2018, ജനുവരി 7, ഞായറാഴ്‌ച

*മയ്യഴിപ്പുഴ കരിമ്പനക്കാറ്റിനെ തൊട്ടൊഴുകിയപ്പോൾ*




ഹരിതം ബുക്സ് പാലക്കാട് നടത്തിയ മുകുന്ദം ആദരം പരിപാടിയിൽ എം.മുകുന്ദനുമായി നടന്ന മുഖാമുഖത്തിൽ നിന്ന്

*എം.മുകുന്ദനുമായി നടന്ന മുഖാമുഖത്തിൽ നിന്ന്*

*ചോദ്യം ഒന്ന്*

*ജനഹൃദയങ്ങളോട് ചേർന്നു നിന്ന അനേകം രചനകളുണ്ടായിട്ടും താങ്കളുടെ നോവലുകൾ എന്തുകൊണ്ട് സിനിമയാക്കപ്പെട്ടില്ല*...? *അതിൽ താങ്കൾക്ക് ദു:ഖമുണ്ടോ???*

*എം.മുകുന്ദൻ*

നോവലുകൾ സിനിമയാക്കാൻ മുകുന്ദന് മോഹം എന്നതരത്തിൽ വന്ന പത്രവാർത്തകൾ വ്യാജമാണ്.. യഥാർത്ഥത്തിൽ തുടക്കം തൊട്ടേ പലരും മയ്യഴിപ്പുഴയുടെ തീരങ്ങളിൽ സിനിമയാക്കാൻ സമീപിച്ചിരുന്നു... രാമു കാര്യാട്ട് ആണ് ആദ്യം സമീപിച്ചത്.. എന്നാൽ ഞാൻ നിരസിക്കുകയായിരുന്നു.. അത് നോവലായിത്തന്നെ നില നിൽക്കപ്പെടട്ടെ എന്നായിരുന്നു എന്റെ ചിന്ത.. എന്നാൽ ഇന്ന് എന്റെ ആശയങ്ങളുമായി ചേർന്നു നിൽക്കുന്ന ആരെങ്കിലും സമീപിക്കുകയാണെങ്കിൽ സിനിമയാക്കാൻ എനിക്ക് താൽപര്യം തോന്നുന്നുണ്ട്. എനിക്കിപ്പോൾ 75 വയസായി. ഇപ്പോഴാണെങ്കിൽ അതിലെനിക്ക് ഇടപെടാൻ കഴിയും... എനിക്ക് ശേഷം ആരെങ്കിലും അത് സിനിമയാക്കുമ്പോൾ അതെന്തൊക്കെയോ ആയിപ്പോകുമെന്ന് ഞാൻ ഭയക്കുന്നുണ്ട്.. പിന്നെ നോവലുകൾ സിനിമയിലേക്ക് തിരിച്ചു വരുന്ന ഒരു കാലം കൂടിയാണിന്ന്

*ചോദ്യം രണ്ട്*

*താങ്കളുടെ കൃതികൾ പലതും കാലത്തെ പൊളിച്ചെഴുതിയതാണ്.പലപ്പോഴും പുനർവായന കളിൽ വായനക്കാരന് തന്നെ ദിശാ വ്യതിയാനം വന്നു പോവുന്നു. എഴുത്തുകാരൻ എന്ന നിലയിൽ ആശയപരമായി മുകുന്ദൻ അന്നുമിന്നും ഒരാൾ തന്നെയാണോ? മാറ്റം വന്നിട്ടുണ്ടോ?*

*മുകുന്ദൻ*
കാലം മാറിയിട്ടുണ്ട്. പക്ഷെ എന്റെ ജീവിത ദർശനത്തിൽ ഒരു മാറ്റവുമുണ്ടായിട്ടില്ല. എന്റെ ആശയസങ്കൽപങ്ങൾ അന്നുമിന്നും ഒന്നു തന്നെയാണ്..

*ചോദ്യം മൂന്ന്*

*പുനത്തിൽ അദ്ദേഹമെഴുതിയ കഥാപാത്രങ്ങളെപ്പോലെ ജീവിച്ചതാണ് പറ്റിയ അബദ്ധമെന്ന് താങ്കൾ പറഞ്ഞു കേട്ടിട്ടുണ്ട്.. താങ്കൾക്ക് അത്തരമൊരനുഭവമുണ്ടായിട്ടുണ്ടോ???*

*മുകുന്ദൻ*

പുനത്തിലിനെക്കുറിച്ച് ഞാനങ്ങനെ പറഞ്ഞത് അദ്ദേഹം തന്റെ കഥാപാത്രങ്ങളെപ്പോലെ ജീവിച്ചു തീർത്തതു കൊണ്ടു തന്നെയാണ്. പക്ഷെ ഞാനൊരിക്കലും എന്റെ കഥാപാത്രങ്ങളെപ്പോലെ ജീവിച്ചിട്ടില്ല... അതിന് ശ്രമിച്ചിട്ടുമില്ല.

*ചോദ്യം നാല്*

*ഈ പ്രായത്തിലുമുള്ള ചുറുചുറുക്കിന്റെ രഹസ്യമെന്താണ്???*

*മുകുന്ദൻ*

ഞാൻ ഒചറുപ്പംതൊട്ടേ നന്നായി വായിക്കും. മയ്യഴി എഴുതുന്ന കാലമൊക്കെ വലിയ ജോലിത്തിരക്കുണ്ടായിരുന്നു.പുലർച്ചെ നാലുമണിക്ക് എഴുന്നേറ്റിരുന്നു എഴുതും.. എന്നിട്ട് ഓഫീസിൽ പോകും. ഒരിക്കൽ പുനത്തിൽ എനിക്കൊരു മരുന്നു കുറിച്ചു തന്നു. അത് കഴിച്ചപ്പോൾ രാത്രി മുഴുവൻ ഇരുന്നെഴുതിയാലും മനസിന് നല്ലതെളിച്ചമായിരുന്നു.. പക്ഷെ പിന്നീട് ഞാൻ ആ മരുന്ന് ഉപയോഗിച്ചിട്ടില്ല. വായനയും എഴുത്തും ചിന്തയും തന്നെയാണ് എന്റെ ആരോഗ്യം

*ചോദ്യം അഞ്ച്*

*കുട നന്നാക്കുന്ന ചോഴിയിൽ ചോഴിയുടെ ലക്കോട്ട് മാധവൻ തിരുത്തി വായിച്ചിട്ടും എന്തുകൊണ്ടാണ് താങ്കൾ മാധവനെ നിഷ്കളങ്കനായി പറയുന്നത്??*

*മുകുന്ദൻ*

മാധവൻ പ്രതിനിധാനം ചെയ്തത് വഴിമാറുന്ന യുവത്വത്തെയാണ്. എന്റെ നാട്ടിലന്ന് യുവാക്കൾ ചന്ദനക്കുറിയിട്ട് നടക്കാൻ തുടങ്ങിയ കാലമായിരുന്നു. ഞാനതിനെ വലിയ ഭീതിയോടെയാണ് കണ്ടിരുന്നത്.സാധാരണ പെൺകുട്ടികളാണ് കുറിയിടുന്നത്.. ആൺ കുട്ടികൾ അങ്ങിനെ തുടങ്ങിയാൽ തീർച്ചയായും അത് മറ്റെന്തിന്റെയോ അടയാളമാണ്..
*ചോദ്യം ആറ്*

*എഴുത്തിൽ പുതിയ തലമുറക്കുള്ള ഉപദേശം എന്താണ്?? ഒരു വിജയ മന്ത്രം??*

*മുകുന്ദൻ*

അങ്ങനെ ഉപദേശം എന്നൊന്നില്ല. പാവങ്ങളെക്കുറിച്ച് ചിന്തിക്കുക. സാമൂഹ്യനീതി ലഭിക്കാൻ തന്നാൽ കഴിയുന്ന വിധം എഴുതുക.പ്രവർത്തിക്കുക. ലോകത്തെ വായനയിലൂടെ തിരിച്ചറിയുക. കുട്ടിക്കാലം മുതൽക്കു തന്നെ എന്റെ മനസിൽ നിരവധി കഥകളും കഥാപാത്രങ്ങളും കിടന്നിരുന്നു. അതാണ് ഞാൻ ആവിഷ്കരിക്കാൻ ശ്രമിച്ചത്

*ചോദ്യം ഏഴ്*

*ദാസനെ കണ്ടെത്തിയത് എങ്ങനെ?*

*മുകുന്ദൻ*

ഞാൻ കണ്ടെത്തിയതല്ല.. എതോ കാലം മുതൽക്കു തന്നെ ദാസൻ എന്റെ കൂടെത്തന്നെ ഉള്ളിൽ ഉണ്ടായിരുന്നു. കഥാപാത്രങ്ങളില്ലാതെ എന്റെ മനസ് ഒഴിഞ്ഞുകിടന്നിട്ടില്ല. കഥാപാത്രങ്ങളുടെ നിലവിളി എന്റെ മനസിൽ എന്നുമുണ്ടായിരുന്നു. കൂടുതൽ നിലവിളിക്കുന്ന കഥാപാത്രങ്ങളെയാണ് ഞാൻ ആദ്യം പുറത്തെത്തിക്കുക. എന്നെ പ്രസവിക്കു എന്ന് പറഞ്ഞ് അവ പിറകെക്കൂടുമ്പോൾ ഞാനവയെ പ്രസവിക്കും.

*ചോദ്യം എട്ട്*

എഴുത്ത് ബോധപൂർവ്വമായ ഒരു പ്രക്രിയയല്ലേ???അതിന് മറ്റാരു തലം കൊടുക്കേണ്ട ആവശ്യമുണ്ടോ??*

*മുകുന്ദൻ*

എഴുത്തിന് ബോധതലവും അല്ലാത്തതുമായ തലങ്ങളുണ്ട്. എഴുത്തിൽ ഏർപ്പെടുമ്പോൾ ലോകത്തോടുള്ള ബന്ധങ്ങൾ അറ്റുപോയി ഉന്മാദത്തിന്റെ അവസ്ഥയിലെത്തിപ്പെടും. മയ്യഴി എഴുതുമ്പോൾ അത് ഞാൻ അനുഭവിച്ചിട്ടുണ്ട്. എന്നെ തീ പിടിപ്പിച്ച അനുഭവമുണ്ടാക്കിയിട്ടുണ്ട്. എഴുതിക്കഴിഞ്ഞു വായിക്കുമ്പോൾ, വായിക്കപ്പെടുമ്പോൾ ആണ് വ്യക്തത വരുന്നത്... എഴുത്ത് പൂർണമായും ബോധപൂർവ്വമെന്ന് പറയാനാവില്ല.

ചോദ്യം ഒമ്പത്*

*പ്രവാസത്തിലെ കഥാപാത്രം ആരുടെ പക്ഷത്താണ്?*


*മുകുന്ദൻ*

എഴുത്തുകാരൻ ഒരു നിമിത്തം മാത്രമാണ്.സമൂഹമാണ് എഴുത്തുകാരനെ രൂപപ്പെടുത്തുന്നത്.എഴുതിപ്പിക്കുന്നത്. അതിനാൽ സമൂഹത്തിന്റെ പക്ഷത്താണ്. അതിന്റെ ആകുലതകളുടെയും പ്രതിക്ഷയുടെയും പക്ഷത്താണ്.

*ചോദ്യം പത്ത്*

എഴുത്ത് കൊണ്ട് ജീവിക്കാൻ കഴിയുമോ? അങ്ങനെ സാധിച്ചിട്ടുണ്ടോ???*

*മുകുന്ദൻ*

ഞാൻ എഴുതിത്തുടങ്ങുന്ന കാലത്ത് അതിന് സാധിക്കുമായിരുന്നില്ല.. മറ്റ് ജോലികൾ ചെയ്യുന്നതിനിടെയായിരുന്നു എഴുത്തു നടത്തിയിരുന്നത്. ഡൽഹി ജീവിതകാലത്തൊക്കെ രാത്രിയും ഒഴിവു ദിവസങ്ങളിലുമായിരുന്നു എഴുത്തുകൾ.പക്ഷെ ഇന്നെനിക്ക് തോന്നുന്നു എഴുതി ജീവിക്കാൻ കഴിയുമെന്ന്. യൂറോപ്പിനെക്കാൾ കൂടുതൽ പുസ്തകങ്ങ ളാ ണ് ഇന്ന് കേരളത്തിൽ ഇറങ്ങുന്നത്.പുസ്തക വിൽപ്പനയുടെ ഒരു വലിയ മാർക്കറ്റ് തന്നെ ഇന്ന് കേരളത്തിലുണ്ട്. അത്രയധികം പുസ്തകങ്ങൾ ഇറങ്ങുന്നു.വിൽപ്പന നടക്കുന്നു..സിനിമകളായി മാറുന്നു.. എഴുത്തിന് ശക്തിയുണ്ടെങ്കിൽ ഇന്ന് എഴുത്തുകൊണ്ട് ജീവിക്കാൻ കഴിയുമെന്ന സ്ഥിതിയുണ്ട്.

*ചോദ്യം പതിനൊന്ന്*

*ആധുനികത എഴുത്തിൽ ആവിഷ്കരിച്ച് വിമർശനവിധേയനായ വ്യക്തിയാണ് താങ്കൾ..അതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്??*

വിമർശനങ്ങൾ ധാരാളം ഒറ്റക്ക് നേരിടേണ്ടി വന്നതിൽ ആദ്യമൊക്കെ വിഷമം തോന്നിയിരുന്നു.പക്ഷെ വായനക്കാർ തന്ന സാന്ത്വന മാണ് എനിക്ക് ഊർജമായത്. ആധുനികത മനുഷ്യന്റെ സത്യസന്ധമായ ആവിഷ്കാരമായിരുന്നു. അനുഭവങ്ങളുടെ പച്ചയായ രേഖപ്പെടുത്തലുകളായിരുന്നു. മയ്യഴിയിലെ ദാസനോ ഖസാക്കിലെ രവിക്കോ ജാതിയോ മതമോ ഇല്ല.അവർ മനുഷ്യർ എന്ന ഒറ്റ ജാതിയുടെ പ്രതിനിധികളായിരുന്നു.

ചോദ്യം പന്ത്രണ്ട്*

*കേശവന്റെ വിലാപങ്ങൾ വായിക്കാൻ മലയാളിയുടെ അലംഭാവം, ആദിത്യനും രാധയും മറ്റു ചിലരും എന്നത് വേണ്ടത്ര ജനപ്രിയമല്ലാതെ പോയി എന്നതിനെക്കുറിച്ചുള്ള അഭിപ്രായം???*

*മുകുന്ദൻ*

കേശവന്റെ വിലാപങ്ങൾ ആളുകൾ വായിച്ചിട്ടുണ്ട് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ആദിത്യനും രാധയും മറ്റു ചിലരും ഘടനാപരമായ ചില സങ്കീർണതകൾ, സങ്കേതത്തിലെ പരീക്ഷണങ്ങൾ എന്നിവ സാമാന്യജനങ്ങളിൽ നിന്നകറ്റിയിട്ടുണ്ടാകാം... എല്ലാ കൃതിയും ജനപ്രിയമാകണമെന്നുമില്ലല്ലോ.

*ചോദ്യം പതിമൂന്ന്*

*കൃതികളിലെ ഭാഷയെക്കുറിച്ച്. നൃത്തം ചെയ്യുന്ന കുടകളിലെ ആഖ്യാനരീതിയെക്കുറിച്ച്.??*

മനുഷ്യർ മരിച്ചു പോകുന്നത് പോലെ ലോകത്ത് ഭാഷകളും മരിച്ചു പോകുന്നു. നേപ്പാളിൽ ഒരു ഭാഷ ഒരാൾ മാത്രം സംസാരിക്കുന്നതിലൂടെ നില നിന്നതായി പറയുന്നു. അത് സംസാരിച്ചിരുന്ന വ്യക്തി അവനവനോടാണ് സംസാരിച്ചിരുന്നത്.അങ്ങനെയാണ് ആ ഭാഷയെ നിലനിർത്തിയത്. അതേ പോലെ എന്റെ ഭാഷയിലെയും പല പദങ്ങളും മരിച്ചു പോകുന്നു.. അവയുടെ നിലവിളികൾ എന്നെ അലട്ടുന്നു. അവയെ എന്റെ എഴുത്തിനോട് ചേർത്തു നിർത്തി ഞാൻ രക്ഷിക്കാൻ ശ്രമിക്കുന്നു. അങ്ങനെയൊരു വീണ്ടെടുപ്പാണ് കൃതികളിലെ ഭാഷയിലൂടെ ഞാൻ ബോധപൂർവ്വം ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

*ശിവപ്രസാദ് പാലോട്*

3 അഭിപ്രായങ്ങൾ: