെണ്ണയൊഴിച്ച് തേങ്ങ ചേര്‍ത്ത് നിറം മാറാതെ വഴറ്റുക. ഇതിലേക്ക് പഞ്ചസാര, മുന്തിരി എന്നിവ ചേര്‍ത്ത് നന്നായി ഇളക്കിയ ശേഷം ചക്കയരച്ചത് ചേര്‍ത്ത് തുടരെ ഇളക്കിക്കൊണ്ടിരിക്കുക. പാത്രത്തില്‍ നിന്നും വിട്ടുപോരുന്ന പരുവത്തിലായാല്‍ ഏലയ്‌ക്കാപൊടിയും ചേര്‍ത്തിളക്കി ചൂടാറാന്‍ വെക്കുക. ചെറുനാരങ്ങ വലിപ്പത്തില്‍ മാവെടുത്ത് വാഴയിലയില്‍ പരത്തുക. ഇതില്‍ 2 സ്‌പൂണ്‍ ചക്കക്കൂട്ട് വെച്ച് അട രൂപത്തില്‍ ചെയ്‌ത് ഇഡ്‌ഢലിച്ചെമ്പില്‍ പുഴുങ്ങിയെടുക്കുക. (ചക്കയുടെ മധുരത്തിനനുസരിച്ച് പഞ്ചസാര ചേര്‍ക്കാം)
ചക്ക പൊരിച്ചത്
ആവശ്യമുള്ള സാധനങ്ങള്‍: വല്ലാതെ പഴുത്ത് അലിഞ്ഞ ചക്ക – 2 കപ്പ്, അരിപ്പൊടി -1 കപ്പ്, എള്ള് അല്ലെങ്കില്‍ ജീരകം- 1 ചെറിയ സ്‌പൂണ്‍, ബേക്കിംഗ് പൗഡര്‍ – 2 നുള്ള്, ഏലയ്‌ക്കാപ്പൊടി 1/2 ചെറിയ സ്‌പൂണ്‍, വെളിച്ചെണ്ണ – ആവശ്യത്തിന്.
ഉണ്ടാക്കുന്നവിധം: ചക്ക അരിപ്പൊടി ചേര്‍ത്ത് മിക്‌സിയിലരയ്‌ക്കുക. (ചക്കയില്‍ വെള്ളം കുറവാണെങ്കില്‍ അരിപ്പൊടി കുറയ്‌ക്കാം). കുഴഞ്ഞ പരുവത്തിലുള്ള ഈ ചക്കക്കൂട്ടിലേക്ക് ഒരു നുള്ള് ഉപ്പും ബാക്കി ചേരുവകളും ചേര്‍ത്ത് യോജിപ്പിച്ച് വെളിച്ചെണ്ണയില്‍ പൊരിച്ചെടുക്കുക.
ചക്ക ഹല്‍വ
ആവശ്യമുള്ള സാധനങ്ങള്‍:
പഴച്ചക്ക (പഴഞ്ചക്ക) മിക്‌സിയിലരച്ചത് – 5 കപ്പ്, പഞ്ചസാര – 1 ചെറിയ കപ്പ്, മൈദ – 1 കപ്പ്, വെളിച്ചെണ്ണ – 1/2 കപ്പ്, ഏലയ്‌ക്കാപ്പൊടി – 1/2 ചെറിയ സ്‌പൂണ്‍. അണ്ടി, മുന്തിരി നുറുക്കിയത് -1 ചെറിയ പിടി.
ഉണ്ടാക്കുന്ന വിധം: ചുവടു കട്ടിയുള്ള പാത്രത്തില്‍ പകുതി വെളിച്ചെണ്ണ ചേര്‍ത്ത് 1, 2, 3 ചേരുവകള്‍ ചേര്‍ത്ത് നന്നായി ഇളക്കുക. തിളച്ച് പൊട്ടുമ്പോള്‍ ബാക്കി വെളിച്ചെണ്ണ ചേര്‍ത്ത് 1/2 മണിക്കൂര്‍ ചെറിയ തീയില്‍ ഇളക്കുക. ഏലയ്‌ക്കാപൊടി, അണ്ടി, മുന്തിരി ചേര്‍ത്ത് നന്നായി ഇളക്കി എണ്ണ മയം പുരട്ടിയ പാത്രത്തിലൊഴിച്ച് ചൂടാറാന്‍ വെക്കുക.
ചക്ക സൂപ്പ്
ആവശ്യമുള്ള സാധനങ്ങള്‍:
ഇടത്തരം വലുപ്പത്തിലുള്ള ചക്കയുടെ പകുതി എടുത്ത് പുറമെയുള്ള മുള്ളും തൊലിയും ചെത്തിമാറ്റുക. ചുളയും കുരുവും ചവിണിയും മടലുമടക്കം മുഴുവന്‍ ഭാഗങ്ങളും ചെറുതായി അരിഞ്ഞ് 3 കപ്പ് വെള്ളവും നുള്ള് ഉപ്പും ചേര്‍ത്ത് കുക്കറില്‍ നന്നായി വേവിക്കുക. ചൂടാറിയ ശേഷം മിക്‌സിയിലരച്ച് രണ്ട് കപ്പ് ചൂടുവെള്ളം ചേര്‍ത്ത് അരിപ്പയില്‍ അരിച്ചെടുക്കുക. ഒരു ചെറിയ പിടി ചുവന്നുള്ളി നെയ്യിലോ വെളിച്ചെണ്ണയിലോ വറുത്ത് അതിേലക്ക് അരിച്ചുവെച്ച വെള്ളം, രണ്ട് നുള്ള് കുരുമുളക് പൊടി ഇവ ചേര്‍ത്ത് തിളയ്‌ക്കുന്നതിന് മുന്‍പായി ഇറക്കുക. ചൂടോടെ ഉപയോഗിക്കാം. (ചുവന്നുള്ളിയില്‍ വറവിടാതെ അരിച്ചെടുത്ത ഉടനെ അല്‌പം വെണ്ണയും മുളകുപൊടിയും ചേര്‍ത്തും ഉപയോഗിക്കാം).
ഇടിയന്‍ ചക്ക കട്ട്ലറ്റ്
ചേരുവകള്‍
ഇടിയന്‍ ചക്ക- ഒരു കിലോ
ഉരുളക്കിഴങ്ങ്-രണ്ടെണ്ണം
പച്ചമുളക് – 50ഗ്രാം
കറിമസാല –ഒരു ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി- ഒരു ടീസ്പൂണ്‍
റൊട്ടിപ്പൊടി –250 ഗ്രാം
ഉപ്പ് ,വെളിച്ചെണ്ണ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മുള്ളു നീക്കിയ ഇടിയന്‍ ചക്ക ഉപ്പും മുളകും,മസാലയും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് വേവിച്ചെടുത്ത് മിക്സിയില്‍ കുഴമ്പുരൂപത്തില്‍ അരച്ചെടുക്കുക വേവിച്ചെടുത്ത ഉരുളക്കിഴങ്ങ് പൊടിച്ച് ചക്കയോടൊപ്പം ചേര്‍ത്ത് കുഴച്ച് വിവിധ രൂപങ്ങളിലാക്കി റൊട്ടിപ്പൊടിയില്‍ മുക്കി വറുത്തെടുക്കുന്നതോടെ ഇടിയന്‍ ചക്ക കട്ട്ലറ്റ് റെഡിയായി.
ചക്ക ദോശ
ആവശ്യമുള്ള സാധനങ്ങൾ:
- ചക്കച്ചുള(പച്ച) - കാൽ കിലോ
- പൊന്നിയരി - കാൽ കിലോ
- ചുവന്നുള്ളി - ഒരു പിടി
- തേങ്ങ ചിരകിയത് - ഒരു പിടി
- കാന്താരിമുളക് - 3-4 എണ്ണം
- ചുവന്ന മുളക് - 2-3എണ്ണം (അല്ലെങ്കിൽ ആവശ്യത്തിന്)
- ജീരകം - 1 സ്പൂൺ
- ഇഞ്ചി - ഒരു ചെറിയ കഷ്ണം
- കായംപൊടി - കാൽ ടീസ്പൂൺ
- കുറച്ച് കറിവേപ്പില
- ഉപ്പ്, വെള്ളം - പാകത്തിന്..
|ചക്കച്ചുള കുരുവും ചവിണിയും കളഞ്ഞ വൃത്തിയാക്കുക. അരി വെള്ളത്തിലിട്ട് കുതിർത്ത ശേഷം ചക്കച്ചുളയും ചുവന്ന മുളകും ചേർത്ത് അരച്ചെടുക്കുക. ഇതിലേക്ക് കാന്താരിമുളകും ഉള്ളിയും കൂടി ചതച്ചെടുത്തത്, കറിവേപ്പിലയും ഇഞ്ചിയും പൊടിയായി അരിഞ്ഞത്, പിന്നെ ജീരകം, തേങ്ങചിരകിയത് എന്നിവ ചേർക്കുക. കായവും പാകത്തിന് ഉപ്പും വെള്ളവും ചേർത്ത് എല്ലാം കൂടി നന്നായി ഞെരടി യോജിപ്പിക്കുക. വെള്ളം കൂടിപ്പോവരുത്.
(വേണമെങ്കിൽ ഉള്ളി, മുളക്, തേങ്ങ മുതലായ സാമഗ്രികളെല്ലാം കൂടി അരിയോടൊപ്പം അരച്ചെടുക്കുകയും ചെയ്യാം. അപ്പോൾ പണി എളുപ്പമാവും. പക്ഷേ നേരത്തെ പറഞ്ഞരീതിക്കാണ് കൂടുതൽ രുചി.)മാവ് റെഡിയായി. ഇനി ദോശയുണ്ടാക്കാം.
മാവ് ഒഴിക്കുന്ന സമയത്ത് ദോശക്കല്ലിന്റെ ചൂട് നന്നായി കുറഞ്ഞിരിക്കണം. അല്ലെങ്കില്‍ ശരിക്ക് പരത്താന്‍ പറ്റാതെ മാവ് ഉരുണ്ടുകൂടും.(കല്ല് തീയില്‍നിന്ന് മാറ്റിപ്പിടിച്ച് മാവൊഴിച്ച് പരത്തിയശേഷം തിരിച്ചു വയ്ക്കുകയാണ് ഞാന്‍ ചെയ്യുന്നത്. അപ്പോള്‍ നന്നായി പരത്താന്‍ സാധിക്കും. മാവ് ഫ്രിഡ്ജില്‍ വച്ച് നന്നായി തണുപ്പിക്കുന്നതും ഗുണം ചെയ്യും).തിരിച്ചു മറിച്ചുമിട്ട്, എണ്ണ പുരട്ടി നന്നായി മൊരിച്ചെടുക്കുക.ചക്കദോശ റെഡി! ചൂടോടെ ചട്ണിയോ ചമ്മന്തിയോ കൂട്ടി കഴിക്കുക
ആവശ്യമുള്ള സാധനങ്ങൾ:
- ഇടത്തരം വലുപ്പമുള്ള ചക്ക - ഒന്ന്
- കാന്താരി മുളക് - 1--15
- എള്ള് - ഏകദേശം 100 ഗ്രാം.
- ജീരകം - 50 ഗ്രാം.
- കുരുമുളക് തരുതരുപ്പായി പൊടിച്ചത് - 3 ടേബിൾ സ്പൂൺ
- കായം - 2 ടേബിൾ സ്പൂൺ
- കറിവേപ്പില
- പാകത്തിന് ഉപ്പ്
ചക്ക പപ്പടം
ഉണ്ടാക്കുന്ന വിധം:
ചക്കച്ചുളകൾ കുരുവും ചവിണിയും മാറ്റി ചെറുതായി നുറുക്കി കുക്കറിലിട്ട് അധികം വെള്ളം ചേർക്കാതെ വേവിച്ചെടുക്കുക.വേവിച്ച ചക്ക കറിവേപ്പിലയും കാന്താരിമുളകും ഉപ്പും കൂട്ടി നന്നായി അരച്ചെടുക്കുക.ഇതിൽ എള്ളും ജീരകവും കുരുമുളകുപൊടിയും കായവും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.പപ്പടത്തിനുള്ള മാവ് റെഡിയായി. ഇനി പരത്താൻ തയ്യാറാവാം. കട്ടിയുള്ള ഒരു പ്ലാസ്റ്റിക്ക് ഷീറ്റാണ് ഇതിനു നല്ലത്. പായയിലോ പനമ്പിലോ തുണി വിരിച്ച് അതിലാണ് പണ്ടൊക്കെ പപ്പടവും കൊണ്ടാട്ടവുമൊക്കെ തയ്യാറാക്കിയിരുന്നത്. പക്ഷേ കൈകാര്യം ചെയ്യാൻ അതിനേക്കാളും എളുപ്പം പ്ലാസ്റ്റിക്ക് ഷീറ്റാണ്.
നല്ല വെയിലുള്ള സ്ഥലത്ത് ഷീറ്റ് വിരിക്കുക. തയ്യാറാക്കിയ മാവ് ഒരു പരന്ന സ്പൂൺ കൊണ്ട് കുറേശ്ശെയായി കോരിയിട്ട് സ്പൂനിന്റെ അടിഭാഗം കൊണ്ട് ദോശ പരത്തുന്നതുപോലെ പരത്തുക.വൈകുന്നേരത്തോടെ പപ്പടങ്ങൾ ഷീറ്റിൽ നിന്ന് ഇളകിപ്പോരാൻ തുടങ്ങും. പിറ്റേദിവസം മറുഭാഗം ഉണക്കുക. ഇങ്ങനെ തിരിച്ചും മറിച്ചുമിട്ട് മൂന്നുനാലു ദിവസം നന്നായി ഉണക്കണം. .അവശ്യത്തിനെടുത്ത് വറുത്തോ ചുട്ടോ കഴിക്കാം
- ഇടിച്ചക്ക തീയല്‍
ആവശ്യമുള്ള സധനങ്ങള്‍:
- ഇടിച്ചക്ക - ഒരെണ്ണം തീരെ ചെറുത് അല്ലെങ്കില്‍ ഏകദേശം അരക്കിലോ തൂക്കമുള്ള കഷ്ണം.
- ചുവന്നുള്ളി - കാല്‍ കിലോ
- ലേശം മുളകുപൊടി, മഞ്ഞൾപ്പൊടി
- വറുക്കാനാവശ്യമായ വെളിച്ചെണ്ണ
- വറുത്തിടാനുള്ള കടുക്, മുളക്, കറിവേപ്പില.
- ഉപ്പ്, പുളി - പാകത്തിന്.
അരപ്പിന്:
- തേങ്ങ ചിരകിയത് - ഒരു മുറി
- മുളക് - എരിവ് വേണ്ടത്ര. ഞാന്‍ 8-10 എണ്ണം എടുത്തു.
- ചുവന്നുള്ളി - 6-7 എണ്ണം
- മല്ലിപ്പൊടി - 3 സ്പൂണ്‍ നിറയെ (കൂടുതല്‍ വേണമെങ്കില്‍ എടുക്കാം).
- കുറച്ച് കറിവേപ്പില
ഉണ്ടാക്കുന്ന വിധം:
വൃത്തിയാക്കിയ കഷ്ണങ്ങൾ കുറച്ചു ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് നികക്കെ വെള്ളമൊഴിച്ച് അടുപ്പത്തു വച്ച് വേവിച്ചെടുക്കുക. കുക്കറിൽ വേവിക്കുകയാണെങ്കിൽ വേവ് അധികമായി കുഴഞ്ഞുപോകാതെ ശ്രദ്ധിക്കണം. വേവിച്ചശേഷം ബാക്കിയുള്ള വെള്ളം ഊറ്റിക്കളയാം. തണുത്തശേഷം ഈ കഷ്ണങ്ങൾ ചെറുതായി നുറുക്കുക.(തീരെ ചെറുതാക്കണ്ട).ഉള്ളി തൊലി കളഞ്ഞ് വൃത്തിയാക്കി അരിഞ്ഞുവയ്ക്കുക.ഇതിലേക്ക് മുളകുപൊടിയും (അരപ്പിന് എരിവ് നന്നായി ഉണ്ടെങ്കിൽ മുളകുപൊടി ചേർക്കണ്ട), ഒരു നുള്ളു മഞ്ഞൾപ്പൊടിയും, പാകത്തിന് പുളി പിഴിഞ്ഞതും ചേർത്ത് വെള്ളവുമൊഴിച്ച് നന്നായി തിളപ്പിക്കുക. പാകത്തിന് ഉപ്പും ചേർക്കുക. (ഇടിച്ചക്ക ഉപ്പ് ചേർത്താണ് വേവിച്ചിട്ടുള്ളത്. അതുകൊണ്ട് ഇനി ഉപ്പ് അധികം വേണ്ടിവരില്ല)അവസാനം അരപ്പും ചേർത്ത് നന്നായി യോജിപ്പിക്കുക. വെള്ളം പോരെങ്കിൽ കുറച്ചുകൂടി ചേർക്കാം. നന്നായി തിളച്ച് യോജിച്ചാൽ വാങ്ങിവച്ച് കടുകും മുളകും കറിവേപ്പിലയും വറുത്തിടുക.
(ഇവിടെ വിവരിച്ച പാചക രീതികള്‍ പലരില്‍ നിന്നും ചോദിച്ചു മനസ്സിലാക്കിയതും വിവിധ പാചക കുറിപ്പുകളില്‍ നിന്നും എടുത്ത്തവയും ആണ് .എല്ലാവരോടും കടപ്പാട് രേഖപ്പെടുത്തുന്നു )