2014, ജൂൺ 29, ഞായറാഴ്‌ച






 ടി എം എസ് നമ്പൂതിരിപ്പാട്‌ 
എണ്‍പതാം പിറന്നാള്‍ ആഘോഷം  
           
             മാതൃകാപരമായ അധ്യാപന ജീവിതം , അറിവിനും അക്ഷരത്തിനും വേണ്ടിയുള്ള വിശ്രമ ജീവിതം ,ആരോടും പരിഭവമോ പരാതിയോ പകയോ ഇല്ലാത്ത വ്യക്തി ജീവിതം ..വായിച്ചറിഞ്ഞുള്ള ലോക വീക്ഷണം ,അതിലുപരിയായി നന്മയുടെ മാത്രം അനുഭവ സമ്പത്ത്  .അതാണ്‌ ടി എം എസ് നമ്പൂതിരിപ്പാട് . തമ്പുരാന്‍ മാഷ്‌ എന്ന് അറിയപ്പെടുമെങ്കിലും അത് വിനയത്തിന്റെ തമ്പുരാന്‍ ആണ് .അധികാരത്തിന്റെയോ തന്‍ പോരിമയുടെതോ അല്ല.അത് കൊണ്ട് തന്നെ ആണ് മാഷിന്റെ എണ്‍പതാം പിറന്നാളിന് കൂടിയ ജനാവലിയുടെ സാക്ഷ്യം.മാഷിന്റെ ശിഷ്യന്മാര്‍ക്കൊന്നും മറുവാക്കില്ലാത്ത സ്നേഹവും ബഹുമാനവും ഇപ്പോളും .പുതിയ തലമുറയിലെ എത്ര പേര്‍ക്ക് ഈ സൌഭാഗ്യം, ആയുസ്സ് കൊണ്ടല്ല ,കര്‍മം കൊണ്ട് ,സ്നേഹം കൊണ്ട് കൈവരിക്കാന്‍ കഴിയും എന്നിടത്താണ് ടി എം എസ്സിന്റെ പ്രസക്തി .
   നാട്ടുകാരും ശിഷ്യഗണങ്ങളും ഒരുക്കിയ ആഘോഷ പരിപാടികള്‍ രണ്ടുനാള്‍ നീണ്ടു .ആദ്യ ദിവസം ചാക്യാര്‍കൂത്ത് ,നളചരിതം കഥകളി ഒരുക്കി മാഷിന്റെ മനസ്സറിഞ്ഞ ആഘോഷം .രണ്ടാം നാള്‍ സുഹൃത്ത് സമ്മേളനം,സ്നേഹവിരുന്ന്.
                പിതാക്കന്മാരും പുത്രന്മാരും കൂടി ഗംഭീരമാക്കിയ കഥകളി നാട് മറക്കില്ല.ചെണ്ട വാദ്യത്തിന്റെ ചക്രവര്‍ത്തിയായ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ ,മകന്‍ ശ്രീ രാജ്, മദ്ദളത്തില്‍ മറ്റൊരു വാക്കില്ലാത്ത ചെര്‍പ്പുളശ്ശേരി ശിവന്‍ ,മകന്‍ ഹരിഹരന്‍ ,ഗിന്നസ് ബുക്ക്‌ വരെ നിറഞ്ഞാടുന്ന കലാമണ്ഡലം പ്രദീപ്‌ ,കൂടെ എഴുവയസ്സുകാരന്‍ മകന്‍ പ്രണവ് പി കുമാര്‍ എന്നിവര്‍ അണിനിരന്ന കഥകളി പുറപ്പാട് ആരും മറക്കാത്തതായി.തുടര്‍ന്നുള്ള മേളപ്പദം ആസ്വാദകരുടെ മനം കവര്‍ന്നു .കലാമണ്ഡലം ഗോപി ആശാന്‍ വേഷമിട്ട നളചരിതം രണ്ടാം ദിവസം കഥകളിയില്‍ നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി ,കലാമണ്ഡലം കൃഷ്ണകുമാര്‍, കോട്ടക്കല്‍ ദേവദാസ് ,വെള്ളിനേഴി ഹരിദാസ് എന്നിവര്‍ സഹ വേഷങ്ങള്‍ ചെയ്തു.നെടുംപള്ളി രാംമോഹന്‍, അത്തിപ്പറ്റ രവി, മോഹനകൃഷ്ണന്‍ എന്നിവരുടെ സംഗീതം .രാത്രി ഒന്നര വരെ നീണ്ട കഥകളി കാണികള്‍ മറക്കാത്തതായി.
                          സുഹൃത്ത് സമ്മേളനം ഔപചാരികതകള്‍ ഇല്ലാത്തതായി.മുന്‍ എം എല്‍ എ മാരായ പി.കുമാരന്‍ ,കളത്തില്‍ അബ്ദുള്ള.,മുന്‍ ഡെപ്യുട്ടി സ്പീക്കര്‍ ജോസ് ബേബി ,ഇന്ത്യനൂര്‍ ഗോപി,കുറുമാപ്പള്ളി കേശവന്‍ നമ്പൂതിരി ,പി എസ് എന്‍ നമ്പൂതിരി ,ഇ ഗോപാലകൃഷ്ണന്‍ ,ഡോ ടി എസ് രാമചന്ദ്രന്‍ ,ടി എം അനുജന്‍ പരമേശ്വരന്‍ ,കുഞ്ഞന്‍ വാരിയര്‍ മാഷ്‌ ,രാമന്‍കുട്ടി മാഷ്‌ ,ടി സുരേഷ് ,ടി .മോഹനദാസ് ,ഉണ്ണികൃഷ്ണന്‍ ,മോഹനന്‍ മാഷ്‌ ,ടി രാമന്‍ ഭട്ടതിരിപ്പാട് ,പി കെ നാരായണന്‍ മാഷ്‌ ,പി എം കേശവന്‍ നമ്പൂതിരി ,പി കെ സി നായര്‍ ,എസ് വി രാമനുണ്ണി മാഷ്‌, എ പ്രഗീഷ് ,ശിവരാമന്‍ നായര്‍ തുടങ്ങി സംബന്ധിച്ചവര്‍ ഒട്ടേറെ .മാഷിന്റെ സഹപാഠികളും എല്ലാ മേഖലയിലെയും സഹയാത്രികരും ഒത്തു ചേര്‍ന്ന സമ്മേളനത്തിനു ശേഷം സ്നേഹവിരുന്നും .സദസ്സില്‍ മാഷിനു പൊന്നാട അണിയിക്കാനും കാല്‍ തൊട്ടു വന്ദിച്ചു അനുഗ്രഹം വാങ്ങാനും ശിഷ്യഗണങ്ങളുടെ തിരക്ക് .രാഷ്ട്രീയപരമായോ മറ്റൊന്നിന്റെയോ വേര്‍തിരിവില്ലാത്ത സദസ്സ് .എല്ലാറ്റിനും തനതു ടി എം എസ് ശൈലിയില്‍ മാഷിന്റെ പ്രായം തളര്ത്താത്ത  മറുപടി പ്രസംഗം .എണ്‍പതാം പിറന്നാള്‍ ആഘോഷത്തിനു തിരശീല വീഴുമ്പോളും ഇനിയൊരു എണ്‍പത് വര്ഷം കഴിഞ്ഞാലും നാട് ഓര്‍ക്കുന്നതായി ഈ ആഘോഷം .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ