ഇനി ഓണ്‍ലൈന്‍ വിവരാവകാശം
അറിയാനുള്ള അവകാശം
തദ്ദേശഭരണ സ്ഥാപനത്തില്‍ ഭരണപരമോ, വികസനപരമോ, നിയന്ത്രണപരമോ ആയ ചുമതലകള്‍ സംബന്ധിച്ച വിജ്ഞാനപ്രദ രേഖകള്‍ ഒഴികെ ഏതൊരു വിവരവും വസ്തുതയും, രേഖകളോ പ്രമാണങ്ങളോ അറിയാനും പകര്‍പ്പെടുക്കാനും പൌരന്മാര്‍ക്കുള്ള അവകാശം, കേരള പഞ്ചായത്ത് രാജ് നിയമം (1999) അദ്ധ്യായം 25 എ, വകുപ്പുകള്‍ 271 എ, ബി, സി എന്നീ വകുപ്പുകളും അനുബന്ധ ചട്ടങ്ങളും പ്രകാരം പൌരന് ഈ അവകാശം ലഭിക്കുന്നു.
വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകള്‍ ഇനി ഓണ്‍ലൈന്‍ വഴി നല്‍കാം. െമയ് അവസാനവാരം ഈ സംവിധാനം നിലവില്‍ വരും. നിലവില്‍ അപേക്ഷ ഓണ്‍ലൈനില്‍ സമര്‍പ്പിക്കുന്നതിനുള്ള സൗകര്യമാണ് ഏര്‍പ്പെടുത്തുന്നതെങ്കിലും മറുപടിയും ഓണ്‍ലൈനില്‍ത്തന്നെ ലഭിക്കുന്നതിനുവേണ്ട നിയമഭേദഗതികള്‍ക്ക് സര്‍ക്കാര്‍ തുടക്കം കുറിച്ചിട്ടുണ്ട്. ഇതും വൈകാതെ തന്നെ നിലവില്‍ വരും. സംസ്ഥാന ഐ.ടി വകുപ്പിന്റെ ഈ വര്‍ഷത്തെ ആക്ഷന്‍ പ്ലാനിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
വിവരാവകാശനിയമ പ്രകാരമുള്ള അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതിനു മാത്രമായി ഒരു പ്രത്യേക പോര്‍ട്ടല്‍ സജ്ജമാക്കും.ഈ പോര്‍ട്ടല്‍ പ്രവര്‍ത്തനക്ഷമമാകുന്നതോടെ ജനങ്ങള്‍ക്ക് വീട്ടിലിരുന്നുതന്നെ അപേക്ഷകള്‍ നല്‍കാനും മറുപടികള്‍ സ്വീകരിക്കാനുമാകും.
ഇപ്പോള്‍ 10 രൂപയാണ് വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകള്‍ക്കുള്ള ഫീസ് .ഈ ഫീസ് എങ്ങനെ ഈടാക്കണമെന്ന കാര്യത്തില്‍ സര്‍ക്കാര്‍തലത്തില്‍ അന്തിമതീരുമാനമായിട്ടില്ല. ഇക്കാര്യത്തിലുള്ള തീരുമാനം വന്നശേഷമായിരിക്കും ഓണ്‍ലൈന്‍ വഴിയുള്ള വിവരാവകാശ അപേക്ഷാ സ്വീകരണം ആരംഭിക്കുക.
വിവരാവകാശ അപേക്ഷകള്‍ ഓണ്‍ലൈനില്‍ കൈകാര്യം ചെയ്യുന്നതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കാനുള്ള പദ്ധതിക്കും തുടക്കം കുറിച്ചിട്ടുണ്ട്്. കേരള സംസ്ഥാന ഐ.ടി മിഷനാണ് പരിശീലന ചുമതല. ഇതിനകം രണ്ടു ജില്ലകളില്‍ പരിശീലനപരിപാടി പൂര്‍ത്തിയായിട്ടുണ്ട്.
(അവലംബം :മാതൃഭൂമി വാര്‍ത്ത )
Right to Information Act - Overview
1. 2005 ഒക്ടോബര്‍ 12 ന് വിവരാവകാശ നിയമം ഇന്ത്യയില്‍ പ്രാബല്യത്തില്‍ വന്നു. ഇത് കേന്ദ്ര നിയമമാണ്
2. പബ്ളിക് അതോറിറ്റിയുടെ കൈവശത്തിലോ നിയന്ത്രണത്തിലോ ഉളള വിവരങ്ങള്‍ പൗരന് ലഭിക്കാനുളള അവകാശമാണ് വിവരാവകാശം. പൊതു സ്ഥാപനങ്ങളാണ് പബ്ളിക് അതോറിറ്റികള്‍
3. പബ്ളിക് അതോറിറ്റിയുടെ നിയന്ത്രണത്തിലുളള മറ്റു സ്ഥാപനങ്ങളിലെയും ( സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന് പോലും) വിവരങ്ങള്‍ വാങ്ങി അപേക്ഷകന് നല്‍കാനുളള ബാധ്യതയും പബ്ളിക് അതോറിറ്റിക്കുണ്ട്
4. വിവരങ്ങള്‍ അപേക്ഷകന് നല്‍കേണ്ടത് സ്റ്റേറ്റ് പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറാണ് (പി.ഐ.ഒ.)
5. വിവരങ്ങള്‍ നല്‍കണോ നിഷേധിക്കണോ എന്ന് തീരുമാനിക്കുവാനുളള പൂര്‍ണ്ണ അധികാരം പി.ഐ.ഒ. ക്ക്
മാത്രമാണ് (പി.ഐ.ഒ.യുടെ പേരിലും ഒപ്പോടും കൂടി മാത്രമേ കത്തിടപാടുകള്‍ നടത്താന്‍ പാടുളളൂ)
6. പബ്ളിക് അതോറിറ്റിയിലെ മറ്റ് ഉദ്യോഗസ്ഥര്‍ക്ക് ഇക്കാര്യത്തില്‍ ഇടപെടാനാവില്ല.
7. അപേക്ഷ തീര്‍പ്പാക്കുന്നതിനുവേണ്ടി പബ്ളിക് അതോറിറ്റിയിലെ എത് ഉദ്യോഗസ്ഥന്‍റെയും സഹായം പി.ഐ.ഒ യ്ക്ക‍് ആവശ്യപ്പെടാവുന്നതാണ്.
8. ഇപ്രകാരം സഹായം ആവശ്യപ്പെട്ടിട്ടും പി.ഐ.യ്ക്ക‍് സഹായം നല്‍കിയില്ലായെങ്കില്‍ ആ ഉദ്യോഗസ്ഥനെ പി.ഐ.ഓ. ആയി കണക്കാക്കി ശിക്ഷിക്കുവാന്‍ വിവരാവകാശ കമ്മീഷന് അധികാരമുണ്ട്
9. അപേക്ഷയും അപ്പീലും സ്വീകരിക്കുന്ന ചുമതല മാത്രമേ സ്റ്റേറ്റ് അസിസ്റ്റന്‍റ പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്കൂളളൂ. (എ.പി.ഐ.ഒ.)
അപേക്ഷ
10. വിവരങ്ങള്‍ ലഭിയ്ക്കുന്നതിന് 10 രൂപയുടെ ഫീസോടു കൂടിയ അപേക്ഷ സമര്‍പ്പിക്കണം
11. ദാരിദ്ര്യ രേഖയ്‍ക്ക് താഴെയുളള വിഭാഗക്കാര്‍ക്ക് (ബി.പി.എല്‍) ഫീസ് വേണ്ട
12. എന്നാല്‍ അത് തെളിയിക്കുന്നതിനുളള രേഖ ഹാജരാക്കിയിരിക്കണം
13. ഇംഗ്ളീഷ് ഹിന്ദി പ്രാദേശിക ഓദ്യോഗിക ഭാഷ ഇവയില്‍ എതെങ്കിലും ഭാഷയില്‍ അപേക്ഷ സമര്‍പ്പിക്കാം
14. അപേക്ഷകന് എഴുതാനാവില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ അപേക്ഷകനെ സഹായിക്കേണ്ടതാണ്.
15. അപേക്ഷകന് പ്രായപൂര്‍ത്തിയായിരിക്കണമെന്നില്ല ഇന്ത്യന്‍ പൗരനായിരിക്കണമെ ന്നേയുളളൂ
16. ഒരു സ്ഥാപനത്തിന്‍റെ പേരില്‍ അപേക്ഷ നല്‍കാനാവില്ല. (സെക്രട്ടറി, പ്രസിഡന്റ്, ജില്ലാ ഓഫീസര്‍ എന്നിങ്ങനെ)
17. വിവരം എന്താവശ്യത്തിനാണെന്ന് അപേക്ഷകനോട് ചോദിക്കാന്‍ പാടില്ല
18. മറ്റൊരു സ്ഥാപനവുമായി ബന്ധപ്പെട്ട അപേക്ഷയാണെങ്കിലും സ്വീകരിക്കേണ്ടതാണ്.നിഷേധിക്കാനാവില്ല
19. ഇപ്രകാരമുളള അപേക്ഷ 5 ദിവസത്തിനകം ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറി അപേക്ഷകനെ അറിയിക്കണം
20. ഇപ്രകാരമുളള അപേക്ഷയിലെ തീര്‍പ്പിന് ചിലയവസരങ്ങളില്‍ 35 ദിവസങ്ങള്‍ വരെ എടുത്തേക്കാം.
21. ഒരു അപേക്ഷയില്‍ ചോദിക്കാവുന്ന വിവരങ്ങള്‍ക്ക് പരിധിയില്ല, ഒരാള്‍ക്ക് എത്ര അപേക്ഷയും സമര്‍പ്പിക്കാം
വിവരങ്ങള്‍ നല്‍കല്‍
22. വിവരങ്ങള്‍ പരമാവധി 30 ദിവസത്തിനകം നല്‍കിയിരിക്കണം
23. ജീവന്‍ , സ്വാതന്ത്ര്യം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ 48 മണിക്കൂറിനകം നല്‍കിയിരിക്കണം
24. തേര്‍ഡ് പാര്‍ട്ടി വിവരങ്ങള്‍ നല്‍കുന്നത് തേര്‍ഡ് പാര്‍ട്ടിയുടെ അറിവോടെയായിരിക്കണം
25.വിവരങ്ങള്‍ നല്‍കുന്നതില്‍ തേര്‍ഡ് പാര്‍ട്ടിക്ക്എതിര്‍പ്പുണ്ടെങ്കില്‍ അപ്പീലിനുളള അവസരം നല്‍കേണ്ടതാണ്.
26.തേര്‍ഡ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട അപേക്ഷ തീര്‍പ്പാക്കുന്നതില്‍ 40 ദിവസങ്ങള്‍ വരെ എടുത്തേക്കാം.
27. അപേക്ഷകന്‍ തയ്യാറാക്കിയ നല്‍കിയ പ്രഫോര്‍മാ പ്രകാരം വിവരങ്ങള്‍ നല്‍കണമെന്ന് നിര്‍ബന്ധമില്ല
28. നശിപ്പിക്കപ്പെട്ട ഫയലുകള്‍ ചോദിച്ചാല്‍ അത് നശിപ്പിച്ചതായുളള രേഖ നല്‍കേണ്ടതാണ്
29. സമയപരിധിക്കകവും നല്‍കാനാവത്തയത്ര വിവരങ്ങള്‍ ചോദിച്ചാല്‍ വകുപ്പ് 7(9) പ്രകാരം നടപടി സ്വീകരിക്കാം
30. വിവരങ്ങള്‍ നല്‍കാനായി തയ്യാറായാല്‍ ഫീസടയ്ക്കാനായി അപേക്ഷകന് അറിയിപ്പ് നല്‍കണം
31. ഇപ്രകാരം അറിയിപ്പ് നല്‍കുന്ന തീയതിമുതല്‍ അപേക്ഷകന്‍ പണമടയ്ക്കുന്ന തീയതിവരെയുളള ദിവസങ്ങള്‍ 30 ദിവസം എന്ന
സമയപരിധിയില്‍ നിന്ന് കുറവ് ചെയ്യുന്നതാണ്.
32. വിവരങ്ങള്‍ വാങ്ങിയേ മതിയാവൂ എന്ന് അപേക്ഷകനെ നിര്‍ബന്ധിക്കാനാവില്ല.
33. ഒരു എ4 വലുപ്പത്തിലുളള പേജിന്2 രൂപയാണ് ഫീസ്. വലിയ പേജിന് അതിന്‍റെ യഥാര്‍ത്ഥ ചെലവും
34. രേഖകള്‍ പരിശോധിക്കുന്നതിന് ആദ്യത്തെ ഒരു മണിക്കൂര്‍ സൗജന്യമാണ് . എന്നാല്‍ പിന്നടുളള ഓരോ അരമണിക്കൂറിനും അതിന്‍റെ അംശത്തിനും 10 രൂപ ഫീസ് നല്‍കേണ്ടതാണ്
35. ദാരിദ്ര്യ രേഖയ്‍ക്ക് താഴെയുളള വിഭാഗക്കാര്‍ക്ക് (ബി.പി.എല്‍) പരിശോധനയ്ക്കും ഫീസ് വേണ്ട
36. സാന്പിളുകള്‍ക്ക് അതിന്‍റെ യഥാര്‍ത്ഥ വില ഈടാക്കി നല്‍കാവുന്നതാണ്
37. ദാരിദ്ര്യ രേഖയ്‍ക്ക് താഴെയുളള വിഭാഗക്കാര്‍ക്ക് (ബി.പി.എല്‍) സാന്പിളിനും ഫീസ് വേണ്ട
38. കന്പ്യൂട്ടറിലുളള വിവരങ്ങള്‍ സി.ഡി യിലാക്കി ലഭിക്കുന്നതാണ്. ഇതിന് 50 രൂപയാണ് ഫീസ്
39. വിവരങ്ങള്‍ ഭാഗികമായി നല്‍കുന്നതിനും വകുപ്പ് 10 പ്രകാരം വ്യവസ്ഥയുണ്ട്
40. വകപ്പ് 8 (1) ല്‍ (എ) മുതല്‍ (ജെ) വരെ കൊടുത്തിട്ടുളള വിവരങ്ങള്‍ വെളിപ്പെടുത്തണമെന്നില്ല
41. എന്നാല്‍ പൊതുതാല്‍പ്പര്യപ്രകാരമാണ് ചോദിക്കുന്നതെങ്കില്‍ മേല്‍പ്പറഞ്ഞ വിവരങ്ങളും നല്‍കാം
42. പകര്‍പ്പവകാശം ലംഘിക്കപ്പെടാനിടയുളള വിവരങ്ങള്‍ നല്‍കേണ്ടതില്ല.
43. വകുപ്പ് 8 (1) ല്‍ (എ), (സി). (ഐ) എന്നിവയൊഴിച്ചുളള വിവരങ്ങള്‍ 20 വര്‍ഷം കഴിഞ്ഞതാണെങ്കില്‍ നല്‍കാം
44. ഒരു സര്‍ട്ടിഫിക്കേറ്റ് നല്‍കേണ്ടതില്ല. എന്നാല്‍ നല്കിയ സര്‍ട്ടിഫിക്കേറ്റിന്‍റെ പകര്‍പ്പ് നല്‍കാം
45. വ്യക്തിയുടെ സ്വകാര്യതയിലേക്ക് അനാവശ്യ കടന്നു കയറ്റത്തിനിടയാക്കുന്ന വിവരങ്ങള്‍ നിഷേധിക്കാം
46.വകുപ്പ് 4(1) (ബി) പ്രകാരമുളള വിവരങ്ങള്‍ പൊതു അധികാരികള്‍ സ്വമേധയാ വെളിപ്പെടുത്തിയിരിക്കണം.
വിവരങ്ങള്‍ നിഷേധിക്കല്‍
47. വിവരങ്ങള്‍ നല്‍കാനാവില്ലെങ്കില്‍ ആ വിവരം അപേക്ഷകനെ അറിയിച്ചിരിക്കണം
48. അപ്പീലിനുളള സമയപരിധിയും അപ്പീല്‍ അധികാരിയുടെ വിവരങ്ങളും ആ കത്തിലുണ്ടായിരിക്കണം
49. വിവരങ്ങള്‍ മനപൂര്‍വ്വം നല്‍കാതിരിക്കുകയോ നശിപ്പിക്കുകയോ ചെയ്യുന്നത് കുറ്റകരമാണ്
50. 30 ദിവസങ്ങള്‍ കഴിഞ്ഞാണ് വിവരങ്ങള്‍ നല്കുന്നതെങ്കില്‍ അത് സൗജന്യമായി നല്‍കണം
51. ഇപ്രകാരം സൗജന്യമായി വിവരങ്ങള്‍ നല്‍കേണ്ട ചെലവ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വഹിക്കേണ്ടിവരും
52. 30 ദിവസങ്ങള്‍ കഴിഞ്ഞാല്‍ വൈകിയ ഓരോ ദിവസത്തിനും250 രൂപ പിഴ അടയ്ക്കണം (പരമാവധി 25000 )
ഒന്നാം അപ്പീല്‍
53. സമയപരിധിക്കകം (30 ദിവസത്തിനകം) പ്രതികരണം ലഭിക്കാതിരിക്കുകയോ അതെല്ലെങ്കില്‍ ലഭിച്ച
വിവരങ്ങളില്‍ അതൃപ്തിയുണ്ടെങ്കിലോ ഒന്നാം അപ്പീല്‍ സമര്‍പ്പിക്കാം. അപ്പീലിന് ഫീസില്ല
54. ഒന്നാം അപ്പീല്‍ 30 ദിവസത്തിനകം പബ്ളിക് അതോറിറ്റിയിലെ അപ്പീല്‍ അധികാരിക്കാണ് നല്‍കേണ്ടത്
55. സമയപരിധിക്ക് ശേഷം അപ്പീല്‍ സ്വീകരിക്കുന്നത് അപ്പീല്‍ അധികാരിയുടെ വിവേചനാധികാരപ്രകാരമാണ്
56. ഒന്നാം അപ്പീല്‍ അധികാരി 30 ദിവസത്തിനുളളില്‍ അപ്പീല്‍ തീര്‍പ്പാക്കിയിരിക്കണം.
57. എന്നാല്‍ ഒഴിവാക്കാനാവത്ത സാഹചര്യങ്ങളില്‍ 45ദിവസങ്ങള്‍ വരെ തീര്‍പ്പാക്കാന്‍ എടുക്കാവുന്നതാണ്
രണ്ടാം അപ്പീല്‍
58. വിവരാവകാശ കമ്മീഷന് മുന്പാകെയാണ് രണ്ടാം അപ്പീല്‍ സമര്‍പ്പിക്കേണ്ടത്. അപ്പീലിന് ഫീസില്ല
59. രണ്ടാം അപ്പീല്‍ 90 ദിവസത്തിനകം സമര്‍പ്പിക്കണം.
60. എന്നാല്‍ കമ്മീഷന് മുന്പാകെ പരാതി സമര്‍പ്പിക്കുന്നതിന് സമയപരിധിയില്ല
61. സെക്രട്ടറി, കേരള സംസ്ഥാന വിവരാവകാശ കമ്മീഷന്‍ ,പുന്നന്‍ റോഡ്, തിരുവനന്തപുരം -- കമ്മീഷന്‍റെ അഡ്രസ്സ്
62. സംസ്ഥാനങ്ങളിലെ പബ്ളിക് അതോറിറ്റിയുടെ കാര്യങ്ങളില്‍ സംസ്ഥാന വിവരാവകാശ കമ്മീഷനും കേന്ദ്ര പബ്ളിക് അതോറിറ്റികളുടെ കാര്യങ്ങളില്‍ കേന്ദ്ര വിവരാവകാശ കമ്മീഷനും തീരുമാനമെടുക്കുന്നു.
പിഴ ശിക്ഷ
63. പിഴ വിധിക്കാനുളള അധികാരം വിവരാവകാശ കമ്മീഷന് മാത്രമേയുളളൂ. പരമാവധി 25000 രൂപയാണ് പിഴ
64. പിഴ കൂടാതെ അച്ചടക്ക നടപടിക്ക് ശുപാര്‍ശ ചെയ്യാനും നഷ്ടപരിഹാരം വിധിക്കാനും കമ്മീഷന് അധികാരമുണ്ട്
65. ഈടാക്കിയ പിഴ സര്‍ക്കാരിനാണ് ലഭിയ്ക്കുന്നത്. എന്നാല്‍ നഷ്ടപരിഹാരം അപേക്ഷകന് ലഭിയ്ക്കുന്നു.
66. കമ്മീഷന്‍റെ വിധിയില്‍ അതൃപ്തിയുളള പക്ഷം സുപ്രീം കോടതിയിലോ ഹൈക്കോടതിയിലോ റിട്ട് നല്‍കാം
ജനറല്‍
67. ഇൗ നിയമത്തിന് കീഴില്‍ ഉത്തമ വിശ്വാസ പ്രകാരം എടുത്ത എതെങ്കിലും നടപടികളുടെ പേരില്‍ എതെങ്കിലും വ്യക്തിക്കെതിരെ കേസോ പ്രോസിക്യൂഷന്‍ നടപടിയോ മറ്റ് നിയമ നടപടികളോ എടുക്കാനാവില്ല.
68. വിവരാവകാശ നിയമപ്രകാരം നല്‍കുന്ന ഉത്തരവുകള്‍ കോടതിയില്‍ ചോദ്യം ചെയ്യാവുന്നതല്ല
69. ചില രഹസ്യാന്വേഷണ സുരക്ഷാ സംഘടനകളെ ഈ നിയമത്തിന്‍റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്
70. ഒഫീഷ്യല്‍ സീക്രട്ട‍് ആക്റ്റോ നിലവിലുളള മറ്റ് നിയമങ്ങളോ വിവരങ്ങള്‍ നല്‍കുന്നതിന് തടസ്സമാവരുത്
(മൌലിക രചന അല്ല. വിവരാവകാശം സംബന്ധിച്ച ഇടങ്ങളില്‍ നിന്നും ഉള്ള വിവരങ്ങള്‍ )
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ