2014, ഓഗസ്റ്റ് 23, ശനിയാഴ്‌ച

ശ്രുതിമേളനം

 ശ്രുതിമേളനം

വാദ്യകുലപതിക്ക് കലാലോകത്തിന്റെ ആദരം ആയിരുന്നു വെള്ളിനേഴിയില്‍ നടന്ന ശ്രുതിമേളനം. മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ അറുപതാംപിറന്നാള്‍ ആഘോഷിക്കുമ്പോള്‍ അത് കാലത്തിന്റെ ഭാഗമായി .ചെണ്ടയിലെ പ്രതിഭാസ്പര്‍ശത്തിന്റെ കാലഭേദങ്ങള്‍ ആസ്വാദകരില്‍ സൃഷ്ടിച്ച അനുഭൂതികളുടെ തിരിച്ചുള്ള ദക്ഷിണയായി ശ്രുതിമേളനം . മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാര്‍ക്ക് അറുപതാം പിറന്നാളാശംസകള്‍ നേരുന്നതിന് സമൂഹത്തിന്റെ വിഭിന്നമേഖലയിലുള്ളവരും കലാകാരന്മാരും കലാസ്വാദകരും ക്ഷേത്രക്കമ്മിറ്റി ഭാരവാഹികളും ജനപ്രതിനിധികളുമെത്തിയിരുന്നു സമാദരണസമ്മേളനം മന്ത്രി മഞ്ഞളാംകുഴി അലി ഉദ്ഘാടനം ചെയ്തു. കെ.എസ്. സലീഖ എം.എല്‍.എ. അധ്യക്ഷയായി.

'ശ്രുതിമേളനം' സംഘാടകസമിതിയുടെ 60 സ്വര്‍ണനാണയസഞ്ചയമടങ്ങിയ ഉപഹാരം ഡോ. ഉമയാള്‍പുരം ശിവരാമന്‍, മട്ടന്നൂരിന് സമ്മാനിച്ചു.
പ്രശംസാപത്രം നടനും ശിഷ്യനുമായ ജയറാം മട്ടന്നൂരിന് സമര്‍പ്പിച്ചു. . കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലെ ഡോ. പി. ബാലചന്ദ്രവാരിയര്‍ അംഗവസ്ത്രമണിയിച്ചു. കെ.ബി. രാജ് ആനന്ദ് മട്ടന്നൂരിന്റെ കലാജീവിതത്തെ പരിചയപ്പെടുത്തി.
ബി.ജെ.പി. ജില്ലാപ്രസിഡന്റ് സി. കൃഷ്ണകുമാര്‍, കലാമണ്ഡലം രജിസ്ട്രാര്‍ ഡോ. കെ.കെ. സുന്ദരേശന്‍, ടി.എ. സുന്ദരമേനോന്‍, വെള്ളിനേഴി പഞ്ചായത്ത് പ്രസിഡന്റ് സി.ജി. ഗീത, തിരുവിഴ ജയശങ്കര്‍, ഡോ. എന്‍.പി. വിജയകൃഷ്ണന്‍, വി. രാമന്‍കുട്ടി, വര്‍ക്കിങ് ചെയര്‍മാന്‍ കലാമണ്ഡലം ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.
മട്ടന്നൂരിനെയും ഭാര്യ വി.എം. ഭാരതിയെയും സംഘാടകസമിതി ഭാരവാഹികള്‍ വേദിയിലേക്ക് ആനയിച്ചു. കലാമണ്ഡലം അംബികയുടെ പ്രാര്‍ഥനയോടെയാണ് സമ്മേളനമാരംഭിച്ചത്.
തന്നെ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാരാക്കി മാറ്റിയത് വെള്ളിനേഴിയാണെന്ന് മറുമൊഴിയില്‍ മട്ടന്നൂര്‍ അടയാളപ്പെടുത്തി . തുടര്‍ന്ന് രാജേഷ് വൈദ്യയുടെ വീണക്കച്ചേരി അരങ്ങേറി. ഡോ. ഉമയാള്‍പുരം ശിവരാമന്‍ മൃദംഗത്തിലും എസ്. കാര്‍ത്തിക് ഘടത്തിലും വി. സുന്ദര്‍കുമാര്‍ ഗഞ്ചിറയിലും രംഗത്തെത്തി .
കലാമണ്ഡലം ഗോപി, നരിപ്പറ്റ നാരായണന്‍ നമ്പൂതിരി, സദനം കൃഷ്ണന്‍കുട്ടി തുടങ്ങിയ പ്രഗല്ഭര്‍ പങ്കാളികളായ നളചരിതം-ഒന്നാം ദിവസം, ലവണാസുരവധം, ദുര്യോധനവധം, ശ്രീരാമപട്ടാഭിഷേകം കഥകളിയും വിരുന്നായി
അഷ്ടപദിയോടെയാണ് 'ശ്രുതിമേളന'വേദിയുണര്‍ന്നത്. പിന്നീട് പല്ലാവൂര്‍ കൃഷ്ണന്‍കുട്ടിയുടെ കുറുങ്കുഴല്‍ക്കച്ചേരി നടന്നു. കൊടുന്തിരപ്പുള്ളി സുബ്ബരാമന്‍ (വയലിന്‍), കല്ലേക്കുളങ്ങര ഉണ്ണിക്കൃഷ്ണന്‍ (മൃദംഗം), നാദലയ ഗോപി (മുഖര്‍ശംഖ്) എന്നിവര്‍ പക്കമേളം പകര്‍ന്നു. തുടര്‍ന്ന് എ.കെ.സി. നടരാജന്‍ നയിച്ച ക്ലാര്‍നറ്റ് കച്ചേരി, കഥകളിയുടെ തട്ടകത്തിന് പുത്തനനുഭവമായി. മന്നാര്‍ഗുഡി എം.ആര്‍. വാസുദേവന്‍, കോവിലൂര്‍ കെ.ജി. കല്യാണസുന്ദരം എന്നിവര്‍ തവില്‍ വായിച്ചു.
. ചോറ്റാനിക്കര വിജയന്‍, ചെര്‍പ്പുളശ്ശേരി ശിവന്‍, കുനിശ്ശേരി ചന്ദ്രന്‍, തിച്ചൂര്‍ മോഹനന്‍, മച്ചാട്ട് രാമകൃഷ്ണന്‍, പാഞ്ഞാള്‍ വേലുക്കുട്ടി എന്നിവരടങ്ങിയ സംഘം നയിച്ച പഞ്ചവാദ്യം മറ്റൊരു ശ്രുതിഗോപുരമായി

. പെരുവനം കുട്ടന്‍ മാരാര്‍ (ഉരുട്ടുചെണ്ട), പെരുവനം ഗോപാലകൃഷ്ണന്‍ (വീക്കന്‍ ചെണ്ട), മണിയാംപറമ്പില്‍ മണി (ഇലത്താളം), രാമന്‍കുട്ടി നായര്‍ (കൊമ്പ്), വെളപ്പായ നന്ദനന്‍ (കുഴല്‍) എന്നിവര്‍ അവതരിപ്പിച്ച പാണ്ടിമേളവും അരങ്ങായി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ