2014, ജൂൺ 26, വ്യാഴാഴ്‌ച

 കനല്‍ ചിന്തുകള്‍ 
കവിത സമാഹാരം 
ബിജു ജി നാഥ്
         
        പ്രതീക്ഷയോടെ തന്നെ ആണ് ബിജുവിന്റെ കവിതകള്‍ വായിക്കാന്‍ എടുത്തത് .ഗദ്യത്തിന്റെ സ്വാതന്ത്ര്യം ആഘോഷിക്കുന്ന നവകവിതാ ലോകത്ത് നിന്നും പദ്യത്തോടു അടുത്ത് നില്‍ക്കുന്ന രചനാ സങ്കേതത്തില്‍ ഉള്ളവയാണ് സമാഹാരത്തിലെ മിക്ക കവിതകളും .എന്ത് കൊണ്ടോ ഫേസ് ബുക്ക് ഗ്രൂപ്പുകളില്‍ ബിജു എഴുതിയ കവിത വായിച്ച അനുഭവങ്ങള്‍ മനസ്സില്‍ ഉള്ളതിനാല്‍ ആദ്യകവിതാ സമാഹാരത്തില്‍ ബിജു ചേര്‍ത്ത കവിതകള്‍ ഇത്തിരി എരിവു കുറഞ്ഞു പോയി എന്ന് തോന്നി .എങ്കിലും പറയാനുള്ളത് വളച്ചു കെട്ടില്ലാതെ മുഖം നോക്കാതെ പറയുന്നു ബിജിഎന്‍ ശൈലി കവിതകളില്‍ കൈമോശം വന്നിട്ടില്ല .ബിജുവിന്റെ മികച്ച കവിതകള്‍ ഒരു പക്ഷെ സമാഹാരത്തിനു പുറത്താണ് എന്നാണു എനിക്ക് തോന്നിയത് .ആദ്യസമാഹാരം എന്ന നിലയ്ക്ക് കവിതകള്‍ ആശാവഹം ആണെന്ന് രണ്ടു വാക്കില്ല .
   കാവല്‍ ദൈവം എന്ന കവിത എടുക്കാം .അതിരുകള്‍ക്ക് അപ്പുറം ജീവന്റെ ബലി എന്നിടത്ത് തന്നെ തുടങ്ങുന്നു അനുഭവിക്കുന്ന തീവ്രത .എന്റെ വീടെന്നും, എന്റെ രാജ്യം എന്നും വിലപിക്ക്ന്നവര്‍ , ആണ് അതിരുകാക്കുന്ന പട്ടാളക്കാര്‍,കല്ലിന്‍ കാപട്യ ഭണ്ടാരം എന്ന വാക്ക് വല്ലാതെ മുഴച്ചു നിന്നില്ലേ ?കടലില്‍ ഏറിയലും ,സമുദ്രത്തില്‍ ചേരലും അടുത്തടുത്ത വരികളില്‍ വന്നു പോയത് ബിജു ശ്രദ്ധിക്കെണ്ടാതായിരുന്നു .
കണ്ണീരും പണവും ചേര്‍ത്തു വിങ്ങിപ്പൊട്ടുന്ന മാറിടം പിഴിഞ്ഞ് കളയാന്‍ വിധിക്കപ്പെട്ട കന്യകമാര്‍ ...വില്പന ചരക്കായി മാറിയ ഗര്‍ഭ പാത്രങ്ങള്‍.മാതൃത്വം എന്നതു ഭാവന മാത്രമായി വ്യാവസായിക ലോകത്തോട്‌ സമരസപ്പെടുന്ന കാഴ്ചയാണ് രണ്ടാം കവിതയായ വില്‍ക്കുവാനുണ്ടോ എന്ന രചന പേറുന്നത് ..
       പ്രണയം എഴുതി തേഞ്ഞ വിഷയമാണ് ..അതുകൊണ്ട് തന്നെ ഇനി പ്രണയത്തെ കുറിച്ച് എഴുതുമ്പോള്‍ രചനാരീതിയില്‍ അനുഭവത്തില്‍ പുതുമ ഇല്ലെങ്കില്‍ പത്രത്തിലെ വാര്‍ത്തകള്‍ പോലെ വായിക്കുന്നതിനു മുമ്പേ മറന്നു പോകുന്ന സ്ഥിതിയാകും .പ്രണയം അങ്ങിനെ പുതുമ കൊണ്ടുവരാന്‍ പറ്റാത്ത കേവലം കാല്പനികമായി വരച്ചു ചേര്‍ത്ത ചിത്രങ്ങള്‍ ആയി പോയോ?
ആശാന്റെ വീണപൂവും ബിജുവിന്റെ പൂവിന്റെ ജന്മവും കൊഴിഞ്ഞു വീഴ്ചയുടെതാണ് .ഹാ പുഷ്പമേ അധിക തുംഗ പഥത്തിലെത്ര വിലസി നീ ..എന്ന ആശാന്‍ ഭാഷ്യം കുളിരല പൂകും സുസ്മെരയായി വിലസിനാല്‍ എന്ന് പൂവിന്റെ ജന്മം എന്നാ കവിതയില്‍ വന്നു പോകുന്നു ,എങ്കിലും പുതു കാലത്തെ കവി വീണ പൂവിനെ നോക്കിക്കാണുന്ന് എന്ന നിലയില്‍ മെല്ലെയാ തൊടിയിലിട്ടു ചവിട്ടിയരച്ചു നാവുനക്കി നടന്നകലുന്നൊരു കാറ്റ് ചെന്നായതന്‍ മിഴി തിളങ്ങുന്നു എന്ന വരിയിലൂടെ വീണ പൂവിനെ ഒരു പിച്ചി ചീന്തപ്പെട്ട പെണ്‍കുട്ടിയായി കവി വരച്ചിടുന്നുണ്ട്. അതാണ്‌ ഈ കവിതയെ രണ്ടാം വായനയില്‍ ആശാനില്‍ നിന്നും അകറ്റി നിര്‍ത്തുന്നതും .
നിശബ്ദതയ്ക്ക് കൂട്ടായി ഇനി എന്റെ കൂടി മൌനം ..ഇരുളിന് ഞാനും സഖി എന്നിങ്ങനെ തുലാവര്‍ഷം എന്നാ കവിത ഏകാന്തത പെരുന്നുണ്ട്...കരയുമ്പോള്‍ കൂടെ നിന്‍ നിഴല്‍ മാത്രം വരും എന്ന ആദിവാക്യം പങ്കിട്ടതോടെ കവിതയില്‍ കവിയുടെ ഇടപെടല്‍ അസ്ഥാനത്തായി എന്ന് തോന്നി .
പ്രണയത്തിന്റെ സൌന്ദര്യം ഉള്ള വരികളാണ് വന്മാരങ്ങളിലെ ഒന്നിക്കാന്‍ നമുക്ക് ആകില്ലെങ്കിലും നമുക്ക് കാണാന്‍ ആകുമല്ലോ മരണം വരെ നമുക്ക് കണ്ണില്‍ കണ്ണില്‍ നോക്കി വികാരങ്ങള്‍ പങ്കു വയ്ക്കാം ,എന്ന വരികള്‍ .ഒന്നാകില്ല എന്നറിഞ്ഞു കൊണ്ടുള്ള പ്രണയം വല്ലാത്തൊരു അവസ്ഥയാണ് അത്.ഒന്നാകാന്‍ വേണ്ടി മാത്രമായി പ്രണയത്തെ കവി ഇവിടെ ചുരുക്കുന്നില്ല ..അതിലുപരി നിസ്വാര്തമായ സ്നേഹത്തിന്റെ മേമ്പൊടി പകരുകയും ചെയ്യുന്നു .
മനുഷ്യന്റെ ബ്രാണ്ട് ഏതാണ് എന്നാ ചോദ്യം സമകാലീന ലോകത്ത് പ്രസക്തം ആണ്. അച്ചുകുത്തപ്പെട്ട കാളകള്‍ പോലെ ആശയസംഹിതകള്‍ പോലും കേവലം അനുഷ്ടാനങ്ങള്‍ മാത്രം ആയി പോകുന്ന കാലത്ത് മനുഷ്യന്റെ സ്ഥാനം എവിടെ എന്നാ ചിന്ത കവിത നന്നായി പറയുന്നു .സദാചാരത്തിന്റെ അസ്ഥാനത്തുള്ള ഓടാംപലുകളെ കവിത നന്നായി കളിയാക്കുന്നുണ്ട്   സാദാചാരം എന്ന് ചിന്തേരിട്ട ചിന്തകള്‍ എത്ര മാത്രം ആത്മാര്‍ത്ഥം ആണെന്ന് കൂടി കവിത സംശയം ഉയര്‍ത്തുന്നുണ്ട് .
അവനവന്‍ എന്ന മേല്‍വിലാസം ,അസ്തിത്വം അതെന്താണ് ? ആപേക്ഷികം ആയി പോകുന്ന വിവിധ നിര്‍വ്വചനങ്ങള്‍ കവി തൊട്ടു കാണിക്കുന്നു .നിഷ്പക്ഷന് എവിടെയും വിലാസം ഇല്ല എന്ന പൊതുനിര്‍വചനം കവിത ഉത്പാദിപ്പിക്കുന്നുണ്ട് .
       ജീവിതം ഒരു കോപ്പി പേസ്റ്റ് ആയി മാറിപോകുന്നു .അഥവാ തനിമയുള്ള ജീവിതം എന്നൊന്ന് ഇല്ലാതാകുന്നു.പകരം കണ്ടിഷന്‍ ചെയ്യപ്പെട്ട എന്തിനൊക്കെയോ വേണ്ടി സമരസപ്പെട്ട ,ചില വേള കീഴ്പ്പെട്ട തായി പോകുന്ന ജീവിതങ്ങള്‍ .ആദ്യവരിയില്‍ ഉയര്‍ത്തിയ ധ്വനി അവസാനം വരെ തുടരാന്‍ കഴിഞ്ഞിരുന്നു എങ്കില്‍ കവിത ഒന്ന് കൂടി മനോഹരം ആകുമായിരുന്നു . അണയാത്ത കാഴ്ചകളില്‍ ഉമ്മ വയ്ക്കുന്ന ശലഭങ്ങളെ പല്ലികള്‍ ഊഴം ഇട്ടു സ്നേഹിക്കുന്ന കാഴ്ച ഇന്നിന്റെതാണ് .ജീവിതങ്ങള്‍ ഉള്ളില്‍ ചിതലരിക്കുന്നു, ഇരുട്ട് നെടുവീര്‍പ്പിടുന്ന മുറികള്‍, ഉപേക്ഷിക്ക പെട്ട ഭക്ഷണത്തിനു വേണ്ടി കലപില കൂട്ടുന്ന എലികള്‍ എന്നിവയൊക്കെ പലതരം വിശപ്പുകളെ ഒരേ പാര്‍പ്പിടത്തില്‍ കാണിക്കുന്നത് ബിജുവിന്റെ കൈത്തഴക്കം .
       വിരിയുന്ന തളിരിനോട് പറയാന്‍ ഉള്ളത് ഇരുളുകള്‍ കടമെടുക്കരുതൊരു രാവ്‌ പോലും മുള്ളുകള്‍ പാടത്തെ തേടി നടക്കുന്നുണ്ട് നീളെ എന്ന് പറഞ്ഞു ഭയത്തിന്റെ വലിയ വിത്ത് വിതക്കുന്നു ..ഇരുളും രാവും തമ്മിലുള്ള ചേര്‍ച്ചയും ചേര്‍ച്ച ഇല്ലായ്മയും ഒരേ പോലെ കാണിക്കുന്ന വരികള്‍ .
വിസ്മ്രുതികളിലേക്ക് അകപ്പെടുന്ന പാഴിലകള്‍.. പ്ഴുക്കകള്‍ വീഴുമ്പോള്‍ ചിരിക്കുന്ന പച്ചകള്‍ ഓര്‍മപ്പെടുത്തി .ജീവിതത്തിന്റെ നിസ്സാരത്വം വരക്കുംപോലും സാര്‍ഥകമായ ഒരു ഇലജന്മത്തിന്റെ നിറവും കവിതയ്ക്ക് ഉണ്ട് .
       ഒടുവില്‍ അമംഗള ദര്‍ശനയായ് നിന്നെ മൃതി തേടി വരുമ്പോള്‍ നീ എന്റെ പ്രണയം അറിയും എന്ന് ചുള്ളിക്കാട് പറഞ്ഞതില്‍ നിന്നും പ്രണയോപഹാരം എന്നാ കവിത അധികം സഞ്ചരിച്ചില്ല .നിരാശാ കാമുകന്റെ വേഷം കവിത ഭംഗിയാക്കുന്നുണ്ട് എങ്കിലും ..
പ്രതിബിംബം ഇല്ലാത്ത നിഴലുകള്‍ ആയി മാറുന്ന മരിയ വേദനയുടെ ചിത്രമാക്കുന്നുണ്ട് കവി. വിയര്‍പ്പും ബീജവും നാറുന്ന നശിച്ച രാത്രികളില്‍ നിന്നും അഭിനവ മരിയമാരെ രക്ഷിക്കാന്‍ ഇനി ഒരു പ്രഭു അവതരിക്കുമോ ?
       സമാഹാരം ഇങ്ങിനെ കുറെ അതിസാധാരണം ആയ വിഷയങ്ങളെ അതിമൌലികമായി സ്പര്‍ശിച്ചു പോകുന്നുണ്ട്. അത് തന്നെ ആണ് പറഞ്ഞു തേഞ്ഞ വിഷയങ്ങള്‍ കവിതകളില്‍ വന്നപ്പോളും ഈ പുതു കവിയുടെ വാക്കുകളെ ശ്രദ്ധിപ്പിക്കുക എന്ന് തോന്നുന്നു,.കൂടുതല്‍ മൂര്‍ച്ചയുള്ള കവിതകള്‍ ബിജുവിന്റെ തൂലികയില്‍ നിന്നും പിറക്കട്ടെ ,,,ആശംസകള്‍ .

1 അഭിപ്രായം: