2015, മേയ് 14, വ്യാഴാഴ്‌ച

കല്ലടിക്കോടന്റെ മാനസപുത്രന്‍


മുണ്ടൂർ സേതുമാധവൻ 
1942 ഏപ്രിൽ 10-ന്‌ പാലക്കാട്‌ ജില്ലയിലെ മുണ്ടൂരിൽ ജനിച്ചു. അച്‌ഛൻഃ മാരാത്ത്‌ ഗോവിന്ദൻ നായർ. അമ്മഃ വാഴയിൽ ദേവകി അമ്മ. മുപ്പതു വർഷത്തിലധികം അദ്ധ്യാപകനായിരുന്നു. 1962-ൽ ആദ്യകഥ പ്രസിദ്ധീകരിച്ചു. ഇരുനൂറ്റി അമ്പതിലധികം കഥകൾ എഴുതിയിട്ടുണ്ട്‌. നിറങ്ങൾ, കലയുഗം, ഈ ജന്മം, മരണഗാഥ, അനസൂയയുടെ സ്വപ്‌നങ്ങൾ, ആകാശം എത്ര അകലെയാണ്‌, കേട്ടുവോ ആ നിലവിളി എന്നിവ കൃതികൾ. കലിയുഗം ചലച്ചിത്രമാക്കുകയുണ്ടായി. ആകാശം എത്ര അകലെയാണ്‌ എന്ന കൃതിക്ക്‌ മുണ്ടശ്ശേരി അവാർഡ്‌ ലഭിച്ചു.
മുണ്ടൂര്‍ സേതു മാധവന്‍

എന്നില്‍ ഭയവും വിസ്മയവും ഉന്മാദവും പ്രത്യാശയും നിറയ്ക്കുന്ന എന്റെ പ്രിയപ്പെട്ട കല്ലടിക്കോടന്‍ മലയ്ക്ക് ...തന്റെ പതിനെട്ടു കഥകളുടെ സമാഹാരമായ മുണ്ടൂര്‍ എന്ന സമാഹാരം തന്നെ കഥാകൃത്ത് തന്റെ ദേശത്തിനു സമര്‍പ്പിക്കുകയാണ് .സേതുമാധവന്റെ കഥകള്‍ക്ക് മുണ്ടൂര്‍ വിട്ടു മറ്റൊരു വാക്കില്ല .എന്നെ സംബന്ധിച്ച് എന്റെ ഗ്രാമമാണ് എന്റെ ഇതിവൃത്തവും ഭാഷയും. ഏതു കഥാബീജത്തേയും വികസിപ്പിച്ചെടുക്കാന്‍ അവയെ ഞാന്‍ എനിക്കു വഴങ്ങിക്കിട്ടിയ എന്റെ ഗ്രാമാന്തരീക്ഷത്തിലേക്ക് കൊണ്ടുവരുന്നു. എന്റെ ഗ്രാമാന്തരീക്ഷം അനുവാചക മനസ്‌സില്‍ അയാളുടെ സ്വന്തം ജീവിതാന്തരീക്ഷമായി മാറിവരുമ്പോഴാണ് എന്റെ ഗ്രാമത്തിന് നിലനില്‍പ്പ് ലഭിക്കുന്നത് എന്നാണു കെ എന്‍ സുരേഷ് കുമാറിന് നല്‍കിയ ഒരു അഭിമുഖത്തില്‍ മാഷ്‌ തന്നെ പറയുന്നത് 
അതിസാധാരണമായ ഒരു ഗ്രാമാന്തരീക്ഷത്തില്‍ ഒരു മനസ്സ് , ഒരു മുഖം; വ്രണിതമായ മനസ്‌സിലെ ഒരിടം. ഏത് ലോകോത്തര ജീവിത ദര്‍ശനത്തേയും അപഗ്രഥിക്കാനും അതിന്റെ സ്വതസിദ്ധമായ അന്തരീക്ഷത്തില്‍ പറഞ്ഞുവയ്ക്കാനും ഇതു മതി എന്നും തന്റെ ഗ്രാമമായ മുണ്ടൂര് ഒരു അതിര്‍ത്തിഗ്രാമം കൂടിയാണെന്നും പാലക്കാടിന്റേയും വള്ളുവനാടിന്റേയും സ്വാഭാവികമായഒരു സാംസ്‌കാരിക സമന്വയം മുണ്ടൂരില്‍ കണ്ടേക്കാമെന്നും കഥാകൃത്ത് അടിവരയിടുന്നു . പാലക്കാട്ടെ ഓരോ സമുദായത്തിനും സ്വന്തമായുള്ള  വാമൊഴി ശൈലികള്‍ തന്റെ  ഗ്രാമത്തേയും ജനങ്ങളേയും നെഞ്ചേറ്റി നടക്കുന്ന ഒരെഴുത്തുകാരനെന്ന നിലയില്‍ കഥയുടെ പശ്ചാത്തലത്തിന് അനുസരിച്ച് അവയുടെ തനിമ ചോര്‍ന്നുപോകാതെ പ്രയോഗിക്കാന്‍ ശ്രമിച്ചിട്ടുണ്ട് എന്ന് ഇതേ അഭിമുഖത്തില്‍ മാഷ്‌ തന്നെ സാഖ്യപ്പെടുത്തുന്നുണ്ട്  അങ്ങനെയാവുമ്പോഴെ കഥക്ക് മണ്ണിന്റെ ഗന്ധവും മനുഷ്യന്റെ തുടിപ്പും കാറ്റിന്റെ തേങ്ങലും കല്ലടിക്കോടന്‍ മലയുടെ കരുത്തും ലഭിക്കുകയുള്ളൂ. കഥ ജീവിതത്തിന്റെ അപഗ്രഥനമാവുമ്പോള്‍ ഇത്തരത്തിലുള്ള എഴുത്ത് അനിവാര്യമാണ്എന്നും മാഷ്‌ കണ്ടെത്തുന്നു .

 മുണ്ടൂര്‍ എന്നും എനിക്ക് പ്രിയപ്പെട്ടതാണ്. . മുണ്ടൂര് കഥാപശ്ചാത്തലമായി എന്റെ കഥകളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ടെങ്കില്‍ അതിനു കാരണം താന്‍ മുണ്ടൂര്‍ക്കാരനാണ് എന്നതാണ്. രണ്ടാംലോക മഹായുദ്ധത്തിനു ശേഷം മഹാദാരിദ്ര്യത്തില്‍ ആണ്ടുപോയ ഈ ഗ്രാമമാണ് തന്നെ  കൈനീട്ടി സ്വീകരിച്ചത്. ഇവിടുത്തെ കരിപുരണ്ട അടുക്കളയില്‍ മൗനത്തില്‍ അടച്ചിട്ട ജന്‍മങ്ങള്‍. പുറത്തുവരാത്ത തേങ്ങലുകള്‍ ഏറ്റുവാങ്ങുന്ന കാറ്റ്. കോളറ വിഴുങ്ങിയ ജന്‍മങ്ങള്‍. നിരക്ഷരതയിലും ദാരിദ്ര്യത്തിലുമാണെങ്കിലും സ്‌നേഹവും സങ്കടവും ക്രോധവും ഇല്ലായ്മകളും പങ്കിടുന്ന ഒരു ജനതയുടെ ആവാസകേന്ദ്രം എന്നിങ്ങേന ആണ് കഥാകൃത്ത് തന്റെ ഗ്രാമത്തെ അടയാളപ്പെടുത്തുന്നത്   അത്മു കൊണ്ട്ണ്ടൂ തന്നെ സേതുമാധവന്‍ മാഷിന്റെ കഥയിലെ മുണ്ടൂര്‍ ലോകത്തിലെ  ഓരോ ഗ്രാമത്തിന്റേയും പേരായി മാറുന്നു .

                    തന്നെ  സംബന്ധിച്ച് കുട്ടിക്കാലം മുതല്‍  വിടാതെ മോഹിപ്പിച്ച രണ്ടുമൂന്നു കൂട്ടുകാരേ പറ്റി അഭിമുഖത്തില്‍ മാഷ്‌ പറയുന്നുണ്ട് . ഇരുട്ട്, കല്ലടിക്കോടന്‍ മല, കാറ്റ് എന്നിവ വ്യക്തികളുടെ  സ്ഥാനം തന്നെയായി  തന്റെ കഥകളില്‍ വരുന്നതായി മാഷ്‌ പറയുന്നു . ഗ്രാമത്തിലെ തന്റെ  പഴയ വീട്ടിലെ ഉമ്മറക്കോലായില്‍ ഉറക്കം വരാതെ  കിടന്നിരുന്ന രാത്രികളില്‍ വടക്കുപുറത്ത് കൂട്ടിരിക്കുന്ന കല്ലടിക്കോടന്‍ മല . കാട്ടുതീ പടര്‍ന്നുപൊങ്ങുന്ന കല്ലടിക്കോട്. എല്ലാ വ്യഥകളും ഏറ്റുവാങ്ങി, മഞ്ഞിന്റെ കണ്ണീര്‍ പൊഴിക്കുന്ന കല്ലടിക്കോടന്‍. ഏതു വറുതിയിലും സാന്ത്വനമായി കാറ്റഴിച്ചുവിടുന്ന കല്ലടിക്കോടന്‍.തന്റെ  കഥകള്‍ക്ക് പുതിയ അര്‍ത്ഥവും ശക്തിയും നല്‍കാന്‍ ഈ പ്രതീകങ്ങള്‍ക്ക് ഏറെ സഹായകമായതായി മാഷ്‌ പറയുന്നു 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ