2013, ഫെബ്രുവരി 14, വ്യാഴാഴ്‌ച

തേനേഴി ശങ്കരന്‍ നമ്പൂതിരിപ്പാട്(1909-1987)
                            ആദരാഭിഹവം 

                          ചിലര്‍ അങ്ങിനെയാണ് ..സത്കര്‍മങ്ങള്‍ കൊണ്ട് ചിരഞ്ജീവികള്‍ ആകും .പ്രൌഡമായ ചരിത്രം കൊണ്ട് കാല ദേശങ്ങള്‍ക്കു അതീതരാകും .താന്‍ ജീവിച്ച സമൂഹത്തില്‍ തന്റെതായ മുദ്ര പതിപ്പിക്കും .തന്റെ എല്ലാ ഗുണങ്ങളും സഹജീവികള്‍ക്ക് ഉപകാരപ്പെടും വിധം ഉപയോഗിക്കും .അവര്‍ അക്ഷരാര്‍ഥത്തില്‍ നാടിന്റെ നാഥര്‍ ആകും .ഒരു പുരുഷായസ്സു മുഴുവന്‍ നാടിനും നാട്ടാര്‍ക്കും സമര്‍പ്പിച്ച് അവര്‍ വിട പറയുമ്പോഴും അവര്‍ ഉയര്‍ത്തിയ നവോത്ഥാനത്തിന്റെ ദീപശിഖ തലമുറകള്‍ കടന്നും പ്രോജ്വലമായി നില്‍ക്കും ,ഒരു കാറ്റിലും കെടാതെ .നിസ്വാര്‍ത്ഥതയുടെ ടെവതാരൂപമുള്ള അവരുടെ കൊടിപ്പടം എന്നും മായാതെ നില്‍ക്കും .
                                    പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട്‌ താലുക്കിലെ കുണ്ടൂര്‍ക്കുന്ന് എന്ന ഉള്‍നാടന്‍ ഗ്രാമത്തിനു എക്കാലത്തെയും ആരാധ്യപുരുഷനായ  കുണ്ടൂര്‍കുന്നിന്റെ തമ്പുരാന്‍ തേനെഴി ശങ്കരന്‍ നമ്പൂതിരിപ്പാട് അത്തരം ഒരു വ്യക്തിത്വമാണ് .ഒരു ഗ്രാമത്തിന്റെ ആത്യന്തികമായ എല്ലാ പ്രാഥമിക വികസന പ്രവര്‍ത്തനങ്ങള്‍ക്കും വിശിഷ്യ ഒരു ജനതയുടെ സംസ്കാരത്തെ തന്നെ വിദ്യാഭ്യാസം കൊണ്ട് മാറ്റി മറിച്ച ,എല്ലാഅര്‍ത്ഥത്തിലും ഗ്രാമത്തിന്റെ ഉടയോന്‍ ആയി മാറിയ അപൂര്‍വ വ്യക്തിത്വം അതായിരുന്നു തേനെഴി ശങ്കരന്‍ നമ്പൂതിരിപ്പാട് .

                 വെള്ളിനേഴി പഞ്ചായത്തിലെ കുരുവട്ടൂരില്‍ തേനെഴി മനക്കല്‍ വാസുദേവന്‍ നമ്പൂതിരിപ്പാടിന്റെയും ശ്രീദേവി അന്തര്‍ജനത്തിന്റെയും മകന്‍ ആയി 1909 ഫെബ്രുവരിയില്‍ ആണ് സ്മര്യപുരുഷന്റെ ജനനം .ബ്രഹ്മചര്യവും വെദാഭ്യാസനവും സമാവര്‍ത്തനവും അനുഷ്ടിച്ച ശേഷം ഒറ്റപ്പാലം ഹൈസ്കൂളിലും തൃശ്ശൂര്‍ സെന്റ്‌ തോമസ്‌ കോളേജിലും ആയി തുടര്‍ വിദ്യാഭ്യാസം .ഇക്കാലത്ത് എം എം എസ് നമ്പൂതിരിപ്പാട് ഇദ്ദേഹത്തിന്റെ സതീര്ത്ഥ്യന്‍ ആയിരുന്നു .രോഗബാധിതനായി ഇടക്ക് വച്ചു പഠനം മുടക്കേണ്ടി വന്ന ഇദ്ദേഹം പിന്നീട് സ്വപ്രയത്നത്താല്‍ ആണ് സാഹിത്യം ,ശാസ്ത്രം, ഗണിതശാസ്ത്രം ,രാഷ്ട്രീയം  വിശിഷ്യാ ജ്യോതിഷം മേഖലകളില്‍ വ്യുല്‍പ്പത്തി നേടിയത് .
                       1939 ല്‍ ഇദ്ദേഹം വിവാഹിതനായി .പ്രമുഖ ആയുര്‍വേദ വിദഗ്ദന്‍ ആയിരുന്ന പുലാമന്തോള്‍ ശങ്കരന്‍ മൂസിന്റെ പുത്രിയായ ദേവകി അന്തര്‍ജനവുമായി ആയിരുന്നു വിവാഹം ..പിന്നീട് ഹിന്ദു മത ധര്‍മ സ്ഥാപന ബോര്‍ഡില്‍ ജോലി നേടി .കേരളത്തിലെ വിവിധ ക്ഷേത്രങ്ങളില്‍ എക്സിക്കുട്ടിവ് ഒഫിസര്‍ ആയി ജോലി ചെയ്തിട്ടുണ്ട് .അന്‍പത്തി അഞ്ചാം വയസ്സില്‍ ജോലിയില്‍ നിന്നും വരമിച്ചു
           .1948ലാണ്  കുടുംബ സ്വത്തുക്കളുടെ സംരക്ഷകനായി ഇദ്ദേഹം കുണ്ടൂര്‍ക്കുന്നില്‍ എത്തുന്നത് .വികസനത്തിന്റെ ലാഞ്ചന ഇതും ഏല്‍ക്കാത്ത ഒരു ഓണം കേറാ മൂലയായി കഴിഞ്ഞ കുണ്ടൂര്‍ക്കുന്നു ഗ്രാമത്തിന്റെ ജാതകം തിരുത്തപ്പെട്ടത് ഈ വരവിലൂടെയാണ് .സാമൂഹികവും സാംസ്കാരികവുമായി ഒറ്റപ്പെട്ടു കഴിഞ്ഞ ഗ്രാമത്തിന്റെ ഉന്നമനത്തിനു വേണ്ടി ആയിരുന്നു പിന്നീട് ഇദേഹത്തിന്റെ ഊര്‍ജം അത്രയും വിനിയോഗിക്കപ്പെട്ടത്‌ എന്നതാണ് ചരിത്രം .ഗ്രാമത്തിന്റെ മൊത്തം സംരക്ഷകന്‍ ആയി മാറിയ സവിശേഷ വ്യക്തിത്വം ആയി മാറി അദ്ദേഹം .
                      വിദ്യാഭ്യാസത്തിന്റെ അഭാവം ആണ് ഗ്രാമത്തിന്റെ അപരിഷ്കൃതമായ അവസ്ഥക്ക് കാരണം എന്ന് തിരിച്ചറിഞ്ഞ നമ്പൂതിരിപ്പാടിന്റെ ശ്രമം പിന്നീട് ഈ മേഖലയിലേക്ക് തിരിഞ്ഞു .ഒരു സ്കൂള്‍ പ്രദേശത്ത് ആരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം ഇവിടെ നിന്നാണ് .നിതാന്തമായ ശ്രമങ്ങള്‍ക്ക് ഒടുവില്‍ 1949 ല്‍ ആ സ്വപ്നം പൂവണിഞ്ഞു .ആഗസ്റ്റ്‌ ഒമ്പതിന് രണ്ടു ക്ലാസ്‌ മുറികളില്‍ ആയി ആദ്യത്തെ പ്രാഥമിക വിദ്യാലയം  വിദ്യാ പ്രദായിനി  ആരംഭിക്കപ്പെട്ടു. ചെമ്പായില്‍ ഗോവിന്ദന്‍ നായര്‍. കെ ഗോപാലന്‍ നായര്‍ എന്നിവരും ഈ സദ്‌പ്രവൃത്തിക്ക്  സഹായികള്‍ ആയി. തുടക്കത്തില്‍ ഒരു ഓലപ്പുരയില്‍ ആയിരുന്നു പ്രവര്‍ത്തനം .രണ്ടു അധ്യാപകരും . കെ ഗോപാലന്‍ നായര്‍ പ്രധാനാധ്യാപകനും, കെ ടി കരുണാകരന്‍ നായര്‍ സഹാധ്യാപകാനും ആയിരുന്നു.ക്രമേണ സ്കൂള്‍ ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ ആയി വളര്‍ച്ച നേടി. ഐ വി അച്ചുത വാര്യര്‍, കെ അമ്മിണിയമ്മ, എ ജാത വേദന്‍ ഭാട്ടതിപ്പാട് എന്നിവര്‍ ഈ കാലഘട്ടത്തില്‍ അധ്യാപകര്‍ ആയിരുന്നു.1956 ല്‍ സ്കൂള്‍ വിദ്യാപ്രദായിനി അപ്പര്‍ പ്രൈമറി സ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു.
                             യു പി ക്ലാസ്സില്‍ നിന്നും പഠിച്ചു വരുന്നവര്‍ക്ക് തുടര്‍ പഠന സൗകര്യം ഇല്ലാത്തത് ഒരു പ്രശ്നം ആയി കണ്ട ഇദ്ദേഹം പിന്നീട് അതിനായി ശ്രമങ്ങള്‍. മണ്ണാര്‍ക്കാടിനും പെരിന്തല്‍മണ്ണക്കും ഇടയില്‍ അക്കാലത്ത് ഹൈസ്കൂളുകള്‍ ഇല്ലായിരുന്നു .ഭരണ രംഗത്ത് ചെലുത്തിയ സ്വാധീനങ്ങളുടെയും നാട്ടുകാരുടെ സഹായ സഹകരണങ്ങള്‍ക്കും  അങ്ങിനെ 1962 ജൂണ്‍ മാസത്തില്‍ യു പി സ്കൂളിനോട് ചേര്‍ന്ന് ഒരു ഹൈ സ്കൂളും സ്ഥാപിതമായി .ഇവിടന്നോട്ടാണ് ഗ്രാമത്തിന്റെ വളര്‍ച്ച അതിന്റെ ത്വരിതാവസ്ഥയില്‍ ആകുന്നതും. സ്ഥാപനങ്ങള്‍ എല്ലാം നാള്‍ക്കുനാള്‍ പുഷ്ടിപ്പെട്ടു .ഹൈ സ്കൂളിന്റെ തുടര്‍ച്ച എന്നോണം ഇന്ന് ഒരു ഹയര്‍ സെകണ്ടാരി സ്കൂളും സ്ഥാപിതം ആയി. ഇദേഹത്തിന്റെ സ്മരണ നില നിര്‍ത്തി തെനെഴി ശങ്കരന്‍ നമ്പൂതിരിപ്പാട് മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ എന്നാണു സ്കൂളിന്റെ നാമധേയം .വിദ്യാഭ്യാസ പ്രാപ്തി നാടിനെ അടിമുടി മാറ്റി. സാംസ്കാരികവും സാമൂഹികവും ആയ വികസനത്തിന് ഇത് വഴിവച്ചു .ഒരു പക്ഷെ ഈ സ്ഥാപങ്ങള്‍ ആരംഭിക്കപ്പെട്ടിലായിരുന്നു എങ്കില്‍ ബഹു ഭൂരിപക്ഷത്തിനും അറിവ് ഒരു കിട്ടാക്കനി ആകുമായിരുന്നു
                       കുണ്ടൂര്‍ക്കുന്നിന്റെ ഗതാഗത സൌകര്യങ്ങള്‍ വധിപ്പിക്കുന്നതിലും ഇദ്ദേഹം ശ്രദ്ധ പതിപ്പിച്ചു. കൊടക്കാട് കുണ്ടൂര്‍ക്കുന്നു റോഡിന്റെ പിറവി അങ്ങിനെയാണ്.ഈ വഴി ബസ്‌ റൂട്ട് അനുവദിച്ചു കിട്ടാനും ശ്രമം നടത്തി വിജയിച്ചു. പിന്നീട് കോട്ടപ്പുറത്തെക്ക്  ഗ്രാമീണ്‍ സഡക് റോഡ്‌ നിര്മിക്കപ്പെടപ്പോള്‍ അതിനു തെനേഴി ശങ്കരന്‍ നമ്പൂതിപ്പാട് റോഡ്‌ എന്നാണു നാമകരണം ചെയ്തത് . കാരണം മീ റോഡിനുള്ള സിംഹ ഭാഗം സ്ഥലവും വിട്ടുനല്‍കി പ്രാഥമികമായ എല്ലാ ചുവടു വയ്പുകളും നടത്തിയത് ഇദ്ദേഹം ആണ് .രണ്ടു റോഡുകളുടെയും നിര്‍മാണം വഴി ദേശീയ പാതയിലേക്കും ചെര്‍പ്പുളശ്ശേരി റോഡിലെക്കും കുണ്ടൂര്‍ക്കുന്നുകാര്‍ക്ക്  എളുപ്പത്തില്‍ എത്തിപ്പെടാന്‍ ആയി..
         കുണ്ടൂര്‍ക്കുന്നില്‍ ഒരു ഗ്രാന്ച്ചു പോസ്റ്റ്‌ ഓഫിസ്‌ ആരംഭിച്ചതും ഈ ഉത്സാഹത്തില്‍ തന്നെ. ഇതിനായി സ്ഥലം ലഭ്യമല്ലാതെ വന്നപ്പോള്‍ വിദ്യാപ്രദായിനി സ്കൂളിന്റെ ഒരു ഭാഗം ഇതിനായി നല്‍കി. പിന്നീട് പോസ്റ്റ്‌ ആഫിസിനായി ഇദ്ദേഹം തന്നെ സ്ഥാലം വിട്ടു നല്‍കി .
                       പ്രദേശത്തെ അംഗന്‍വാടി, പ്രാഥമികാരോഗ്യകെന്ദ്രം , പൊതു കളിസ്ഥലം ,പൊതു ജന വായനശാല എന്നിവക്കും ഇദ്ദേഹം സ്ഥലം വിട്ടു നല്‍കി .അവ യാഥാര്‍ത്യമാക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചു .ഇങ്ങിനെ ഒരു നാടിന്റെ സര്‍വ മേഖകളിലും ഇദേഹത്തിന്റെ കയ്യോപ്പുണ്ട് .ഇന്നത്തെ കുന്ടൂര്‍കുന്നിന്റെ ശില്പി എന്ന് തന്നെ പറയാം .ഇവിടുത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ വിദ്യാഭ്യാസം നേടി പോയവര്‍ ഒട്ടേറെ .സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ,രാഷ്ട്രീയ സാംസ്കാരിക നായകര്‍ അങ്ങിനെ സമൂഹത്ത്തിന്റെ എല്ലാ തുറയിലും പെട്ട പൂര്‍വ വിദ്യാര്‍ഥി സമ്പത്ത്.അതിലൂടെ വികസിച്ച നാടിന്റെ സാമ്പത്തികാവസ്ഥ ഒക്കെക്കും തുടക്കം ഈ മഹത്വത്തിന്റെതാണ്.
              1987 ജൂലായ്‌ അമ്പതിന് അദേഹം കാലയവനികക്കുള്ളില്‍ മറഞ്ഞു .അദേഹത്തിന്റെ സ്മരണ പുതുക്കി  നാട് അദേഹത്തിന്റെ ജന്മ ശതാബ്ദി ആദരാഭിഹവം എന്ന പേരില്‍ വിദ്യാലയങ്ങളുടെ നേതൃത്വത്തില്‍ ഒരു വര്ഷം നീണ്ടു നിന്ന  പരിപാടികളോടെ ആഘോഷിച്ചിരുന്നു . തുടര്‍ന്ന് എല്ലാ വര്‍ഷവും ഫെബ്രുവരി പതിനാറിന് ആദരാഭിഹവം എന്ന അനുസ്മരണ പരിപാടി നടത്തി വരുന്നു .
                   

1 അഭിപ്രായം:

  1. ാ.... നന്നായിട്ടുണ്ട്‌. അഭിനന്ദനങ്ങൾ. അക്ഷരത്തെറ്റുകൾ ചിലതെല്ലാം കണ്ടു, പറ്റുമെങ്കിൽ തിരുത്തുക.

    മറുപടിഇല്ലാതാക്കൂ